സ്മാര്‍ട്ട്‌ഫോണില്‍ ഇന്റര്‍നെറ്റ് വേഗത കുറയാനുള്ള 7 കാരണങ്ങള്‍


നമ്മളില്‍ അധികംപേരും ഇപ്പോള്‍ പ്രധാനമായും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് സ്മാര്‍ട്ട്‌ഫോണുകളിലാണ്. ഇതിനിടെ വേഗതക്കുറവ് പലപ്പോഴും കല്ലുകടിയായി മാറാം. വിവിധ കാരണങ്ങള്‍ കൊണ്ട് സ്മാര്‍ട്ട്‌ഫോണില്‍ ഇന്റര്‍നെറ്റ് വേഗത കുറയാറുണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം. പ്രശ്‌നപരിഹാരത്തിന് ഇവ നിങ്ങളെ സഹായിക്കും.

Advertisement

1. റൗട്ടറിന്റെ സ്ഥാനം

റൗട്ടര്‍ തെറ്റായ സ്ഥലത്താണ് ഇരിക്കുന്നതെങ്കില്‍ ഇന്റര്‍നെറ്റ് വേഗത കുറയും. വൈ-ഫൈ സിഗ്നലിന്റെ പരിധി 230 അടി വരെയാണ്. ഇതില്‍ നിന്ന് ദൂരം കൂടുന്തോറും സിഗ്നലിന്റെ ശക്തി കുറഞ്ഞുവരും. ചുമരുകള്‍, വാതിലുകള്‍, വലിയ വസ്തുക്കള്‍ മുതലായവയും സിഗ്നലിനെ തടസ്സപ്പെടുത്താം.

ഫോണിലെ വൈ-ഫൈ ചിഹ്നം നോക്കി സിഗ്നല്‍ ശക്തി ഏറെക്കുറെ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. സിഗ്നല്‍ ഫുള്‍ ആണെങ്കില്‍ ഇന്റര്‍നെറ്റിന്റെ വേഗതക്കുറവിന് റൗട്ടറിനെ കുറ്റം പറയേണ്ട കാര്യമില്ല. ഇനി സിഗ്നല്‍ കുറവാണെന്ന് ഇരിക്കട്ടെ, റൗട്ടറിന് അടുത്തേക്ക് നീങ്ങുക. ഇന്റര്‍നെറ്റ് വേഗയും കൂടും.

Advertisement
2. തിരക്കേറിയ വൈ-ഫൈ

വൈ-ഫൈ ചാനലിലെ തിരക്ക് കൊണ്ടും ഇന്റര്‍നെറ്റ് വേഗത കുറയാം. ഒന്നിലധികം റൗട്ടറുകള്‍ ഒരേ ചാനലില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഈ പ്രശ്‌നമുണ്ടാകുന്നത്. ആപ്പുകളുടെയോ മറ്റോ സഹായത്തോടെ സമീപത്തുള്ള എല്ലാ വൈ-ഫൈ നെറ്റ്‌വര്‍ക്കുകളും സ്‌കാന്‍ ചെയ്ത് അവ ഉപയോഗിക്കുന്ന ചാനല്‍ മനസ്സിലാക്കുക. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് വൈ-ഫൈ അനലൈസര്‍ ആപ്പ് ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്. ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ ഇതിന് ലാപ്‌ടോപിനെ ആശ്രയിക്കേണ്ടിവരും. അതിനുശേഷം ആവശ്യമെങ്കില്‍ തിരക്ക് കുറഞ്ഞ ചാനലിലേക്ക് മാറുക.

3. വൈ-ഫൈ നോയ്‌സ്

മൈക്രോവേവ്‌സ്, വയര്‍ലെസ് ഡോര്‍ബെല്ലുകള്‍, കോര്‍ഡ്‌ലെസ് ഫോണ്‍ മുതലായവയും ഫൈ-ഫൈ സിഗ്നല്‍ തടസ്സപ്പെടുത്താം. 2.4 GHz-ലാണ് മിക്ക റൗട്ടറുകളും പ്രവര്‍ത്തിക്കുന്നത്. അതിനാലാണ് ഈ പ്രശ്‌നമുണ്ടാകുന്നത്. 5GHz-ല്‍ പ്രവര്‍ത്തിക്കുന്ന റൗട്ടറുകളും വിപണിയിലുണ്ട്. ഇതിലേക്ക് മാറിയാല്‍ മൈക്രോവേവ്‌സ്, ഡോര്‍ബെല്‍ മുതലായവയെ പേടിക്കേണ്ടതില്ല.

5GHz-ലേക്ക് മാറുന്നതിന് മുമ്പ് വൈ-ഫൈയുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഉപകരണങ്ങളും ഈ ആവൃത്തിയില്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തുക. ഒന്നിലധികം ബാന്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന റൗട്ടറുകളും വിപണിയിലുണ്ട്. ഇവയ്ക്ക് ഒരു ബാന്‍ഡില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാനാകും.

2.4GHz ബാന്‍ഡ് റൗട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ തടസ്സമുണ്ടാക്കുന്ന ഉപകരണങ്ങള്‍ അടുത്തൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.

4. വേഗം കുറഞ്ഞ നെറ്റ്‌വര്‍ക്ക്

സ്മാര്‍ട്ട്‌ഫോണില്‍ ഇന്റര്‍നെറ്റിന്റെ വേഗത കുറയാനുള്ള മറ്റൊരു കാരണമാണ് വേഗം കുറഞ്ഞ നെറ്റ്‌വര്‍ക്ക്. സിനിമ കാണുക, ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക തുടങ്ങിയ നിരവധി പ്രവൃത്തികളില്‍ ഒരേ സമയം ഏര്‍പ്പെടുന്നത് കൊണ്ടാണ് വീടുകളില്‍ ഇത് സംഭവിക്കുന്നത്. പൊതുസ്ഥലങ്ങളിലെ ഓപ്പണ്‍ കണക്ഷനുകളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നത് ദുരാഗ്രഹമാണ്. എന്നാലും ചില കാര്യങ്ങള്‍ ചെയ്യാനാകും.

ആന്‍ഡ്രോയ്ഡ്, ഐഫോണുകളില്‍ വൈ-ഫൈ നെറ്റ് വര്‍ക്ക് പ്രയോറിറ്റി ക്രമീകരിക്കാന്‍ സാധിക്കും. ഇതുവഴി നിങ്ങള്‍ തിരഞ്ഞെടുക്കുന്ന നെറ്റ്‌വര്‍ക്കുമായി തന്നെയാണ് ഫോണ്‍ ബന്ധം സ്ഥാപിക്കുന്നതെന്ന് ഉറപ്പാക്കാം. നൂറുകണക്കിന് വൈ-ഫൈ ലഭ്യമായ ഇടങ്ങളിലാണ് ഇതിന്റെ ഗുണം ശരിക്കും ലഭിക്കുന്നത്.

5. വേഗം കുറഞ്ഞ വിപിഎന്‍

പൊതുസ്ഥലങ്ങളിലെ വൈ-ഫൈ ധാരാളമായി പ്രയോജനപ്പെടുത്തുന്നവര്‍ വിപിഎന്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. നിങ്ങളുടെ ഫോണിലേക്കും പ്രവൃത്തികളിലേക്കും മറ്റുള്ളവര്‍ ഒളിഞ്ഞുനോക്കുന്നത് തടയാന്‍ ഇതിലൂടെ സാധിക്കും. എന്നാല്‍ വിപിഎന്‍ ഇന്റര്‍നെറ്റ് വേഗത കുറയ്ക്കുമെന്ന കാര്യം മറക്കരുത്.

സൗജന്യ വിപിഎന്‍ ആപ്പുകള്‍ മിക്കതും പ്രകടനത്തിന്റെ കാര്യത്തില്‍ വളരെ മോശമാണ്. മാത്രമല്ല ഇവ മറ്റ് പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. അതിനാല്‍ താത്ക്കാലികമായി വിപിഎന്‍ പ്രവര്‍ത്തനരഹിതമാക്കുക. അതിനുശേഷം ഇന്റര്‍നെറ്റ് വേഗത മെച്ചപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുകയും വേണം.

മികച്ച പ്രീമിയം വിപിഎന്‍ ദാതാക്കളുടെ ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ആപ്പുകള്‍ ലഭ്യമാണ്. ഇവ ഫോണിലും ഡെസ്‌ക്ടോപ്പിലും ഉപയോഗിക്കാന്‍ കഴിയും. ഇത്തരം ആപ്പുകള്‍ താരതമ്യേന മെച്ചപ്പെട്ട പ്രകടനം ഉറപ്പുനല്‍കുന്നു.

6. ദുര്‍ബല 4G കവറേജ്

വൈ-ഫൈയില്‍ നിന്ന് മാറി മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുമ്പോള്‍ നല്ല വേഗത കിട്ടണമെങ്കില്‍ 4G കണക്ഷന്‍ ആയിരിക്കണം. വിവിധ കാരണങ്ങള്‍ കൊണ്ട് മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍ ഇന്റര്‍നെറ്റ് വേഗത കുറയാം. നൂറുകണക്കിന് പേര്‍ ഒരേസമയം ഒരു ടവറില്‍ കണക്ട് ചെയ്യുക, ടവറുമായുള്ള ദൂരം, കെട്ടിടത്തിനകത്താണോ പുറത്താണോ നിങ്ങള്‍, കാലാവസ്ഥ എന്നിവ ഇവയില്‍ ചിലതാണ്. മൊബൈല്‍ സേവനദാതാവിന്റെ ബാന്‍ഡ് വിഡ്ത്ത് കുറവാണെങ്കിലും ഇന്റര്‍നെറ്റ് വേഗത കുറയും.

7. ഫോണും സ്ലോ

ബാക്കിയെല്ലാം ശരിയായിട്ടും ഫോണില്‍ ഇന്റര്‍നെറ്റ് വേഗത കുറവാണെങ്കില്‍ പഴിക്കേണ്ടത് ഫോണിനെ ആയിരിക്കും. വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകള്‍, വേഗം കുറഞ്ഞ പ്രോസസ്സര്‍, കുറഞ്ഞ റാം എന്നിവയെല്ലാം പ്രശ്‌നക്കാരായി മാറാം. ഫോണില്‍ നാം ഉപയോഗിക്കുന്ന ആപ്പുകളും ഇന്റര്‍നെറ്റിന്റെ വേഗതയെ ദോഷകരമായി ബാധിക്കാറുണ്ട്. ആപ്പുകള്‍ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നത് മൂലം ലഭ്യമായ ബാന്‍ഡ് വിഡ്ത്തില്‍ കാര്യമായ കുറവ് വരുത്തുന്നു.

ആവശ്യമില്ലാത്ത ആപ്പുകള്‍ നീക്കം ചെയ്യുക. പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ കാര്യം ശ്രദ്ധിക്കുക.

പരസ്പര ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടുകാര്‍ക്ക് വാട്‌സാപ്പ് 'റാങ്ക്' നല്‍കുന്നു

Best Mobiles in India

English Summary

7 Reasons Your Smartphone Has Slow Internet Speeds