ഓപ്പോ റിയൽമി 2 വാങ്ങണോ വേണ്ടയോ?


ഓപ്പോയുടെ റിയൽമീ 2 എത്തിയിരിക്കുകയാണല്ലോ. 8,990 രൂപയുടെയും 10,990 രൂപയുടെയും രണ്ടു മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ 10000 രൂപക്ക് താഴെയുള്ള ഫോണുകളുടെ മത്സരം വേറൊരു തലത്തിൽ എത്തുമെന്ന് ഉറപ്പിക്കാം. നിലവിലെ ഈ നിരയിലുള്ള ഫോണുകളിൽ ഏറ്റവുമധികം വിൽപ്പന നടത്തുന്ന ഫോണുകളായ ഷവോമി റെഡ്മി നോട്ട് 5, അസൂസ് സെൻഫോൺ മാക്സ് പ്രൊ M1 എന്നീ മോഡലുകൾക്ക് കനത്ത വെല്ലുവിളി റിയൽമീ 2 ഉണ്ടാക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Advertisement

3 ജിബി റാം, 32 ജിബി മെമ്മറി മോഡലിന് 8,990 രൂപയും 4 ജിബി റാം 64 ജിബി മോഡലിന് 10,990 രൂപയുമാണ് വിലവരുന്നത്. ഡയമണ്ട് ബ്ലാക്ക്, ഡയമണ്ട് റെഡ്, ഡയമണ്ട് ബ്ലൂ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക. ഇതിൽ ഡയമണ്ട് ബ്ലൂ മാത്രം ഒക്ടോബർ ആവും ലഭിക്കാൻ. ബാക്കി രണ്ടു നിറങ്ങളിലുമുള്ള രണ്ടു മോഡലുകളുടെയും ആദ്യ വിൽപ്പന സെപ്റ്റംബർ 4 മുതൽ ഫ്ലിപ്കാർട്ട് വഴി മാത്രം ലഭ്യമാകും. ഫോണിന്റെ പ്രധാന സവിശേഷതകളിലൂടെ കണ്ണോടിക്കുകയാണ് ഇന്നിവിടെ.

Advertisement

വലിയ ഡിസ്പ്ളേ

1520 x 720 പിക്സൽ റെസൊല്യൂഷനിൽ 6.2 ഇഞ്ചിന്റെ എച്ച്ഡി പ്ലസ് ഡിസ്പ്ളേ ആണ് ഫോണിനുള്ളത്. 6.2 ഇഞ്ചിന്റെ ഡിസ്പ്ളേ ആയിട്ടും ഇത്രയും കുറഞ്ഞ റെസൊല്യൂഷൻ ഉള്ളത് മറ്റു ഇതേ വലിപ്പമുള്ള ഫുൾ എച്ച്ഡി പ്ലസ് ഫോണുകളിലെ ഡിസ്പ്ളേകളുമായി താരതമ്യം ചെയ്യുമ്പോൾ അല്പം അരോചകമായി തോന്നിയേക്കും. എന്നാൽ ഈ വിലയിൽ ഇതിലും മികച്ച ഡിസ്പ്ളേ നമുക്ക് പ്രതീക്ഷിക്കാനും അധികം പറ്റില്ലല്ലോ. ഒപ്പം ഉള്ള നോച്ച് ഒരു കൂട്ടർക്ക് ഇഷ്ടപ്പെടുമ്പോൾ മറ്റൊരു കൂട്ടർക്ക് അരോചകമായും തോന്നിയേക്കും.

അതിമനോഹരമായ ഡിസൈൻ

ഡിസൈനിന്റെ കാര്യത്തിൽ ആയിരിക്കും ഒരുപക്ഷെ ഓപ്പോ റിയൽമീ 1 ഏറെ ശ്രദ്ധിക്കപ്പെടുക. കാരണം അത്രയ്ക്കും ആകർഷണീയമാണ് ഈ റിയൽമീ 2 എന്നത് തന്നെ. മുൻവശവും പിറകുവശവും ഒരേപോലെ നമ്മളെ ആകർഷിക്കാൻ കെൽപ്പുള്ളതാണ്. പിറകിൽ അല്പം മുകളിലായി നടുവിൽ വരുന്ന ഫിംഗർ പ്രിന്റ് സ്‌കാനർ, വശത്തേക്ക് ചേർന്നുള്ള ക്യാമറ, മുൻവശത്തെ നോച്ച്, അത്യാവശ്യം നേർത്ത ഡിസൈൻ എല്ലാം തന്നെ ഡിസൈനിന് മുതൽക്കൂട്ടാണ്.

വിലയ്‌ക്കൊത്ത നിലവാരമുള്ള ക്യാമറ

ക്യാമറയുടെ കാര്യത്തിലും ഈ വിലയിൽ ഉള്ള ഫോൺ എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മോഡലാകും റിയൽമീ 2 എന്നതിൽ സംശയമില്ല. പിറകിൽ ഇരട്ട ക്യാമറ സെറ്റപ്പ് ആണ് ഫോണിന് ഉള്ളത്. f/2.2 അപ്പേർച്ചറോട് കൂടിയ 13 മെഗാപിക്സലിന്റെ ഒരു സെൻസറും f/2.4 അപ്പേർച്ചറോട് കൂടിയ 2 മെഗാപിക്സൽ സെൻസറും കൂടിച്ചേർന്നതാണ് ഈ ഇരട്ട ക്യാമറ സെറ്റപ്പ്. മുൻവശത്ത് f/2.2 അപ്പേർച്ചറോട് കൂടിയ 8 മെഗാപിക്സൽ ക്യാമറയും ഫോണിലുണ്ട്.

ഹാർഡ്‌വെയർ സോഫ്ട്‍വെയർ സവിശേഷതകൾ

Snapdragon 450 പ്രൊസസർ കരുത്തിൽ എത്തുന്ന ഫോണിൽ റാം ഓപ്ഷനുകൾ മുകളിൽ പറഞ്ഞപോലെ 3 ജിബി റാമും 4 ജിബി റാമും ആണ്. അതുപോലെ മെമ്മറി 32 ജിബിയും 64 ജിബിയും. ഒപ്പം ഗ്രാഫിക്സ് ആവശ്യങ്ങൾക്കായി അഡ്രീനോ 506 ജിപിയു കൂടെ ഫോണിലുണ്ട്. സോഫ്ട്‍വെയറിന്റെ കാര്യത്തിൽ ColorOS 5.1 അധിഷ്ഠിത ആൻഡ്രോയിഡ് 8.1 ഓറിയോ ആണ് ഫോണിലുള്ളത്.

ബാറ്ററി, കണക്ടിവിറ്റി

4230 mAhന്റെ ബാറ്ററി ഉള്ളതാണ് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത. 4 ജി എൽടിഇ, രണ്ട് സിം കാർഡുകൾ, മൈക്രോഎസ്ഡി കാർഡ് പിന്തുണ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ഗ്ലോനാസ്, എൻഎഫ്സി, എഫ്എം റേഡിയോ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്- സി എന്നിവയാണ് ഫോണിലെ പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗാറെസ്കോപ്പ്, ഹാൾ ഇഫക്ട് സെൻസർ, ഫിംഗർപ്രിന്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ.

Best Mobiles in India

English Summary

Realme 2 first impressions: Notched display and bigger battery are the key highlights