ആരംഭശൂരത്വം മാത്രം പോര! സർക്കാരേ, പൊതുജനമേ... ഈ കേരള സവാരി നഷ്ടപ്പെടുത്തരുത്, നഷ്ടം നാടിനാണ്!
രാജ്യത്തിന് മാതൃകയാകുന്ന പദ്ധതികൾ അവതരിപ്പിക്കുന്നതിൽ മികവ് പ്രകടിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. അത്തരത്തിൽ പിണറായി വിജയൻ സർക്കാർ കൊണ്ടുവന്ന ഒരു മികച്ച പദ്ധതിയായിരുന്നു കേരള സവാരി. ഒരു സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആദ്യ ഓൺലൈൻ ഓട്ടോ, ടാക്‌സി സർവീസ് ആപ്പ് എന്നതായിരുന്നു കേരള സവാരിയുടെ പ്രത്യേകത.
തർക്കങ്ങളില്ലാത്ത സുരക്ഷിത യാത്ര എന്ന ആപ്തവാക്യവുമായി 2022 ഓഗസ്റ്റ് 17 ന് ആണ് കേരള സവാരി ആരംഭിക്കുന്നത്. ചൂഷണമില്ലാത്ത ഒരു വരുമാന മാർഗം മോട്ടോർ തൊഴിലാളികൾക്ക് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ വകുപ്പാണ് കേരള സവാരി പദ്ധതി ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്തത്.

പൈലറ്റ് അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നടപ്പാക്കുന്ന പദ്ധതി ഘട്ടംഘട്ടമായി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുകയും എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ അതിനുവേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യും എന്നാണ് ആരംഭത്തിൽ സംസ്ഥാന സർക്കാർ അറിയിച്ചിരുന്നത്. യാത്രരംഗത്ത് കാലത്തിനൊത്ത മാറ്റം കൊണ്ടുവരുന്നതിൽ സർക്കാർ ഭാഗത്തുനിന്നുണ്ടായ ഒരു നീക്കം എന്ന നിലയിലും പദ്ധതി പ്രശംസനീയമായിരുന്നു.
ഓൺലൈൻ വഴി വാഹനങ്ങൾ ബുക്ക് ചെയ്യാനാകുക എന്നത് യാത്രക്കാരെ സംബന്ധിച്ച്, പ്രത്യേകിച്ച് വിവിധ ജില്ലകളിൽനിന്ന് തലസ്ഥാനത്തും മറ്റും എത്തുന്നവരെ സംബന്ധിച്ച് വളരെ സഹായകമാകും. സ്ഥലം അറിയാത്തവർ ടാക്സി നിരക്കിന്റെ പേരിൽ കബളിപ്പിക്കപ്പെടാതിരിക്കാനും ഈ സംവിധാനം ഏറെ ഉപകാരപ്പെടും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ പ്രതീക്ഷകളെല്ലാം തെറ്റിച്ചാണ് സവാരി മുന്നോട്ട് പോകുന്നത് എന്നാണ് വിവരം.
പദ്ധതി ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോഴും പരാതികൾ പലവിധത്തിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ ചർച്ച ചെയ്യാനായി ചേർന്ന യോഗത്തിൽ ഉയർന്നുവന്ന പരാതികൾ വിരൽ ചൂണ്ടുന്നത് കേരള സവാരിയിൽ കാര്യങ്ങൾ അത്ര സുഗമമായല്ല മുന്നോട്ട് പോകുന്നത് എന്നതാണ്. ഡ്രൈവർമാർ അടക്കമുള്ളവർ പദ്ധതിയുടെ നിരവധി പോരായ്മകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തുകയായിരുന്നു.
ലേബർ കമ്മീഷണർ കെ വാസുകി, ആപ്പിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്ന ഐടിഐ പ്രതിനിധി, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ, ട്രേഡ് യൂണിയൻ നേതാക്കൾ, ഉദ്യോഗസ്ഥർ, ഓട്ടോ, ടാക്‌സി ഡ്രൈവർമാർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. 1,650 ഡ്രൈവർമാർ ഈ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ ഏകദേശം 300 ഡ്രൈവർമാർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. പദ്ധതിക്ക് പ്രചാരം നൽകുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ പോരായ്മ, ആപ്പിന്റെ കാര്യക്ഷമതയില്ലായ്മ, നഗര പരിധിയിലും അതിനപ്പുറവുമുള്ള നിരക്കുകളെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ, സിറ്റി ട്രാഫിക് പോലീസ് ഓഫീസർമാരുടെ നിസഹകരണം, എന്നിങ്ങനെ നിരവധി വിഷയങ്ങൾ യോഗത്തിൽ പരാതികളായി ഉയർന്നുവന്നു.
കഴിഞ്ഞ ദിവസം തനിക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു വന്ന ഒരു യാത്രാ അഭ്യർത്ഥന റദ്ദാക്കേണ്ടിവന്നതായി അജിത് എന്ന ഓട്ടോ ഡ്രൈവർ യോഗത്തിൽ അറിയിച്ചു. അവിടെയുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു യാത്രക്കാരനെ 10 മിനിറ്റിനുള്ളിൽ കയറ്റുകയും ഇറക്കുകയും വേണം. ആ സമയപരിധി ഒരു മിനിറ്റ് പോലും കവിഞ്ഞാൽ 50 രൂപ പിഴ അടയ്‌ക്കേണ്ടിവരും.
അതിനാലാണ് യാത്ര റദ്ദാക്കേണ്ടിവന്നത് എന്നും അജിത് വ്യക്തമാക്കി. തുടർച്ചയായി ഉണ്ടാകുന്ന സാങ്കേതിക തകരാറും ഡ്രൈവർമാരെ ബുദ്ധിമുട്ടിക്കുന്നു. "യാത്രക്കാരൻ നൽകിയ ഒടിപി നൽകി സവാരി സ്ഥിരീകരിക്കാൻ പലപ്പോഴും കാലതാമസം നേരിടുന്നു. ഒടിപി നൽകാതെ റൈഡ് ആരംഭിക്കാൻ സാധിക്കില്ല. ഇതുമൂലം ഏറെ സമയവും നഷ്ടമാകും.
അതിനാൽ പദ്ധതിയിൽ അംഗമാണ് എങ്കിൽക്കൂടി പലപ്പോഴും ഓട്ടത്തിനായുള്ള അഭ്യർഥനകൾ സ്വീകരിക്കാൻ താൻ മടിക്കുന്നതായി മധുകുമാർ എന്ന ഓട്ടോ ഡ്രൈവർ അറിയിച്ചു. ഓട്ടോ ഡ്രൈവർമാരെ അപേക്ഷിച്ച് നോക്കിയാൽ ടാക്സി കാർ ഡ്രൈവർമാരുടെ അവസ്ഥയാണ് കൂടുതൽ കഷ്ടം. ആഴ്ചയിൽ കുറഞ്ഞത് നാല് റൈഡുകളെങ്കിലും എടുക്കുന്ന ഓട്ടോ ഡ്രൈവർമാർ ഉണ്ട്. എന്നാൽ ടാക്സി ഡ്രൈവർമാർക്ക് അതുമില്ല.
ആഴ്ചയിൽ കുറഞ്ഞത് നാല് റൈഡുകളെങ്കിലും എടുക്കുന്ന ഓട്ടോ ഡ്രൈവർമാരെ അപേക്ഷിച്ച് കാർ ഡ്രൈവർമാർ ആണ് കൂടുതൽ ദയനീയമായ അവസ്ഥയിലുള്ളത്. ഭൂരിഭാഗം കാർ ഡ്രൈവർമാർക്കും ആപ്പിലൂടെ ഒരു മാസത്തിൽ അഞ്ചിൽ താഴെ ഓട്ടമാണ് ലഭിച്ചത്. താൻ തുടർച്ചയായി 28 ദിവസം ആപ്പിൽ ഓൺലൈനിൽ ഉണ്ടായിരുന്നിട്ടും സവാരിയിൽനിന്നും ഒരു റൈഡ് പോലും ബുക്കായില്ലെന്ന് ഡ്രൈവറായ സന്ദീപ് പറയുന്നു.
ഇത്തരത്തിൽ നശിച്ചുപോകേണ്ട ഒന്നല്ല സവാരി പദ്ധതി. ബാംഗ്ലൂർ പോലുള്ള പ്രമുഖ നഗരങ്ങളിൽ നിരവധി പേർ യാത്രകൾക്കായി ഓൺലൈനിൽ വിവിധ ആപ്പുകൾ പ്രയോജനപ്പെടുത്തുന്നു. ഉപയോഗിച്ചിട്ടുള്ളവർക്ക് മനസിലാകും ഈ ഓൺലൈൻ വഴിയുള്ള വാഹന ബുക്കിങ്ങിന്റെ എളുപ്പം. എന്നാൽ ഇവിടെയെല്ലാം സ്വകാര്യ കമ്പനികളുടെ ആപ്പുകളാണ് പ്രചാരത്തിലുള്ളത്.

യാത്രാ സംവിധാന രംഗത്ത് ഒരു മുന്നേറ്റത്തിന് മലയാളികൾക്ക് ലഭിച്ച മികച്ച ഒരു നല്ല അവസരമായിരുന്നു സർക്കാർ ഉടമസ്ഥതയിൽ ആരംഭിച്ച കേരള സവാരി. സുരക്ഷയാണ് കേരളസവാരിയുടെ പ്രത്യേകത. ഓരോ ഡ്രൈവർക്കും പോലീസ് ക്ലിയറൻസ് ഉണ്ടായിരിക്കും. സവാരിയുടെ ആപ്പ് പ്ലേ സ്റ്റോറില്‍ (play store ) ലഭ്യമാണ്.
അടിയന്തരഘട്ടങ്ങളിൽ സഹായത്തിനായി കേരള സവാരി ആപ്പിൽ പാനിക്ക് ബട്ടൺ (panic button) സംവിധാനമുണ്ട്. ഡ്രൈവർക്കോ യാത്രികർക്കോ പരസ്പരം അറിയാതെ ഈ ബട്ടൺ അമർത്താനാകും. ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ സേവനം വേഗത്തിൽ നേടാൻ ഇത് ഉപകരിക്കും. തൊഴിലാളികളുടെയും യാത്രക്കാരുടെയും താല്പര്യങ്ങൾ ഒരുപോലെ ഇവിടെ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
കേരള സവാരിക്കു വേണ്ടി ഒരു വെബ്‌സൈറ്റും( https://keralasavaari.kerala.gov.in/) 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ സംവിധാനവും നിലവിലുണ്ട്. കോൾ സെന്റർ നമ്പറായ 9072272208 എന്നതിലേക്ക് വിളിച്ച് അഭിപ്രായങ്ങളും അറിയിക്കാൻ സംവിധാനവും ഒരുക്കിയിരുന്നു. ഇത്രയൊക്കെ മുന്നോട്ടുപോയ നല്ലൊരു പദ്ധതി നശിക്കുന്നതിന്റെ നഷ്ടം നാടിന് തന്നെയാണ്.
പരാതികൾ പരിഹരിക്കാൻ യോഗം വിളിച്ച സർക്കാർ നടപടി പ്രതീക്ഷകൾക്ക് വക നൽകുന്നുണ്ട്. എങ്കിലും പതിവ് പോലെ പരാതി വാങ്ങി തുടർ നടപടി ഉണ്ടാകാതെ പോകാൻ പാടില്ല. ഇക്കാര്യത്തിൽ സർക്കാരും തൊഴിൽ വകുപ്പും പരമാവധി ശ്രദ്ധ പുലർത്തുകയും പോരായ്മകൾ പരിഹരിക്കാൻ മുൻകൈ എടുക്കുകയും ചെയ്യണം. ഈ മികച്ച അവസരം പ്രയോജനപ്പെടുത്താൻ യാത്രക്കാരും മുന്നോട്ടു വരണം.
കാരണം, പലപ്പോഴും നല്ലപദ്ധതികൾ പലതും പ്രഖ്യാപനത്തിന് ശേഷം കടലാസിൽ വിശ്രമിക്കുകയാണ് പതിവ്. എന്നാൽ ഇവിടെ പദ്ധതി നടപ്പിലാക്കി സർക്കാർ പ്രതിബദ്ധത തെളിയിച്ചു. ഇനി അത് നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകേണ്ടത് സർക്കാരിനൊപ്പം പൊതുജനങ്ങളുടെയും കൂടി ഉത്തരവാദിത്തമാണ്. ഇത്രയും നല്ല ഒരു പദ്ധതി നിലച്ചുപോയാൽ അതിന്റെ നഷ്ടം ഈ നാടിനാണ്.


Click it and Unblock the Notifications