ഇനി കടം പറയാം! കടമായി സാധനങ്ങൾ വാങ്ങാനുള്ള ഓപ്ഷൻ നവീകരിച്ച് ഗൂഗിൾ പേ
'കടം പറയരുത്' എന്നതാണ് നമ്മുടെ നാട്ടിലെ കടക്കാരുടെ ആസ്ഥാന വചനം! എന്നാൽ കൈയിൽ കാശ് ഇല്ല എന്നുകരുതി അത്യാവശ്യ സാധനങ്ങൾ വാങ്ങാതിരിക്കാനാകുമോ അതുമില്ല. ഇങ്ങനെ കൈയിൽ കാശ് ഇല്ലാതെ സാധനം വാങ്ങാൻ പറ്റാത്ത അവസരങ്ങളിൽ തുണയാകാൻ ഭാവിയിൽ ഒരു കരുത്തായി ഗൂഗിൾ പേ കൂടെയുണ്ടാകും.
കച്ചവടം ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ ഇന്ത്യയിലെ ആളുകളോട് ഗൂഗിൾ പേയെപ്പറ്റി പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. ഇന്ന് രാജ്യത്തെ ഏറ്റവും പ്രധാന യുപിഐ പേയ്മെന്റ് ആപ്പുകളിലൊന്ന് ഗൂഗിളിന്റെ ഈ ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമാണ്. അങ്ങനെയുള്ള ജി-പേ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് എളുപ്പവും സുരക്ഷിതവുമാക്കാൻ മൂന്ന് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നു.

ലഭ്യമായ റിവാർഡുകളെപ്പറ്റി അറിയിപ്പു നൽകുന്ന ഫീച്ചർ, ഓട്ടോഫിൽ ഫീച്ചർ, ബൈ നൗ പേ ലേറ്റർ (ബിഎൻപിഎൽ) ഫീച്ചർ എന്നിവയാണ് ഗൂഗിൾ പേ (Google Pay) പുതിയതായി അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറുകൾ. ഇതിൽ കൂടുതൽ ആളുകൾക്കും ഉപകാരപ്പെടുക ബൈ നൗ പേ ലേറ്റർ ഫീച്ചർ ആയിരിക്കും. ഇവ ഇന്ത്യയിൽ എപ്പോൾ ലഭ്യമാകുമെന്ന് വ്യക്തമല്ല.
ഇപ്പോൾ വാങ്ങിയ ശേഷം പണം പിന്നീട് നൽകുക- Buy now pay later - (BNPL) എന്ന സൗകര്യം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിപണിയിൽ ഉണ്ട്. ഗൂഗിൾ പേയിലും ഈ സൗകര്യം അവതരിപ്പിക്കപ്പെട്ടിരുന്നു. പർച്ചേസ് നടത്തിയതിനുശേഷം പിന്നീട് പതിയെ തവണകളായി പണമടയ്ക്കാൻ സാധിക്കും എന്നതാണ് ഈ ഫീച്ചറിന്റെ നേട്ടം.
കടം വാങ്ങാൻ മിക്ക ആളുകൾക്കും താൽപര്യം ഉള്ളതിനാൽ, ബൈ നൗ പേ ലേറ്റർ ( BNPL) സംവിധാനം ഓൺലൈനിൽ ഷോപ്പിംഗ് നടത്തുന്നതിനുള്ള ഒരു ജനപ്രിയ മാർഗമായി മാറിക്കൊണ്ടിരിക്കുകയാണ്, ഏറെ ഫ്ലെക്സിബിളായ പേയ്‌മെൻ്റ് ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു എന്നതുതന്നെയാണ് ഈ സംവിധാനത്തെ ജനപ്രിയമാക്കി മാറ്റുന്നത്.
ബിഎൻപിഎൽ ഉപയോഗിച്ച്, ഷോപ്പർമാർക്ക് ഉടനടി ഒരു പർച്ചേസ് നടത്താനും മുഴുവൻ തുകയും മുൻകൂട്ടി അടയ്‌ക്കുന്നതിനുപകരം നിരവധി തവണകളിലൂടെ കാലക്രമേണ പണമടയ്‌ക്കാനും സാധിക്കുന്നു. ഈ വർഷം ആദ്യം, Google Pay, Affirm, Zip തുടങ്ങിയ BNPL ഓപ്ഷനുകളെ സമന്വയിപ്പിക്കാൻ തുടങ്ങി. ഇപ്പോൾ, യുഎസിലെ കൂടുതൽ വെബ്‌സൈറ്റുകളിലേക്കും ആൻഡ്രോയിഡ് ആപ്പുകളിലേക്കും BNPL ഓപ്ഷൻ ഗൂഗിൾ പേ വിപുലീകരിച്ചു.
റിവാർഡ് ഫീച്ചർ: പല ക്രെഡിറ്റ് കാർഡുകളും പർച്ചേസുകൾക്ക് ക്യാഷ്ബാക്ക് ഉൾപ്പെടെ വിവിധ റിവാർഡുകൾ വാഗ്ദാനം ചെയ്യാറുണ്ട്. ഫ്ലൈറ്റുകൾക്കോ ഹോട്ടൽ താമസത്തിനോ റിഡീം ചെയ്യാവുന്ന ട്രാവൽ പോയിൻ്റുകൾ, റെസ്റ്റോറൻ്റുകളിലെ ഡൈനിങ്ങിനുള്ള ഡിസ്കൗണ്ടുകൾ എന്നിങ്ങനെ പലവിധത്തിൽ ഈ റിവാർഡുകൾ എത്തുന്നു. എന്നാലിത് കൃത്യമായി പ്രയോജനപ്പെടുത്താൻ പലർക്കും കഴിയാറില്ല. അതിന് കാരണം ഏത്, എവിടെ, എപ്പോൾ ഉപയോഗിക്കണമെന്ന് അറിവില്ലാത്തതിനാലാണ്.

ഈ പ്രശ്നം പരിഹരിക്കാൻ പുതിയ ഗൂഗിൾ പേ ഫീച്ചർ സഹായിക്കും. കാരണം, ചെക്ക്ഔട്ട് സമയത്ത് ഓരോ കാർഡിൻ്റെയും ആനുകൂല്യങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു പുതിയ ഫീച്ചർ ഗൂഗിൾ പേ അവതരിപ്പിച്ചു. ഇപ്പോൾ നടത്തുന്ന പർച്ചേസിന് മികച്ച റിവാർഡുകൾ നൽകുന്ന കാർഡ് ഏത് എന്ന് പെട്ടെന്ന് തിരിച്ചറിയാൻ ഉപയോക്താവിനെ സഹായിക്കുന്ന വിധത്തിലാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഉപയോക്താക്കൾ ഡെസ്‌ക്‌ടോപ്പിൽ ക്രോം ഉപയോഗിച്ച് പരിശോധിക്കുമ്പോൾ ഓട്ടോഫിൽ ഡ്രോപ്പ്-ഡൗൺ മെനുവിൽ അവരുടെ കാർഡ് ആനുകൂല്യങ്ങളുടെ ഒരു ലിസ്റ്റ് കാണും. ഇതിലൂടെ ഓരോ കാർഡിൻ്റെയും റിവാർഡ് പ്രോഗ്രാം നേരിട്ട് പരിശോധിക്കാതെ തന്നെ, പരമാവധി ആനുകൂല്യങ്ങൾക്കായി ഏത് കാർഡ് ഉപയോഗിക്കണമെന്ന് ഉപയോക്താക്കൾക്ക് ഉടനടി കാണാനാകും.

ഓട്ടോഫിൽ ഫീച്ചർ: ഓൺലൈൻ ചെക്ക്ഔട്ട് സമയത്ത് ഷിപ്പിംഗ്, ബില്ലിംഗ്, പേയ്‌മെൻ്റ് വിശദാംശങ്ങൾ എന്നിവ ഓട്ടോമാറ്റിക്കായി നൽകി സമയം ലാഭിക്കുന്ന ഒരു സൗകര്യപ്രദമായ ഫീച്ചറാണ് ഓട്ടോഫിൽ. ഈ ഫീച്ചർ ഷോപ്പിങ് വേഗത്തിലാക്കാൻ മാത്രമല്ല കൂടുതൽ സുരക്ഷിതമാക്കാനും കഴിയുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി ബയോമെട്രിക് രീതിവഴി ഐഡൻ്റിറ്റി ഉറപ്പിക്കേണ്ടതുണ്ട്.
അതായത്, പർച്ചേസ് പൂർത്തിയാക്കാൻ, ഫിംഗർപ്രിൻ്റ്, ഫെയ്സ് ഡിറ്റക്ഷൻ രീതികളിലൊന്നുവഴി നമ്മുടെ ഐഡൻ്റിറ്റി ഉറപ്പിക്കാൻ ഗൂഗിൾ പേ ആവശ്യപ്പെടും. പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, കാർഡ് വിശദാംശങ്ങൾ ഓട്ടോമാറ്റിക്കായി ഫിൽ ആകും. വേഗത്തിലും സുരക്ഷിതമായും പേയ്‌മെൻ്റുമായി മുന്നോട്ട് പോകാൻ നിങ്ങളെ അനുവദിക്കുന്നു. ഇതിനകം ഫോണിൽ ലഭ്യമായിട്ടുള്ള സേഫ്ടി ഫീച്ചറുകൾ പ്രയോജനപ്പെടുത്തിയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്.


Click it and Unblock the Notifications








