15,990ന് ബ്ലാക്ക്‌ബെറി കര്‍വ് 9320



റിസര്‍ച്ച് ഇന്‍ മോഷന്റെ ബ്ലാക്ക്‌ബെറി കര്‍വ് ശ്രേണിയിലേക്ക് ഒരു പുതിയ അംഗം കൂടി. കര്‍വ് 9320 മോഡലുമായാണ് റിം ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ബ്ലാക്ക്‌ബെറി മെസഞ്ചര്‍ (ബിബിഎം) അതിവേഗം ആക്‌സസ് ചെയ്യാനാകുന്ന ബിബിഎം ബട്ടണ്‍ സഹിതമാണ് ഈ പുതിയ സ്മാര്‍ട്‌ഫോണ്‍ വന്നിരിക്കുന്നത്.

Advertisement

പൊതുവെ ഇന്ത്യന്‍ വിപണിയില്‍ കര്‍വ് ബ്രാന്‍ഡിന് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. കര്‍വ് 9320 മോഡലും ഇതില്‍ നിന്ന് വ്യത്യസ്തമാകില്ലെന്നാണ് റിമ്മിന്റെ പ്രതീക്ഷ. കഴിഞ്ഞ മാസം കമ്പനി കര്‍വ് 9220 മോഡല്‍ ഇന്ത്യയിലെത്തിച്ചിരുന്നു. ബ്ലാക്ക്‌ബെറി 7.1 ഓപറേറ്റിംഗ് സിസ്റ്റമാണ് ഈ ഹാന്‍ഡ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്നത്. ഇതേ ഒഎസിലുള്ള ഒരു പുതിയ ഹാന്‍ഡ്‌സെറ്റ് കൂടി ഉടന്‍ അവതരിപ്പിക്കുന്നതാണെന്ന് അന്ന് റിം അറിയിച്ചിരുന്നു.

Advertisement

കര്‍വ് 9320യില്‍ എല്ലാവിധ ബ്ലാക്ക്‌ബെറി മെസേജിംഗ്, സോഷ്യല്‍ സവിശേഷതകള്‍ ഉള്‍പ്പെടുന്നുണ്ട്. 3ജി കണക്റ്റിവിറ്റി, ദൈര്‍ഘ്യമേറിയ ബാറ്ററി എന്നിവയാണ് ഈ ഹാന്‍ഡ്‌സെറ്റിന്റെ പ്രധാന പ്രത്യേകതകള്‍. യുവതലമുറയെയാണ് ഈ ഹാന്‍ഡ്‌സെറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് റിം ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ദത്ത് വ്യക്തമാക്കി.

2.44 ഇഞ്ച് ഡിസ്‌പ്ലെയാണ് ഈ ഹാന്‍ഡ്‌സെറ്റിന്റേത്. 320x240 പിക്‌സല്‍ റെസലൂഷനും ഉണ്ട്. മറ്റ് ബ്ലാക്ക്‌ബെറി സ്മാര്‍ട്‌ഫോണുകളെ പോലെ ക്യുവര്‍ട്ടി കീപാഡാണ് കര്‍വ് 9320യിലും ഉള്ളത്. ഫഌഷ്, ജിയോ ടാഗിംഗ് സൗകര്യങ്ങളുള്ള 3.2 മെഗാപിക്‌സല്‍ ക്യാമറയും കര്‍വ് 9320യിലുണ്ട്.

ജൂണിലാകും ഈ മോഡല്‍ പുറത്തിറക്കുകയെന്നായിരുന്നു മുമ്പ് കരുതിയിരുന്നത്. ജനുവരിയിലാണ് സ്മാര്‍ട്‌ഫോണ്‍ ആദ്യമായി കമ്പനി അവതരിപ്പിച്ചിരുന്നത്. അന്ന് 12,000 രൂപയായിരുന്നു ഇതിന് പ്രതീക്ഷിച്ചതെങ്കിലും ഇപ്പോള്‍ ഔദ്യോഗികമായി ഇന്ത്യയിലെത്തിയ ഫോണിന്റെ വില 15,990 രൂപയാണ്.

Best Mobiles in India

Advertisement