''ആ പണം നിങ്ങളുടേതാണ്''! ഗൂഗിൾപേയുടെ അബദ്ധം: ഉപയോക്താക്കൾക്ക് കിട്ടിയത് 80000 രൂപ വരെ!
യുപിഐ ഇടപാടുകൾക്കായി നിരവധി പേർ ഉപയോഗപ്പെടുത്തുന്ന പേയ്മെന്റ് സംവിധാനമാണ് ഗൂഗിൾപേ. നിരവധി റിവാർഡുകളിലൂടെയും മറ്റും ഉപയോക്താക്കൾക്ക് ധാരാളം പണം നൽകിയിരുന്ന ഒരു കാലം ഗൂഗിൾപേയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ''ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം'' എന്ന സ്ഥിരം പല്ലവിയാണ് കൂടുതൽ ഉപയോക്താക്കൾക്കും ലഭിക്കുന്നത്.
ചിലർക്ക് ആണ്ടിലൊരിക്കൽ അല്ലറ ചില്ലറ ക്യാഷ്ബാക്കുകളോ മറ്റോ ലഭിച്ചാലായി. ക്യാഷ്ബാക്കും വിവിധ ആനുകൂല്യങ്ങളും ലഭിക്കാനായി ഗൂഗഗിൾപേ ഉപയോഗിച്ച് തുടങ്ങിയവരും ഏറെയുണ്ട്. എപ്പോഴാണ് പണിമുടക്കുക എന്ന് പറയാൻ സാധിക്കില്ല എന്ന ഒരു ചീത്തപ്പേര് ഗൂഗിൾപേയ്ക്ക് ഉണ്ട്. എങ്കിലും ഇന്ത്യക്കാരുടെയും പ്രിയപ്പെട്ട ആപ്പുകളിൽ ഒന്നുതന്നെയാണ് ഗൂഗിൾപേ.

ഉപയോക്താക്കൾക്ക് ഗൂഗിൾപേ സമ്മാനമായി പണം നൽകുന്നത് നാം കേട്ടിട്ടുണ്ട്. ആശിച്ച് മോഹിച്ച് കൂപ്പൺ ചുരണ്ടുമ്പോൾ ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം എന്ന് കാണുന്നതും നമുക്ക് ശീലമായിക്കഴിഞ്ഞു. എന്നാൽ സമ്മാനമായിട്ടല്ലാതെ അബദ്ധത്തിൽ ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് ഗൂഗിൾപേ പണം അയയ്ക്കുകയും തിരിച്ചെടുക്കാൻ നെട്ടോട്ടമോടുകയും ചെയ്ത സംഭവം കേട്ടിട്ടുണ്ടോ. അങ്ങനെയൊരും സംഭവും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.
സാങ്കേതിക തകരാർ മൂലം ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് ഗൂഗിൾപേ പണം എത്തുകയായിരുന്നു. ചിലരുടെ അക്കൗണ്ടുകളിൽ ആയിരം യുഎസ് ഡോളർ വരെ ( ഏകദേശം 80,00 രൂപ ) എത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ അക്കൗണ്ടിൽ ഇത്തരത്തിൽ പണം എത്തിയതായി വെളിപ്പെടുത്തി സാമൂഹികമാധ്യമങ്ങളിലൂടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.
മാധ്യമപ്രവർത്തകൻ മിഷാൽ റഹ്‌മാൻ ട്വിറ്ററിലൂടെയാണ് തന്റെ അനുഭവം പങ്കുവച്ചത്. ഗൂഗിൾപേ ഇപ്പോൾ ഉപയോക്താക്കൾക്ക് വാരിക്കോരി പണം നൽകുന്നുണ്ട് എന്ന് തോന്നുന്നതായും തന്റെ ഗൂഗിൾപേ ഓപ്പൺ ചെയ്തപ്പോൾ അതിന്റെ റിവാർഡ്സ് വിഭാഗത്തിൽ തനിക്ക് 46 ഡോളർ ലഭിച്ചതായി കണ്ടു എന്നും അദ്ദേഹം കുറിച്ചു.

ഗൂഗിൾപേയ്ക്ക് അബദ്ധം സംഭവിച്ചതിനാലാകാം ഇത്തരത്തിൽ പണം എത്തിയത് എന്നുതാൻ സംശയിക്കുന്നു എന്നും അതിനാൽ തന്റെ അക്കൗണ്ടിൽത്തന്നെ ആ പണം കിടപ്പുണ്ട് എന്നും അദ്ദേഹം ആദ്യം ട്വീറ്റിലൂടെ അറിയിച്ചു. ഉപയോക്താക്കൾക്ക് പണം എത്തുന്നുണ്ടോ എന്ന് കമ്പനി പരീക്ഷിച്ചുറപ്പിച്ചതാകാം എന്നും മിഷാൽ തമാശരൂപത്തിൽ പ്രതികരിച്ചു.
നിങ്ങൾക്കും പണം എത്തിയിട്ടുണ്ടോ എന്നറിയാന ഗൂഗിൾപേ ഓപ്പൺ ചെയ്ത് റിവാർഡ് വിഭാഗം പരിശോധിക്കാനും മിഷാൽ ട്വീറ്റിലൂടെ നിർദേശിച്ചു. നിരവധി റെഡ്ഡിറ്റ് ഉപയോക്താക്കളും തങ്ങൾക്ക് ഗൂഗിൾപേയിൽനിന്ന് പണം ലഭിച്ചതായി വെളിപ്പെടുത്തി. ഒരു റെഡ്ഡിറ്റ് യൂസർ തന്റെ അക്കൗണ്ടിലേക്ക് 1072 യുഎസ് ഡോളർ എത്തിയെന്നാണ് വെളിപ്പെടുത്തയത്. മറ്റൊരു യൂസർക്ക് 240 ഡോളറാണ് കിട്ടിയത്.
എന്നാൽ അപ്രതീക്ഷിതമായി പണം വന്നുചേർന്നതിന്റെ സന്തോഷം കുറച്ചുനേരത്തേക്ക് മാത്രമാണ് നീണ്ടുനിന്നത്. അബദ്ധം തിരിച്ചറിഞ്ഞ കമ്പനി ഉപയോക്താക്കൾക്ക് ഇമെയിൽ അയയ്ക്കുകയും തങ്ങളുടെ തെറ്റുമൂലം സംഭവിച്ച പണം തിരിച്ചെടുക്കുകയാണ് എന്ന് അറിയിക്കുകയും ചെയ്തു. ഇത്തരത്തിൽ മെയിൽ ലഭിച്ചകാര്യം മിഷാൽ റഹ്‌മാനും മറ്റൊരു ട്വീറ്റിലൂടെ വെളിപ്പെടുത്തി.

"നിങ്ങളുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് അവിചാരിതമായി ക്യാഷ് ക്രെഡിറ്റ് ഡെപ്പോസിറ്റ് ചെയ്തതിനാലാണ് നിങ്ങൾക്ക് ഈ ഇ-മെയിൽ ലഭിച്ചത്. പ്രശ്നം പരിഹരിച്ചിരിക്കുന്നു. സാധ്യമായിടത്തുനിന്നെല്ലാം പണം തിരിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം തിരിച്ചെടുക്കും. പണം തിരിച്ചെടുത്താൽ അക്കാര്യം നിങ്ങളുടെ അക്കൗണ്ട് ആക്ടിവിറ്റികളിൽ കാണാം'' എന്നും ഗൂഗിൾ മെയിലിൽ പറയുന്നു.
എന്നാൽ ഈ സംഭവത്തിൽ ഏറ്റവും ശ്രദ്ധേയവും ആകർഷകവുമായത് ഗൂഗിൾപേ അയച്ച മെയിലിലെ അവസാനത്തെ വരി ആണ്. തങ്ങൾക്ക് പണം തിരിച്ചെടുക്കാനായില്ലെങ്കിൽ ആ പണം നിങ്ങളുടേതാണ് എന്നും അത് നിങ്ങൾക്കു സൂക്ഷിക്കാമെന്നും തുടർ നടപടികളുടെ ആവശ്യമില്ല എന്നും പറഞ്ഞുകൊണ്ടാണ് ജിപേയുടെ മെയിൽ അവസാനിക്കുന്നത്.
പണം കിട്ടിയപ്പോൾ തന്നെ എടുത്തവർക്കും, മറ്റ് അക്കൗണ്ടിലേക്ക് മാറ്റിയവർക്കും ആ പണം ഉപയോഗിക്കാനായേക്കും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അങ്ങനെ ആർക്കെങ്കിലും പണം മാറ്റാനായിട്ടുണ്ടോ, എത്രതുകവരെ കിട്ടി എന്നകാര്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. എങ്കിലും മാറ്റാൻ സാധിച്ചിട്ടുണ്ടെങ്കിൽ അവർ ചിരിച്ചുകൊണ്ട് ഗൂഗിൾപേയോട് മനസിൽ പറഞ്ഞിരിക്കും ''ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം''!


Click it and Unblock the Notifications