ട്രൂത്ത് സോഷ്യൽ: വിലക്കിനെ വെല്ലുവിളിച്ച് സ്വന്തം സോഷ്യൽ മീഡിയയുമായി ട്രംപ്

|

അഭ്യൂഹങ്ങൾക്കെല്ലാം അന്ത്യം കുറിച്ച് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം പ്രഖ്യാപിച്ചിരിക്കുകയാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ജനുവരിയിൽ ട്രംപ് അനുകൂലികൾ അമേരിക്കൻ പാർലമെന്റിൽ നടത്തിയ അതിക്രമങ്ങൾക്ക് പിന്നാലെ ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നീ നവമാധ്യമങ്ങളെല്ലാം ട്രംപിന് വിലക്കേർപ്പെടുത്തിയിരുന്നു. അധികാരം നഷ്ടമായതിന് പിന്നാലെ ക്യാപ്പിറ്റോൾ മന്ദിരത്തിലേക്ക് മാർച്ച് ചെയ്യാൻ അനുയായികൾക്ക് ആഹ്വാനം നൽകിയതിനായിരുന്നു നടപടി. ഡിജിറ്റൽ ഇടങ്ങളിൽ വീണ്ടും സ്വാധീനം ശക്തമാക്കാനാണ് സ്വന്തം പ്ലാറ്റ്ഫോമുമായി ട്രംപ് എത്തുന്നത്. ട്രംപിന്റെ കീഴിലുള്ള ട്രംപ് മീഡിയ & ടെക്നോളജി ഗ്രൂപ്പും ഡിജിറ്റൽ അക്വിസിഷൻസ് ഗ്രൂപ്പും കൂടി ലയിച്ചാണ് പുതിയ പ്ലാറ്റ്ഫോം തുടങ്ങുന്നത്.

 
ട്രൂത്ത് സോഷ്യൽ: സ്വന്തം സോഷ്യൽ മീഡിയയുമായി ട്രംപ്

ട്രൂത്ത് സോഷ്യലിന്റെ ബീറ്റ വെർഷൻ അടുത്ത മാസം പുറത്തിറക്കുമെന്നാണ് പ്രഖ്യാപനം. ആദ്യഘട്ടത്തിൽ ഇൻവൈറ്റ് ഒൺലി എന്ന നിലയ്ക്കായിരിക്കും പ്രവർത്തനം. അടുത്ത വർഷം ആദ്യപകുതിയോടെ തന്നെ അമേരിക്കയിൽ ട്രൂത്ത് സോഷ്യൽ പ്രവർത്തനമാരംഭിക്കും. ആപ്പിൾ ആപ്പ് സ്റ്റോറിൽ ഇപ്പോൾ തന്നെ പ്രീ- ഓർഡർ തുടങ്ങിയിട്ടുണ്ട്. നിലവിൽ, ആപ്പ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചോ അതിലെ സവിശേഷതകളെക്കുറിച്ചോ കൂടുതൽ വിവരങ്ങളൊന്നുമില്ല. പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പോലെ പോസ്റ്റുകളിടാനും ഫോട്ടോകളും വീഡിയോകളും പങ്കിടാനുള്ള ഓപ്ഷനുകളും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

ഫോളോ ദ ട്രൂത്ത് എന്ന ടാഗ് ലൈനോടെയാണ് ട്രൂത്ത് സോഷ്യലെത്തുന്നത്. പ്രത്യയശാസ്ത്രത്തിന്റെ പേരിൽ വിവേചനം കൽപ്പിക്കാത്ത നവമാധ്യമമെന്നാണ് വിവരണം നൽകിയിരിക്കുന്നത്. അമേരിക്കക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്ന സിലിക്കൺ വാലിയിലെ ടെക് ഭീമന്മാർക്കെതിരെ പോരാടാനാണ് ട്രൂത്ത് സോഷ്യലെത്തുന്നതെന്ന് ടിഎംടിജി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലും പറയുന്നു. ടെക് കമ്പനികളുടെ സ്വേച്ഛാധിപത്യനിലപാടുകളെ നേരിടാനാണ് ട്രൂത്ത് സോഷ്യൽ ആരംഭിക്കുന്നതെന്ന് ട്രംപും പ്രസ്താവന പുറത്തിറക്കി. "താലിബാന് വരെ അക്കൌണ്ടുള്ള ട്വിറ്ററിൽ നിങ്ങളുടെ പ്രിയപ്പെട്ട അമേരിക്കൻ പ്രസിഡന്റ് നിശബ്ദനാക്കപ്പെട്ടു. ട്രൂത്ത് സോഷ്യലിലൂടെ സത്യങ്ങൾ വിളിച്ചു പറയാനാണ് കാത്തിരിക്കുന്നത്. എല്ലാവരുടെയും ശബ്ദത്തിന് ഇടം നൽകാനാണ് ട്രൂത്ത് സോഷ്യൽ ആരംഭിക്കുന്നത്. " ടെക് കമ്പനികൾക്കെതിരെ എങ്ങനെ പോരാടാമെന്നതിൽ താൻ കൂടുതൽ ആശയങ്ങൾ പങ്ക് വയ്ക്കുമെന്നും ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം ട്വിറ്ററിലെ തന്റെ അക്കൌണ്ട് തിരികെപിടിക്കാൻ നിയമവഴികളും ട്രംപ് സ്വീകരിച്ചു കഴിഞ്ഞു. നിരോധനമേർപ്പെടുത്തുന്ന സമയത്ത് ട്രംപിന്റെ ട്വിറ്റർ അക്കൌണ്ടിന് 88 മില്ല്യണിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്നു. ഫേസ്ബുക്ക് തുടങ്ങിയ മറ്റ് പ്ലാറ്റ്ഫോമുകളിലും വലിയ ആരാധകവൃന്ദം ട്രംപിനെ ഫോളോ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ട്രംപ് ആരാധകരെ ആവേശത്തിലാക്കുന്നതാണ് പുതിയ പ്ലാറ്റ്ഫോമിന്റെ പ്രഖ്യാപനം. ട്രംപിനെ പിന്തുടരാൻ ആഗ്രഹിക്കുന്നവർക്ക് ട്രൂത്ത് സോഷ്യൽ ഉപയോഗപ്പെടുത്താനാകും. മാത്രമല്ല വാർത്തകൾ സൃഷ്ടിക്കുന്ന കൌതുകം മൂലവും ഒരുപാട് പേർ ട്രൂത്ത് സോഷ്യലിൽ അക്കൌണ്ട് തുറന്നേക്കാം.
ട്രംപ് അനുകൂലികൾ നടത്തിയ ക്യാപ്പിറ്റോൾ കലാപത്തിന് പിന്നാലെയാണ് നവമാധ്യമങ്ങളിൽ ട്രംപിനെതിരെ വിലക്കുകൾ വന്നത്. പിന്നീട് സ്വന്തം അനുകൂലികളോടടക്കം സംസാരിക്കാനും ആശയങ്ങൾ പങ്ക് വയ്ക്കാനും ട്രംപ് ഏറെ ബുദ്ധിമുട്ടിയിരുന്നു. നവമാധ്യമങ്ങളിലൊന്നും വേദി കിട്ടാതായതോടെ ട്രംപ് മറ്റ് പല മാർഗങ്ങൾ നോക്കിയിരുന്നെങ്കിലും എല്ലാം പരാജയമായി മാറി. പാർലർ, ഗാബ് തുടങ്ങിയവയൊക്കെ പരീക്ഷിച്ചെങ്കിലും അവയും വിജയിച്ചില്ല. 'ഫ്രം ദ ഡസ്ക് ഓഫ് ഡോണൾഡ് ട്രംപ്' എന്ന പേരിൽ ഒരു വെബ്സൈറ്റും ഇതിനിടെ തുടങ്ങിയിരുന്നു. ട്രംപ് പ്രതീക്ഷിച്ച രീതിയിൽ ആരാധക പിന്തുണയോ ഫോളോവേഴ്സോ ഇതിനും ഉണ്ടായില്ല. ഡിജിറ്റൽ ലോകത്ത് തന്റെ സാന്നിധ്യം നിലനിർത്താനുള്ള ട്രംപിന്റെ ഏറ്റവും ഒടുവിലത്തെ ശ്രമം ആണ് ട്രൂത്ത് സോഷ്യൽ.

 

ട്രംപിന്റെ പുതിയ പ്രഖ്യാപനവും സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴി വച്ചിട്ടുണ്ട്. കള്ളം മാത്രം പറയുന്ന ട്രംപ് സ്വന്തമായി തുടങ്ങുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന് ട്രൂത്ത് സോഷ്യൽ എന്ന് പേരിട്ടത് തന്നെ വിരോധാഭാസമെന്നാണ് എതിർക്കുന്നവർ പറയുന്നത്. അതേസമയം അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ച ടെക് കമ്പനികളോടുള്ള പോരാട്ടമാണിതെന്നാണ് ട്രംപ് അനുകൂലികളുടെ വാദം. എന്തായാലും ട്രൂത്ത് സോഷ്യൽ ഏത് രീതിയിലാവും തങ്ങളെ ബാധിക്കുകയെന്ന് സോഷ്യൽ മീഡിയ കമ്പനികൾ രഹസ്യമായെങ്കിലും പരിശോധനകൾ തുടങ്ങിക്കഴിഞ്ഞു. രസകരമെന്നു പറയട്ടെ, ടെക് ക്രഞ്ചിന്റെ ഒരു റിപ്പോർട്ട് പ്രകാരം ട്രൂത്ത് സോഷ്യലിന്റെ ഐഒഎസ് ആപ്പിന്റെ മാർക്കറ്റിങ് രേഖകളിൽ നിരവധി പ്രസിദ്ധീകരണങ്ങളുടെ ട്രൂത്ത് സോഷ്യൽ പോസ്റ്റുകൾ കാണാം. അതേ സമയം ഇതൊന്നും തങ്ങളുടേതല്ലെന്നാണ് ഈ പ്രസിദ്ധീകരണങ്ങൾ പറയുന്നത്. ട്രൂത്ത് സോഷ്യലിൽ തങ്ങൾക്ക് അക്കൌണ്ട് പോലുമില്ലെന്നും ഇവർ വാദിക്കുന്നു.

Most Read Articles
Best Mobiles in India

English summary
Former US President Donald Trump has officially unveiled his own social media platform called TRUTH Social. The beta version is coming out next month and will be an invite-only platform, at least for now.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X