കര്‍വ് 8520യുടെ പിന്‍ഗാമിയായി ബ്ലാക്ക്‌ബെറി കര്‍വ് 9220 ഇന്ത്യയിലെത്തി



എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണുകള്‍ക്ക് ലഭിച്ചിരുന്ന പേര് തിരിച്ചുപിടിക്കാന്‍ റിസര്‍ച്ച് ഇന്‍ മോഷന്‍ ബ്ലാക്ക്‌ബെറി കര്‍വ് 9220 മോഡലുമായി എത്തി. ഇന്ത്യയിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. 2009 ഓഗസ്റ്റില്‍ അവതരിപ്പിച്ച ബ്ലാക്ക്‌ബെറി കര്‍വ്വ് 8520യുടെ പിന്‍ഗാമിയായാണ് ഈ സ്മാര്‍ട്‌ഫോണിന്റെ വരവ്.

ഇന്ത്യന്‍ വിപണിയില്‍ ഏറെ ഉപഭോക്താക്കളെ ആകര്‍ഷിച്ച സ്മാര്‍ട്‌ഫോണായിരുന്നു കര്‍വ്വ് 8520. ഇതേ ഫോണിന്റെ ഇന്റേണല്‍ സ്‌റ്റോറേജുള്‍പ്പടെ ചില സുപ്രധാന വശങ്ങളില്‍ മാറ്റം വരുത്തിയാണ് കര്‍വ്വ് 9220വിനെ 10,999 രൂപയ്ക്ക് ബോളിവുഡ് താരം കത്രീന കൈഫ് അവതരിപ്പിച്ചത്.

Advertisement

ബ്ലാക്ക്‌ബെറി മെസഞ്ചര്‍ സേവനവും എഫ്എം റേഡിയോയും ആക്‌സസ് ചെയ്യാനായി ഒരു പ്രത്യേക കീ ഈ സ്മാര്‍ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് കമ്പനികളെല്ലാം അവരുടെ ഉത്പന്നങ്ങളിലെ അടിസ്ഥാന സൗകര്യമായി എഫ്എം റേഡിയോ പണ്ടുമുതലേ അവതരിപ്പിച്ചിരുന്നെങ്കിലും ബ്ലാക്ക്‌ബെറിയില്‍ ഇതാദ്യമായാണ് എഫ്എം സൗകര്യം വരുന്നത്.

Advertisement

ബ്ലാക്ക്‌ബെറി ഒഎസ് 7.1 ആണ് ഇതിന്റെ ഓപറേറ്റിംഗ് സിസ്റ്റം. ആഗോളതലത്തില്‍ ഈ പുതിയ ഉത്പന്നം ആദ്യമായി ലഭിച്ചത് ഇന്ത്യയ്ക്കാണെന്ന് അവതരണവേളയില്‍ ബ്ലാക്ക്‌ബെറി ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കാര്‍ളോ ചിയാറെല്ലോ പറഞ്ഞു.

കര്‍വ് 8520യില്‍ നിന്നുള്ള മാറ്റങ്ങള്‍


മുന്‍ഗാമിയേക്കാളും 1.2എംഎം കട്ടിക്കുറച്ചാണ് കര്‍വ് 9220 എത്തിയിട്ടുള്ളത്. എന്നാല്‍ അതേ 2.44 ഇഞ്ച് ഡിസ്‌പ്ലെയും 320X240 പിക്‌സല്‍ സ്‌ക്രീന്‍ റെസലൂഷനും അതേ പോലെ തന്നെ പുതിയ മോഡലിലും കാണാം.

ബ്ലാക്ക്‌ബെറി കര്‍വ് 8250നെ പരിചയമുള്ളവര്‍ക്ക് 9220 മോഡലിലുണ്ടായ മാറ്റങ്ങള്‍ പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കണമെന്നില്ല. എന്നാല്‍ സ്‌റ്റോറേജ് മെമ്മറിയുടെ കാര്യത്തില്‍ മുന്‍ഗാമിയേക്കാള്‍ നാല് മടങ്ങ് മെച്ചപ്പെട്ടാണ് 9220യുടെ വരവ്.

Advertisement

ക്യാമറയുടെ കാര്യത്തിലും മുമ്പത്തെ 2 മെഗാപിക്‌സലില്‍ നിന്ന് കമ്പനി മുന്നോട്ടും പിന്നോട്ടും പോയിട്ടില്ല. അതേ സമയം 7 മണിക്കൂര്‍ വരെ ടോക്ക്‌ടൈം വാഗ്ദാനം ചെയ്യുന്ന 1450mAh ബാറ്ററി കമ്പനി പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നപോലെ 3ജി, ജിപിഎസ്, വൈഫൈ ഹോട്ട്‌സ്‌പോട്ട് എന്നീ സൗകര്യങ്ങള്‍ ഇപ്പോഴും ഈ ഫോണിന്റെ അപാകതയായി എടുക്കാവുന്നതാണ്. അതേ സമയം ഈ അപാകതയെ കുറയ്ക്കാന്‍ വിവിധ നിറങ്ങളില്‍ ഫോണിനെ രംഗത്തെത്തിക്കുകയാണ് കമ്പനി. സാധാരണ കണ്ടുമടുത്ത കറുപ്പ്, വെള്ള ബ്ലാക്ക്‌ബെറിയ്ക്ക് പുറമെ കര്‍വ്വ് 9220 നീല, പിങ്ക് നിറങ്ങളില്‍ കൂടി ലഭ്യമാണ്.

Advertisement

മാത്രമല്ല ജൂണ്‍ 30 വരെ 2,500 രൂപയുടെ ആപ്ലിക്കേഷനുകള്‍ ബിബി ആപ് വേള്‍ഡില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെന്നും കമ്പനി ഓഫറുണ്ട്. ഇന്ന് (ഏപ്രില്‍ 19) മുതല്‍ പ്രമുഖ സ്റ്റോറുകളിലൂടെ ബ്ലാക്ക്‌ബെറി കര്‍വ്വ് 9220 വില്പനക്കെത്തും.

Best Mobiles in India