പൊങ്ങിവരുന്ന ക്യാമറയും മുഴുവൻ സ്‌ക്രീനുമായി വിവോ നെക്സ് ഇന്ത്യയിൽ ഇന്ന് എത്തുന്നു!


വിവോയുടെ അദ്ഭുതഫോൺ വിവോ നെക്സ് ഇന്ന് ഇന്ത്യയിൽ എത്തുന്നു. ചൈനയിൽ ആദ്യം അവതരിപ്പിച്ചപ്പോൾ രണ്ടു വേരിയന്റുകളിൽ ആയി വിവോ നെക്സ് A, വിവോ നെക്സ് S എന്നിങ്ങനെയാണ് അവതരിപ്പിച്ചത്. ഇതിൽ നെക്സ് S വേരിയന്റ് ആണ് ഇന്ത്യയിൽ എത്തുക. നെക്സ് S എന്ന രീതിയിലല്ലാതെ വിവോ നെക്സ് എന്ന് തന്നെയാണ് ഈ മോഡൽ ഇന്ത്യയിൽ അറിയപ്പെടുക. ആമസോൺ വഴി മാത്രമായിരിക്കും ഓൺലൈനായി ഫോൺ ഇന്ത്യയിൽ ലഭ്യമാകുക. ഇന്ന് ഉച്ചക്ക് 12.30ന് ആണ് പുറത്തിറക്കാൻ ചടങ്ങ്.

Advertisement

വില

48,990 രൂപയാണ് ഫോണിന് വില വരുക എന്നത് നേരത്തെ തന്നെ പുറത്തായിരുന്നു. എന്തായാലും വിവോ തന്നെ 40000 രൂപക്കും 49000 രൂപക്കും ഇടയിലായിരിക്കും ഫോണിന്റെ വില വരിക എന്നത് വ്യക്തമാക്കിയിട്ടുണ്ട്. 5000 രൂപയോളം എക്സ്ചേഞ്ച് ഓഫ്ഫർ, 12 മാസത്തേക്കുള്ള നോ കോസ്റ്റ് EMI, ജിയോ ഡാറ്റ ഓഫറുകൾ, എച്ച്ഡിഎഫ്‌സി ക്യാഷ് ബാക്ക് ഓഫറുകൾ, മറ്റു ഓഫറുകൾ എന്നിവയെല്ലാം തന്നെ ഫോണിന് ലഭ്യമാകുകയും ചെയ്യും. ഫോണിന്റെ സവിശേഷതകൾ ചുവടെ വായിക്കാം.

Advertisement
മൊബൈൽ ഡിസൈനിങ്ങിലെ പുതുമ

നിലവിലെ ഫോൺ സങ്കൽപ്പങ്ങളിൽ നിന്നും വിവോ നെക്സിനെ വേറിട്ട് നിർത്തുന്ന പ്രധാന ഘടകം അതിന്റെ ഡിസൈൻ തന്നെയാണ്. എല്ലാ വശങ്ങളിൽ നിന്നും അതിസുന്ദരൻ തന്നെയാണ് ഈ ഫോൺ. അത്ര പ്രശസ്തമാവാത്ത നോച്ഛ് സങ്കൽപ്പങ്ങൾക്ക് വിടപറയുകയുമാണ് ഈ ഡിസൈൻ. മുമ്പ് പല കമ്പനികളും ബെസൽ ഒരുപാട് കുറച്ച ഫോണുകൾ ഇറക്കാൻ ശ്രമിച്ചെങ്കിലും ഇപ്പോൾ വിവോ അടക്കം ഒന്ന് രണ്ടു കമ്പനികൾ മാത്രമാണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്.

91.24% സ്ക്രീൻ ടു ബോഡി അനുപാതം

ഇതിൽ വിവോ നെക്സ് എത്തുന്നത് 91.24% സ്ക്രീൻ ടു ബോഡി അനുപാതവുമായാണ്. റിപ്പോർട്ടുകൾ പ്രകാരം മുകൾ വശം 2.16 എംഎം, താഴെ 5.08 എംഎം, വശങ്ങളിൽ രണ്ടും 1.71 എംഎം എന്നിങ്ങനെ മാത്രമേ സ്ക്രീൻ അല്ലാത്ത ഭാഗം ഉള്ളൂ. ബാക്കി 91.24 ശതമാനവും സ്ക്രീൻ മാത്രമാണ് ഫോണിനുള്ളത്. മുൻവശത്തെ ക്യാമറ, ഫിംഗർ പ്രിന്റ് സ്‌കാനർ, സെൻസറുകൾ എല്ലാം തന്നെ ഫോണിലെ ഡിസ്പ്ളേയിലും പൊങ്ങിവരുന്ന സ്ലൈഡറിലുമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫുൾവ്യൂ AMOLED ഡിസ്പ്ളേ

6.59 ഇഞ്ചിന്റെ ഭീമൻ AMOLED ഡിസ്‌പ്ലെയുമായാണ് വിവോ നെക്സ് എത്തുന്നത്. 19.3:9 അനുപാതമാണ് ഡിസ്പ്ളേക്ക് ഉള്ളത്. ഇത്രയും വലിയ ഒരു സ്ക്രീൻ ഉണ്ടെന്ന് കരുതി അതിന്റെ വലിപ്പക്കൂടുതൽ പക്ഷെ ഫോണിൽ അനുഭവപ്പെടില്ല. കാരണം ബെസൽ അത്രയ്ക്കും കുറച്ചു എന്നത് തന്നെ. സിനിമ കാണൽ, ഗെയിമിംഗ്, ബ്രൗസിംഗ് എന്നിവയ്‌ക്കെല്ലാം ഏറെ വിശാലമായ എന്നാൽ കയ്യിൽ ഒതുങ്ങുന്ന ഒരു ഫോൺ ആയി നെക്ക്സ് മാറും.

പൊങ്ങിവരുന്ന മുൻ ക്യാമറ

വിവോ നെക്സിനെ സംബന്ധിച്ചെടുത്തോളം എടുത്തുപറയേണ്ട മറ്റൊരു പ്രധാന സവിശേഷതയാണ് പൊങ്ങിവരുന്ന മുൻ ക്യാമറ. ഫോണിനെ പൂർണ്ണമായും മുൻവശം സ്ക്രീൻ മാത്രമാക്കുക എന്ന സങ്കൽപ്പം യാഥാർഥ്യമായത് ഈ പൊങ്ങിവരുന്ന മുൻ ക്യാമറയുടെ രൂപകൽപ്പനയോടെയാണ്. മുൻവശത്തെ ക്യാമറ എന്ത്ചെയ്യും എന്ന പ്രശ്നവും ഇയർപീസ്, സെൻസറുകൾ പോലെയുള്ളവയും എവിടേക്ക് മാറ്റി സ്ഥാപിക്കും എന്നതുമായിരുന്നു പൂർണ്ണമായ ഒരു ഡിസ്പ്ളേ സ്ക്രീൻ എന്ന സങ്കൽപ്പത്തിന് വെല്ലുവിളിയായിരുന്നത്. ഈ പ്രശ്നമാണ് വിവോ അടക്കം ചില കമ്പനികൾ ഇപ്പോൾ പരിഹരിച്ചിരിക്കുന്നത്.

ഡിസ്പ്ളെയിൽ തന്നെയുള്ള ഫിംഗർ പ്രിന്റ് സ്കാനർ

ഇനി ഫോണിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത ഡിസ്പ്ളെയിൽ തന്നെയുള്ള ഫിംഗർ പ്രിന്റ് സ്കാനർ ആണ്. അതിനർത്ഥം പ്രത്യേക ഒരു ഹോം ബട്ടൺ അല്ലെങ്കിൽ ഫിംഗർപ്രിന്റ് സെൻസർ ഇല്ല എന്ന് തന്നെ. ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്ഫോൺ അൺലോക്ക് ചെയ്യുന്നതിന് സ്ക്രീനിൽ ഫിംഗർപ്രിന്റ് പ്രോംപ്റ്റിൽ ഒരു വൃത്താകൃതിയിൽ ടച്ച് ചെയ്യാം. വിവോ X21 ൽ ആയിരുന്നു വിവോ ഈ സംവിധാനം കൊണ്ടുവന്നിരുന്നത്. അതെ സാങ്കേതികവിദ്യയാണ് ഇവിടെയും ഉപയോഗിച്ചിരുന്നത്.

AI ക്യാമറകൾ

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ക്യാമറകൾ ഇന്ന് സ്മാർട്ഫോൺ ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഡിസ്പ്ളേ രംഗത്താണ് ഏറ്റവുമധികം മാറ്റങ്ങൾ പ്രകടമായത് എങ്കിൽ രണ്ടാമത് എത്തുന്നത് AI അധിഷ്ഠിത ക്യാമറകൾ തന്നെയാണ്. അവിടെയും വിവോ നെക്‌സ് മികവ് പുലർത്തുന്നുണ്ട്. 12 എംപി, 5 എംപി എന്നിങ്ങനെ രണ്ടു സെൻസറുകളാണ് പിറകിലുള്ളത്. ഇവയിലൂടെ AI സഹായത്തോടെ 24 മില്യൺ ഫോട്ടോ സെൻസിറ്റീവ് യൂണിറ്റുകൾ വരെ ഉപയോഗിച്ച് ഫോട്ടോ എടുക്കാൻ സാധിക്കും.

ഹാർഡ്‌വെയർ, സോഫ്ട്‍വെയർ

ഇന്നു വിപണിയിലുള്ള ഫ്ലാഗ്ഷിപ്പ് ഫോണുകളിലെല്ലാം ലഭ്യമാകുന്ന ഏറ്റവും മികച്ച ഹാർഡ്‌വെയർ സോഫ്ട്‍വെയർ സവിശേഷതകൾ ഈ ഫോണിനും അവകാശപ്പെടാനുണ്ട്. Snapdragon 845 സിപിയു കരുത്തിൽ എത്തുന്ന ഫോണിന്റെ റാം 8 ജിബിയും മെമ്മറി 128 ജിബിയുമാണ്. ഏറ്റവും പുതിയ ആൻഡ്രോയ്ഡ് വേർഷൻ തന്നെ ഫോണിൽ ഉണ്ടാകുമെന്നും ഉറപ്പിക്കാം.

ഇരട്ട എഡ്ജ് ഡിസ്‌പ്ലേ, 5 ക്യാമറകൾ.. വവേയുടെ പടുകൂറ്റൻ ഫോൺ Mate 20 Pro വരുന്നു!

Best Mobiles in India

English Summary

Vivo Nex India Launch Set for Today.