ഫൈന്‍ഡര്‍ ലോകത്തിലെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്‌ഫോണ്‍



ലോകത്തിലെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ പോകുന്നു. ഓപ്പോ എന്ന ചൈനീസ് കമ്പനിയാണ് ഇതിന് പിന്നില്‍. 6.65എംഎം കട്ടിയാണ് ഓപ്പോ ഇറക്കാന്‍ പോകുന്ന ഫൈന്‍ഡര്‍ എന്ന സ്മാര്‍ട്‌ഫോണിനുള്ളതത്രെ. മറ്റൊരു ചൈനീസ് കമ്പനിയായ ഹുവാവെയുടെ മെലിഞ്ഞ സ്മാര്‍ട്‌ഫോണായ ആസന്‍ഡ് പി1 ഫോണിന്റെ കട്ടി 6.68എംഎം ഉണ്ട്. പ്രത്യേകതകള്‍കൊണ്ട് മാത്രം പുറത്തിറങ്ങും മുമ്പ് പ്രശസ്തമായ സ്മാര്‍ട്‌ഫോണാണ് ഫൈന്‍ഡര്‍.

ഫൈന്‍ഡറിന്റെ സവിശേഷതകള്‍ എന്തെല്ലാമെന്ന് ഇത് വരെ വ്യക്തമായിട്ടില്ലെങ്കിലും ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റമാണ് ഇതില്‍ വരുന്നതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 4.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെ ഫോണിലെ മള്‍ട്ടിമീഡിയ സൗകര്യങ്ങളെ വേണ്ടപോലെ ആസ്വദിക്കാന്‍ സഹായിക്കുന്നു. ഇതിനെല്ലാം ഉപരി 8 മെഗാപിക്‌സല്‍ ക്യാമറയും ഈ ഫോണിനെ സവിശേഷമാക്കുന്നു. 1080പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗിനും സൗകര്യമുണ്ട്. 1.3 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറയും ഫൈന്‍ഡര്‍ ഫോണിലുണ്ട്.

Advertisement

1 ജിബിയാണ് ഫോണിലെ റാം സ്‌റ്റോറേജ്. കൂടാതെ 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഉണ്ട്. 1.5 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസറാണ് ഫോണിന്റെ പ്രത്യേകത. വേഗതയേറിയ ഡാറ്റാ ട്രാന്‍സ്ഫറിംഗിന് അനുവദിക്കുന്ന ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികള്‍ ഇതിലുണ്ട്. എസ്എംഎസ്, ഇമെയില്‍ മെസേജിംഗ് ഓപ്ഷനുകളും ഉണ്ട്. ഓഡിയോ, വീഡിയോ പ്ലെയറുകള്‍ സ്മാര്‍ട്‌ഫോണിലുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അവ ഏതെല്ലാം ഫോര്‍മാറ്റുകളെയാണ് പിന്തുണക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Advertisement

ജൂണ്‍ 6 മുതല്‍ ഓപ്പോ ഫൈന്‍ഡര്‍ സ്മാര്‍ട്‌ഫോണ്‍ പ്രീഓര്‍ഡര്‍ ചെയ്യാവുന്നതാണ്. 35,000 രൂപയാണ് ഈ സ്മാര്‍ട്‌ഫോണിന് വില. ലോകത്തിലെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്‌ഫോണിനെ സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്ക് ജൂണ്‍ 6ന് കാത്തിരിപ്പ് അവസാനിപ്പിക്കാം.

Best Mobiles in India

Advertisement