ഡാറ്റകള്‍ സ്വയം തകര്‍ക്കാന്‍ ശേഷിയുള്ള സ്മാര്‍ട്‌ഫോണുമായി ബോയിംഗ്


മൊബൈല്‍ വേള്‍ഡ് കോണ്‍സ്രില്‍ അതീവസുരക്ഷയുള്ള ബ്ലാക്‌ഫോണ്‍ അവതരിപ്പിച്ചിരുന്നു. എന്‍.എസ്.എ ഉള്‍പ്പെടെ ആര്‍ക്കും വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ല എന്നതായിരുന്നു ബ്ലാക്‌ഫോണിന്റെ പ്രത്യേകത. അതിനനുയോജ്യമായ രീതിയിലുള്ള സോഫ്റ്റ്‌വെയറും ഹാര്‍ഡ്‌വെയറുമൊക്കെയാണ് ഫോണില്‍ ഉപയോഗിക്കുന്നത്.

Advertisement

എന്നാല്‍ ഇപ്പോള്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിംഗ് അതിനേക്കാള്‍ മികച്ച ഒരു ഫോണ്‍ അവതരിപ്പിക്കുന്നു. ബോയിംഗ് ബ്ലാക് എന്നാണ് പേര്. കോളുകള്‍ എല്ലാം എന്‍ക്രിപ്റ്റഡായതിനാല്‍ ബോയിംഗ് ബ്ലാക് ഉപയോഗിച്ചുള്ള സംസാരം ചോര്‍ത്താന്‍ കഴിയില്ല. എന്നാല്‍ അതിനപ്പുറത്തേക്ക്, അത്യാവശ്യ സാഹചര്യങ്ങളില്‍ ഫോണിലെ ഡാറ്റകള്‍ മുഴുവനും സ്വയം നശിപ്പിക്കുകയും ഫോണ്‍ പ്രവര്‍ത്തനക്ഷമമല്ലാതാക്കുകയും ചെയ്യാനും സംവിധാനമുണ്ട് എന്നതാണ് ഏറ്റവും വലിയ കാര്യം.

Advertisement

ഫോണിന്റെ കെയ്‌സ് അഴിക്കാന്‍ ശ്രമിച്ചാല്‍ പോലും ഡാറ്റകള്‍ ഡിലിറ്റ് ആകും എന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ ഏതു വിധത്തിലാണ് ഇത് പ്രവര്‍ത്തിക്കുക എന്ന് വ്യക്തമാക്കുന്നില്ല.

സൈന്യത്തിലും മറ്റ് അതീവ സുരക്ഷിതത്വം ആവശ്യമുള്ള മേഘലകളിലും ആശയവിനിമയത്തിന് ഈ ഫോണ്‍ ഉപയോഗിക്കാമെന്നാണ് ബോയിംഗ് പറയുന്നത്. പുറത്തേക്ക് വിവരങ്ങള്‍ കൈമാറാന്‍ഒരിക്കലും കഴിയില്ല എന്നതിനാല്‍ ചാരപ്രവൃത്തിയും പേടിക്കണ്ട.

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് ഫോണില പയോഗിക്കുന്നത്. 5.2 ഇഞ്ച് ആണ് സ്‌ക്രീന്‍സൈസ്. ഡ്യുവല്‍ സിം സംവിധാനവുമുണ്ട്. സാധാരണ ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു സിം ഉപയോഗിച്ച് ഒന്നിലധികം നെറ്റ്‌വര്‍ക്കുകളിലൂടെ കോള്‍ ചെയ്യാനും സാധിക്കും.

Advertisement

അതീവ സുരക്ഷ ഉള്ളതുകൊണ്ടുതന്നെ ബോയിംഗ് ബ്ലാക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ബോയിംഗ് പുറത്തുവിടുന്നില്ല. എങ്കിലും പ്രത്യേക വിഭാഗം ഉപഭോക്താക്കള്‍ക്കായി ഫോണ്‍ ഉടന്‍ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

Best Mobiles in India

Advertisement