സാംസങ് J6+: മനംമയക്കുന്ന രൂപകല്‍പ്പന, നിരാശപ്പെടുത്തുന്ന പ്രകടനം


അടുത്തിടെ J ശ്രേണിയില്‍ ഗാലക്‌സി J4+, ഗാലക്‌സി J6+ എന്നീ രണ്ട് ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ സാംസങ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഗാലക്‌സി J4, ഗാലക്‌സി J6 എന്നിവയ്ക്ക് തൊട്ടുപിന്നാലെയാണ് ഇവ പുറത്തിറക്കിയിരിക്കുന്നത്.

Advertisement

രൂപകല്‍പ്പനയില്‍ കാര്യമായ മാറ്റങ്ങളില്ലെങ്കിലും J6+-ല്‍ പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഗാലക്‌സി J4+, J6+ എന്നിവയുടെ വില യഥാക്രമം 10990 രൂപയും 15990 രൂപയുമാണ്. ഗാലക്‌സി J6+-ന്റെ പ്രകടനം എങ്ങനെയുണ്ടെന്ന് നോക്കാം.

Advertisement

6 ഇഞ്ച് ട്രൂ HD+ ഡിസ്‌പ്ലേ

മികച്ച ഡിസ്‌പ്ലേകള്‍ നല്‍കുന്നതില്‍ മുന്നിലാണ് സാംസങ്. എന്നാല്‍ ഇക്കാര്യത്തില്‍ ഗാലക്‌സി J6+ നമ്മളെ നിരാശപ്പെടുത്തുന്നു. J6+-ന്റെ വിലയ്ക്ക് AMOLED ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലുള്ളപ്പോള്‍ സാംസങ് നല്‍കുന്നത് HD+ ഡിസ്‌പ്ലേയാണ്. റെസല്യൂഷന്‍ കുറവായതിനാല്‍ വീഡിയോകള്‍ ആകര്‍ഷകമല്ല. IPS LCD സ്‌ക്രീന്‍ മികച്ച ബ്രൈറ്റ്‌നസ് നല്‍കുന്നതിനാല്‍ സൂര്യപ്രകാശം നേരിട്ടടിക്കുമ്പോള്‍ പോലും വ്യക്തത കുറയുന്നില്ല. വീക്ഷണകോണുകളും നിറങ്ങളുടെ മിഴിവും ആശ്വാസം നല്‍കുന്ന കാര്യങ്ങളാണ്.

ഡിസ്‌പ്ലേയ്ക്ക് സംരക്ഷണം നല്‍കാന്‍ ഗൊറില്ല ഗ്ലാസില്ലെന്നതും വലിയ പോരായ്മ തന്നെ. ഡ്രാഗണ്‍ടെയ്ല്‍ ഗ്ലാസ് കൊണ്ട് തൃപ്തിപ്പെടുകയേ നിവൃത്തിയുള്ളൂ.

 

പ്രീമിയം ലുക്ക്, ഒറിജിനാലിറ്റി ഇല്ല

അടുത്തിടെ പുറത്തിറങ്ങിയ ഓപ്പോ, ഓണര്‍ സ്മാര്‍ട്ട്‌ഫോണുകളുടെ രൂപകല്‍പ്പനയുമായി സാമ്യമുള്ളതാണ് ഗാലക്‌സി J6+. ഗ്ലോസി മിറര്‍ ഫിനിഷോട് കൂടിയ ബാക്ക് പാനലാണ് ഒരു സവിശേഷത. ബാക്ക് പാനലില്‍ വിരലടയാളം നിറയുന്നത് ചെറിയൊരു തലവേദന തന്നെയാണ്. അതിനാല്‍ കെയ്‌സ് ഉപയോഗിക്കുക. നീല, കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

വലുപ്പം കൂടിയ പവര്‍ ബട്ടണാണ് J6+-ല്‍ ഉള്ളത്. ഫോണ്‍ പിടിക്കുമ്പോള്‍ തള്ളവിരല്‍ വരുന്ന ഭാഗത്ത് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സ്ഥാപിച്ചിരിക്കുന്നത് സൗകര്യപ്രദമായ ഒരു പരിഷ്‌കാരമാണ്.

വീതികൂടിയ ബെസെല്‍

18.5:9 ആസ്‌പെക്ട് അനുപാതം നല്‍കുമ്പോഴും ഗാലക്‌സി J6+-ന്റെ ബെസെല്‍ നമ്മളെ നിരാശപ്പെടുത്തും. വീതി കൂടുതലാണ് എന്നത് തന്നെ കാരണം. നോക്കിയ 6.1, മോട്ടോറോള വണ്‍ പവര്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇത് നമുക്ക് കൂടുതല്‍ ബോധ്യപ്പെടുന്നത്.

വോള്യം റോക്കറുകളും രണ്ട് സിം ട്രേകളും ഫോണിന്റെ ഇടതുവശത്താണ്. ഒന്നാമത്തെ സിം ട്രേയില്‍ ഒരു സിം കാര്‍ഡ് മാത്രമേ ഇടാന്‍ കഴിയൂ. അടുത്തതില്‍ `ഒരു സിമ്മും ഒരു മൈക്രോ എസ്ഡി കാര്‍ഡും ഇടാന്‍ സൗകര്യമുണ്ട്. ഫിംഗര്‍പ്രിന്റര്‍ സ്‌കാനറിന്റെ സ്ഥാനത്തെ കുറിച്ച് നേരത്തേ സൂചിപ്പിച്ചുവല്ലോ. ഇതിന്റെ പ്രവര്‍ത്തനം വളരെ മികച്ചതാണ്. ഫോണിന്റെ താഴ്ഭാഗത്തായാണ് 3.5 മില്ലീമീറ്റര്‍ ഓഡിയോ ജാക്കും മൈക്രോ യുഎസ്ബി പോര്‍ട്ടും. രൂപകല്‍പ്പന മോശമല്ല. എല്ലാ കാര്യത്തിലും ഒറിജിനലാണ് സാംസങില്‍ നിന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ചെറിയൊരു നിരാശ.

ക്യാമറയുടെ പ്രകടനം ശരാശരി

f/1.9 അപെര്‍ച്ചറോട് കൂടിയ 13 MP പ്രൈമറി ക്യാമറയും f/2.2 അപെര്‍ച്ചറോട് കൂടിയ 5MP സെക്കന്‍ഡറി ക്യാമറയുമാണ് ഗാലക്‌സി J6+-ന്റെ പിന്‍ഭാഗത്തുള്ളത്. നല്ല പ്രകാശമുള്ള സാഹചര്യങ്ങളില്‍ എടുത്ത ഫോട്ടോകള്‍ മികവ് പുലര്‍ത്തുന്നുണ്ട്. സൂക്ഷ്മത നഷ്ടപ്പെടുന്നില്ല. എന്നാല്‍ ക്യാമറ ആപ്പിന്റെ പ്രകടനം മോശമാണ്. ഫോട്ടോകള്‍ പ്രോസസ്സ് ചെയ്യുന്നതിനും മറ്റും ഇത് വല്ലാതെ സമയമെടുക്കുന്നു. HDR ഇമേജും മികവ് പുലര്‍ത്തുന്നുണ്ട്. ക്യാമറയുടെ കാര്യത്തിലെ ആകര്‍ഷണങ്ങളിലൊന്നാണ് ലൈവ് ഫോക്കസ് മോഡ്. വേഗതക്കുറവ് ഇവിടെയും പ്രശ്‌നമാകുന്നു. പ്രകാശം കുറഞ്ഞ സാഹചര്യങ്ങളില്‍ ക്യാമറയുടെ പ്രകടനം തീര്‍ത്തും നിരാശാജനകമാണ്.

LED ഫ്‌ളാഷോട് കൂടിയ 8MP സെല്‍ഫി ക്യാമറ സെല്‍ഫികള്‍ എടുക്കാനും വീഡിയോ കോളുകള്‍ വിളിക്കാനും സഹായിക്കുന്നു. ഫ്‌ളാഷ് ഉള്ളതിനാല്‍ വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും ചിത്രങ്ങളും വീഡിയോകളും എടുക്കാന്‍ കഴിയും. ഫോണില്‍ ഫെയ്‌സ് അണ്‍ലോക്ക് സംവിധാനമുണ്ട്. കണ്ണുകള്‍ അടച്ചിരുന്നാലും ഫോണ്‍ അണ്‍ലോക്ക് ആകുമെന്നത് വലിയൊരു പോരായ്മയാണ്. കുഴപ്പമില്ലാത്ത സെല്‍ഫികളാണ് ഫോണ്‍ നല്‍കുന്നത്. പക്ഷെ സെല്‍ഫി പ്രേമികള്‍ക്ക് പറ്റിയ ഫോണ്‍ അല്ല ഗാലക്‌സി J6+.

കാലഹരണപ്പെട്ട സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍

കാലഹരണപ്പെട്ടുവെന്ന് പറയാവുന്ന 1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 SoC, അഡ്രിനോ 308 GPU എന്നിവയാണ് ഗാലക്‌സി J6+-ല്‍ ഉപയോഗിച്ചിരിക്കുന്നത്. ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആണെങ്കില്‍ പോലും സ്‌നാപ്ഡ്രാഗണ്‍ 636 SoC ഉപയോഗിക്കാമായിരുന്നു. വീഡിയോകള്‍ കാണുമ്പോള്‍ വലിയ പ്രശ്‌നം അനുഭവപ്പെടുന്നില്ലെങ്കിലും ഗെയിമുകള്‍ കളിക്കുമ്പോള്‍ പ്രോസസ്സറിന്റെ ശക്തിക്കുറവ് വ്യക്തമാകുന്നുണ്ട്. 4GB റാം, 64 GB സ്‌റ്റോറേജ് എന്നിവയാണ് ഫോണിന്റെ എടുത്തുപറയത്തക്ക സവിശേഷതകള്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 GB വരെ വികസിപ്പിക്കാന്‍ കഴിയും.

 

ആന്‍ഡ്രോയ്ഡ് സ്‌റ്റോക്ക് യുഐയുമായി താരതമ്യം ചെയ്താല്‍ നിരാശപ്പെടുത്തുമെങ്കിലും ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ അടിസ്ഥാന സാംസങ് എക്‌സ്പീരിയന്‍സ് v9.5 മികച്ച അനുഭവം പ്രദാനം ചെയ്യുന്നു. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, ഹുലു പോലുള്ളവയില്‍ നിന്നുള്ള HD വീഡിയോകള്‍ സുരക്ഷിതമായി സ്ട്രീം ചെയ്യാന്‍ J6+-ന് കഴിയും. ഇത് ഉറപ്പുനല്‍കുന്ന Widevine L1 സര്‍ട്ടിഫിക്കറ്റോട് കൂടിയാണ് ഫോണ്‍ വരുന്നത്. ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തിട്ടുള്ള ഗൂഗിള്‍, മൈക്രോസോഫ്റ്റ് ആപ്പുകള്‍ ദൈനംദിന ഉപയോഗം അനായാസമാക്കുന്നു.

 

ബാറ്ററിയും കണക്ടിവിറ്റിയും

ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതയോട് കൂടിയ 3300 mAh ബാറ്ററിയും ഉപഭോക്താക്കളെ നിരാശപ്പെടുത്തുന്നുവെന്ന് പറയാതെ വയ്യ. ഡിസ്‌പ്ലേയുടെ വലുപ്പം വച്ച് കുറഞ്ഞത് 4000 mAh ബാറ്ററിയെങ്കിലും ഉള്‍പ്പെടുത്തേണ്ടതായിരുന്നു. വളരെയധികം ഉപയോഗിക്കുന്നില്ലെങ്കില്‍ ചാര്‍ജ് ഒരു ദിവസം നില്‍ക്കും. ധാരാളം വീഡിയോകളൊക്കെ കാണുന്നവര്‍ ചാര്‍ജറോ പവര്‍ ബാങ്കോ കൂടെ കരുതുക.

രൂപകല്‍പ്പനയുടെ കാര്യമൊഴിച്ചാല്‍ സാംസങിന്റെ J ശ്രേണിയിലെ രണ്ട് ഫോണുകളും നിരാശപ്പെടുത്തുന്നവയാണ്. ഈ വിലയ്ക്ക് മികച്ചധാരാളം സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ കഴിയും. പക്ഷെ നിങ്ങളൊരു കടുത്ത സാംസങ് ആരാധാകനാണെങ്കില്‍ മാത്രം ഗാലക്‌സി J6+ സ്വന്തമാക്കുക.

നിങ്ങളുടെ വൈഫൈ പാസ്സ്‌വേർഡ്‌ മറന്നാൽ എങ്ങനെ വീണ്ടെടുക്കാം?

Best Mobiles in India

English Summary

Samsung J6+ Review: Appealing design, underwhelming performance