ഇക്കാര്യങ്ങൾ ചെയ്താൽ ഇനി നിങ്ങൾക്കും ട്വിറ്ററിൽ (എക്സ്) നിന്ന് പണം ഉണ്ടാക്കാം
മെറ്റയുടെ ത്രെഡ്സ് വെല്ലുവിളി ഉയർത്തി രംഗത്ത് വന്നതിന് ശേഷമാണ് ഉപഭോക്താക്കളെ പിടിച്ചുനിർത്താനായി പുതിയ പരിഷ്ക്കാരങ്ങൾ ട്വിറ്റർ (എക്സ്) കൊണ്ടുവന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറായിരുന്നു ട്വിറ്റർ മൊണിറ്റൈസ് ചെയ്തത്. അതായത് ഉപഭോക്താക്കൾക്ക് പണം സമ്പാദിക്കാനുള്ള പ്ലാറ്റ്ഫോമായി ട്വിറ്ററിനെ മാറ്റിയത്. നിരവധി ആളുകൾക്ക് ഇത്തരത്തിൽ പണം ലഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ ഈ നയം ഇപ്പോൾ വിപുലീകരിച്ചിരിക്കുകയാണ്. നേരത്തെ സ്ട്രൈപ്പ് പേഔട്ടുകളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളിൽ മാത്രമായിരുന്നു ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഇന്ത്യ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ നിന്നുള്ള എക്സ് ഉപഭോക്താക്കൾക്കും ഇങ്ങനെ പണം സമ്പാദിക്കാം. ഉപഭോക്താക്കൾക്ക് എക്സ് സബ്‌സ്‌ക്രിപ്‌ഷനും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ അവരുടെ പോസ്റ്റുകളിൽ കുറഞ്ഞത് 15 ദശലക്ഷം ഇംപ്രഷനുകളും കുറഞ്ഞത് 500 ഫോളോവേഴ്‌സും ഉണ്ടായിരുന്നാൽ മതി.

കൂടുതൽ ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ വെരിഫൈഡ് ചെയ്യിക്കാനാണ് എക്സ് ശ്രമിക്കുന്നത്. നിങ്ങളുടെ എക്സ് അക്കൗണ്ട് മൊണിറ്റൈസ് ആക്കാനുള്ള യോഗ്യതകൾ പൂർത്തിയായാൽ 50 ഡോളർ മുതൽ വരുമാനം ലഭ്യമാകും എന്നാണ് എക്സ് അറിയിച്ചിരിക്കുന്നത്. എന്നാൽ പേഔട്ട് മൂല്യം കണക്കാക്കാൻ എക്സ് ഉപയോഗിക്കുന്ന കൃത്യമായ രീതി വെളിപ്പെടുത്തിയിട്ടില്ല. ജൂലൈ 31 മുതൽ കൂടുതൽ ഉപഭോക്താക്കൾക്ക് പണം ലഭിക്കുമെന്നാണ് എക്സ് അറിയിച്ചിരിക്കന്നത്.
പദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെടാതിരിക്കാൻ ക്രിയേറ്റർ മോണിറ്റൈസേഷൻ സ്റ്റാൻഡേർഡുകളും എക്സ് റൂളുകളും ഉൾപ്പെടെയുള്ള പരസ്യ റവന്യൂ ഷെയർ നിബന്ധനകൾ പാലിക്കണമെന്നും എക്സ് അറിയിച്ചിട്ടുണ്ട്. എന്നാൽ എന്തെങ്കിലും വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ ഉപഭോക്താക്കളെ പദ്ധതിയിൽ നിന്ന് പുറത്താക്കാനുള്ള അധാകാരവും എക്സിന് ഉണ്ടായിരിക്കും. കണ്ടന്റ് ക്രിയേറ്റേഴ്സിന് കൂടുതൽ അവസരമാണ് പ്ലാറ്റ്ഫോം ഉണ്ടാക്കി നൽകുന്നത്.

ജൂലൈ 14ന് ആയിരുന്നു ആദ്യമായി ഇത്തരത്തിൽ എക്സിൽ നിന്ന് വരുമാനം ഉണ്ടാക്കാവുന്ന പദ്ധതി ഇലോൺ മസ്ക് അവതരിപ്പിച്ചത്. ഈ സംരംഭത്തിന് കീഴിൽ, സ്രഷ്‌ടാക്കൾക്ക് അവരുടെ ട്വീറ്റുകൾക്കുള്ള മറുപടികളിൽ ദൃശ്യമാകുന്ന പരസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 50 ശതമാനമാണ് ലഭിക്കുക. ജനപ്രിയ യൂട്യൂബറായ മിസ്റ്റർ ബീസ്റ്റ് എന്ന ജെയിംസ് ഡൊണാൾഡ്‌സണിന് ഇത്തരത്തിൽ ട്വിറ്ററിൽ നിന്ന് 25,000 ഡോളർ (21 ലക്ഷം രൂപ) ലഭിച്ചിരുന്നു എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
നിരവധി ആളുകൾക്ക് 5 ലക്ഷം രൂപ ലഭിച്ചതായും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. ത്രെഡ്സ് ഉയർത്തിയ വെല്ലുവിളികൾക്കിടയിലായിരുന്നു പുതിയ പരിഷ്ക്കാരങ്ങൾ മസ്ക് കൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് ട്വിറ്ററിന്റെ പേര് മാറ്റി എക്സ് എന്ന് ആക്കിയതും. ട്വിറ്ററിൽ നിന്ന് അടിമുടി മാറ്റം വരുത്തുമെന്നാണ് മസ്ക് അന്ന് പറഞ്ഞത്. മനുഷ്യനിലെ അപൂർണതകളുടെ പ്രതിഫലനമാണ് എക്സ് എന്നും, ആ ആശയം പ്രതിഫലിക്കുന്ന ഒരു ലോഗോ കിട്ടിയാൽ പറ്റുമെങ്കിൽ ചിഹ്നം മാറ്റുമെന്നും മസ്ക് കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷമായിരുന്നു 44 ബില്യൺ ഡോളറിന് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. അന്നു മുതലെ പേര് മാറ്റത്തിനെക്കുറിച്ചുള്ള സൂചനകൾ മസ്ക് തന്നിരുന്നു. മസ്കിന്റെ ഭൂതകാലത്തിൽനിന്നാണ് എക്സ് എന്ന ലോഗോയുടെ വരവ് എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ വാൾട്ടർ ഐസക്‌സൻ പറയുന്നു. 1999-ൽ തന്നെ എക്സ്ബ്രാൻഡ് എന്നത് മസ്കിന്റെ സ്വപ്നമായിരുന്നു. ഇതേ വർഷം തന്നെ മസ്ക് http://X.com സ്ഥാപിച്ചിരുന്നു. പുതിയ മാറ്റം സാമ്പത്തിക വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കും എന്നാണ് മസ്കിന്റെ പ്രതീക്ഷിക്കുന്നത്.
എക്സ് എന്നത് എല്ലാ സാമ്പത്തിക ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഒരു സ്റ്റോറാക്കി മാറ്റാനായിരുന്നു മസ്കിന്റെ ശ്രമം. ബാങ്കിംഗ്, ഡിജിറ്റൽ വാങ്ങലുകൾ, ചെക്കിംഗ്, ക്രെഡിറ്റ് കാർഡുകൾ, നിക്ഷേപങ്ങൾ, വായ്പകൾ എല്ലാം എക്സിന്റെ സേവന പരുധിയിൽ കൊണ്ടുവരുത്താനും ഇദ്ദേഹം ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് പീറ്റർ തീലും മാക്സ് ലെവ്ചിനും ചേർന്ന് സ്ഥാപിച്ച കമ്പനിയുമായി എക്സ് ലയിക്കുകയായിരുന്നു.
തന്റെ പഴ സ്വപ്നം സാക്ഷാത്ക്കരിക്കാനാണ് എക്സ് ട്വിറ്റർ ഏറ്റെടുത്തതും റീ ബ്രാൻഡ് ചെയ്ത് പുതിയ പരിക്ഷ്ക്കാരങ്ങൾ നടപ്പിലാക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ പുതിയ പരിഷ്ക്കാരങ്ങൾ നടത്തുമ്പോഴും കമ്പനി കനത്ത വെല്ലുവിളി നേരിടുകയാണ് എന്നാണ് സൂചിന. ട്വീറ്റുകളുടെ എണ്ണം കുറച്ചതിൽ പല ഉപഭോക്താക്കളും പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പുറമെ ത്രെഡ്സിൽ നിന്നും വെല്ലുവിളി ഉണ്ടാകുന്നുണ്ട്.


Click it and Unblock the Notifications








