ഫോണിൽ സ്ഥലമില്ലേ, ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് വിഷമിക്കേണ്ട! ഓട്ടോ-ആർക്കൈവ് ഫീച്ചറുമായി ഗൂഗിൾ
പഴയതും പുതിയതുമായ സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറ്റവുമധികം നേരിടുന്നൊരു വെല്ലുവിളിയാണ് സ്റ്റോറേജ് പരിമിതി. കുറഞ്ഞ സ്റ്റോറേജുള്ള ഫോണുകൾ ആപ്പുകളുടെ ഡാറ്റയും മറ്റും സൂക്ഷിക്കാൻ സ്ഥലമില്ലാത്തതുമൂലം പണിമുടക്കുകയും അത്യാവശ്യ ഘട്ടങ്ങളിൽ ഉൾപ്പെടെ നിശ്ചലമാകുകയും ചെയ്യാറുണ്ട്. താരതമ്യേന അധികം ഉപയോഗിക്കാത്ത ആപ്പുകൾ ഡിലീറ്റ് ചെയ്താണ് പലരും ഈ പ്രശ്നം പരിഹരിക്കുന്നത്.
ഇതുമൂലം ആപ്പിൽ സൂക്ഷിച്ചിരുന്ന ഡാറ്റ ഉൾപ്പെടെ നഷ്ടപ്പെടും. ഇപ്പോൾ എത്തുന്ന ഫോണുകളിൽ അത്യാവശ്യം സ്റ്റോറേജ് സൗകര്യം ലഭ്യമാണ്. എന്നാൽ അൽപ്പം പഴയഫോൺ ഉപയോഗിക്കുന്ന ഒട്ടേറെപ്പേരുടെ ഫോണുകൾ സ്റ്റോറേജ് പരിധി പിന്നിട്ടതിനാൽ പലവിധ പ്രശ്നങ്ങൾ ഉയർത്തുകയും ഉപയോക്താക്കൾ താൽക്കാലിക മാർഗങ്ങളിലൂടെ അവ പരിഹരിച്ച് മുന്നോട്ട് പോകുകയുമാണ് ചെയ്തുവരുന്നത്.

സാധാരണക്കാരാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലും നേരിടുന്നത്. സ്റ്റോറേജ് പ്രശ്നം മൂലം കഷ്ടപ്പെടുന്ന ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പുത്തൻ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിൾ. ഓട്ടോ-ആർക്കൈവ് എന്നാണ് ഈ ഫീച്ചറിന് പേര് നൽകിയിരിക്കുന്നത്. ഓരോ തവണയും സ്‌റ്റോറേജ് സ്‌പേസ് പ്രശ്‌നങ്ങൾ നേരിടുമ്പോൾ ആപ്പ് അൺഇൻസ്റ്റാൾ ചെയ്യാതെതന്നെ, ഫോണുകളിലെ ആപ്പ് സ്‌റ്റോറേജ് ഫലപ്രദമായി നിയന്ത്രിക്കുമെന്നതാണ് ആർക്കൈവിംഗ് ഫീച്ചറിന്റെ പ്രത്യേകത.
പുതിയ ഫീച്ചർ എത്തുന്നതോടെ സ്ഥലം ഉണ്ടാക്കാനായി ഫോണിലെ ആപ്പുകൾ ഡിലീറ്റ് ചെയ്യേണ്ടതില്ല. പകരം ആ ജോലി ഓട്ടോ-ആർക്കൈവ് ഫീച്ചറിന് വിട്ടുകൊടുത്താൽ മതി. ഫോണിൽ സ്റ്റോറേജ് കുറഞ്ഞ് മുന്നോട്ട് പോകാൻ സാധിക്കാത്ത ഘട്ടം എത്തുമ്പോൾ ഓട്ടോമാറ്റിക്കായി ഓട്ടോ-ആർക്കൈവ് ഓപ്ഷൻ ഫോണിന്റെ ഡിസ്പ്ലേയിൽ തെളിയും.

ഈ ഘട്ടത്തിൽ സ്റ്റോറേജ് മാനേജ് ചെയ്യാൻ ഫീച്ചറിനെ അനുമതി നൽകിയാൽ ബാക്കിക്കാര്യം ഫോൺ തനിയേ നോക്കിക്കൊള്ളും. ഫോണിൽ നിന്ന് ആപ്പുകൾ പൂർണ്ണമായി അൺഇൻസ്റ്റാൾ ചെയ്യുന്നതിനുപകരം ഏറ്റവും കുറച്ച് ഉപയോഗിക്കുന്ന ആപ്പുകൾ ആർക്കൈവ് ചെയ്യുകയാണ് ഈ ഫീച്ചർ ചെയ്യുന്നത്. ഇതിലൂടെ ഒരു ആപ്പിന്റെ വലുപ്പം 60% ചുരുങ്ങുകയും അത്രയും സ്റ്റോറേജ് ഫോണിൽ ലഭ്യമാകുകയും ചെയ്യുന്നു.
ഈ ആപ്പിലെ ഉപയോക്താവിന്റെ ഡാറ്റ സുരക്ഷിതമായി നിലനിർത്തിക്കൊണ്ടു തന്നെ സ്റ്റോറേജ് കണ്ടെത്തും എന്നതാണ് ഓട്ടോ-ആർക്കൈവ് ഫീച്ചറിന്റെ മെച്ചം. സ്റ്റോറേജ് പരിധി കുറഞ്ഞ എൻട്രിലെവൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആളുകൾക്ക് ഈ ഫീച്ചർ ഏറെ ഗുണം ചെയ്യും. ഉപയോക്താക്കൾ ആപ്പുകളുടെ സേവനം ഒഴിവാക്കുന്നതും അൺഇൻസ്റ്റാൾ ചെയ്യുന്നതും തടയുന്നതിനാൽ ആപ്പ് ഡെവലപ്പർമാർക്കും ഗുണമുണ്ട്.
ക്യാമറകളുടെ മികവിന് അനുസരിച്ച് ഫോട്ടോകളുടെയും വീഡിയോകളുടെയും മറ്റും ഫയൽസൈസ് വർധിക്കുന്നതിനാൽ 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള സ്മാർട്ട്ഫോണുകൾക്ക് പോലും ഈ ആപ്പ് ഓട്ടോ-ആർക്കൈവ് ഫീച്ചർ ഉപകാരപ്പെടും. പുതിയ ഫീച്ചർ അവതരിപ്പിച്ചു എങ്കിലും ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ഈ ഓപ്ഷൻ എപ്പോൾ മുതൽ ലഭ്യമാകുമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല.

ഓട്ടോ-ആർക്കൈവിംഗ് ഫീച്ചർ ഉപയോഗിച്ച് ആർക്കൈവ് ചെയ്യുമ്പോൾ ആപ്പ് ഡാറ്റ ഫോണിൽ സൂക്ഷിക്കുന്നതിനൊപ്പം ആപ്പ് ഐക്കൺ ഫോണിൽ നിലനിൽക്കുകയും ചെയ്യും. ഇടം ലാഭിക്കുന്നതിന്, ആപ്പിന്റെ കോഡിന്റെയും സോഴ്സിന്റെയും ചില ഭാഗങ്ങൾ ഗൂഗിൾ ഡിലീറ്റ് ചെയ്യുന്നു. ഉപയോക്താവിന് ആപ്പ് വീണ്ടും ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഗൂഗിൾ അത് പ്ലേ സ്റ്റോറിൽ നിന്ന് വീണ്ടും ഡൗൺലോഡ് ചെയ്യും.
ഫീച്ചർ ഉപയോഗിച്ച് ഫോൺ സ്വയം ആപ്പ് ആർക്കൈവ് ചെയ്‌തുകഴിഞ്ഞാൽ, ഒരു ചെറിയ "ക്ലൗഡ്" ഐക്കൺ ദൃശ്യമാകും. ഇത് ഗൂഗിൾ പ്ലേ ആപ്പ് സ്റ്റോറിൽ നിന്ന് ആപ്പ് വീണ്ടും ഡൗൺലോഡ് ചെയ്യേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്നു. അതിനാൽ, ഗൂഗിൾ പ്ലേയിൽ ആപ്പ് ലഭ്യമായിരിക്കുന്നിടത്തോളം കാലം ഉപയോക്താക്കൾക്ക് അവർ ആർക്കൈവ് ചെയ്ത ആപ്പ് ഡാറ്റകൾ സഹിതം വീണ്ടും ഉപയോഗിക്കാൻ സാധിക്കും.
സ്റ്റോറേജ് കണ്ടെത്താൻ ആപ്പുകൾ നമ്മൾ നേരിട്ട് അൺഇൻസ്റ്റാൾ ചെയ്യേണ്ടതില്ല എന്നതും ഡാറ്റ നഷ്ടമാകില്ല എന്നതുമാണ് ഈ ഫീച്ചറിന്റെ മെച്ചം. എന്നാൽ എല്ലാ ആപ്പുകളിലും ഈ ഫീച്ചർ പ്രവർത്തിക്കില്ല. ആപ്പ് ബണ്ടിൽ വഴി പബ്ലിഷ് ചെയ്യപ്പെടുന്ന ആപ്പുകൾക്കുമാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ. പൊതു APK-കൾ വഴി ഇൻസ്‌റ്റാൾ ചെയ്‌തിരിക്കുന്ന ആപ്പുകൾ ആർക്കൈവ് ചെയ്യപ്പെടില്ല.
ഡെവലപ്പർമാർക്കും സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കും ഏറെ ഉപകാരപ്രദമാണ് ഗൂഗിളിന്റെ ഈ ഫീച്ചർ. "ഉപയോക്താക്കൾക്ക് അവരുടെ ഡിവൈസ് സ്റ്റോറേജ് നിയന്ത്രിക്കാനുള്ള ഒരു എളുപ്പമാർഗ്ഗമാണ് ഓട്ടോ-ആർക്കൈവ്, കൂടാതെ ഡെവലപ്പർമാർക്ക് അവരുടെ ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യപ്പെടാനുള്ള സാധ്യത കുറയ്ക്കാനും മികച്ച മാർഗമാണ്'' ഓട്ടോ-ആർക്കൈവ് ഫീച്ചർ എന്ന് ഗൂഗിൾ തങ്ങളുടെ പോസ്റ്റിൽ വ്യക്തമാക്കുന്നു.


Click it and Unblock the Notifications