മികച്ച ക്യാമറ, ആകർഷിക്കുന്ന ഡിസൈൻ.. മോട്ടോ G6, G6 പ്ലെ ഗിസ്‌ബോട്ട് റിവ്യൂ


കാത്തിരിപ്പിനൊടുവിൽ മോട്ടോയുടെ ജി 6, ജി 6 പ്ലെ എന്നീ മോഡലുകൾ എത്തിയിരിക്കുകയാണ്. മോട്ടോ ജി സീരീസിലെ ഓരോ പുതിയ മോഡലുകൾ അവതരിപ്പിക്കുമ്പോളും വ്യത്യസ്തമായ എന്തെങ്കിലും ഒന്ന് ഉപഭോക്താക്കൾക്ക് ലഭിക്കാറുണ്ട്. ആ പതിവ് ഇവിടെയും തെറ്റിക്കുന്നില്ല. പ്രീമിയം ഡിസൈനിൽ മികച്ച ക്യാമറ സംവിധാനങ്ങളോട് കൂടി സ്റ്റോക്ക് ആൻഡ്രോയിഡിന്റെ എലലാ സവിശേഷതകളോടും കൂടിയാണ് ഈ മോട്ടോ ജി 6ഉം അതിന്റെ ജി 6 പ്ലെ മോഡലും നമുക്ക് മുമ്പിൽ എത്തുന്നത്.

ആമസോണിൽ 13999 രൂപ വിലയിട്ടിരിക്കുന്ന മോട്ടോ ജി 6, 11999 രൂപ വിലയിട്ടിരിക്കുന്ന മോട്ടോ ജി 6 പ്ലെ എന്നീ രണ്ടു വേർഷനുകൾ എന്തുകൊണ്ടും വിപണിയിലെ തുല്യ സവിശേഷതകൾ ഉള്ള മറ്റു ഫോണുകളുമായി കടുത്ത മത്സരം തന്നെയാണ് കാഴ്ചവെക്കാൻ ഒരുങ്ങുന്നത്. ഫോണിനെ പ്രധാന സവിശേഷതകളിലേക്ക് ഒരു എത്തിനോട്ടം നടത്തുകയാണ് ഇവിടെ.

മോട്ടോ എക്സ് 4 മാതൃകയിൽ ഉള്ള ഡിസൈൻ

മോട്ടോ ജി സീരീസിൽ ഇന്നുവരെ ഇറങ്ങിയതിൽ ഏറ്റവും പ്രീമിയം ഡിസൈൻ ഏതെന്ന് ചോദിച്ചാൽ അത് ഈ ജി 6 തന്നെ എന്ന് കണ്ണുംപൂട്ടി പറയാം. എന്നാൽ തീർത്തും ഒരു പുതുമയുള്ള മോഡൽ എന്ന് പറയാൻ പറ്റില്ല, കാരണം കമ്പനിയുടെ മോട്ടോ എക്സ് 4ന്റെ രൂപഭാവങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നമുക്ക് ഇവിടെ കാണാം. ഈ രണ്ടു മോഡലുകളിലും പിറകിലായി വരുന്ന 3ഡി ഗ്ലാസ് പാനൽ ഫോണിനെ കൂടുതൽ സുന്ദരനാക്കുന്നുണ്ട്. ഫോണിന്റെ മുമ്പിലും പിറകിലും ഒരേപോലെ കോർണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണവും ഉണ്ട്.

മുമ്പുള്ള മോഡലുകളെ അപേക്ഷിച്ച് ഒരു കൈ കൊണ്ട് തന്നെ ഉപയോഗിക്കാൻ സാധ്യമായ മികച്ച രൂപകൽപ്പന ഇവിടെ നമുക്ക് കാണാം. അത് കൂടാതെ മോട്ടോ ജി 6ലും ജി 6 പ്ളേയിലും മുൻവശത്ത് താഴെ വരുന്ന ഫിംഗർ പ്രിന്റ് സ്‌കാനർ മികച്ച ഫലം തരുന്നതും ആയിരുന്നു. ഫിംഗർ പ്രിന്റ് സ്‌കാനിങ് കൂടാതെ നാവിഗേഷൻ സൗകര്യങ്ങൾക്കും ഉപയോഗിക്കാൻ പറ്റുന്ന ഒരു അനുഭവം ഇത് നൽകുന്നു. മോട്ടോ എക്സ് 4ൽ ഉള്ളത് പോലെയുള്ള ക്ളോക്ക് ഡിസൈനിൽ ഉള്ള ഡ്യൂവൽ ക്യാമറ ഡിസൈൻ ഫോണിനെ ഒന്നുകൂടെ മനോഹരമാക്കുന്നു.

ഡിസ്പ്ളേ: മോട്ടോയുടെ ആദ്യ 18:9 അനുപാതമുള്ള ഫോൺ

അങ്ങനെ മോട്ടോറോളയും 18:9 അനുപാതമുള്ള നീളമുള്ള ഡിസ്പ്ളേ അവതരിപ്പിച്ചിരിക്കുകയാണ് ഈ മോഡലിലൂടെ. ഇനി ഈ അനുപാതം ഇല്ല എന്ന കാരണത്താൽ മോട്ടോ ഫോണുകൾ തള്ളിക്കളയാൻ നമുക്കാവില്ല. 5.7 ഇഞ്ചിന്റെ ഫുൾ എച് ഡി പ്ലസ് മാക്സ് വിഷൻ ഐപിഎസ് ഡിസ്പ്ളേ ആണ് ഫോണിന് ഉള്ളത്. 720x1440 ആണ് പിക്സൽ റെസല്യൂഷൻ. ഈ ഒരു വിലയിലുള്ള ശരാശരിക്ക് മുകളിൽ നിൽക്കുന്ന ഡിസ്പ്ളേ തന്നെയാണ് ഇത്.

ഹാർഡ്‌വെയർ

ഇവിടെ ഹാർഡ്‌വെയറിന്റെ കാര്യത്തിൽ മാത്രം മോട്ടോ ജി 6 അല്പം നിരാശയാണ് നമുക്ക് നൽകുന്നത്. Qualcomm Snapdragon 450 ആണ് ഫോണിലെ പ്രൊസസർ എന്നത് തന്നെയാണ് കാരണം. ഈയൊരു വിലയ്ക്ക് ഇന്ന് വിപണിയിൽ ലഭിക്കാവുന്ന ഷവോമിയുടെയും മറ്റും ഫോണുകളോട് താരതമ്യം ചെയ്യുമ്പോൾ തീർത്തും നിരാശാജനകമാണ് ഈ പ്രൊസസർ ചുരുങ്ങിയത് ഒരു Snapdragon 636 SoC അല്ലെങ്കിൽ Snapdragon 625 SoC എങ്കിലും ഫോണിൽ വേണ്ടിയിരുന്നു.

മെമ്മറിയുടെ കാര്യത്തിൽ റാം വരുന്നത് 3 ജിബിയും ഇൻബിൽറ്റ് മെമ്മറി വരുന്നത് 32 ജിബിയും ആണ്. 128 ജിബി വരെ മെമ്മറി കാർഡ് വഴി അധികാരിപ്പിക്കാൻ ഉള്ള സൗകര്യവും ഉണ്ട്. ഒരു ശരാശരിക്ക് മേൽ നിൽക്കുന്ന ഉപയോഗത്തിന് പറ്റുമെങ്ങിലും പ്രോസസറിന്റെ പോരായ്മ കാരണം അധികമായ ജോലികൾക്കൊന്നും മോട്ടോ ജി 6 നെ പ്രതീക്ഷിക്കേണ്ടതില്ല.

സോഫ്ട്‍വെയർ

ഇവിടെയാണ് നമുക്ക് ഏറെ ഇഷ്ടപ്പെട്ട ഭാഗം വരുന്നത്. സ്റ്റോക്ക് ആൻഡ്രോയിഡ് ഉപയോഗിക്കുന്ന ചുരുക്കം ചില സ്മാർട്ഫോണുകളിൽ ഒന്നായി മോട്ടോ ഇന്നും നിലനിൽക്കുന്നത് നല്ലൊരു വിഭാഗം ആളുകളെ ഇ ഫോണുകൾ വാങ്ങുന്നതിലേക്ക് എത്തിച്ചിട്ടുണ്ട്. ആ പതിവ് ഇവിടെയും തെറ്റുന്നില്ല. സ്റ്റോക്ക്, അല്ലെങ്കിൽ സ്റ്റോക്കിനോട് ഏറ്റവും അടുത്തു നിൽക്കുന്ന ഒരു ആൻഡ്രോയ്ഡ് അനുഭവം നമുക്ക് ഫോണിൽ നിന്നും ലഭിക്കും.

ക്യാമറ

മോട്ടോ ജി 6 ൽ 12 എംപിയുടെയും 5 എംപിയുടെയും രണ്ടു സെൻസറുകൾ ആണ് പിറകിൽ ഉള്ളത്. മോട്ടോ ജി 6 പ്ളേക്ക് 13 എംപിയുടെ ഒറ്റ ക്യാമറയും പിറകിൽ ഉണ്ട്. f/2.0 aperture ലെന്സ് ഉൾപ്പെടെയാണ് ഈ ക്യാമറകൾ സജ്ജമാക്കിയിരിക്കുന്നത്. മുൻവശത്ത് മോട്ടോ ജി 6 ന് 16 എംപി ക്യാമറയും മോട്ടോ ജി 6 പ്ളേക്ക് 8 എംപി ക്യാമറയുമാണ് ഉള്ളത്.

ബൊക്കെഹ് എഫ്ഫക്റ്റ് അടക്കമുള്ള ഹാർഡ്‌വെയർ നിയന്ത്രിത സൗകര്യങ്ങൾ മോട്ടോ ജി 6 ൽ സാധ്യമാക്കാൻ ഈ ഇരട്ട ലെൻസുകൾ സഹായിക്കുന്നു. അതുപോലെ മുൻവശത്തുള്ള 16 മെഗാപിക്സൽ ക്യാമറയും അതിന്റെ ജോലി കൃത്യമായി ചെയ്യുന്നു. വെളിച്ചം കുറഞ്ഞ സമയത്ത് പോലും അത്യാവശ്യം നിലവാരം പുലർത്തുന്ന ചിത്രങ്ങൾ എടുക്കാൻ ഇത് സഹായകമാകുന്നു. ക്യാമറക്ക് കൂടുതൽ പരിഗണന കൊടുക്കുന്ന ഒരാൾ ആണെങ്കിൽ എന്തുകൊണ്ടും ഈ രണ്ടു മോഡലുകളിൽ ജി 6 തന്നെ വാങ്ങുന്നത് നന്നാകും.

ബാറ്ററി, കണക്ടിവിറ്റി

മോട്ടോ ജി 6 3000 mAh ബാറ്ററിയുടെ കരുത്തോടെ ആണ് എത്തുന്നത് എങ്കിൽ മോട്ടോ ജി 6 പ്ളേ എത്തുന്നത് ഭീമൻ 4000 mAh ബാറ്ററിയോട് കൂടിയാണ്. രണ്ടു ഫോണുകൾക്കും ടർബോ ചാര്ജിങ്ങ് സൗകര്യവും ഉണ്ട്. ഒപ്പം 4G VoLTE, വൈഫൈ, ബ്ലൂടൂത്ത്, ഡ്യുവൽ സിം, യുഎസ്ബി ടൈപ് സി പോർട്ട് എന്നീ സൗകര്യങ്ങളും ഫോണിൽ ഉണ്ട്.

അവസാനം ലെനോവോ ചതിച്ചു! 4 ടിബി മെമ്മറി, 45 ദിവസം ബാറ്ററി, ഒരു ലക്ഷം രൂപ വില.. എല്ലാം വെറുതെ..

അവസാനവാക്ക്

കാഴ്ചയിൽ ഏറെ പ്രീമിയം ഡിസൈൻ തോന്നിക്കുന്ന ആൻഡ്രോയിഡ് സ്റ്റോക്ക് ഒഎസ് പ്രവർത്തിപ്പിക്കുന്ന ഈ വിലയിൽ കിട്ടാവുന്ന മികച്ച ക്യാമറ സൗകര്യങ്ങളോട് കൂടിയ ഒരു ഫോൺ ആണ് നിങ്ങൾ നോക്കുന്നത് എങ്കിൽ ധൈര്യമായി വാങ്ങാം. അതേസമയം പെര്ഫോമന്സിന്റെ കാര്യത്തിൽ അല്പം വിട്ടുവീഴ്ചക്ക് തയ്യാറാവണം എന്ന് മാത്രം.

Most Read Articles
Best Mobiles in India
Read More About: review motorola mobile smartphone

Have a great day!
Read more...

English Summary

Moto G6 and Moto G6 Play Review