2018 കീഴടക്കി സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍


സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളെ സംബന്ധിച്ച് പ്രധാനപ്പെട്ട വര്‍ഷമായിരുന്നു 2016. സ്മാര്‍ട്ട്‌ഫോണുകളുടെ പിന്നില്‍ ട്ട ക്യാമറകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത് 2016 മുതലാണ്. ആവര്‍ഷം തന്നെ സോഫ്റ്റ്‌വെയര്‍ പ്രോസസ്സിംഗിന്റെ ശക്തി ഗൂഗിള്‍ പിക്‌സല്‍ നമ്മെ ബോദ്ധ്യപ്പെടുത്തി. 2017-ലും സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളില്‍ വലിയ മാറ്റങ്ങള്‍ വന്നു. ഇതിന്റെ തുടര്‍ച്ചയാണ് 2018-ല്‍ കണ്ടത്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവയ്ക്ക് സാക്ഷ്യം വഹിച്ചത് 2018 തന്നെയാണെന്ന് നിസ്സംശയം പറയാം.

Advertisement

1. ട്രിപ്പിള്‍ ്യാമറകളുടെ ഉദയം

ഡ്യുവല്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകളില്‍ അഭിരമിച്ചിരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഹുവായ് ട്രിപ്പിള്‍ ക്യാമറയോട് കൂടിയ P20 പ്രോ വിപണിയിലെത്തിച്ചത്. 40 MP സ്‌നാപ്പര്‍, 8MP 3x ടെലിഫോട്ടോ ക്യാമറ, 20MP മോണോക്രോം സെന്‍സര്‍ എന്നിവ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫിക്ക് പുതിയ നിര്‍വചനം നല്‍കി. സാധാരണ ഡിജിറ്റല്‍ സൂമിനെക്കാള്‍ മികച്ച സൂം ആയിരുന്നു ഇതിന്റെ മറ്റൊരു സവിശേഷത.

എല്‍ജിയുടെ V40 ThinQ, ഹുവായുടെ മേറ്റ് 20 എന്നിവ P20 പ്രോയുടെ പിന്‍ഗാമികളായി വിപണിയിലെത്തി. നോര്‍മല്‍, വൈഡ്, ടെലിഫോട്ടോ ലെന്‍സുകള്‍ ഇവയിലുണ്ട്. ഇത് സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫിയുടെ സാധ്യതകള്‍ വിപുലപ്പെടുത്തിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി A7 2018-ല്‍ ട്രിപ്പിള്‍ ക്യാമറ അവതരിപ്പിച്ചു.

Advertisement
2. വെളിച്ചം കുറഞ്ഞാലും ഫോട്ടോയുടെ ഭംഗി കുറയുകയില്ല

ഹുവായ് P20 ശ്രേണിയിലെ ഫോണുകളില്‍ എഐ പിന്തുണയോടുകൂടിയ നൈറ്റ് മോഡ് അവതരിപ്പിച്ചു. പ്രകാശം കുറഞ്ഞ സാഹചര്യങ്ങളില്‍ എടുത്ത ചിത്രങ്ങള്‍ക്ക് പോലും മികവ് നല്‍കാന്‍ ഇതിലൂടെ കഴിഞ്ഞു. ഈ ഫോട്ടോകള്‍ക്ക് പോരായ്മകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ വലിയ മുന്നേറ്റം നടത്താന്‍ ഹുവായ്ക്ക് കഴിഞ്ഞു.

ഗൂഗിള്‍ ഒരുപടി കൂടി കടന്ന് ഇമേജ് ആവറേജിംഗ്, മെഷീന്‍ ലേണിംഗ് എന്നിവയുടെ സഹായത്തോടുകൂടി നൈറ്റ് മോഡ് അടുത്ത തലത്തിലെത്തിച്ചു. പിക്‌സല്‍ 3-ല്‍ ആണ് ഗൂഗിള്‍ ഇത് ആദ്യം അവതരിപ്പിച്ചത്. വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലെടുത്ത ഫോട്ടോകളുടെ ഗുണമേന്മയില്‍ പിക്‌സല്‍ 3 ഹുവായ്‌യെക്കാള്‍ മെച്ചമാണ്.

ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട മറ്റൊരു പേരാണ് വണ്‍പ്ലസ്. വണ്‍പ്ലസിന്റെ നൈറ്റ്‌സ്‌കേപ്പ് മോഡും ലോ ലൈറ്റ് ഫോട്ടോഗ്രാഫി മികച്ചതാക്കുന്നു.

3. ധൈര്യമായി സൂം ചെയ്യുക

2016-ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 7 പ്ലസില്‍ സാധാരണ ഡിജിറ്റല്‍ സൂമിനെക്കാള്‍ മികച്ച 2x സൂം ഉണ്ടായിരുന്നു. ഇതിന് കമ്പനി ടെലിഫോട്ടോ സെക്കന്‍ഡറി ക്യാമറയാണ് പ്രയോജനപ്പെടുത്തിയത്. തുടര്‍ന്ന് വിപണിയിലെത്തിയ ഇരട്ട ക്യാമറകളോട് കൂടിയ മിക്ക ഫോണുകളിലും സെക്കന്‍ഡറി ക്യാമറ സ്ഥാനം പിടിച്ചു.

ഈ വര്‍ഷം ഈ മേഖലയില്‍ വലിയ മുന്നേറ്റം നടത്തിയ കമ്പനികളാണ് ഗൂഗിളും ഹുവായിയും. ഗൂഗിള്‍ പിക്‌സല്‍ 3-ല്‍ ഉപയോഗിച്ച സൂപ്പര്‍ സൂം സാങ്കേതികവിദ്യ സൂം ചെയ്‌തെടുത്ത ഫോട്ടോകള്‍ക്ക് മികവ് നല്‍കിയെന്ന് മാത്രമല്ല വിശദാംശങ്ങള്‍ നഷ്ടപ്പെടാതെ സംരക്ഷിക്കുകയും ചെയ്തു. ഇത് ഇനിയും മെച്ചപ്പെടാനുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.

ഹുവായ് P20 പ്രോ, മേറ്റ് 20 പ്രോ എന്നിവയില്‍ ഹൈബ്രിഡ് സൂം സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് പിക്‌സല്‍ 3-യെക്കാള്‍ മികവ് പുലര്‍ത്തുന്നു.

4. ചിറകുവിരിക്കുന്ന നിര്‍മ്മിതബുദ്ധി (എഐ)

നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് സീന്‍ ഡിറ്റക്ഷന്‍ നടത്തുന്നതിനുള്ള സാങ്കേതികവിദ്യ സ്മാര്‍ട്ട്‌ഫോണുകളില്‍ ആദ്യമുപയോഗിച്ചത് ഹുവായിയാണ്, മേറ്റ് 10 പ്രോയില്‍. ഇതിന് പിന്നാലെ ഹുവായ് 2018 തുടക്കത്തില്‍ സെമാറ്റിക് ഇമേജ് സെഗ്മെന്റേഷന്‍ സാങ്കേതികവിദ്യ അവതരിപ്പിച്ചു. ഒരു ദൃശ്യത്തിലെ ഒന്നിലധികം വസ്തുക്കളെ തിരിച്ചറിയാന്‍ ഇതോടെ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയ്ക്ക് കഴിയുമെന്നായി.

എഐ അടിസ്ഥാന സീന്‍ ഓപ്ടിമൈസറുമായി സാംസങ് ഈ രംഗത്ത് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. ഗാലക്‌സി മോട്ട് 9-ല്‍ അവതരിപ്പിച്ച ഈ സവിശേഷതയ്ക്ക് 20 സീനുകള്‍ തിരിച്ചറിയാന്‍ കഴിയും. മാത്രമല്ല കോണ്‍ട്രാസ്റ്റ്, ബ്രൈറ്റ്‌നസ്സ് തുടങ്ങിയവ സ്വയം ക്രമീകരിക്കാനും ഫോണിന് സാധിക്കും.

A7, A9, S9 ശ്രേണികളിലെ സ്മാര്‍ട്ട്‌ഫോണുകളിലും ഈ സവിശേഷത ലഭ്യമാക്കുമെന്ന് സാംസങ് വ്യക്തമാക്കിയിട്ടുണ്ട്. താരതമ്യേന വിലകുറഞ്ഞ ഹുവായ്, ഓപ്പോ, ഷവോമി സ്മാര്‍ട്ട്‌ഫോണുകളിലും സമാനമായ സൗകര്യം ലഭ്യമാണ്.

5. സെല്‍ഫിയുടെ സൗന്ദര്യം

തുടക്കത്തില്‍ മുന്നിലെ ക്യാമറകള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. ഗുണമേന്മ കുറഞ്ഞ 5MP, 8MP ക്യാമറകളാണ് ഫോണുകളുടെ മുന്നില്‍ സ്ഥാപിച്ചിരുന്നത്. ഗൂഗിള്‍ പിക്‌സല്‍ 2, XS ശ്രേണിയിലെ സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവ ഇതിന് അപവാദമാണ്. ഗൂഗിള്‍ പിക്‌സല്‍ 3-ലും ഈ മികവ് ഗൂഗിള്‍ തുടര്‍ന്നു.

2018-ല്‍ കഥയാകെ മാറി. സെല്‍ഫി ക്യാമറകളുടെ വര്‍ഷമായിരുന്നു 2018 എന്ന് പറഞ്ഞാലും തെറ്റില്ല. ഷവോമി, ഹുവായ്, ഓണര്‍, ഓപ്പോ തുടങ്ങിയ കമ്പനികള്‍ മികച്ച 16MP, 24MP,25MP സെല്‍ഫി ക്യാമറകളുമായി ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കി.

2019-ല്‍ എന്തൊക്കെ പ്രതീക്ഷിക്കാം? ട്രിപ്പിള്‍ ക്യാമറ ട്രെന്‍ഡ് 2019-ലും തുടരാനാണ് സാധ്യത. സാംസങിന് പിന്നാലെ കൂടുതല്‍ കമ്പനികള്‍ ട്രിപ്പിള്‍ ക്യാമറ ഫോണുകളുമായി വിപണിയിലെത്തും. എഐയുടെ സാധ്യതകളും കൂടുതലായി പ്രയോജനപ്പെടുത്താന്‍ കമ്പനികള്‍ പരിശ്രമിക്കും. താരതമ്യേന വിലകുറഞ്ഞ ഫോണുകളിലും എഐയുടെ സാധ്യതകള്‍ കമ്പനികള്‍ ഉപയോഗിക്കുമെന്ന് കരുതാം.

Best Mobiles in India

English Summary

2018 was the smartphone camera’s biggest year yet