സ്മാര്‍ട്ട്‌ഫോണില്‍ മികച്ച ഫോട്ടോകള്‍ എടുക്കാന്‍ 12 ടിപ്‌സ്


സ്മാര്‍ട്ട്‌ഫോണ്‍ സാങ്കേതികവിദ്യ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും മികച്ച സൗകര്യങ്ങളോട് കൂടിയ ഫോണുകള്‍ നിര്‍മ്മിക്കുന്നതില്‍ മത്സരിക്കുകയാണ് കമ്പനികള്‍. സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമായ സൗകര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ക്യാമറ.

Advertisement

ജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ പകര്‍ത്താന്‍ പലപ്പോഴും നാം ഫോണ്‍ ക്യാമറകളെ ആശ്രയിക്കാറുണ്ട്. ഡിഎസ്എല്‍ആര്‍ ക്യാമറകളുടെ മികവ് നല്‍കാന്‍ കഴിയില്ലെങ്കിലും പ്രോ മോഡ് പ്രയോജനപ്പെടുത്തി സ്മാര്‍ട്ട്‌ഫോണില്‍ മികച്ച ഫോട്ടോകള്‍ എടുക്കാന്‍ കഴിയും. അതിന് നിങ്ങളെ സഹായിക്കുന്ന ചില പൊടിക്കൈകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Advertisement

1. റൂള്‍ ഓഫ് തേഡ് ഉപയോഗിക്കുക

ആന്‍ഡ്രോയ്ഡ് ക്യാമറ ആപ്പില്‍ സെറ്റിംഗ്‌സ് എടുത്ത് ഗ്രിഡ് ഓപ്ഷന്‍ എനേബിള്‍ ചെയ്യുക. ഇതോടെ നിങ്ങള്‍ എടുക്കുന്ന ചിത്രം 9 ചതുരങ്ങളായി വിഭജിക്കപ്പെടും. പ്രധാനപ്പെട്ട വസ്തുക്കള്‍ കൃത്യമായി ഫോക്കസ് ചെയ്യാന്‍ ഇത് സഹായിക്കും

2. ഒരു ഷോട്ടില്‍ നിര്‍ത്തരുത്

മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും ഒരേസമയം തുടര്‍ച്ചയായി 2-3 ഷോട്ടുകള്‍ എടുക്കാന്‍ കഴിയും. ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താതിരിക്കരുത്. കുറഞ്ഞത് 3-4 ഷോട്ടുകള്‍ ക്ലിക്ക് ചെയ്യുക. അതിനുശേഷം ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക.

3. ക്രോപ് ചെയ്യാന്‍ മടി വേണ്ട

നമ്മളൊരു ഫോട്ടോ എടുത്തു, എന്തിന്റെ ഫോട്ടോയാണോ എടുത്തത് അത് മധ്യഭാഗത്തല്ലെങ്കില്‍ ഫോട്ടോ ഡിലീറ്റ് ചെയ്യുകയാണ് പതിവ്. ഫോട്ടോ എഡിറ്ററിന്റെ സഹായത്തോടെ ഫോട്ടോ ക്രോപ് ചെയ്യുക. ഇതുമൂലം ഫോട്ടോയ്ക്ക് ഒരു ദോഷവും സംഭവിക്കുകയില്ല. ഫോട്ടോ സൂം ചെയ്യുന്നതിന് വേണ്ടി ക്രോപ് ചെയ്യുന്നത് ഒഴിവാക്കുക.

4. ഫോട്ടോ എടുക്കുന്നതിന് മുമ്പ് ലെന്‍സ് വൃത്തിയാക്കുക

ക്യാമറ ലെന്‍സില്‍ പൊടിയും അഴുക്കും പറ്റിയിരുന്നാല്‍ അത് ഫോട്ടോയുടെ ഗുണമേന്മയെ ബാധിക്കും. അത്തരം ചിത്രങ്ങള്‍ എത്ര എഡിറ്റ് ചെയ്താലും മികച്ചതാവുകയുമില്ല. അതിനാല്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ലെന്‍സ് തുടച്ച് വൃത്തിയാക്കുക.

5. സ്റ്റെഡി സപ്പോര്‍ട്ട്

ക്ലിക്ക് ചെയ്യുമ്പോള്‍ ക്യാമറ അനങ്ങിയാല്‍ ഫോട്ടോയുടെ ഗുണമേന്മ നഷ്ടപ്പെടും. ഫോണ്‍ കൈകളില്‍ വച്ച് ഫോട്ടോ എടുക്കുമ്പോള്‍ ക്യാമറ അനങ്ങാതിരിക്കണമെങ്കില്‍ നന്നായി അധ്വാനിക്കേണ്ടി വരും. ഒരു മൊബൈല്‍ ട്രൈപ്പോഡ് കൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണാം.

6. ഫോക്കസ് മാറ്റാന്‍ പഠിക്കുക

മികച്ച ഫോട്ടോകള്‍ ലഭിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്നാണിത്. ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഫോണുകള്‍ എന്നിവയുടെ സ്‌ക്രീനില്‍ സ്പര്‍ശിച്ച് ഫോക്കസ് മാറ്റാന്‍ കഴിയും. ഇതിലൂടെ എക്‌സ്‌പോഷര്‍ ലെവല്‍ ക്രമീകരിക്കാന്‍ സാധിക്കും.

7. ഫോണ്‍ രണ്ട് കൈകളിലും പിടിച്ച് ഫോട്ടോ എടുക്കുക

ഫോട്ടോ എടുക്കുമ്പോള്‍ ഫോണ്‍ രണ്ട് കൈ കൊണ്ടും പിടിക്കുക. കൈ അനങ്ങുന്നത് മൂലം ഫോട്ടോകള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇതിലൂടെ കഴിയും. ഫ്രെയിമുകള്‍ കൃത്യതയോടെ പകര്‍ത്താനും ഇതുവഴി സാധിക്കും.

8. ഫിസിക്കല്‍ ഷട്ടര്‍ ബട്ടണ്‍ ഉപയോഗിക്കുക

ട്രൈപ്പോഡ് ഇല്ലാത്തവരും ഫോട്ടോകള്‍ എടുക്കുമ്പോള്‍ കൈ നിശ്ചലമാക്കി വയ്ക്കാന്‍ കഴിയാത്തവരും ക്ലിക്ക് ചെയ്യുന്നതിന് ഫിസിക്കല്‍ ഷട്ടര്‍ ബട്ടണ്‍ ഉപയോഗിക്കുക. ഇത് മികച്ച ഓപ്ഷനല്ല. പക്ഷെ പല അവസരങ്ങളിലും പ്രയോജനപ്പെടും.

9. ISO ഫീച്ചര്‍ പ്രയോജനപ്പെടുത്തുക

വിപണിയിലുള്ള ഏറെക്കുറെ എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ഈ ഫീച്ചര്‍ ലഭ്യമാണ്. അഥവാ നിങ്ങളുടെ ഫോണില്‍ ഈ സൗകര്യമില്ലെങ്കില്‍ ISO ഫീച്ചറുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ISO ലെവല്‍ ക്രമീകരിക്കുന്നതിന് അനുസരിച്ച് ക്യാമറ സെന്‍സറിന്റെ സെന്‍സിബിലിറ്റി കൂട്ടാനും കുറയ്ക്കാനും കഴിയും. ഉദാഹരണത്തിന് വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളില്‍ ISO കൂട്ടിവച്ചാല്‍ മികച്ച ചിത്രം ലഭിക്കും.

10. സ്വാഭാവിക പ്രകാശത്തെ ആശ്രയിക്കുക

ഫോട്ടോ എടുക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങളെ കുറിച്ച് ധാരണ ഉണ്ടായിരിക്കണം. അതില്‍ ഏറ്റവും പ്രധാനം പ്രകാശ സ്രോതസ്സാണ്. സ്വാഭാവിക പ്രകാശം ചിത്രങ്ങളുടെ മിഴിവ് വര്‍ദ്ധിപ്പിക്കും. അതിനാല്‍ വൈകുന്നേരങ്ങളെ അപേക്ഷിച്ച് പകല്‍ സമയങ്ങളില്‍ ഫോട്ടോ എടുക്കുന്നതാണ് ഉത്തമം.

11. അഡ്വാന്‍സ്ഡ് ക്യാമറ ആപ്പ്

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ധാരാളം ക്യാമറ ആപ്പുകള്‍ ലഭ്യമാണ്. അതില്‍ നിന്ന് മികച്ച ഒന്ന് ഡൗണ്‍ലോഡ് ചെയ്യുക. കൂടുതല്‍ മികച്ച ഫോട്ടോകള്‍ എടുക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.

12. പരീക്ഷണങ്ങള്‍ക്ക് മടിക്കരുത്

ക്യാമറയിലെ സാധാരണ സെറ്റിംഗ്‌സ് എല്ലായ്‌പ്പോഴും മികച്ച ഫലം നല്‍കണമെന്നില്ല. അതിനാല്‍ ക്യാമറ സെറ്റിംഗ്‌സ് മാറ്റിമാറ്റി പരീക്ഷിക്കുക. റെസല്യൂഷന്‍, ആസ്‌പെക്ട് റേഷ്യോ, ബ്രൈറ്റ്‌നസ്സ്, ISO, കോണ്‍ട്രാസ്റ്റ് തുടങ്ങിയ കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി ഫോട്ടോകള്‍ വിലയിരുത്തുക.

Best Mobiles in India

English Summary

12 tips to get the best photos on the smartphone