അക്ഷരത്തെറ്റിനെ ഇനി ഭയക്കേണ്ട! വാട്സ്ആപ്പിൽ എഡിറ്റ് മെസേജ് ഫീച്ചർ എത്തി
സാങ്കേതികവിദ്യ ഒരുപാട് വളർന്നതോടെ മനുഷ്യന്റെ ആശയവിനിമയത്തിലും നിരവധി പുരോഗതികൾ ഉണ്ടായിട്ടുണ്ട്. ഇന്ന് വീഡിയോ കോളിങ് അടക്കമുള്ള സൗകര്യങ്ങളിലൂടെ ദേശ-കാല വ്യത്യാസമില്ലാതെ നേരിട്ടുകണ്ടുകൊണ്ട് സംസാരിക്കാൻ നമുക്ക് സാധിക്കും. ഇന്നത്തെ ടെക്നോളജി യുഗത്തിൽ മനുഷ്യനെ ടെക്നോളജിയുമായി നിരന്തരം ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണിയാണ് സ്മാർട്ട്ഫോണുകൾ.
പലർക്കും തങ്ങളുടെ ശരീരത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ഭാഗമെന്നപോലെയാണ് സ്മാർട്ട്ഫോണുകൾ എന്ന് പോലും പറയാം. കാരണം മനുഷ്യജീവിതത്തിൽ ഇന്ന് സ്മാർട്ട്ഫോണുകൾ അത്രമേൽ പ്രാധാന്യം നേടിയിരിക്കുന്നു. ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വാട്സ്ആപ്പ്. ലോകത്ത് ഏറ്റവുമധികം വാട്സ്ആപ്പ് ഉപയോക്താക്കൾ ഉള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ.

കാര്യം മെസേജിങ് ആപ്പ് എന്നാണ് അറിയപ്പെടുന്നത് എങ്കിലും കോളിങ്, ബാങ്കിങ് ഉൾപ്പെടെ പല ആവശ്യങ്ങൾക്കും ഇന്ത്യക്കാർ വാട്സ്ആപ്പ് ഉപയോഗപ്പെടുത്തുന്നു. ഉപയോഗിക്കാനുള്ള എളുപ്പവും സുരക്ഷയും നിരവധി സൗകര്യങ്ങളുമുള്ള വാട്സ്ആപ്പിനെ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ടതാക്കുന്നു. വീഡിയോ കോളിങ് അടക്കം നിരവധി സൗകര്യങ്ങൾ ഉണ്ടെങ്കിലും വാട്സ്ആപ്പിലെ ചാറ്റിങ്ങിനോട് ആളുകൾക്ക് ഒരു പ്രത്യേക താൽപ്പര്യമുണ്ട്.
വാട്സ്ആപ്പിൽ ചാറ്റ് ചെയ്യുമ്പോൾ ഒരു പ്രത്യേക അനുഭൂതിയും സുരക്ഷിതത്വബോധവുമൊക്കെ ആളുകൾക്ക് അനുഭവപ്പെടാറുണ്ട്. ഉപയോക്താക്കളുടെ സൗകര്യത്തിനായി വാട്സ്ആപ്പ് നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര നവീകരണമാണ് എന്നും പുതുമ നഷ്ടപ്പെടാതെ വാട്സ്ആപ്പിനെ സജീവമാക്കി നിർത്തുന്നത്. വാട്സ്ആപ്പ് ഉപയോഗം എളുപ്പമാക്കാൻ ആവശ്യമായ ഫീച്ചറുകൾ പുറത്തിറക്കുന്നതിൽ വാട്സ്ആപ്പ് പ്രത്യേക ശ്രദ്ധ പുലർത്താറുണ്ട്.

അതിനാൽത്തന്നെ നിരവധി പുതിയ ഫീച്ചറുകൾ ഉപയോക്താക്കളെ തേടി എത്തിക്കൊണ്ടേയിരിക്കുന്നു. ചാറ്റിങ്ങിനായി വാട്സ്ആപ്പിൽ വോയിസ് മെസേജ് സൗകര്യം അടക്കം ലഭ്യമാണ്. എങ്കിലും കൂടുതൽ പേരും ടെക്സ്റ്റ് മെസേജുകൾ അയയ്ക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ ധൃതി പിടിച്ചുള്ള എഴുത്തിനിടയിൽ പലപ്പോഴും മെസേജുകളിൽ അക്ഷരത്തെറ്റുകൾ 'അതിക്രമിച്ച്' കടക്കാറുണ്ട്.
അത്തരത്തിൽ വാട്സ്ആപ്പ് മെസേജിൽ തെറ്റ് വരുന്ന സന്ദർഭങ്ങളിൽ മെസേജ് ഡിലീറ്റ് ചെയ്ത് പുതിയ മെസേജ് അയയ്ക്കുകയോ മറ്റൊരു മെസേജിലൂടെ തെറ്റ് തിരുത്തുകയോ ആണ് ആളുകൾ ചെയ്തുവന്നിരുന്നത്. ഓഫീസ് ആവശ്യങ്ങൾക്ക് പോലും നമ്മൾ ഇന്ത്യക്കാർ വാട്സ്ആപ്പ് ഔദ്യോഗികമായിത്തന്നെ ഉപയോഗിക്കാറുണ്ട്. അതിനാൽത്തന്നെ മെസേജുകളിൽ ഉണ്ടാകുന്ന അക്ഷരത്തെറ്റുകൾ വാട്സ്ആപ്പ് ഉപയോക്താക്കളെ ഏറെ ബാധിച്ചിരുന്നു.
ഒരു അക്ഷരം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ഉണ്ടാകുന്ന അർഥവ്യത്യാസം വളരെ വലുതാണ്. ഏത് ഭാഷയിൽ ടൈപ്പ് ചെയ്താലും അക്ഷരങ്ങളോ ചിഹ്നങ്ങളോ മാറിപ്പോകുകയോ വിട്ടുപോകുകയോ ചെയ്താൽ അർഥത്തിൽ ഗുരുതരമായ മാറ്റം ഉണ്ടാകും എന്നതിൽ സംശയമില്ല. അക്ഷരത്തെറ്റ് മൂലം ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ മെസേജ് ഡിലീറ്റ് ചെയ്യാതെ തന്നെ ഇനി പരിഹരിക്കാൻ സാധിക്കും.
മെസേജുകളിൽ സംഭവിക്കുന്ന അക്ഷരത്തെറ്റുകൾ പരിഹരിക്കാൻ എഡിറ്റ് മെസേജ് എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. സന്ദേശങ്ങൾ അയയ്‌ക്കുമ്പോൾ അക്ഷരപ്പിശകുകളോ വ്യാകരണ പിശകുകളോ ഉണ്ടായാൽ എഡിറ്റ് മെസേജ് ഫീച്ചർ ഉപയോഗിച്ച് അവ പരിഹരിക്കാൻ സാധിക്കും. പുതിയ ഫീച്ചർ പുറത്തിറക്കുന്ന കാര്യം മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ഫെയ്സ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.
പുതിയ എഡിറ്റ് മെസേജ് ഫീച്ചർ അടങ്ങുന്ന അപ്‌ഡേറ്റ് ഉപയോക്താക്കൾക്കായി കമ്പനി പുറത്തിറക്കാൻ തുടങ്ങിയെന്ന് മെറ്റാ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് എല്ലാ ഉപയോക്താക്കൾക്കും ഉടനടി ലഭ്യമാകില്ല, കാരണം ആപ്പ് കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നതിനാൽ ഇതിന് കുറച്ച് സമയമെടുക്കും. എങ്കിലും അധികം വൈകാതെ എല്ലാവരിലേക്കും പുതിയ ഫീച്ചർ എത്തും.

ഉപയോക്താക്കൾക്ക് അവർ എഴുതിയ സന്ദേശം, ഒന്നിലധികം തവണ എഡിറ്റ് ചെയ്യാൻ സാധിക്കും. എങ്കിലും മെസേജ് അയച്ച് 15 മിനിറ്റ് നേരത്തേക്ക് മാത്രമാണ് ഈ എഡിറ്റ് ഓപ്ഷൻ ലഭ്യമാകുക. അതുകഴിഞ്ഞാൽ സന്ദേശം എഡിറ്റ് ചെയ്യാൻ സാധിക്കില്ല. ചാറ്റിലെ തെറ്റുതിരുത്തുക എന്നത് മാത്രമാണ് പുതിയ ഫീച്ചറിന്റെ ലക്ഷ്യം.
എഡിറ്റ് ചെയ്യാൻ കൂടുതൽ സമയം നൽകിയാൽ അത് വാട്സ്ആപ്പ് മെസേജുകളുടെ ആധികാരികതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തും എന്ന് വാട്സ്ആപ്പ് കണക്കുകൂട്ടുന്നു. അതിനാലാണ് മെസേജ് എഡിറ്റ് ചെയ്യാനുള്ള സമയം 15 മിനിറ്റ് ആയി നിജപ്പെടുത്തിയിരിക്കുന്നത്. മെസേജ് എഡിറ്റ് ചെയ്ത് കഴിഞ്ഞാൽ അതിന് 'എഡിറ്റഡ്' എന്ന ലേബൽ ദൃശ്യമാകും എന്നാണ് സൂചന.
വാട്ട്‌സ്ആപ്പിൽ അയച്ച സന്ദേശങ്ങൾ എങ്ങനെ എഡിറ്റ് ചെയ്യാം: ആദ്യം എഡിറ്റ് ചെയ്യേണ്ട വാട്സ്ആപ്പ് സന്ദേശം എടുക്കുക. തുടർന്ന് അതിൽ ടാപ്പ് ചെയ്ത് പിടിക്കുക. ശേഷം എഡിറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് ആവശ്യമായ മാറ്റങ്ങൾ വരുത്തിയശേഷം 'ഡൺ' എന്നതിൽ ക്ലിക്ക് ചെയ്യുക. അതോടെ പഴയ മെസേജിന്റെ സ്ഥാനത്ത് എഡിറ്റ് ചെയ്ത മെസേജ് ദൃശ്യമാകും.


Click it and Unblock the Notifications








