വണ്‍പ്ലസ് 6T Vs ഷവോമി Poco F1 Vs അസൂസ് സെന്‍ഫോണ്‍ 5Z: ഏതാണ് മികച്ച ഫോൺ?


ആഗോളവിപണിയില്‍ എത്തിയതിന് തൊട്ടടുത്ത ദിവസം ഇന്ത്യയിലുമെത്തിയിരിക്കുകയാണ് വണ്‍പ്ലസ് 6T. ചൈനീസ് കമ്പനി ഈ വര്‍ഷം പുറത്തിറക്കിയ രണ്ടാമത്തെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ആണിത്. മികച്ച സൗകര്യങ്ങളും രൂപകല്‍പ്പനയിലെ സവിശേഷതകളും കൊണ്ട് എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് വണ്‍പ്ലസ് 6T. ഡിസ്‌പ്ലേയ്ക്ക് അകത്ത് സ്ഥാപിച്ചിരിക്കുന്ന ഫിംഗര്‍പ്രിന്റ് സെന്‍സര്‍, വലുപ്പം കുറഞ്ഞ നോച് എന്നിവയാണ് ഇതിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. 37999 രൂപ വിലയുള്ള വണ്‍പ്ലസില്‍ നിന്നുള്ള മത്സരം പ്രധാനമായും നേരിടുന്നത് ഷവോമി, അസൂസ് എന്നിവയുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളാണ്.

Advertisement

വണ്‍പ്ലസ് 6T Vs ഷവോമി Poco F1 Vs അസൂസ് സെന്‍ഫോണ്‍ 5Z

ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ വണ്‍പ്ലസ് 6-ന്റെ പരിഷ്‌കരിച്ച പതിപ്പാണ് 6T. ഷവോമി Poco F1, അസൂസ് സെന്‍ഫോണ്‍ 5Z എന്നിവയ്ക്ക് ഇത് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്. ഷവോമി Poco F1 ഓഗ്‌സ്റ്റിലാണ് വിപണിയിലെത്തിയത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoC, 8GB റാം എന്നിവയോട് കൂടിയ ഫോണിന്റെ വില 20999 രൂപയാണ്. അസൂസ് സെന്‍ഫോണ്‍ 5Z-ഉം രൂപകല്‍പ്പന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇവയ്‌ക്കൊപ്പം നില്‍ക്കും.

Advertisement
വണ്‍പ്ലസ് 6T വില, ഓഫറുകൾ

വണ്‍പ്ലസ് 6T, 6GB റാം-128 GB സ്റ്റോറേജ് മോഡലിന് ഇന്ത്യയില്‍ വില 37999 രൂപയാണ്. 8GB റാം/128 GB സ്റ്റോറേജ് മോഡലിന് 4000 രൂപ കൂടും. അതായത് 41999 രൂപ. 8GB റാമും 256 GB സ്റ്റോറേജുമുള്ള മോഡലിന് 4599 രൂപയാണ് വില. 6GB/128 GB മോഡലിന്റെ നിറം മിറര്‍ ബ്ലാക്കും 8GB/256GB മോഡലിന്റെ നിറം മിഡ്‌നൈറ്റ് ബ്ലാക്കുമാണ്. 8GB/128GB മോഡല്‍ ഈ രണ്ട് നിറങ്ങളിലും ലഭിക്കും.

വണ്‍പ്ലസ് 6T ഇന്ത്യയില്‍ ആമസോണ്‍ വഴി മാത്രമേ വാങ്ങാന്‍ കഴിയൂ. നവംബര്‍ 1-ന് ആരംഭിച്ച സെയിലില്‍ വന്‍ ആനുകൂല്യങ്ങളോടെ ഫോണ്‍ സ്വന്തമാക്കാനാകും. സിറ്റി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കില്‍ ഐസിഐസിഐ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുമ്പോള്‍ 2000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഇതിന് പുറമെ സൗജന്യ ഡാമേജജ് പ്രൊട്ടക്ഷന്‍, നോ കോസ്റ്റ് ഇഎംഐ, ജിയോയില്‍ നിന്ന് 5400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക്, 1000 രൂപ ആമസോണ്‍ പേ ബാലന്‍സ് എന്നിവ സ്വന്തമാക്കാനും അവസരമുണ്ട്. 3TB 4G ഡാറ്റയ്ക്ക് പുറമെയാണ് ജിയോ ക്യാഷ്ബാക്ക് കൂടി നല്‍കുന്നത്. കിന്‍ഡില്‍ ഇ-ബുക്കുകള്‍ക്ക് 500 രൂപ വരെ കിഴിവും നേടാന്‍ കഴിയും.

 

പൊക്കോ F1 വില, ഓഫറുകൾ

ഷവോമി Poco F1 6GB റാം/ 64GB സ്‌റ്റോറേജ് മോഡലിന് 20999 രൂപയും 6GB/128 GB മോഡലിന് 23999 രൂപയും 8GB/256GB മോഡലിന് 28999 രൂപയുമാണ് വില. ഇവയ്ക്ക് പുറമെ 29999 രൂപ വിലയുള്ള ആര്‍മേര്‍ഡ് എഡിഷനും ഷവോമി പുറത്തിറക്കിയിട്ടുണ്ട്. ഫ്‌ളിപ്കാര്‍ട്ട്, Mi.com എന്നിവയില്‍ ഫോണ്‍ ലഭിക്കും. റോസ്സോ റെഡ്, സ്റ്റീല്‍ ബ്ലൂ, ഗ്രാഫൈറ്റ് ബ്ലാക്ക് നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ആസൂസ് സെന്‍ഫോണ്‍ 5Z വില, ഓഫറുകൾ

ആസൂസ് സെന്‍ഫോണ്‍ 5Z-ന്റെയും മൂന്ന് വ്യത്യസ്ത മോഡലുകള്‍ വിപണിയിലുണ്ട്. 6GB റാം/64GB, 6GB/128GB, 8GB/256GB മോഡലുകളാണ് അവ. ഇവയുടെ വില യഥാക്രമം 29999 രൂപയും 32999 രൂപയും 36999 രൂപയുമാണ്. മിഡ്‌നൈറ്റ് ബ്ലൂ, മിറ്റിയോര്‍ സില്‍വര്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

പ്രധാന സവിശേഷതകള്‍

ഇരട്ട നാനോ സിം ഇടാന്‍ കഴിയുന്ന വണ്‍പ്ലസ് 6T ആന്‍ഡ്രോയ്ഡ് 9.0 പൈ അടിസ്ഥാന ഓക്‌സിജന്‍ OS-ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഷവോമി Poco F1-ലും രണ്ട് സിം കാര്‍ഡുകള്‍ ഇടാന്‍ കഴിയും. പക്ഷെ ഇതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ അടിസഥാന MIUI 9.6 ഔട്ടോ ഓഫ് ദി ബോക്‌സാണ്. ആന്‍ഡ്രോയ്ഡ് പൈ, ആന്‍ഡ്രോയ്ഡ് Q അപ്‌ഡേറ്റുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ആന്‍ഡ്രോയ്ഡ് 8.0 ഒറിയോ അടിസ്ഥാന സെന്‍UI 5.0-യിലാണ് സെന്‍ഫോണ്‍ 5Z-ന്റെ പ്രവര്‍ത്തനം. ഇതിലും രണ്ട് നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സൗകര്യമുണ്ട്.

ഡിസ്പ്ളേ

വണ്‍പ്ലസ് 6T-യില്‍ 6.41 ഇഞ്ച് (1080x2340 പിക്‌സല്‍) 402 PPI ഫുള്‍ HD+ ഒപ്ടിക് AMOLED ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. 19.5:9 ആണ് അസ്‌പെക്ട് റേഷ്യോ. Poco F1-ന്റെ ഡിസിപ്ലേയുടെ വലുപ്പം 6.18 ഇഞ്ചാണ്. 2D കര്‍വ്ഡ് ഗൊറില്ല ഗ്ലാസ് 3 ഇതിന് സംരക്ഷണം നല്‍കുന്നു. സെന്‍ഫോണ്‍ 5Z-ലേക്ക് വന്നാല്‍ 18.7:9 ആസ്‌പെക്ട് റേഷ്യോയോട് കൂടിയ 6.2 ഇഞ്ച് ഫുള്‍ HD+ സൂപ്പര്‍ IPS+ (1080x2246 പിക്‌സല്‍സ്) ഡിസ്‌പ്ലേയാണുള്ളത്. സുരക്ഷാ കവചമായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസും ഉണ്ട്.

ഹാർഡ്‌വെയർ

മൂന്ന് ഫോണുകള്‍ക്കും കരുത്ത് പകരുന്നത് 64 ബിറ്റ് ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoC ആണ്. വണ്‍പ്ലസ് 6T, Poco F1 എന്നിവ 6GB/8GB റാമുകളില്‍ വാങ്ങാന്‍ കഴിയും. സെന്‍ഫോണ്‍ 5Z 8GB റാം മോഡല്‍ മാത്രമാണുളളത്. സ്‌റ്റോറേജിന്റെ കാര്യം നേരത്തേ സൂചിപ്പിച്ചുവല്ലോ. വണ്‍പ്ലസ് 6T-യിലെ മെമ്മറി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാന്‍ കഴിയുകയില്ല. Poco F1-ല്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 GB വരെ മെമ്മറി വികസിപ്പിക്കാനാകും. സെന്‍ഫോണ്‍ 5Z 256 GB മെമ്മറിയോടെയാണ് വരുന്നത്. ഇത് 2TB വരെ വികസിപ്പിക്കാം.

ക്യാമറ

വണ്‍പ്ലസ് 6T-യില്‍ പിന്നില്‍ എല്‍ഇഡി ഫ്‌ളാഷോട് കൂടിയ ഇരട്ട ക്യാമറകളുണ്ട്. 16 MP സോണി IMX519 പ്രൈമറി സെന്‍സറും 20 MP സോണി IMX376K സെന്‍സറുമാണ് അവ. രണ്ടിന്റെയും അപെര്‍ച്ചര്‍ f/1.7 ആണ്. Poco F1-ലും രണ്ട് ക്യാമറകളുണ്ട്. സോണിയുടെ 12MP ക്യാമറയും സാംസസങിന്റെ 5MP ക്യാമറയും. സെന്‍ഫോണ്‍ 5Z-ന്റെ പിന്‍ക്യാമറകള്‍ 12 MP-യും 8MP-യുമാണ്. യഥാക്രമം f/1.8, f/2.2 അപെര്‍ച്ചറോട് കൂടിയവയാണിവ. ഒമ്‌നിവിഷന്‍ 8856 സെന്‍സര്‍, ഫിക്‌സഡ് ഫോക്കസ്, 120 ഡിഗ്രി ഫീല്‍ഡ് വ്യൂ, ഒരു എല്‍ഇഡി ഫ്‌ളാഷ് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

മറ്റു സവിശേഷതകൾ

വണ്‍പ്ലസ് 6T-യിലെ സെല്‍ഫി ക്യാമറ 16 MP ആണ്. Poco F1-ല്‍ ഇത് 20 MP-യും സെന്‍ഫോണ്‍ 5Z-ലേത് 8MP ക്യാമറയും ആകുന്നു. ബാറ്ററിയുടെ കാര്യം നോക്കാം. 3700 mAh ബാറ്ററിയാണ് വണ്‍പ്ലസ് 6T-യിലേത്. ഇത് 30 മിനിറ്റ് കൊണ്ട് പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ക്വിക് ചാര്‍ജര്‍ 3-ഓടുകൂടിയ 4000 mAh ബാറ്ററിയാണ് Poco F1-ലുള്ളത്. ക്വിക് ചാര്‍ജ് 3.0 3300 mAh ബാറ്ററി സെന്‍ഫോണ്‍ 5Z-ന് കരുത്ത് പകരുന്നു. എഐ ചാര്‍ജിംഗ് സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

കണക്ടിവിറ്റി ഓപ്ഷനുകൾ

വണ്‍പ്ലസ് 6T-യില്‍ 4G VoLTE, Wi-Fi 802.22 a/b/g/n/ac, ബ്ലൂടൂത്ത് 5.0, aptX, aptX HD, NFC, GPS, GLONASS, BeiDou, USB ടൈപ്പ് സി പോര്‍ട്ട് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. Poco F1-ലുള്ളത് 4G+ VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് v5.0, USB ടൈപ്പ് സി പോര്‍ട്ട്, 3.5 മില്ലീമീറ്റര്‍ ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ്. സെന്‍ഫോണ്‍ 5Z-ന്റെ സവിശേഷതകളില്‍ 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് v5.0, NFC, GPS/A-GPS, USB ടൈപ്പ്- സി പോര്‍ട്ട്, എഫ്എം റേഡിയോ 3.5 മില്ലീമീറ്റര്‍ ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ ഉള്‍പ്പെടുന്നു.

185 ഗ്രാം ഭാരമുള്ള വണ്‍പ്ലസ് 6T-യുടെ വലുപ്പം 157.5x74.8x8.2 മില്ലീമീറ്ററാണ്. 155.50x75.20x8.80 മില്ലീമീറ്റര്‍ വലുപ്പമുള്ള Poco F1-ന്റെ ഭാരം 182 ഗ്രാം. 165 ഗ്രാമാണ് സെന്‍ഫോണ്‍ 5Z-ന്റെ ഭാരം. വലുപ്പം 153x75.6x7.7 മില്ലീമീറ്ററാണ്.

 

Best Mobiles in India

English Summary

Oneplus 6T vs POCO F1 vs Asus Zenfone 5Z.