മൊബൈൽ സ്ക്രീൻ നാശമാക്കേണ്ട! അകലം കാര്യമാക്കാതെ ചുംബനം 'ചൂടോടെ' നൽകാൻ ഉപകരണവുമായി ചൈനീസ് വിദ്യാർഥികൾ
കമിതാക്കൾക്കും മറ്റും ഏറെ സന്തോഷം പകരുന്ന ഒരു വാർത്ത പങ്കുവച്ചിരിക്കുകയാണ് ഒരു സംഘം ചൈനീസ് വിദ്യാർഥികൾ. ദൂരം പ്രശനമാകാതെ പരസ്പരം ചുംബിക്കാൻ അവസരം നൽകുന്നൊരു പുതിയ ഡിവൈസ് സൃഷ്ടിച്ചതായാണ് ചാൻസൗവിലെ ഒരു സർവ്വകലാശാല വെളിപ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച വാർത്ത ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലും മറ്റും വൈറലാണ്.
'സിലിക്കൺ ലിപ്‌സ്' ഉപയോഗിച്ചുള്ള കോൺട്രാപ്‌ഷനിൽ പ്രഷർ സെൻസറുകളും ആക്യുവേറ്ററുകളും ഉണ്ടെന്നും ഒരു യഥാർത്ഥ ചുംബനം നൽകുന്ന അനുഭൂതി നൽകാൻ ഈ ഉപകരണത്തിന് കഴിയും എന്നും ചൈനയിലെ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഉപഭോക്താവിന്റെ ചുണ്ടുകളുടെ മർദ്ദം, ചലനം, ഊഷ്മാവ് എന്നിവയും ഈ ഉപകരണത്തിന് പകർത്താൻ കഴിയുമെന്ന് റിപ്പോർട്ട് പറയുന്നു.

ചുബനത്തിന് മനുഷ്യജീവിതത്തിൽ ഉള്ള പ്രാധാന്യം വളരെ വലുതാണ്. നിങ്ങൾക്ക് ആത്മാവിനെ കാണണമെങ്കിൽ കമിതാക്കളുടെ ചുണ്ടുകളിൽ നോക്കിയാൽ മതിയെന്നാണ് പ്രശസ്ത കവി ഷെല്ലി പറയുന്നത്. ചുംബനങ്ങളുടെ ഈ പ്രാധാന്യം തിരിച്ചറിഞ്ഞുതന്നെ ആണ് ചൈനീസ് സർവകലാശാല ഇത്തരം ഒരു പരീക്ഷണത്തിന് മുന്നിട്ടിറങ്ങിയത്. അകലങ്ങളിലുള്ള ദമ്പതികൾക്കിടയിൽ കൂടുതൽ അടുപ്പം സൃഷ്ടിക്കാൻ ഈ ഉപകരണത്തിന് കഴിയും.
സിലിക്കൺ ചുണ്ടുകളുള്ള ഈ ഉപകരണത്തിൽ ചുംബനം അപ്ലോഡ് ചെയ്യാനും സ്വീകരിക്കാനും സാധിക്കും. പ്രഷർ സെൻസറുകളും ആക്യുവേറ്ററുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുതിനാൽ ഉപയോഗിക്കുന്നവരുടെ ചുണ്ടുകളുടെ മർദ്ദം, ചലനം, താപനില എന്നിവ പകർത്തി അതേപടി നൽകുന്നതിലൂടെ യഥാർഥ ചുംബനത്തിന്റെ പ്രതീതി നൽകാൻ ഈ ഉപകരണത്തിന് സാധിക്കും എന്നാണ് ഗവേഷകരുടെ അവകാശവാദം.

ഈ ചുംബന ഉപകരണം ഫോണിന്റെ ചാർജിംഗ് പോർട്ടിലേക്ക് പ്ലഗ് ചെയ്താണ് ഉപയോഗിക്കുന്നത്. ഒപ്പം ഒരു ആപ്പും ഇന്റർനെറ്റ് കണക്ഷനും ഉണ്ടാവണം. ആപ്പ് ഡൗൺലോഡ് ചെയ്ത് പങ്കാളിയുമായി കണക്ട് ആക്കിയ ശേഷം വീഡിയോ കോൾ ആരംഭിക്കുകയും ചുംബനങ്ങൾ പരസ്പരം കൈമാറുകയും ചെയ്യാം എന്ന് ഈ ഉപകരണത്തിന് പിന്നിൽ പ്രവർത്തിച്ചവർ പറയുന്നു.
ഏറെ നാളായി പ്രണയിക്കുന്നുണ്ടെങ്കിലും തന്റെ കാമുകി ഏറെ അകലെ ആയിരുന്നു എന്നും അവൾക്കായാണ് താൻ ഈ ഉപകരണം കണ്ടുപിടിച്ചത് എന്നും ഈ ഗവേഷണത്തിന് മുന്നിട്ടിറങ്ങിയ ജിയാങ് സോംഗ്ലി പറഞ്ഞു. കാമുകിയായിരുന്നു തന്റെ പ്രചോദനം. ഇനി ഈ ഡിവൈസ് പ്രണയിക്കുന്ന നൂറുകണക്കിന് ആളുകൾക്ക് ഉപയോഗപ്രദമാണ് എന്നാണ് ഇവർ പറയുന്നത്.
എന്നാൽ 2016-ൽ മലേഷ്യയിലെ ഇമാജിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ടച്ച് സെൻസിറ്റീവ് സിലിക്കൺ പാഡിന്റെ രൂപത്തിൽ 'കിസിംഗർ' എന്ന പേരിൽ സമാനമായ ഉപകരണം പുറത്തിറക്കിയിരുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജിയാങ് കണ്ടുപിടിച്ച ചുംബന ഡിവൈസ് 2019-ൽ പേറ്റന്റിന് അപേക്ഷിച്ചിരുന്നുവെങ്കിലും 2023 ജനുവരിയിലാണ് പേറ്റന്റ് ലഭിച്ചത്.

ചൈനീസ് സോഷ്യൽ മീഡിയയായ വെയ്‌ബോയിൽ ഉപകരണത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനോടകം ലോകമെങ്ങും ഈ ഡിവൈസ് വൈറലാകുകയും ഈ ഉപകരണത്തെ അനുകൂലിച്ചും എതിർത്തും നിരവധി ആളുകളും രംഗത്തെത്തുകയും ചെയ്തുകഴിഞ്ഞു. ചിലർ ഇതിനെ ഒരു തമാശയായി മാത്രം കണ്ടപ്പോൾ, മറ്റുചിലർ അശ്ലീല ഉപകരണമായാണ് കണ്ടത്.
പ്രായപൂർത്തിയാകാത്തവർ ഇത് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നത് ഏറെ ആശങ്ക ഉണ്ടാക്കുന്നതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഈ ഡിവൈസിന്റെ മറ്റൊരു പ്രത്യേകതയായി ഗ്ലോബൽ ടൈസം ചൂണ്ടിക്കാട്ടുന്നത് അപരിചിതരുമായും ചുംബനം കൈമാറാൻ ഈ ആപ്പിൽ സംവിധാനം ഉണ്ട് എന്നതാണ്. 288 യുവാൻ (ഏകദേശം 3,433 രൂപ) ആണ് ഈ ഉപകരണത്തിന്റെ വില.


Click it and Unblock the Notifications








