ആന്‍ഡ്രോയിഡ് ഫോണിനെ ഉബുണ്ടു ഡെസ്‌ക്ടോപ് കമ്പ്യൂട്ടറാക്കാം



ഒരു സ്മാര്‍ട്‌ഫോണിലൂടെ ഉപഭോക്താക്കള്‍ക്ക് ഡെസ്‌ക്ടോപ് അനുഭവം കൂടി നേടാനാകുന്നത് പുതുമയുള്ള കാര്യമല്ല. കാരണം കഴിഞ്ഞവര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ മോട്ടറോളയുടെ ആട്രിക്‌സ് ഫോണില്‍ നിന്ന് ഇത്തരമൊരു നീക്കം ഉണ്ടായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത് ലിനക്‌സ് വെണ്ടറായ കനോണിക്കല്‍ ആണ്.

Advertisement

വിശാലമായ സ്‌ക്രീനുള്ള ഡെസ്‌ക്ടോപിന്റെ അനുഭവം എങ്ങനെ താരതമ്യേന കുഞ്ഞു സ്‌ക്രീനുകളുള്ള സ്മാര്‍ട്‌ഫോണില്‍ നിന്ന് ലഭിക്കുമെന്ന് സംശയിച്ചേക്കാം. അതാണ് കനോണിക്കല്‍ പരിചയപ്പെടുത്തുന്നത്. കനോണിക്കലിന്റെ ആന്‍ഡ്രോയിഡ് ഫോര്‍ ഉബുണ്ടു പ്രോജക്റ്റിലൂടെയാണ് സ്മാര്‍ട്‌ഫോണിലൂടെ ഡെസ്‌ക്ടോപ് ഉപയോഗിക്കാനാകുക.

Advertisement

ലിനക്‌സ് അധിഷ്ഠിത സോഫ്റ്റ്‌വെയറുകളായ ഉബുണ്ടുവിനേയും ആന്‍ഡ്രോയിഡിനേയും സംയോജിപ്പിക്കാനാണ് കനോണിക്കലിന്റെ പദ്ധതി. ആന്‍ഡ്രോയിഡ് ഉബുണ്ടു പ്രവര്‍ത്തിക്കുന്ന മൊബൈലിനെ മൗസ്, കീബോര്‍ഡ്, മോണിറ്റര്‍ എന്നിവയുമായി കണക്റ്റ് ചെയ്യുന്ന ഒരു ഡോക്കിനോട് ബന്ധിപ്പിക്കുമ്പോള്‍ അത് ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. അതായത് സ്മാര്‍ട്‌ഫോണ്‍ മാത്രം ഉപയോഗിക്കേണ്ടി വരുമ്പോള്‍ സാധാരണ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണായും മോണിറ്ററുമായി ബന്ധിപ്പിക്കുമ്പോള്‍ ഉബുണ്ടു ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഡെസ്‌ക്ടോപായും ഇതിന്  പ്രവര്‍ത്തിക്കാനാകും.

വരാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് മോട്ടറോളയുടെആട്രിക്‌സ് 2 സ്മാര്‍ട്‌ഫോണിലൂടെ തങ്ങളുടെ ആശയം അവതരിപ്പിക്കാന്‍ കനോണിക്കല്‍ ആലോചിക്കുന്നതായാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ നീക്കത്തില്‍ മോട്ടറോളയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെന്നും മറ്റ് ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നുമാണ് കനോണിക്കല്‍ അറിയിക്കുന്നത്.

Advertisement

എന്തായാലും ആന്‍ഡ്രോയിഡ്-ഉബുണ്ടു സംയോജനത്തെ ഉപഭോക്താക്കള്‍ ഏറ്റെടുത്താല്‍ വരുംഭാവിയില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട പുതിയ ഉത്പന്നങ്ങളും ആശയങ്ങളും ടെക് രംഗത്ത് വന്നേക്കാം.

Best Mobiles in India

Advertisement