വാട്സ്ആപ്പ് ഇനി വിശപ്പും മാറ്റും; ട്രെയിൻ യാത്രയ്ക്കിടെ ഇഷ്ടഭക്ഷണം വാട്സ്ആപ്പിൽ ബുക്ക് ചെയ്യാം

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ആപ്പാണ് വാട്സ്ആപ്പ്. ഇന്ത്യയിൽ വാട്സ്ആപ്പിനുള്ള ജനപ്രീതി മനസിലാക്കാൻ ഇന്ത്യയിൽ വാട്സ്ആപ്പ് കൊണ്ടുള്ള ഉപയോഗങ്ങൾ നോക്കിയാൽ മതി. ചാറ്റിങ്ങിന് മാത്രമല്ല കോളിങ്, ബാങ്കിങ്, ഫാസ്ടാഗ് പണമടയ്ക്കൽ തുടങ്ങി എന്തിനും ഏതിനും വാട്സ്ആപ്പ് ഉപയോഗിക്കാം എന്നതാണ് സ്ഥിതി. ഈ വാട്സാപ് സേവനങ്ങളുടെ പട്ടികയിലേക്ക് ഇപ്പോൾ ഒരു സേവനം കൂടി എത്തിയിരിക്കുകയാണ്. ഇനി ട്രെയിൻ യാത്രയിൽ ഭക്ഷണം ഓഡർ ചെയ്യാനും വാട്സ്ആപ്പ് ഉപയോഗിക്കാം എന്നതാണ് ആ പുത്തൻ സേവനം.
ദൗത്യങ്ങളെല്ലാം വിജയമാക്കിയിട്ടുള്ള വാട്സ്ആപ്പ്
ഏറ്റെടുത്ത ദൗത്യങ്ങളെല്ലാം വൻ വിജയമാക്കിയിട്ടുള്ള വാട്സ്ആപ്പ് ഈ ഭക്ഷണവിതരണത്തിന്റെ കാര്യത്തിലും വിജയം വരിക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിൽ ഏറെ ജനകീയമായ ആപ്പാണ് വാട്സ്ആപ്പ്. സ്മാർട്ട്ഫോൺ ഉള്ളവരുടെയെല്ലാം കൈയിൽ വാട്സ്ആപ്പ് ഉണ്ടാകും. വാട്സ്ആപ്പ് പോലെ തന്നെ ഇന്ത്യക്കാരുടെ മറ്റൊരു വികാരമാണ് ഇന്ത്യൻ റെയിൽവേ. ദീർഘദൂരയാത്രകൾക്കും മറ്റും ട്രെയിനെ ആശ്രയിക്കുന്നവർ ഏറെയാണ്. ഇന്ത്യയിൽ ദിവസവും കോടിക്കണക്കിന് പേർ ഉപയോഗിക്കുന്ന വാട്സ്ആപ്പ് ട്രെയിൻ യാത്രയിൽ സഹായിയായി എത്തുന്നത് നിരവധി പേർക്ക് ഉപകാരപ്പെടും എന്നാണ് വിലയിരുത്തൽ.

ബിസിനസ് വാട്ട്‌സ്ആപ്പ് നമ്പർ
പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (ഐആർസിടിസി) ഇ-കാറ്ററിങ് സേവനങ്ങൾ കൂടുതൽ യാത്രക്കാരിലേക്ക് എത്തിക്കുന്നതിനും ഭക്ഷണവിതരണം ജനകീയമാക്കുന്നതിനും മറ്റുമായി കഴിഞ്ഞ ദിവസം മുതൽ വാട്‌സ്ആപ്പ് വഴി ഭക്ഷണം ഓഡർ ചെയ്യാവുന്ന ഇ-കാറ്ററിങ് സേവനങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്.
+91-8750001323 എന്ന ബിസിനസ് വാട്ട്‌സ്ആപ്പ് നമ്പർ ഉപയോഗിച്ചാണ് യാത്രക്കാർക്ക് ട്രെയിൻ യാത്രയിൽ ഭക്ഷണം ഓഡർ ചെയ്യാൻ സാധിക്കുക. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത ട്രെയിനുകളിലെ യാത്രക്കാർക്ക് മാത്രമാണ് കാറ്ററിങ് സേവനങ്ങൾക്കായി വാട്സ്ആപ്പ് വഴി ആശയവിനിമയം നടത്താൻ സാധിക്കുക. തുടർന്ന് യാത്രക്കാരുടെ പ്രതികരണങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ ഈ സേവനം മറ്റ് ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ട്രെയിൻ യാത്രയ്ക്കിടെ വാട്സ്ആപ്പ് വഴി എങ്ങനെ ഭക്ഷണം ഓഡർ ചെയ്യാം എന്നതിനെക്കുറിച്ച് റെയിൽവേ പത്രക്കുറിപ്പിലൂടെ വിശദീകരിച്ചിട്ടുണ്ട്.
ട്രെയിൻ യാത്രയ്ക്കിടെ വാട്സ്ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്യാനുള്ള വഴി
ഠ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ, ഇ-കാറ്ററിംഗ് സേവനങ്ങൾ തിരഞ്ഞെടുക്കുന്നതിനായി www.ecatering.irctc.co.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാൻ നിർദേശിച്ച് ബിസിനസ് വാട്സ്ആപ്പ് അക്കൗണ്ടിൽനിന്ന് ഒരു മെസേജ് എത്തും.
ഠ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ യാത്രക്കാർക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാതെ തന്നെ ഐആർസിടിസിയുടെ ഇ-കാറ്ററിംഗ് വെബ്‌സൈറ്റ് വഴി സ്റ്റേഷനുകളിൽ ലഭ്യമായ റെസ്റ്റോറന്റുകളിൽ നിന്ന് ഇഷ്ടമുള്ള ഭക്ഷണം ബുക്ക് ചെയ്യാൻ കഴിയും.
ഠ അതിനുശേഷം, വാട്ട്‌സ്ആപ്പ് നമ്പർ ടു വേ കമ്മ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോമായി പ്രവർത്തനക്ഷമമാകും. യാത്രക്കാരുടെ ഇ കേറ്ററിങ് സംബന്ധിച്ച സംശയങ്ങൾക്ക് എല്ലാം ഈ എഐ ചാറ്റ്ബോട്ട് മറുപടി നൽകും.

കൂടുതൽ പേർക്ക് ഭക്ഷണം
നിലവിൽ ഐആർസിടിസി തങ്ങളുടെ വെബ്‌സൈറ്റായ www.catering.irctc.co.in വഴിയും ഇ-കാറ്ററിംഗ് ആപ്പ് ഫുഡ് ഓൺ ട്രാക്ക് വഴിയും ഉപഭോക്താക്കൾക്ക് സേവനം നൽകുന്നുണ്ട്. ഇതുവഴി ഏകദേശം 50,000 ഓഡറുകളോളം ഒരു ദിവസം കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. ഏറെ ജനകീയമായ വാട്സ്ആപ്പിൽ റെയിൽവേ കാറ്ററിങ് സേവനങ്ങൾ ലഭ്യമാകുന്നതോടെ കൂടുതൽ പേർക്ക് ട്രെയിൻ യാത്രയ്ക്കിടയിൽ എളുപ്പത്തിൽ ഭക്ഷണം ഓഡർ ചെയ്യാൻ സാധിക്കും എന്നാണ് വിലയിരുത്തൽ.
ഏറെ നാളായി ശ്രമം
ട്രെയിൻ യാത്രക്കാർക്ക് ഭക്ഷണം ഓഡർ ചെയ്യുന്നത് ഏളുപ്പമാക്കാനായി ഇത്തരമൊരു സംവിധാനം കൊണ്ടുവരുന്നതിനെപ്പറ്റി ഏറെ നാളായി റെയിൽവേ നീക്കങ്ങൾ നടത്തിവരികയായിരുന്നു. കഴിഞ്ഞ വർഷം ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമായ സൂപ്പ് ഇന്ത്യ ട്രെയിനിൽ യാത്രക്കാർക്ക് ഭക്ഷണം എത്തിക്കുന്നതിനായി വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് സൊല്യൂഷൻ പ്രൊവൈഡറായ ജിയോ ഹാപ്റ്റിക് ടെക്നോളജീസ് ലിമിറ്റഡുമായി സഹകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. യാത്രക്കാർക്ക് അവരുടെ പിഎൻആർ നമ്പറുകൾ ഉപയോഗിച്ച് വാട്ട്‌സ്ആപ്പ് അധിഷ്‌ഠിത സെൽഫ് സർവീസ് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഫുഡ് ഓർഡറുകൾ നൽകാനും തത്സമയ ഓർഡർ ട്രാക്കിംഗ്, ഫീഡ്‌ബാക്ക്, സപ്പോർട്ട് എന്നിവ ഉപയോഗിച്ച് അവരുടെ ഡെലിവറി നേരിട്ട് സീറ്റിലേക്ക് എത്തിക്കാനും കഴിയുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.


Click it and Unblock the Notifications