വാക്സിൻ എടുത്തവർക്ക് ബാഡ്ജുകളുമായി കോവിൻ പോർട്ടൽ
വാക്സിൻ എടുത്തവർക്ക് ബാഡ്ജുകളുമായി കോവിൻ പോർട്ടൽ. പോർട്ടലിലെ ഉപയോക്താക്കളുടെ പ്രൊഫൈലുകളിൽ പൂർണ്ണമായും വാക്സിനേഷൻ ചെയ്തതും ഭാഗികമായി വാക്സിനേഷൻ ചെയ്തതുമായ നില കാണിക്കുന്ന ബാഡ്ജുകളാണ് പ്രദർശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നത്. കൂടാതെ കോവിഡ് ട്രാക്കിങ് പോർട്ടലിനെ ഒരു ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയർ ആക്കി ഇന്ത്യാ ഗവൺമെന്റ് കോവിൻ പ്ലാറ്റ്‌ഫോമിനെ ആഗോളവൽക്കരിക്കുകയും ചെയ്യുന്നു. ജൂലൈയിൽ നടന്ന കോവിൻ ഗ്ലോബൽ കോൺക്ലേവിൽ ഈ പ്ലാറ്റ്ഫോം പ്രദർശിപ്പിച്ചിരുന്നു, 142 രാജ്യങ്ങൾ പ്ലാറ്റ്ഫോമിൽ താൽപ്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. പ്ലാറ്റ്‌ഫോമിലൂടെ വാക്‌സിനേഷനുകൾ ട്രാക്ക് ചെയ്യുന്നത് പോലെയുള്ള സേവനങ്ങൾ മാത്രമല്ല ലഭിക്കുക. വാക്‌സിൻ ഡോസുകൾ എതെങ്കിലും വിധത്തിൽ പാഴാകുന്നുണ്ടോയെന്ന് മനസിലാക്കാനും പോർട്ടലിൽ അവസരം ഉണ്ട്.

ഒരു ഉപയോക്താവിന്റെ കോവിഡ് വാക്സിനേഷൻ സ്റ്റാറ്റസിനൊപ്പം, പൂർണമായി / ഭാഗികമായി വാക്സിനേഷൻ ചെയ്ത ബാഡ്ജുകൾ ഒരു ഷീൽഡിന്റെ രൂപത്തിലാണ് പ്രത്യക്ഷപ്പെടുക. നിങ്ങൾ cowin.gov.in-ൽ ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുമ്പോൾ ഷീൽഡ് ദൃശ്യമാകും. പുതിയ കോവിൻ ആപ്പ് വഴി ബിസിനസുകൾക്കും ഇപ്പോൾ വാക്സിനേഷൻ നില സ്ഥിരീകരിക്കാനാകും. ജൂലൈയിൽ നടന്ന കോവിൻ ഗ്ലോബൽ കോൺക്ലേവിൽ, കോവിൻ ഒരു ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോം ആക്കുമെന്നും അവരുടെ ഇനോക്കുലേഷൻ ഡ്രൈവുകൾക്ക് ആവശ്യമായ എല്ലാ രാജ്യങ്ങൾക്കും കോവിൻ സോഫ്റ്റ്വെയർ സൌജന്യമായി നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് കോവിൻ ഒരു ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോം ആക്കിയതായുള്ള കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം.

ജൂലൈയിൽ, കോവിൻ ഒരു ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോക്കുമെന്ന പ്രഖ്യാപനം വന്ന സമയത്ത് ഇന്ത്യ ഏകദേശം 3,50,000 വാക്സിൻ ഡോസുകളുടെ വിതരണമാണ് പൂർത്തിയാക്കിയത്. ഇപ്പോൾ, രാജ്യത്ത് വിതരണം ചെയ്തിരിക്കുന്ന ഡോസുകളുടെ എണ്ണം 1 ബില്ല്യൺ കടന്നിരിക്കുന്നു. കൂടാതെ കോവിൻ പ്ലാറ്റ്‌ഫോമിലും വാക്സിനേഷനുകളുടെ എണ്ണം നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. വാക്സിനേഷൻ പ്രോഗ്രാമുകളിലെ തത്സമയ ഡാറ്റ ശേഖരിക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വാക്സിൻ ഇന്റലിജൻസ് നെറ്റ്‌വർക്കിന്റെ വിപുലീകരണമാണ് കോവിൻ. കോവിൻ പ്ലാറ്റ്ഫോമിലൂടെ ഇത്തരം സൌകര്യങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ യജ്ഞം നിലവിൽ ആസൂത്രണം ചെയ്യുന്നത്.

കോവിൻ ആപ്ലിക്കേഷനെ രാജ്യത്തെ മറ്റ് പൊതുജനാരോഗ്യ സംരംഭങ്ങളിലേക്കും വ്യാപിക്കാൻ കേന്ദ്രം പദ്ധതിയിടുന്നുണ്ട്. മെഡിക്കൽ ഡാറ്റ ശേഖരം സൃഷ്ടിക്കുന്നതിനും, ആരോഗ്യ രംഗത്തെ ഡിജിറ്റൽ വിടവ് പരിഹരിക്കുന്നതിനും അടിയന്തര സേവനങ്ങൾ അതിവേഗം ലഭ്യമാക്കുന്നതിനുമൊക്കെയാണ് കൊവിൻ ആപ്ലിക്കേഷനെ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്. നിലവിൽ പ്രായപൂർത്തിയായ ഇന്ത്യൻ പൗരന്മാരുടെ വാക്സിനേഷൻ ഡാറ്റ ശേഖരിക്കുകയും ഇനോക്യുലേഷൻ അപ്പോയിന്റ്‌മെന്റുകൾ ഷെഡ്യൂൾ ചെയ്യാൻ സഹായിക്കുകയും ചെയ്യുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം, കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പ്, രക്തബാങ്കുകൾ എന്നിവയുടെ റെക്കോർഡ് ഡാറ്റയിലേക്കും വിപുലീകരിക്കാൻ കഴിയുമെന്ന് നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആർഎസ് ശർമ്മ പറഞ്ഞു.

"ഇപ്പോൾ നമ്മുക്ക് കോവിൻ പോലൊരു മികച്ച പ്ലാറ്റ്ഫോം ഉണ്ട്. ആപ്പിനെ മറ്റ് കാര്യങ്ങൾക്കായി പുനർ നിർമിക്കാനും കഴിയും," കോവിൻ ആപ്പിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയവരിൽ ഒരാളായ ആർഎസ് ശർമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഇത് സർക്കാരിന്റെ മുൻനിര പബ്ലിക് ഹെൽത്ത് ഇൻഷുറൻസ് പ്രോഗ്രാമുമായി ബന്ധിപ്പിക്കാം. ആയുഷ്മാൻ ഭാരത്, ഡിജിറ്റൽ മിഷൻ സംരംഭങ്ങൾ നടപ്പിലാക്കുന്നതിനും ആരോഗ്യ തിരിച്ചറിയൽ ഐഡിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കും അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് പാൻഡെമിക്കിനെതിരായ പോരാട്ടത്തിൽ ഒരു ബില്യണിലധികം കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്യാൻ ഇന്ത്യയ്ക്ക് കഴിഞ്ഞതിന് ശേഷമാണ് ഈ നീക്കം. കോവിന്റെ രൂപ മാറ്റം വരുത്തിയാവും മറ്റ് സേവനങ്ങൾക്ക് ഉപയോഗിക്കുക. ഇതിലൂടെ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രിക്കുന്ന ഡാറ്റ ശോഷണം ഉണ്ടാകുകയും ചെയ്യുന്ന പൊതുജനാരോഗ്യ പരിപാലന പരിപാടികൾക്ക് കൂടുതൽ അച്ചടക്കം കൈവരികയും ചെയ്യും. തുടക്കത്തിൽ സാങ്കേതിക തകരാറുകളോട് പോരാടിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം, ഇന്ത്യയിൽ സ്വകാര്യതയെയും വർധിച്ചു വരുന്ന നിരീക്ഷണത്തെയും കുറിച്ചുള്ള ആശങ്കകളും അഭിമുഖീകരിച്ചിട്ടുണ്ട് . കോവിൻ ഡാറ്റ "സുരക്ഷിതമാണെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുന്നുമുണ്ട്.


Click it and Unblock the Notifications