മൂന്ന് ഡിസ്പ്ളേ, 12 MPയുടെ 5 ക്യാമറകൾ, 3 ഒഎസുകൾ, SD 855ന്റെ 2 പ്രോസസറുകൾ, 5ജി..


ഇന്നിവിടെ ഞാൻ പറയാൻ പോകുന്നത് ഒരിക്കലും നടക്കാത്തത് എന്ന് നിങ്ങൾ പറഞ്ഞേക്കാവുന്ന ഇങ്ങനെയൊരു ഫോൺ ഈ അടുത്ത കാലത്തൊന്നും വരാൻ യാതൊരു സാധ്യതയുമില്ല എന്ന് ചിന്തിച്ചേക്കാവുന്ന ഒരു ഫോണിനെ കുറിച്ചാണ്. എന്നാൽ ഒരിക്കലും നടക്കാത്തത് എന്ന് നമ്മൾ കരുതിയിരുന്ന പല കാര്യങ്ങളും പിന്നീട് പുത്തൻ സാങ്കേതികവിദ്യകളുടെ കരുത്തിൽ നമുക്ക് മുന്നിൽ വന്നിട്ടുണ്ട് എന്ന കാര്യം ആരും മറക്കരുത്. അതിനാൽ തന്നെ ഈ അത്ഭുത ഫോണിന്റെ വിവരങ്ങളിലേക്ക് വരാം.

ഫോണിനെ കുറിച്ച് പറയും മുമ്പ്

ഫോണിനെ കുറിച്ച് പറയും മുമ്പ് ഈ കമ്പനിയുടെ ചരിത്രം വളരെ ചുരുക്കി പറയാം. രണ്ടു വർഷം മുമ്പ് Turing phone എന്ന ഒരു ഫോൺ മോഡൽ ഇറക്കി വൻപരാജയമായി എങ്ങും എത്താതെ പോയ ഒരു കമ്പനിയാണ് Turing Space Industries (TSI). ഏറെ സവിശേഷതകൾ ഉൾക്കൊള്ളിച്ചിരുന്നെങ്കിലും ആരെയും വേണ്ടത്ര ആകർഷിക്കാനോ കൃത്യമായ ഡെലിവറി ചെയ്യാനോ സാധിക്കാത്തതിനാൽ വിപണിയിൽ മൂക്കും കുത്തി വീണ കമ്പനിയാണ് TSI. എന്നാൽ അതുകൊണ്ടൊന്നും തോൽക്കാൻ കമ്പനി തയ്യാറല്ല എന്ന് തെളിയിച്ചുകൊണ്ട് ഒരു ബ്രഹ്‌മാണ്ഡ ഫോൺ ആണ് ഇപ്പോൾ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇറങ്ങുക 2020ൽ

Turing Hubble Phone എന്ന കമ്പനിയുടെ ഈ മോഡൽ 2020ൽ ആണ് ഇറങ്ങുക എന്ന കാര്യം ആദ്യമേ പറയട്ടെ. പക്ഷെ താഴെ ഇതിന്റെ സവിശേഷതകൾ കേൾക്കുമ്പോൾ 2020 അല്ല, 2025 ആയാലും ഇതൊക്കെ വരുമോ എന്ന് സ്വാഭാവികമായി നിങ്ങൾ ചിന്തിച്ചുപോയേക്കും. ഇതുവരെ ഇറങ്ങാത്ത പ്രൊസസർ, ഇതുവരെ ഇറങ്ങാത്ത നെറ്റ്‌വർക്ക്, കേട്ടിട്ടുപോലുമില്ലാത്ത സാങ്കേതികവിദ്യകൾ എന്നിവയെല്ലാമാണ് ഈ ഫോണിനെ കുറിച്ച് നമുക്ക് പറയുമ്പോൾ അറിയാൻ കഴിയുക. എന്തായാലും എന്തെല്ലാമാണ് ആ സവിശേഷതകൾ എന്ന് നമുക്ക് നോക്കാം.

Snapdragon 855 പ്രൊസസർ രണ്ടെണ്ണം, ഒഎസ് മൂന്നെണ്ണം..

Snapdragon 855 എന്നൊരു പ്രോസസറിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇതുവരെ ഇറങ്ങിയിട്ടില്ലാത്ത ഈ പ്രൊസസർ ആണ് ഫോണിൽ ഉള്ളത്. അതും ഒന്നല്ല, രണ്ടെണ്ണം. അതുപോലെ ഇനിയും ഇറങ്ങിയിട്ടില്ലാത്ത Snapdragon X50 5G മോഡം ആയിരിക്കും ഫോണിൽ ഉണ്ടാകുക. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കാര്യത്തിലും ഈ ഫോൺ ഒരു കുറവും വരുത്തുന്നില്ല. മൂന്ന് ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ആണ് ഈ ഒരൊറ്റ ഫോണിൽ ഉണ്ടാവുക. ഒരു ആൻഡ്രോയിഡ് ഒഎസ്, ഒരു Turing Keplerian ഒഎസ്, പിന്നെയൊരു Sailfish 3 ഒഎസ് എന്നിങ്ങനെയാണ് ഈ മൂന്ന് ഒഎസുകൾ.

സിം കാർഡ് നാല്, ക്യാമറ 12 എംപിയുടെ അഞ്ചെണ്ണം..

സിം കാർഡ് ഇടാനുള്ള സൗകര്യത്തിന്റെ കാര്യത്തിലും കമ്പനി ഒരു കുറവും വരുത്തുന്നില്ല. നാല് സിം കാർഡുകൾ ഫോണിൽ സുഖമായി ഇടാൻ പറ്റും. ക്യാമറ ആണെങ്കിൽ 12 MP CMOS സെൻസറിന്റെ 5 എണ്ണം ആയിരിക്കും ഫോണിൽ ഉണ്ടാവുക. ഫോണിന്റെ ഡിസൈൻ ഇവിടെ കൊടുത്ത ചിത്രങ്ങളിൽ നിന്നും നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവുമല്ലോ. രണ്ടു ഡോക്കുകൾ ആയിട്ടാണ് ഇതിന്റെ ഡിസൈൻ. അതിൽ പലയിടങ്ങളിലായിട്ടായിരിക്കും ഈ ക്യാമറകൾ സ്ഥാപിക്കപ്പെടുക.

3 AMOLED ഡിസ്‌പ്ലെകൾ, 8 ജിബി, 256 ജിബി വീതം ഓരോന്നിലും റാമും മെമ്മറിയും..

ഡിസ്‌പ്ലെയുടെ കാര്യത്തിലാണെങ്കിൽ മൂന്ന് ഡിസ്പ്ളേകൾ ആയിരിക്കും ഫോണിന് ഉണ്ടാവുക. മൂന്നും AMOLED ഡിസ്‌പ്ലെകൾ ആയിരിക്കും. 5.44 ഇഞ്ചിന്റെ, ഒരു 5.41 ഇഞ്ചിന്റെ, ഒരു 11.81 ഇഞ്ചിന്റെ എന്നിങ്ങനെയായിരിക്കും ഈ മൂന്ന് ഡിസ്പ്ളേകളുടെ സൈസ് വരിക. അടുത്തത് മെമ്മറിയുടെ കാര്യം നോക്കാം. എന്തായാലും 32 ജിബി റാം ഉണ്ടാകുമെന്ന വാദമൊന്നും ഇവിടെ പറയാത്തത് കൊണ്ട് അതിൽ നമുക്ക് ആശ്വസിക്കാം. എന്നാലും ഓരോ ഡെക്കിലും 8 ജിബി വീതം റാമുകളും 256 ജിബി വീതം മെമ്മറിയും ഫോണിലുണ്ടാകും.

വില 2 ലക്ഷത്തിനടുത്ത്..

ഇതിപ്പോൾ എഴുതിയ എനിക്ക് തെറ്റിയതാണോ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ അങ്ങനെയല്ല. കമ്പനി തന്നെ പ്രഖ്യാപിച്ച കാര്യങ്ങളാണ് ഇവ. വിലയുടെ കാര്യത്തിൽ മാത്രമാണ് ഇവിടെ അല്പം ആശ്വാസം നമുക്ക് ലഭിക്കുക. കാരണം ഇത്രയധികം സൗകര്യങ്ങൾ എല്ലാം തന്നെ ഉണ്ടായിട്ടും ഫോണിന് വില വരുന്നത് വെറും 2,749 ഡോളർ മാത്രമായിരിക്കും. അതായത് ഒരു രണ്ടു ലക്ഷം ഇന്ത്യൻ രൂപക്ക് അടുത്ത്. അതും ഈ ഫോണിന്റെ ബേസിക്ക് മോഡലിന്റെ വിലയായിരിക്കും. അതായത് ഇതിലും കൂടിയ വില കൊടുക്കേണ്ടി വരും കൂടുതൽ സൗകര്യങ്ങൾ ഉള്ള മോഡലിന് എന്ന് ചുരുക്കം. എന്തായാലും കാത്തിരിക്കാം ഇങ്ങനെയൊരു മോഡൽ വരുമോ ഇല്ലയോ എന്നറിയാനായി. വരുകയാണെങ്കിൽ അതൊരു വിപ്ലവം തന്നെയായിരിക്കും. അല്ലെങ്കിൽ പ്രത്യേകിച്ച് വേറൊന്നും പറയാനില്ല.

ചിത്രങ്ങൾക്ക് കടപ്പാട്

Most Read Articles
Best Mobiles in India
Read More About: smartphones mobiles concepts news

Have a great day!
Read more...

English Summary

Crazy Turing HubblePhone Concept.