ഇനി പണി കിട്ടുമെന്ന പേടി വേണ്ട! സർക്കാർ ആപ്പുകൾക്ക് ബാഡ്ജ് നൽകി പ്ലേ സ്റ്റോർ
പതിനാലിലധികം രാജ്യങ്ങളിലെ ഔദ്യോഗിക സ്റ്റേറ്റ്, ഫെഡറൽ ഗവൺമെൻ്റ് ആപ്പുകൾ തിരിച്ചറിയുന്നതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ ലേബലുകൾ പുറത്തിറക്കാൻ തുടങ്ങി. വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക ഇടപാടുകളോ വഴി ഉപയോക്താക്കളെ കബളിപ്പിക്കാൻ ശ്രമിച്ചേക്കാവുന്ന ആപ്പുകളിൽ നിന്ന് നിയമാനുസൃതമായ സർക്കാർ ആപ്പുകളെ വേർതിരിച്ചറിയാൻ ഉപയോക്താക്കളെ സഹായിക്കുക എന്നതാണ് ഈ ഫീച്ചറിൻറെ ലക്ഷ്യം.
ഇന്ത്യ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ജർമ്മനി, ജപ്പാൻ, ഫ്രാൻസ്, കാനഡ, യുണൈറ്റഡ് കിംഗ്‌ഡം, ബ്രസീൽ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ഇന്തോനേഷ്യ, മെക്‌സിക്കോ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ രണ്ടായിരത്തിലധികം ആപ്പുകളിൽ ഈ ബാഡ്‌ജുകൾ നിലവിൽ ബാധകമാണെന്ന് ടെക്ക് ക്രഞ്ച് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ആപ്പ് ഡെവലപ്പർമാർക്കായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഗൂഗിൾ ഈ ഫീച്ചർ സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു.

ഉപയോക്താക്കൾക്ക് ഇപ്പോൾ ഔദ്യോഗിക ആപ്പുകൾക്കൊപ്പം ഒരു പുതിയ ഗവണ്മെന്റ് ബാഡ്ജ് കാണാനാകും. ഈ ബാഡ്ജിൽ ടാപ്പ് ചെയ്താൽ 'Play verified this app is affiliated with a government entity' എന്ന് പറയുന്ന ഒരു പോപ്പ്-അപ്പ് മെസ്സേജ് വരുന്നതാണ്. കൂടാതെ, ആപ്പുകൾക്കായുള്ള ടോപ്പ് ചാർട്ടുകൾ പോലുള്ള ലിസ്റ്റുകളിലും ഈ ബാഡ്ജ് ദൃശ്യമാകും.
ബാഡ്‌ജുകളുള്ള ആപ്പുകളുടെ ഓൺബോർഡിംഗ് സുഗമമാക്കുന്നതിന് ഗവൺമെൻ്റുകളുമായും അവരുടെ ഡെവലപ്പർ പങ്കാളികളുമായും ഗൂഗിൾ സഹകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ, പ്ലേ സ്റ്റോറിൽ പെരുകുന്ന നിരവധി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വ്യാജ ആപ്പുകൾ കമ്പനിക്ക് വെല്ലുവിളി ആകുന്നുണ്ട്. കൃത്യമല്ലാത്ത വിവരണങ്ങളോ തെറ്റിദ്ധരിപ്പിക്കുന്ന ഐക്കണുകളോ സ്ക്രീൻഷോട്ടുകളോ ഉള്ള ആപ്പുകളെ, പ്രത്യേകിച്ച് ഔദ്യോഗിക ആപ്പുകളെന്ന് തെറ്റായി അവകാശപ്പെടുന്നവ, പ്ലേ സ്റ്റോറിന്റെ നിലവിലുള്ള നയങ്ങൾ ഇതിനകം തന്നെ നിരോധിച്ചിട്ടുണ്ട് എന്നത് അഭിനന്ദനാർഹമാണ്.
ഒരു സർക്കാർ സ്ഥാപനവുമായി തെറ്റായി അഫിലിയേഷൻ ക്ലെയിം ചെയ്യുന്ന ആപ്പുകളെയും സർക്കാർ സേവനങ്ങൾ നൽകാനോ പ്രോസസ്സ് ചെയ്യാനോ ശരിയായ അംഗീകാരമില്ലാത്ത ആപ്പുകളെയും പൊതു ലംഘനമായി കണക്കാക്കുകയാണ് ഗൂഗിൾ. ഗൂഗിൾ നിയമങ്ങളിൽ ഇവ വ്യക്തമായി സൂചിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഫേക്ക് ആപ്പുകൾക്ക് ബാഡ്ജ് ഉണ്ടാകാനുള്ള സാധ്യത ഇല്ല.
സർക്കാർ രേഖകൾ പ്രോസസ്സ് ചെയ്യുന്നതിന് മതിയായ അംഗീകാരത്തിൻ്റെ തെളിവ് ഡെവലപ്പർമാർ സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ, ആപ്പുകൾ പ്രസിദ്ധീകരിക്കുന്നതിനായി ഗൂഗിൾ പ്ലേയിൽ ഡെവലപ്പർ അക്കൗണ്ടുകൾ സൃഷ്ടിക്കുമ്പോൾ ഔദ്യോഗിക ഇമെയിൽ ഐഡികൾ ഉപയോഗിക്കാൻ ഗവൺമെൻ്റിനെ ഗൂഗിൾ പ്രോത്സാഹിപ്പിക്കുന്നു. ഈ പ്രോസസ്സ് ഉപയോക്താക്കൾക്ക് ഒരു തരത്തിലുള്ള ഫേക്ക് ആപ്പുകളും ഉപയോഗിക്കാതിരിക്കാനുള്ള വഴി ഒരുക്കും.
പ്ലാറ്റ്‌ഫോമിൽ ഉയർന്ന നിലവാരമുള്ള ആപ്പുകൾ വർധിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി 2023 നവംബറിലാണ് ഗൂഗിൾ ഈ ഫീച്ചർ ആദ്യം പ്രഖ്യാപിച്ചത്. അതിനുശേഷം 3,000ലധികം സർക്കാർ ആപ്ലിക്കേഷനുകളിൽ ബാഡ്ജ് നൽകികൊണ്ട് പ്ലേ സ്റ്റോർ കുറച്ച് മാസങ്ങളായി ചെറിയ ശതമാനം ഉപയോക്താക്കളിൽ ഈ ഫീച്ചർ പരീക്ഷിച്ചിരുന്നു. എന്നാലിപ്പോൾ ബാഡ്ജ് എല്ലാവർക്കും കാണാനാകും. ഒരു ആപ്പിന് ബാഡ്‌ജ് ലഭിക്കുന്നതിനുള്ള ആവശ്യകതകൾ എന്താണെന്ന് നിങ്ങൾക്ക് അറിയണമെങ്കിൽ, അവ വിശദീകരിക്കാൻ സഹായിക്കുന്ന ഒരു ഹെല്പ് പേജ് സ്ഥാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








