HDR എന്താണ്? സ്മാര്‍ട്ട്‌ഫോണില്‍ HDR ഉപയോഗിക്കുന്നത് എങ്ങനെ?


സ്മാര്‍ട്ട്‌ഫോണുകളിലെ ക്യാമറ ആപ്ലിക്കേഷനുകളില്‍ നാം കാണുന്ന മൂന്ന് അക്ഷരങ്ങളാണ് HDR. എന്നാല്‍ ഇത് എന്താണെന്ന് അറിയുന്നവര്‍ ചുരുക്കമാണ്. നിങ്ങളുടെ സംശയം മാറ്റുന്നതിനും HDR കാര്യക്ഷമമായി എങ്ങനെ ഉപയോഗിക്കാമെന്ന് വ്യക്തമാക്കുന്നതിനും വേണ്ടിയാണ് ഈ കുറിപ്പ്.

Advertisement

എന്താണ് HDR?

ഒരു ചിത്രത്തിലെ ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും പരിധിയിലെ വ്യത്യാസമാണ് ഡൈനാമിക് റേഞ്ച്. ഹൈ ഡൈനാമിക് റേഞ്ച് അഥവാ HDR ഡൈനാമിക് റേഞ്ച് വര്‍ദ്ധിപ്പിച്ച് ചിത്രങ്ങള്‍ക്ക് കാണുമ്പോഴുള്ള അതേ മിഴിവും വ്യക്തതയും പ്രദാനം ചെയ്യുന്നു. ലാന്‍ഡ്‌സ്‌കേപ്പുകളില്‍ ഹൈ ഡെഫനിഷന്‍ പ്രതീതി ഉണ്ടാക്കാനും ഇത് സഹായിക്കും.

ആത്യന്തികമായി ഫോട്ടോകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുകയാണ് HDR-ന്റെ ദൗത്യം. എല്ലാ ഫോട്ടോകളിലും ഉപയോഗിക്കാന്‍ പറ്റിയൊരു ഫീച്ചര്‍ അല്ല അത്. HDR എപ്പോഴൊക്കെയാണ് ഉപയോഗിക്കേണ്ടതെന്ന് നോക്കാം.

Advertisement
HDR പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

HDR ഉപയോഗിച്ച് ഫോട്ടോ എടുക്കുമ്പോള്‍ തുടര്‍ച്ചയായി നിരവധി ഫോട്ടോകള്‍ എടുക്കുകയും സ്മാര്‍ട്ട്‌ഫോണിലെ ക്യാമറ സോഫ്റ്റ് വെയര്‍ ഇവയെല്ലാം ചേര്‍ത്ത് ഒറ്റ ഫോട്ടോയാക്കി മാറ്റുകയും ചെയ്യുന്നു. വിശദാംശങ്ങള്‍ നഷ്ടമാകാതെ ദൃശ്യത്തിന്റെ പൂര്‍ണ്ണത അതേപടി ഒപ്പിയെടുക്കാന്‍ കഴിയും.

HDR ഉപയോഗിക്കാതെ സ്മാര്‍ട്ട്‌ഫോണില്‍ മൂന്ന് ചിത്രങ്ങള്‍ എടുത്ത് അത് കമ്പ്യൂട്ടറിലേക്ക് മാറ്റുക. അതിനുശേഷം ഫോട്ടോഷോപ്പ് പോലുള്ള ഏതെങ്കിലും സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ഇവ ചേര്‍ത്ത് ഒരു ഫോട്ടോയാക്കി മാറ്റുക. HDR ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന അതേ ഫലം കിട്ടും.

എന്നാല്‍ HDR സംവിധാനമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഈ ജോലികളെല്ലാം സ്വയം ചെയ്യും. സ്റ്റാറ്റിക്-സ്‌റ്റെഡി ഷോട്ടുകളിലാണ് HDR മികച്ച ഫലം തരുന്നതെന്ന കാര്യം ഓര്‍മ്മിക്കുക.

 

എപ്പോഴാണ് HDR ഉപയോഗിക്കേണ്ടത്?

ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ നിയമങ്ങളില്ല. ഫോട്ടോയില്‍ എന്താണ് പകര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. എന്നിരുന്നാലും ചില പൊതുനിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കാം.

ലാന്‍ഡ്‌സ്‌കേപ്പ്

മികച്ച ഫോട്ടോയും ലൈറ്റിംഗും തമ്മില്‍ വലിയ ബന്ധമുണ്ട്, പ്രത്യേകിച്ച് ഔട്ട്‌ഡോര്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍. സൂര്യപ്രകാശം അമിത കോണ്‍ട്രാസ്റ്റിന് കാരണമാകാം. HDR ഉപയോഗിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയും.

ലോ ലൈറ്റ്, ബാക്ക്‌ലിറ്റ് സീനുകള്‍

ഫോട്ടോയുടെ പ്രത്യേക ഭാഗങ്ങള്‍ വളരെയധികം ഇരുണ്ടുപോയാല്‍ HDR ഉപയോഗിച്ച് ബ്രൈറ്റ്‌നസ്സ് വര്‍ദ്ധിപ്പിച്ച് ഫോട്ടോ മികച്ചതാക്കാനാകും. പ്രകാശം കുറഞ്ഞ സാഹചര്യത്തില്‍ എടുക്കുന്ന ഫോട്ടോകള്‍ മെച്ചപ്പെടുത്താന്‍ HDR-നും കഴിയുകയില്ല.

നിങ്ങള്‍ അല്ലെങ്കില്‍ മറ്റ് വസ്തുക്കള്‍ ചലിക്കുമ്പോള്‍

HDR അടുത്തടുത്തായി മൂന്ന് ചിത്രങ്ങള്‍ എടുക്കുന്നു. ഇതിനിടെ വസ്തുക്കള്‍ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്ന ആള്‍ ചലിച്ചാല്‍ അവസാനം കിട്ടുന്ന ചിത്രം വ്യക്തതയില്ലാത്തത് ആകാന്‍ സാധ്യതയേറെയാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഫോട്ടോ പ്രോസസ്സ് ചെയ്യുന്നതിന് കൂടുതല്‍ സമയം വേണ്ടിവരും. HDR ഉപയോഗിക്കുമ്പോള്‍ നിങ്ങളും ഫ്രെയിമിലെ വസ്തുക്കളും ചലിക്കുന്നില്ലെന്ന് ഉറപ്പാക്കുക.

ഹൈ കോണ്‍ട്രാസ്റ്റ് സീനുകള്‍

ചില ഭാഗങ്ങളില്‍ കോണ്‍ട്രാസ്റ്റ് കൂടുമ്പോള്‍ ചില അവസരങ്ങളിലെങ്കിലും ഫോട്ടോകളുടെ സൗന്ദര്യം വര്‍ദ്ധിക്കാറുണ്ട്. HDR ഉപയോഗിച്ചാല്‍ ഇത് നഷ്ടപ്പെടും.

വ്യക്തമായ നിറങ്ങളോട് കൂടിയ സീനുകള്‍

മങ്ങിയ നിറങ്ങള്‍ക്ക് മിഴിവേകാന്‍ HDR-ന് കഴിയും. എന്നാല്‍ ഫോട്ടോയില്‍ നിറങ്ങള്‍ ആവശ്യത്തിന് വ്യക്തമാണെങ്കില്‍ HDR ഇത് വീണ്ടും വര്‍ദ്ധിപ്പിക്കും. ഫോട്ടോയുടെ സൗന്ദര്യത്തെ ഇത് സാരമായി ബാധിക്കുമെന്ന് ഓര്‍ക്കുക.

എന്റെ സ്മാര്‍ട്ട്‌ഫോണില്‍ HDR ഉണ്ടോ?

വിപണിയില്‍ ലഭിക്കുന്ന എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും HDR ലഭ്യമാണ്. ക്യാമറ സെറ്റിംഗ്‌സില്‍ പോയി ഇത് പ്രവര്‍ത്തന സജ്ജമാക്കുക. ചിലപ്പോള്‍ ഇതിനായി ക്യാമറ ആപ്പില്‍ മാന്വല്‍ മോഡ് തിരഞ്ഞെടുക്കേണ്ടി വരും.

സ്മാര്‍ട്ട്‌ഫോണില്‍ HDR ഇല്ലെങ്കില്‍ പ്ലേസ്റ്റോറില്‍ നിന്ന് അനുയോജ്യമായ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക.

എന്താണ് HDR+?

2017 ഒക്ടോബറില്‍ പുറത്തിറങ്ങിയത് മുതല്‍ ഗൂഗിളിന്റെ പിക്‌സല്‍ 2 ആന്‍ഡ്രോയ്ഡ്‌ ലോകത്തെ ക്യാമറകളിലെ രാജാവാണ്. HDR+ സാങ്കേതികവിദ്യയാണ് പിക്‌സല്‍ 2ന് ഈ അംഗീകാരം നേടിക്കൊടുത്തത്. HDR-ല്‍ നിന്ന വ്യത്യസ്തമായി HDR+ ഫോട്ടോകളിലെ നോയ്‌സ് ഇല്ലാതാക്കുകയും നിറങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത പകരുകയും ചെയ്യുന്നു. മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ഇതുവരെ HDR+ സാങ്കേതികവിദ്യ തങ്ങളുടെ ഫോണുകളില്‍ അവതരിപ്പിച്ചിട്ടില്ല. എന്നാല്‍ ഗൂഗിള്‍ ക്യാമറ ആപ്പിന്റെ സഹായത്തോടെ മറ്റ് സ്മാര്‍ട്ട്‌ഫോണുകളിലും HDR+ ഉപയോഗിക്കാന്‍ കഴിയും.


Best Mobiles in India

English Summary

What is HDR and when should I use it on my smartphone?