ഗൂഗിൾ വാലറ്റ് ആപ്പ് ഇന്ത്യയിൽ എത്തി; ഗൂഗിൾ പേയെക്കാൾ കേമൻ! നേട്ടങ്ങൾ അനവധി
ഒരു പഴ്സിൽ സൂക്ഷിച്ചിരിക്കുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് പോലുള്ളവ സുരക്ഷിതമായി ഫോണിൽ സൂക്ഷിക്കാനും അതുപയോഗിച്ച് വളരെ എളുപ്പത്തിലും സുരക്ഷിതമായും പേയ്മെന്റുകൾ നടത്താനും സാധിക്കുന്ന ഒരു ആപ്പ് ഉപയോഗിക്കാൻ താൽപര്യമുണ്ടോ, എങ്കിൽ നേരേ പ്ലേ സ്റ്റോറിലേക്ക് പോയി ഗൂഗിൾ വാലറ്റ് (Google Wallet) ആപ്പ് ഡൗൺലോഡ് ചെയ്യാം.
ഗൂഗിൾ 2022ൽ ലോഞ്ച് ചെയ്ത ഡിജിറ്റൽ വാലറ്റാണ് ഗൂഗിൾ വാലറ്റ്. തുടക്കത്തിൽ അമേരിക്കയിലും തുടർന്ന് മറ്റ് രാജ്യങ്ങളിലും ലഭ്യമായിരുന്ന ഗൂഗിൾ വാലറ്റ് ഇപ്പോൾ ഇന്ത്യയിലും എത്തിയിരിക്കുന്നു. ഇന്ത്യയിലെ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഇപ്പോൾ പ്ലേ സ്റ്റോറിൽ നിന്ന് ഈ ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നുണ്ട്.

ഇന്ത്യയിൽ ഗൂഗിൾ വാലറ്റ് സേവനം ലഭ്യമാക്കിയ വിവരം ഗൂഗിൾ ഔദ്യോഗികമായി അറിയിച്ചിട്ടില്ല എങ്കിൽ പോലും പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത ഈ ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്നുണ്ട് എന്ന് നിരവധിപേർ സാക്ഷ്യപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഘട്ടം ഘട്ടമായാണ് ഈ ആപ്പ് വിവിധ രാജ്യങ്ങളിലേക്ക് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
എന്താണ് ഗൂഗിൾ വാലറ്റിന്റെ പ്രത്യേകത: ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ടോക്കണൈസുചെയ്‌ത് സുരക്ഷിതമായി സംഭരിച്ചുകൊണ്ട് കോൺടാക്റ്റ്‌ലെസ് പേയ്‌മെൻ്റുകൾ നടത്താൻ ഈ ആപ്പ് ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നു. അതായത് ഈ കാർഡുകളൊക്കെ ഡിജിറ്റൽ വാലറ്റിലേക്ക് ആഡ് ചെയ്യാൻ സാധിക്കും. ഇതിന് ശേഷം ഫിസിക്കൽ കാർഡുകൾ വീട്ടിൽ വച്ചാലും ഗൂഗിൾ വാലറ്റ് ആപ്പ് ഉപയോഗിച്ച് കാർഡ് പേയ്മെന്റുകൾ നടത്താം.

ഡെബിറ്റ്- ക്രൈഡിറ്റ് കാർഡുകളുടെ യഥാർത്ഥ നമ്പറിനെ തനത് കോഡുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയോ ഒരു വെർച്വൽ കാർഡ് സൃഷ്‌ടിക്കുകയോ ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. ബാങ്ക് കാർഡുകൾ മാത്രമല്ല, ഗിഫ്റ്റ് കാർഡുകൾ, ഇവൻ്റ് ടിക്കറ്റുകൾ, ഫ്ലൈറ്റ് ടിക്കറ്റുകൾ എന്നിവയും ഈ ഡിജിറ്റൽ വാലറ്റ് ഉപയോഗിച്ച് സംഭരിക്കാൻ സാധിക്കും.
ബാങ്ക് കാർഡുകൾ ഡിജിറ്റൽ രൂപത്തിൽ ഗൂഗിൾ വാലറ്റിൽ സൂക്ഷിക്കുന്നതിനാൽ പേയ്മെന്റുകൾ കൂടുതൽ സുരക്ഷിതമായും എളുപ്പത്തിലും പേയ്മെന്റ് നടത്താം. ഡെബിറ്റ്, ക്രെഡിറ്റ് പേയ്മെന്റുകൾ ഇത്തരത്തിൽ നടത്താം. ക്യുആർ കോഡ് സ്കാൻ ചെയ്ത് ഉൾപ്പെടെ പേയ്മെന്റുകൾ നടത്താൻ സാധിക്കും എന്നതും നേട്ടമാണ്. കൂടാതെ ഗൂഗിൾ പേയിൽ ലഭ്യമാകുന്നതുപോലെ റിവാർഡുകളും ലഭ്യമാകും.
ഇന്ത്യയിൽ ഏറെ പ്രചാരമുള്ള യുപിഐ ആപ്പുകളിൽ ഒന്നാണ് ഗൂഗിളിന്റെ ഗൂഗിൾ പേ. എന്നാൽ ഗൂഗിൾ പേയക്കാൾ ഒരുപാട് മികച്ച ഫീച്ചറുകൾ ഗൂഗിൾ വാലറ്റിനുണ്ട്. അതിനാൽത്തന്നെ ഗൂഗിൾ വാലറ്റ് അവതരിപ്പിക്കപ്പെട്ട നിരവധി രാജ്യങ്ങളിൽ ഗൂഗിൾ വാലറ്റ് ജനപ്രീതി നേടിയതോടെ ഗൂഗിൾ പേ സേവനങ്ങൾ അവസാനിപ്പിക്കപ്പെട്ടിരുന്നു. ഇന്ത്യയിൽ നിലവിലെ സാഹചര്യം വ്യത്യസ്തമാണ്.

ജനപ്രീതി കണക്കിലെടുത്ത് ഗൂഗിൾ വാലറ്റിനൊപ്പം ഗൂഗിൾ പേ സേവനങ്ങളും തുടർന്നും ഇന്ത്യയിൽ ലഭ്യമാകും എന്നാണ് റിപ്പോർട്ട്. നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) പിന്തുണയുള്ള സ്മാർട്ട്ഫോണുകളിൽ മാത്രമേ ഗൂഗിൾ വാലറ്റ് പ്രവർത്തിക്കൂ. കൂടാതെ നിർദിഷ്ട ഫീച്ചറുകളുള്ള വെയർഒഎസ് സ്മാർട്ട് വാച്ചുകളിലും ഗൂഗിൾ വാലറ്റ് വഴി കോൺടാക്റ്റ്‌ലെസ് പേയ്‌മെൻ്റുകൾ നടത്താം. അതിനായി വാച്ചിൽ വാലറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യണം.
ഓരോ പേയ്മെന്റും സുരക്ഷിതമാക്കുന്നതിന് ബയോമെട്രിക് ഓതന്റിക്കേഷൻ അടക്കമുള്ള സുരക്ഷാ സന്നാഹങ്ങളും ഗൂഗിൾ വാലറ്റ് ഉറപ്പാക്കുന്നുണ്ട്. ഇത് കൂടാതെ ഉപയോക്താവിന്റെ എല്ലാ വിവരങ്ങളും സുരക്ഷിതമായിരിക്കുമെന്നും ഗൂഗിൾ ഉറപ്പ് നൽകുന്നുണ്ട്. ഗൂഗിൾ വാലറ്റ് ഇന്ത്യയിലും പ്രചാരം നേടിക്കഴിഞ്ഞാൽ ഭാവിയിൽ ഗൂഗിൾ പേ ഔട്ടായേക്കും. കാരണം ഗൂഗിൾ പേ നൽകുന്ന എല്ലാ സേവനങ്ങളും ഗൂഗിൾ വാലറ്റിനും നൽകാൻ കഴിയും.


Click it and Unblock the Notifications








