ഓപ്പോ Realme 1 വാങ്ങണോ വേണ്ടയോ?


ആഴ്ചക്ക് തോറും പുതിയ മോഡലുകൾ പല കമ്പനികളായി അവതരിപ്പിക്കുന്ന കാഴ്ചയാണ് ഇന്ന് രാജ്യത്ത് നമുക്ക് കാണാൻ കഴിയുന്നത്. പ്രത്യേകിച്ച് കയ്യിലൊതുങ്ങുന്ന വിലയിൽ മികച്ച സവിശേഷതകളുമായി എത്തുന്ന ഫോണുകൾ. ഈ കൂട്ടത്തിലേക്ക് ഒപ്പോയുടെ സബ് ബ്രാൻഡായ Realme 1ഉം എത്തിയിരിക്കുകയാണല്ലോ. ആമസോൺ വഴിയായിരുന്നു ഫോൺ പുറത്തിറക്കിയത്. ഷവോമിയോട് കടുത്ത മത്സരം തന്നെ കാഴ്ചവെക്കാനുള്ള ഒരുപിടി സവിശേഷതകളോടു കൂടിയാണ് ഓപ്പോ തങ്ങളുടെ സബ് ബ്രാൻഡായ പുതിയ സീരീസിലെ ആദ്യ ഫോണായ Realme 1 അവതരിപ്പിരിക്കുന്നത്. വിലയും നന്നേ കുറവാണ് എന്നത് മറ്റൊരു പ്രധാന പ്രത്യേകത. റെഡ്മി നോട്ട് 5 ആയിരിക്കും ഓപ്പോയുടെ ഈ മോഡലിന്റെ പ്രധാന വെല്ലുവിളി.

ഫോൺ ഡിസൈൻ അടക്കം കാര്യമായ മാറ്റങ്ങളുമായാണ് ഓപ്പോ ഇത്തവണ എത്തിയിരിക്കുന്നത്. ആമസോൺ വഴി മാത്രമായിരിക്കും ഈ ഫോൺ ലഭ്യമാകുക. എന്തൊക്കെയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ എന്ന് ഞങ്ങളുടെ പരിശോധനയിൽ നിന്നും വ്യക്തമായ കാര്യങ്ങൾ വിശദമാക്കുകയാണ് ഇവിടെ.

ഡിസൈൻ

ഓപ്പോ എഫ് 7 ഡിസൈൻ അനുകരിച്ചാണ് ഈ മോഡലും എത്തുന്നതെങ്ങിക്കും പൊതുവേ നമ്മൾ കണ്ടുശീലിച്ച മോഡലുകളിൽ നിന്നും വ്യത്യസ്തമായി പിറകിൽ ഡയമണ്ട് ഡിസൈൻ ആണ് കമ്പനി രൂപകൽപ്പന ചെയ്തിരിക്കുന്നത്. യുവാക്കളെ ആകർഷിക്കുക എന്ന വ്യക്തമായ അജണ്ട ഇതിന് പിന്നിൽ കമ്പനിക്ക് ഉണ്ട്. ഏത് ദിശയിൽ നിന്നും നോക്കിയാലും പിറകുവശം ഈ ഭംഗി എടുത്തറിയിക്കും. ഡയമണ്ട് ബ്ലാക്ക്, സോളാർ റെഡ് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാകും.

ഫോണിന്റെ പിറകുവശത്തുള്ള പാനൽ 12 ലെയറുകളുള്ള സംവിധാനത്തിലാണ് നിർമിച്ചെടുത്തിരിക്കുന്നത്. 10 നനോമീറ്റർ ടൈറ്റാനിയം, 20 നനോമീറ്റർ നിയോബിയം ഓക്സൈഡ് എന്നിവ ചേർത്താണ് ഇത് ഉണ്ടാക്കിയിട്ടുള്ളത്. കാഴ്ചയിൽ ആരെയും ആകർഷിക്കുന്ന കരുത്തുറ്റ ഭംഗിയോട് കൂടിയ ഒരു പ്രീമിയം ഡിസൈൻ ഇത് നൽകും.

ഡിസ്‌പ്ലേ

6 ഇഞ്ച് ഇല്ലാത്ത ഫോണുകളെ കുറിച്ച് നമുക്ക് ഇപ്പോൾ ആലോചിക്കാൻ കൂടെ പറ്റില്ലല്ലോ. ഓപ്പോ റിയൽമീ 1 എത്തുന്നതും 6 ഇഞ്ച് ഡിസ്‌പ്ലെയോട് കൂടിയാണ്. 85 ശതമാനം ബോഡി ടു സ്ക്രീൻ അനുപാതം നിലനിർത്തുന്ന ഡിസ്‌പ്ലേ ആണ് ഇത്. മികച്ച ടച്ച് അനുഭവവും വലിയ സ്ക്രീനിൽ വിശാലമായ വീഡിയോ പ്ളേ ബാക്ക്, ഗെയിമിംഗ് എന്നിവയുമെല്ലാം നൽകാൻ ഈ ഡിസ്‌പ്ലേ ധാരാളമാണ്.

ക്യാമറ

AI സവിശേഷതകൾ മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിക്കുന്നതിനായുള്ള പ്രത്യേക AI ബോർഡ് തന്നെ ഫോൺ ബോർഡിൽ ഉൾകൊള്ളിച്ചിരിക്കുന്ന ക്യാമറയാണ് ഫോണിലുള്ളത്. 296 തരത്തിലുള്ള മുഖത്തിന്റെ ഭാഗങ്ങൾ തൊലിയുടെ നിറവും വയസ്സും എല്ലാം അടിസ്ഥാനമാക്കി സ്വയം തിരിച്ചറിയാൻ ഈ AI സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോൺ ക്യാമറക്ക് കഴിയും എന്നും കമ്പനി വാദിക്കുന്നുണ്ട്.

എന്നാൽ പ്രോസസിന്റെ പോരായ്മ ഇത് വേണ്ട രീതിയിൽ പ്രവർത്തതിപ്പിക്കാൻ ഒരു ബുദ്ധിമുട്ടാകും. മീഡിയ ടെക്കിന്റെ പ്രോസസർ മികവുറ്റ ക്യാമറ സവിശേഷതകൾക്ക് അത്ര പോരാ എന്നത് തന്നെ കാരണം. പിറകിലും മുൻഭാഗത്തും ഓരോ ക്യാമറകൾ വീതമാണ് ഓപ്പോ Realme 1ന് ഉള്ളത്. പിറകിൽ 13 മെഗാപിക്സൽ ക്യാമറയും മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയുമാണ് ഫോണിനുള്ളത്.

ഈ ക്യാമറകൾ രണ്ടും മാന്യമായ രീതിയിലുള്ള ചിത്രങ്ങൾ എടുക്കും എന്ന് കമ്പനി അവകാശപ്പെടുന്നു. ഇവയോടൊപ്പം AI ബ്യൂട്ടി 2.0 സവിശേഷതയും ഈ ക്യാമറക്കുണ്ട്. രണ്ടു ക്യാമറകളും ബ്യൂട്ടിഫിക്കേഷൻ സൗകര്യവുമുണ്ട്. എന്നാൽ വിപണിയിലെ റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ, അസൂസ് സെൻഫോൺ മാക്‌സ് പ്രോ എം1 എന്നിവയുടെ ക്യാമറകളുമായി താരതമ്യം ചെയ്യുമ്പോൾ ഓപ്പോയുടെ ഈ മോഡൽ അല്പം നിലവാരം കുറഞ്ഞ ചിത്രങ്ങളാണ് തരുന്നത്.

ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ

ഒക്റ്റാ കോർ MediaTek Helio P60 SoC പ്രൊസസർ ആണ് ഫോണിനുള്ളത്. 6ജിബിയുടെ 128 ജിബി മെമ്മറിയുള്ള മോഡൽ, 4ജിബിയുടെ 64 ജിബി മെമ്മറിയുള്ള മോഡൽ, 3 ജിബിയുടെ 32ജിബി മെമ്മറിയുള്ള മോഡൽ എന്നിങ്ങനെ മൂന്ന് വേർഷനുകളാണ് ഫോണിനുള്ളത്. ഫോണിന്റെ പ്രോസസർ വഴി വിപണിയിൽ ഈ നീരയിലുള്ള സ്മാർട്ട്‌ഫോണുകൾക്കാൾ മികച്ച പ്രവർത്തനക്ഷമതയും വേഗതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കാര്യങ്ങൾ കണ്ടറിയേണ്ടിയിരിക്കുന്നു.

ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കാര്യത്തിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. ഓപ്പോ എഫ് 7 ൽ കണ്ട അതേ കളർ ഒഎസ് തന്നെയാണ് ഇവിടെയും കാണാൻ കഴിയുന്നത്. കളർ ഒഎസ് 5.0 ആണ് വേർഷൻ. ഈ വേർഷൻ അധിഷ്ഠിത ആൻഡ്രോയ്ഡ് 8.1 ഓറിയോ ആണ് ഫോണിന്റെ സോഫ്റ്റ്‌വെയർ.

ഓറിയോയുടെ ഗുണങ്ങൾ ലഭ്യമാകും എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്. 6ജിബി ഫോണുകളുടെ വിപണിയിൽ ഫോൺ മുന്നേറ്റം നടത്തും എന്ന് തീർച്ചയാണ്. വിപണിയിലെ കരുത്തരായ ഷവോമി തങ്ങളുടെ 6ജിബി റെഡ്മി നോട്ട് 5 പ്രോ വിൽക്കുന്നത് 16000 രൂപക്ക് മുകളിലാണെന്ന് ഓർക്കണം.

കരുത്തുറ്റ ബാറ്ററി

3410mAh ബാറ്ററിയാണ് ഫോൺ നൽകുന്നത്. എന്നാൽ ഇത് അഴിക്കാൻ പറ്റാത്ത തരത്തിലുള്ള ബാറ്ററി ആയിരിക്കും. 156x75.3x7.8mm ആണ് ഫോണിന്റെ അളവുകൾ വരുന്നത്. ഭാരം 158 ഗ്രാമും. ഫോൺ ബോർഡിൽ AI അധിഷ്ഠിത ബോർഡും ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നും ഓപ്പോ പറയുന്നു. എന്നാൽ ബാറ്ററിയുടെ കാര്യത്തിൽ അസൂസ് സെൻഫോൻ മാക്‌സ് പ്രോ 1, റെഡ്മി നോട്ട് 5, 5 പ്രോ എന്നിവ തന്നെയാണ് മുന്നിൽ. ഇവ യഥാക്രമം 5000 mAh, 4000 mAh എന്നിങ്ങനെ ബാറ്ററി നൽകുന്നുണ്ട്. ഓപ്പോയുടെ ബാറ്ററി നല്ല കരുത്തുണ്ടെങ്കിലും ഇവയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞുപോയിട്ടുണ്ട്.

വിലയും ലഭ്യതയും

ഇനി വിലയെ കുറിച്ച് സംസാരിക്കാം. Realme 1 മൂന്ന് വേർഷനുകളിൽ ആണ് ഇറങ്ങിയത് എന്ന് നേരത്തെ പറഞ്ഞല്ലോ. 6ജിബിയുടെ 128 ജിബി മെമ്മറിയുള്ള മോഡലിന് 13,990 രൂപയാണ് വിലയിട്ടിരിക്കുന്നത്. 4ജിബിയുടെ 64 ജിബി മെമ്മറിയുള്ള മോഡലിന് 10,990 രൂപയും 3 ജിബി റാമുള്ള 32 ജിബി മെമ്മറിയുള്ള മോഡലിന് 8,990 രൂപയുമാണ് വില.

ആമസോണിലൂടെ വാങ്ങുന്നവർക്ക് നിരവധി ഓഫറുകൾ കമ്പനി നൽകുന്നുണ്ട്. നോ കോസ്റ്റ് ഈഎംഐ സൗകര്യം അടക്കമുള്ള സൗകര്യങ്ങളാണ് ഫോൺ വാങ്ങുന്നവർക്ക് ലഭ്യമാകുക. എസ്ബിഐ കാർഡ് ഉള്ളവർക്ക് 5 ശതമാനം ക്യാഷ് ബാക്ക് ഓഫറും ഉണ്ട്. ജിയോ ഉപഭോക്താക്കൾക്ക് 4850 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ ആണ് ലഭ്യമാകുക.

അവസാനവാക്ക്

ഈ വിലയിൽ ഈ സൗകര്യങ്ങൾ നൽകാൻ ഷവോമി മാത്രമേ വിപണിയിൽ ഉണ്ടായിരുന്നുള്ളൂ. അതിലേക്കാണ് ഇപ്പോൾ ഓപ്പോയും എത്തിയിരിക്കുന്നത്. 14000 രൂപക്ക് 6ജിബി റാം ഉള്ള 128 ജിബി മെമ്മറി ഉള്ള ഫോൺ എന്നത് നല്ല ആശയം തന്നെ. പക്ഷെ ബയോമെട്രിക്ക് സൗകര്യം ഇല്ല എന്നത് ഒരു പോരായ്മ ആയേക്കും. അതുപോലെ 10000 രൂപക്ക് ഷവോമി രണ്ടു ക്യാമറകൾ ഉള്ള ഫോൺ ഉടൻ ഇറക്കാൻ പോകുകയും ചെയ്യുന്ന അവസരത്തിൽ.

എന്തായാലും കാര്യങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് തീരുമാനിക്കുക. ഈ മോഡൽ വാങ്ങണോ അതോ റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ അല്ലെങ്കിൽ അസൂസ് സെൻഫോൻ മാക്‌സ് പ്രോ എം 1 എന്നിവ പരിഗണിക്കണോ എന്നും ആലോചിക്കാം. ഈ വിലയിൽ റാം നോക്കുകയാണെങ്കിൽ ഈ ഫോൺ തന്നെ തിരഞ്ഞെടുക്കാവുന്നതാണ്.

ഈ ഒരൊറ്റ ആപ്പ് മതി, നിങ്ങളുടെ ഫോൺ ഇനി ഒരുത്തനും മോഷ്ടിക്കില്ല; മോഷ്ടിച്ചാലും ഒരു കാര്യവുമില്ല!

Most Read Articles
Best Mobiles in India
Read More About: oppo mobile review

Have a great day!
Read more...

English Summary

The Oppo RealMe 1 is the first smartphone from the new series of smartphones from Oppo to compete agains the other smartphone brands like the Xiaomi Redmi and the Huawei Honor. The Oppo RealMe 1 is available in 3 GB, 4 GB, and 6 GB RAM variants for a price of Rs 8,990, Rs 10,990, and Rs 13,990, respectively. Is this the mid-tier smartphone that you were waiting for? Let's find out.