കണ്ടാൽ നിഷ്കളങ്കമെന്ന് തോന്നും, പക്ഷേ അത്ര നിഷ്കളങ്കമല്ല! ഭയക്കണം ഈ ആപ്പിനെ
സ്മാർട്ട്ഫോൺ ഉടമകൾക്ക് വെല്ലുവിളിയാകുന്ന പുതിയ ആപ്പിനെ കണ്ടെത്തി സുരക്ഷാ ഗവേഷകർ. Bluetooth-LE-Spam' എന്ന് അറിയപ്പെടുന്ന ആപ്പ് ആണ് ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് ഭീഷണിയായി ടെക് ലോകത്ത് ഉയർന്നുവന്നിരിക്കുന്നത്. ബ്ലൂടൂത്ത് ടെക്നോളജി വിദഗ്ധവും എന്നാൽ ദോഷകരവുമായ രീതിയിൽ ഉപയോഗിച്ചുകൊണ്ട് സ്മാർട്ട്ഫോണുകളെ ചൂഷണം ചെയ്യാനും നിഷ്ക്രിയമാക്കാനും ഇതിന് കഴിയും.
പുറമേയ്ക്ക് നിഷ്കളങ്കമെന്ന് തോന്നിപ്പിക്കുന്ന ഈ ആപ്പ് എന്നാൽ അത്ര നിഷ്കളങ്കമല്ലെന്നും സ്മാർട്ട്ഫോണുകളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഈ ആപ്പിന് ശേഷിയുണ്ട് എന്നും സുരക്ഷാ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഫ്ലിപ്പർ സീറോ ഹാർഡ്‌വെയർ ഡിവൈസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പ്രശ്നക്കാരനായ ആപ്പ് തയാറാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ഐഫോൺ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് നിരന്തരമായി വ്യാജ ബ്ലൂടൂത്ത് പോപ്പ്-അപ്പ് അറിയിപ്പുകൾ അയയ്‌ക്കുന്നതിന് ഹാക്കർമാർ ഉപയോഗിക്കുന്ന ഹാർഡ്‌വെയർ ഡിവൈസ് ആണ് ഫ്ലിപ്പർ സീറോ ഹാർഡ്‌വെയർ. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പർ ഈ ആശയം ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരികയായിരുന്നു എന്നാണ് ഇതേപ്പറ്റിയുള്ള റിപ്പോർട്ട്.
ബ്ലീപ്പിങ് കമ്പ്യൂട്ടറിന്റെ ( Bleeping computer ) റിപ്പോർട്ട് പ്രകാരം 'Bluetooth-LE-Spam' എന്ന പുതിയ ആപ്പ് ടെക് ലോകത്ത് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഇയർബഡുകളും കീകളും പോലെയുള്ള യഥാർത്ഥ ഉപകരണങ്ങളുടേതെന്ന് നടിക്കുന്ന വ്യാജ ബ്ലൂടൂത്ത് സിഗ്നലുകൾ ഈ ആപ്പ് അയയ്ക്കുന്നു. ഉപയോക്താക്കളുടെ ആൻഡ്രോയിഡ് ഫോണിന് ഈ വ്യാജ സിഗ്നലുകൾ ലഭിക്കുമ്പോൾ, അത് അവയുമായി കണക്ടാകാൻ ശ്രമിക്കുന്നു.

നിലവിൽ ഈ ആപ്പ് തുടക്ക ഘട്ടത്തിലാണ്. അതിനാൽത്തന്നെ ഇതിന്റെ ശല്യം അത്ര രൂക്ഷമായിട്ടില്ല. എങ്കിലും ഹാക്കർമാർ ഉദ്ദേശിക്കുന്ന രീതിയിൽ ഇത് പ്രവർത്തിക്കും എന്നാണ് റിപ്പോർട്ട്. ഇത് ആൻഡ്രോയിഡ് ഉപകരണത്തിൽ ഇൻസ്‌റ്റാൾ ചെയ്‌ത ശേഷം, അത് 'ഫാസ്റ്റ് പെയർ' എന്ന രീതിയിൽ കാണും.
പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ ഇയർബഡുകൾ പോലെയുള്ളവയുമായി ഫോൺ കണക്റ്റുചെയ്യുന്നത് എളുപ്പമാക്കുന്ന ഒരു സവിശേഷതയാണ് ഫാസ്റ്റ് പെയർ. 'Bluetooth-LE-Spam'-ന് ഒരു സെക്കൻഡിനുള്ളിൽ മറ്റ് ഉപകരണങ്ങളിലേക്ക് വ്യാജ ബ്ലൂടൂത്ത് അഭ്യർത്ഥനകൾ അയയ്ക്കാൻ കഴിയും. പക്ഷേ തുടക്ക ഘട്ടമായതിനാലാകാം. ഏതാനും മീറ്ററുകൾക്കുള്ളിൽ നിന്ന് മാത്രമേ ഈ ആപ്പിന് വ്യാജ സന്ദേശങ്ങൾ അയയ്‌ക്കാൻ സാധിക്കൂ എന്നാണ് കണ്ടെത്തൽ.
ഹാക്കർമാർ ഉപയോഗിക്കുന്ന ഫ്ലിപ്പർ സീറോയുടെ അത്ര ശക്തമല്ല ഇത്. എന്നാൽ ഇത് തുടക്ക ഘട്ടത്തിൽ ആയതിനാലാകാമെന്നും ഭാവിയിൽ കൂടുതൽ മെച്ചപ്പെടുത്തപ്പെട്ടേക്കാമെന്നും പറയുന്നു. സ്മാർട്ട്ഫോണുകളെ മാത്രമല്ല, അടുത്തുള്ള വിൻഡോസ് ഡിവൈസുകളെയും 'Bluetooth-LE-Spam' ബാധിക്കും. ഈ ആപ്പ് വ്യാജ സന്ദേശങ്ങൾ അയക്കുമ്പോൾ കമ്പ്യൂട്ടർ മൗസുകൾ, കീബോർഡുകൾ തുടങ്ങിയവയുടെ പ്രവർത്തനം നിലയ്ക്കുമെന്ന് പരിശോധനയിൽ കണ്ടെത്തി.

ഇതേപോലെ ഒരു ഫോണിന്റെ പ്രവർത്തനത്തെയും നിശ്ചലമാക്കാൻ ഈ ആപ്പിന് സാധിക്കും എന്നാണ് മുന്നറിയിപ്പ്. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി ഉപയോക്താക്കൾ തങ്ങളുടെ പ്രധാന ഡിവൈസിൽ 'Bluetooth-LE-Spam' ആപ്പ് പരീക്ഷിക്കരുതെന്നും ഇത് സുരക്ഷിതമാണ് എന്ന് ഉറപ്പ് പറയാൻ കഴിയില്ല എന്നും ബ്ലീപ്പിങ് കമ്പ്യൂട്ടർ പറയുന്നു.
ഇത്തരത്തിലുള്ള ആപ്പുകൾ നമ്മുടെ ഫോണുമായി കണക്ടാകുകയും ഫോൺ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നത് നല്ലതാണ്. അതിനായി ഫോണിന്റെ സെറ്റിങ്സിലേക്ക് പോയി 'Google' കണ്ടെത്തുകയും 'നിയർബൈ ഷെയർ' ഓഫാക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ ഡിവൈസ് സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കും.
വിൻഡോസിൽ ഇത്തരം ആക്രമണങ്ങൾ തടയാൻ, സെറ്റിങ്സിൽ ബ്ലൂടൂത്ത് ആൻഡ് ഡിവൈസസ് സെലക്ട് ചെയ്ത് തുടർന്ന് ഡിവൈസസ് എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് സ്ക്രോൾ ചെയ്ത് ഡിവൈസ് സെറ്റിങ്സ് എടുക്കുക. ശേഷം ഷോ നോട്ടിഫിക്കേഷൻസ് ടു കണക്ട് യൂസിങ് സ്വിഫ്ട് പെയർ എന്നതിന്റെ ടോഗിൾ ഓഫ് ആക്കുക.


Click it and Unblock the Notifications








