മയെസു (Meizu) 16: അറിയാം ഗുണവും ദോഷവും X ഫാക്ടറും


മയെസുവിന്റെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ M16 ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചുകഴിഞ്ഞു. 39999 രൂപ വിലയുള്ള ഫോണ്‍ ഏറ്റവും മികച്ച സ്‌പെസിഫിക്കേഷനുകളോടെയാണ് വിപണിയിലെത്തിയിരിക്കുന്നത്. 8GB റാം, 128 GB സ്റ്റോറേജ്, ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 എന്നിവ ഇവയില്‍ ചിലതുമാത്രം. മികച്ച സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം ഉറപ്പുനല്‍കി വിപിണി പിടിക്കാന്‍ എത്തിയിരിക്കുന്ന മയെസു M16 വാങ്ങണോ എന്ന ചോദ്യം നിങ്ങളുടെ മനസ്സില്‍ ഉയര്‍ന്നിട്ടുണ്ടാകും. ഫോണിന്റെ ഗുണദോഷങ്ങള്‍ വിശദമായി പരിശോധിച്ച് നമുക്കൊരു തീരുമാനത്തിലെത്തിയാലോ?

Advertisement

ക്ലാസിക് ലുക്ക്

സൗന്ദര്യലക്ഷണങ്ങളൊത്ത അതിസുന്ദരിയായ സ്മാര്‍ട്ട്‌ഫോണ്‍ ആണ് മയെസു M16. നേര്‍ത്ത ബെസെല്‍സ്, റൗണ്ട് വശങ്ങള്‍ എന്നിവ എടുത്തുപറയേണ്ടതാണ്. ഒറ്റ നിറത്തിലുള്ള മനോഹരമായ ഫോണുകള്‍ ഇഷ്ടപ്പെടുന്നവരെ മയെസു M16 തൃപ്തിപ്പെടുത്തും.

മികച്ച സ്‌ക്രീന്‍

ആറിഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. റെസല്യൂഷന്‍ 2160x1080 പിക്‌സല്‍. 402ppi ആണ് പിക്‌സല്‍ സാന്ദ്രത. ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും നല്ല മിഴിവ് നല്‍കാന്‍ ഡിസ്‌പ്ലേയ്ക്ക് കഴിയുന്നുണ്ട്. മൊത്തത്തില്‍ മികച്ച ദൃശ്യാനുഭവം ഫോണ്‍ നല്‍കുന്നു.

Advertisement
ഇന്‍-ഡിസ്‌പ്ലേ സെന്‍സര്‍

മികച്ച വേഗതയോട് കൂടിയ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് മയെസു M16-ന്റെ മറ്റൊരു ആകര്‍ഷണം. 0.25 സെക്കന്റിനുള്ളില്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സെന്‍സറിന് കഴിയുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

സ്റ്റീരിയോ സ്പീക്കറുകള്‍

സ്റ്റീരിയോയ്ക്ക് സമാനമായ ഓഡിയോ ഔട്ട്പുട്ട് നല്‍കാന്‍ ഫോണിന് കഴിയുന്നുണ്ട്. മുകള്‍ഭാഗത്തെ ഇയര്‍പീസാണ് രണ്ടാമത്തെ സ്പീക്കറായി കൂടി പ്രവര്‍ത്തിക്കുന്നത്. ശബ്ദമികവിന്റെ കാര്യത്തിലും മയെസു M16 വളരെ മുന്നിലാണ്.

മെമ്മറി വികസിപ്പിക്കാന്‍ കഴിയുകയില്ല

മയെസു M16-ല്‍ 128 GB ഇന്റേണല്‍ സ്റ്റോറേജ് ഉണ്ടെങ്കിലും മെമ്മറി വികസിപ്പിക്കാന്‍ കഴിയാത്തത് പോരായ്മയാണ്. ഇന്റേണല്‍ മെമ്മറി ആവശ്യത്തിലധികം ഉണ്ടെങ്കിലും ഫോണ്‍ കാര്യമായി ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ മെമ്മറി വേണ്ടിവരാം.

പരിമിതമായ ക്യാമറ സെറ്റിംഗ്‌സ്

മയെസു M16-ന്റെ പിന്നില്‍ രണ്ട് ക്യാമറകളാണുള്ളത്. 12MP, 20MP എന്നിവയാണവ. മുന്നില്‍ f/2.0 അപെര്‍ച്ചറോട് കൂടിയ 20 MP ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 1080p വീഡിയോകള്‍ ഷൂട്ട് ചെയ്യാനും കഴിയും.

പോട്രെയ്റ്റ്, പനോരമ, പ്രോ, ടൈം ലാപ്‌സ്, സ്ലോ-മോ, QR സ്‌കാനര്‍ തുടങ്ങിയ മോഡുകള്‍ ക്യാമറ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമറ സെറ്റിംഗ്‌സിന് പരിമിതിയുള്ളതായി തോന്നുന്നു. വിശദമായ പരിശോധനയില്‍ മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാകൂ.

കാലഹരണപ്പെട്ട ആന്‍ഡ്രോയ്ഡ് OS

ആന്‍ഡ്രോയ്ഡ് 8.0 ഒറിയോയിലാണ് മയെസു M16 പ്രവര്‍ത്തിക്കുന്നത്. ഇത് വലിയൊരു പോരായ്മ തന്നെയാണ്. ആന്‍ഡ്രോയ്ഡ് 9 പൈയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്മാര്‍ട്ടുഫോണുകള്‍ ഇപ്പോള്‍ തന്നെ വിപണിയിലുണ്ട്. ആന്‍ഡ്രോയ്ഡ് 8.0 ഒറിയോ മികച്ച ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ്. എന്നാല്‍ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ലഭ്യമാക്കിയിരുന്നുവെങ്കില്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ സാധിക്കുമായിരുന്നു.

X ഫാക്ടര്‍

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845, ഒക്ടാകോര്‍ സിപിയു എന്നിവ മയെസു M16-ന്റെ X ഫാക്ടറുകളാണ്. ആപ്പുകളും ഗെയിമുകളും ഒരു കുഴപ്പവുമില്ലാതെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവര്‍ത്തനമികവ് തന്നെയാണ് M16-നെ വ്യത്യസ്തമാക്കുന്നത്.

മികച്ച സവിശേഷതകളോട് കൂടിയ ഫോണുമായി തന്നെയാണ് മയെസു ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. എന്നാല്‍ വിലയുടെ കാര്യത്തില്‍ കമ്പനിക്ക് പിഴച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 39999 രൂപയാണ് ഫോണിന്റെ വില. ഇത് ഏകദേശം വണ്‍പ്ലസ് 6T-യുടെ വിലയ്ക്ക് അടുത്ത് വരും.

വണ്‍പ്ലസ് പോലെ ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനിയുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണിന്റെ വിലയ്ക്ക് വില്‍പ്പനയ്‌ക്കെത്തുന്ന ഫോണില്‍ ഉപഭോക്താക്കള്‍ വലിയ പ്രതീക്ഷ വയ്ക്കുന്നത് സ്വാഭാവികമാണ്. ഈ അമിത പ്രതീക്ഷ ഒരുപക്ഷെ തിരിച്ചടിയായി മാറാം. അല്‍പ്പം കൂടി കുറഞ്ഞ വിലയായിരുന്നുവെങ്കില്‍ മയെസു M16-ന് ഇന്ത്യന്‍ വിപണിയില്‍ വന്‍ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞേനെ.

Best Mobiles in India

English Summary

Meizu 16TH: The Good, the Bad, and the X factor