മിനിമം ബാലൻസ് കൊള്ളയില്ല; കറന്റ് അക്കൗണ്ട് സേവനങ്ങൾ ആരംഭിച്ച് എയർടെൽ പേയ്മെന്റ്സ് ബാങ്ക്

മിനിമം ബാലൻസ് സൂക്ഷിച്ചില്ല എന്ന കാരണത്താൽ ഉപയോക്താവിനെ പിഴിയുന്ന ബാങ്കുകൾ ഏറെയുള്ള നമ്മുടെ നാട്ടിൽ, യാതൊരുവിധ മിനിമം ബാലൻസ് നിബന്ധനകളുമില്ലാതെ കറന്റ് അക്കൗണ്ട് സേവനങ്ങൾ ആരംഭിച്ച് എയർടെൽ പേയ്മെന്റ്സ് ബാങ്ക്. അൺലിമിറ്റഡ് ഇടപാടുകൾ നടത്താം എന്നതുൾപ്പെടെ നിരവധി വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചുകൊണ്ട് ബിസ്‌ഖാത(BizKhata) എന്ന പേരിലാണ് എയർടെൽ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ചെറുകിട വ്യാപാരികൾക്കും ബിസിനസ് പങ്കാളികൾക്കും പരിധിയില്ലാത്ത ഇടപാടുകളും തൽക്ഷണ ആക്‌റ്റിവേഷനും ബിസ്ഖാത വാഗ്ദാനം ചെയ്യുന്നുണ്ട്.
ആവശ്യമായ മിനിമം ബാലൻസ് സൂക്ഷിക്കാൻ കഴിയാത്തതിനാൽ നിരവധി ചെറുകിട ബിസിനസ് ഉടമകൾ തങ്ങളുടെ സേവിങ്സ് അക്കൗണ്ട് ബിസിനസ് ആവശ്യങ്ങൾക്കായും മറ്റും ഉപയോഗിക്കുന്നുണ്ട്. ഇത് അവർക്ക് ഏറെ ആശയക്കുഴപ്പവും ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ പുതിയ ബിസ്ഖാത സംവിധാനം സഹായകരമാണ് എന്നാണ് എയർടെൽ പറയുന്നത്. നിലവിൽ രാജ്യത്ത് ലാഭത്തിൽ പ്രവർത്തിക്കുന്ന ഏറ്റവും മുൻനിര പേയ്‌മെന്റ് ബാങ്കാണ് എയർടെൽ പേയ്മെന്റ്സ് ബാങ്ക്.

ബിസ്ഖാത
ചെറുകിട വ്യാപാരികൾക്കും ബിസിനസ്സ് ഉടമകൾക്കും വേണ്ടി എയർടെൽ പേയ്മെന്റ്സ് ബാങ്ക് പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന സംവിധാനമാണ് ബിസ്ഖാത. എല്ലാ ബിസിനസ്സ് ഇടപാടുകളും ഒരു പ്ലാറ്റ്‌ഫോമിൽ നിർവഹിക്കാനും ഒന്നിലധികം ബാങ്കിങ് ആനുകൂല്യങ്ങൾ ആസ്വദിക്കാനും ബിസ്ഖാത ഉപയോക്താക്കളെ സഹായിക്കുന്നു. വ്യാപാരികൾക്കും പങ്കാളികൾക്കും പരിധിയില്ലാത്ത ക്രെഡിറ്റ്, ഡെബിറ്റ് ഇടപാടുകൾ ആസ്വദിക്കാൻ അവസരം ഒരുക്കിക്കൊണ്ടാണ് എയർടെൽ തങ്ങളുടെ പേയ്മെന്റ്സ് ബാങ്ക് സംവിധാനത്തെ അടുത്ത തലത്തിലേക്ക് ഉയർത്തിയിരിക്കുന്നത്.
എയർടെൽ പേയ്മെന്റ്സ് ബാങ്കിന്റെ കറന്റ് അക്കൗണ്ടിന്റെ സവിശേഷതകൾ
ഠ പരിധിയില്ലാത്ത ഇടപാടുകൾ
എയർടെൽ പേയ്മെന്റ്സ് ബാങ്കിന്റെ ബിസ്‌ഖാത വഴി വ്യാപാരികൾക്കും പങ്കാളികൾക്കും പരിധിയില്ലാത്ത ക്രെഡിറ്റ്, ഡെബിറ്റ് ഇടപാടുകൾ ആസ്വദിക്കാനാകും. തട്ടിപ്പുകൾ തടയാനായി ഫെയർ പ്രാക്ടീസ് കോഡിന് വിധേയമായിട്ടായിരിക്കും അൺലിമിറ്റഡ് ഇടപാടുകൾ അനുവദിക്കുക എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
ഠ തൽക്ഷണം ആക്ടിവേറ്റ് ചെയ്യാം
ബിസ്‌ഖാത വഴി അക്കൗണ്ട് തുറക്കുന്ന ഉപയോക്താക്കൾക്ക് അഞ്ച് മിനിറ്റിനുള്ളിൽത്തന്നെ അത് ഉപയോഗിച്ചുതുടങ്ങാൻ സാധിക്കും.
ഠ സീറോ മിനിമം ബാലൻസ്
ബിസ്‌ഖാത അക്കൗണ്ടിന് മിനിമം ബാലൻസ് നിബന്ധനയില്ല.
ഠ സുരക്ഷിത പേയ്മെന്റ് ഡിജിറ്റൈസേഷൻ
ബിസിനസ് ഉടമകൾക്ക് IMPS, UPI, NEFT, IFT എന്നിവ വഴി ഇന്ത്യയിലുടനീളമുള്ള ഏത് ബാങ്കിലേക്കും ഓൺലൈൻ പേയ്മെന്റ് ഇടപാടുകൾ സ്വീകരിക്കാനും നടത്താനും കഴിയും. യുപിഐ ആപ്പിൽ നിന്നും പേയ്മെന്റുകൾ സ്വീകരിക്കുന്നതിന് അക്കൗണ്ടിന് ഒരു ക്യുആർ കോഡും ലഭ്യമാണ്.

ഠ ഓട്ടോ സ്വീപ്പ്-ഔട്ട്
2,00,000 രൂപയ്ക്ക് മുകളിലുള്ള ഡേ എൻഡ് ബാലൻസ്, പാർട്നർ ബാങ്കിലെ കറന്റ് അക്കൗണ്ടിലേക്ക് ഓട്ടോ സ്വീപ്പ് ഔട്ട് ചെയ്യാനുള്ള ഓപ്ഷൻ പുതിയ സംവിധാനത്തിൽ ഉണ്ടായിരിക്കും. ഒരൊറ്റ ക്ലിക്കിലൂടെ ഉപയോക്താവിന് തുക ബിസിനസ് അക്കൗണ്ടിലേക്കും കൈമാറാനാകും.
ഠ ഒറ്റ ക്ലിക്കിൽ ട്രാൻസാക്ഷൻ ഹിസ്റ്ററി ലഭിക്കും
അക്കൗണ്ട് ഉടമകൾക്ക് ഒറ്റ ക്ലിക്കിലൂടെ ട്രാൻസാക്ഷൻ ഹിസ്റ്ററി ഡൗൺലോഡ് ചെയ്യാനും പരിശോധിക്കാനും സാധിക്കും.
പുതിയ വ്യാപാരികൾക്കും നിലവിലുള്ള വ്യാപാരികൾക്കും, ബിസിനസ് പങ്കാളികൾക്കും എയർടെൽ പേയ്മെന്റ്സ് ബാങ്കിന്റെ കറന്റ് അക്കൗണ്ട് സേവനം ലഭ്യമാകും. ബയോമെട്രിക് വിവരങ്ങളും, കുറഞ്ഞ ഡോക്യുമെന്റേഷനും വഴി 5 മിനിറ്റിൽ അക്കൗണ്ട് പ്രവർത്തനക്ഷമമാക്കാം. വരും ദിവസങ്ങളിൽ കൂടുതൽ സേവനങ്ങൾ എയർടെൽ പേയ്മെന്റ്സ് ബാങ്കിന്റെ കറന്റ് അക്കൗണ്ട് വാഗ്ദാനം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.


Click it and Unblock the Notifications