ഫോണിൽ നിന്നും അവിചാരിതമായി ഫയലുകൾ ഡിലീറ്റ് ചെയ്തുപോകുക എന്നത് തികച്ചും സ്വാഭാവികമാണല്ലോ. പലപ്പോഴും ഒരു നിമിഷത്തെ അശ്രദ്ധ മതിയാകും തിരിച്ചെടുക്കാനാവാത്ത വിധം പല ഫയലുകളും നഷ്ടപ്പെടുത്താൻ. പലപ്പോഴും ഇത്തരത്തിൽ ഫയലുകൾ ഡിലീറ്റ് ചെയ്തു പോയാൽ ഉടൻ നമ്മൾ തിരയുക എങ്ങനെ ആ ഫയലുകൾ തിരിച്ചെടുക്കാൻ പറ്റും എന്നതിനെ കുറിച്ചായിരിക്കും.
ഗൂഗിളിൽ കയറി ഇതിനുള്ള പരിഹാരം കാണുമ്പോൾ പലപ്പോഴും നമുക്ക് ലഭിക്കുക കംപ്യൂട്ടർ വഴി ഫയലുകൾ തിരിച്ചെടുക്കാനുള്ള മാർഗ്ഗങ്ങളെയും ആപ്പുകളെയും കുറിച്ചുള്ള വിവരങ്ങൾ മാത്രമായിരിക്കും. എന്നാൽ ഒരു വിധം ഫയലുകളെല്ലാം നിങ്ങൾക്ക് ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് തന്നെ തിരിച്ചെടുക്കാൻ സാധിക്കുമെന്നത് എത്ര പേർക്കറിയാം. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ തന്നെ ഇതിന് സഹായിക്കുന്ന ഒരുപിടി ആപ്പുകൾ ലഭ്യവുമാണ്. ഏതൊക്കെ അപ്പുകളാണ്, എങ്ങനെയാണ് അവ ഉപയോഗിക്കുക എന്നിവയെല്ലാം നമുക്ക് ഇവിടെ നോക്കാം.
ആപ്പുകൾ പരിചയപ്പെടുന്നതിന് മുമ്പായി ചില കാര്യങ്ങൾ നിങ്ങളുടെ അറിവിലേക്കായി. നഷ്ടപ്പെട്ടുപോയ ഫയലുകൾ തിരിച്ചെടുക്കുന്നതിനുള്ള ആപ്പുകളെ രണ്ടു തരത്തിൽ വേണമെങ്കിൽ തരാം തിരിക്കാം. ഒന്ന് കംപ്യൂട്ടറിലെ റീസൈക്കിൾ ബിന്നിനോട് സമാനമായ ആപ്പുകൾ. ഇത്തരം ആപ്പുകൾ നിങ്ങൾ ഡിലീറ്റ് ചെയ്ത ഫയലുകൾ ബിൻ ഫോൾഡറിലേക്ക് സൂക്ഷിക്കും. ഡിലീറ്റ് ചെയ്ത ഫയലുകളെല്ലാം ഇവിടെയുണ്ടാകും. നിങ്ങൾക്ക് അത് പിന്നീട് തിരിച്ചെടുക്കുകയും ചെയ്യാം.
രണ്ടാമത്തേത് യഥാർത്ഥ റിക്കവറി ആപ്പുകളാണ്. ഫോണിൽ നിന്നും പൂർണമായും ഡിലീറ്റ് ചെയ്ത ഫയലുകൾ തിരിച്ചെടുക്കാൻ ഇവ സഹായിക്കും. ഇവയെ കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്.ഇനി ഏതൊക്കെയാണ് ഇവയിൽ പ്രധാനപ്പെട്ട ആപ്പുകൾ എന്ന് നോക്കാം.
DiskDigger photo recovery
നിലവിൽ ആൻഡ്രോയിഡ് പ്ലെ സ്റ്റോറിൽ ലഭ്യമായ മികച്ച റിക്കവറി ആപ്പുകളിൽ ഒന്നാണിത്. ഡിലീറ്റ് ചെയ്തുപോയ ചിത്രങ്ങൾ, വീഡിയോ, ഓഡിയോ എന്നിവയെല്ലാം തന്നെ ഈ ആപ്പ് വഴി ഒരു പരിധി വരെ തിരിച്ചെടുക്കാം. ഇനി നിങ്ങളുടെ മെമ്മറി കാർഡ് ഫോർമാറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ പോലും ഈ ആപ്പ് ഉപയോഗിച്ച് ഫയലുകൾ കഴിവതും തിരിച്ചെടുക്കാം. ഈ ആപ്പ് ഉപയോഗിക്കണമെങ്കിൽ ഫോണിന് റൂട്ട് ആക്സസ് വേണമെന്നില്ല. റൂട്ട് ഉണ്ടെങ്കിൽ അല്പം കൂടെ ഫലവത്തായ രീതിയിൽ ആപ്പ് പ്രവർത്തിക്കുകയും ചെയ്യും.
EaseUS MobiSaver - Recover Files , SMS & Contacts
വിൻഡോസ് ഉപയോഗിച്ച് ഡാറ്റാ റിക്കവറി നടത്തിയിട്ടുള്ള ആളുകളെ സംബന്ധിച്ചെടുത്തോളം സുപരിചിതമായ ഒരു പേരായിരിക്കും EaseUS. വിൻഡോസിൽ ലഭ്യമായ അത്രയ്ക്കും സൗകര്യങ്ങൾ ആൻഡ്രോയിഡിൽ ലഭ്യമല്ല എങ്കിലും ഈ ആപ്പും ഒരു പരിധിയോളം നഷ്ടമായ ഫയലുകൾ തിരിച്ചെടുക്കാൻ സഹായിക്കുന്നവയാണ്. ചിത്രങ്ങൾ, വീഡിയോ, ഓഡിയോ എന്നിവയ്‌ക്കൊപ്പം മെസേജുകൾ, കോൺടാക്ട്സ്, വാട്സാപ്പ് മെസ്സേജസ്, കാൾ ഹിസ്റ്ററി എന്നിവയെല്ലാം തന്നെ ഈ ആപ്പ് വഴി തിരിച്ചെടുക്കാം. വളരെ ലളിതമായ രീതിയിൽ തന്നെ ഈ ആപ്പ് ഉപയോഗിക്കുകയും ചെയ്യാം.
GT Recovery - Undelete,Restore
പ്ലെ സ്റ്റോറിൽ ലഭ്യമായ മറ്റൊരു റിക്കവറി ആപ്പ്. മുകളിൽ പറഞ്ഞ ആപ്പുകളെ പോലെ തന്നെയാണ് ഇതിന്റെയും പ്രവർത്തനം. ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ഫോണിന്റെ മെമ്മറിയാണോ അതോ മെമ്മറി കാർഡാണോ എവിടെയുള്ള ഫയൽ ആണ് ഡിലീറ്റ് ചെയ്തത് എന്ന് നോക്കി സ്കാൻ ചെയ്യാം. സ്‌കാനിങ് പൂർത്തിയായാൽ വരുന്ന ലിസ്റ്റിൽ നിന്നും നമുക്ക് ആവശ്യമായ ഡിലീറ്റ് ചെയ്തുപോയ ഫയലുകൾ തിരിച്ചെടുക്കാം. പരിമിതികളോടെ റൂട്ട് ഇല്ലാതെയും ഈ ആപ്പ് പ്രവർത്തിക്കുന്നതാണ്.
Dumpster: Undelete & Restore Pictures and Videos
ആൻഡ്രിഡിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്പ് എന്ന നിലയിൽ അധികം പരിചയപ്പെടുത്തലുകൾക്ക് ഇവിടെ പ്രസക്തിയില്ല. ഒരുപക്ഷെ ഏറ്റവും എളുപ്പമുള്ള ഒരു ആപ്പ് കൂടിയാണിത്. മുകളിൽ പറഞ്ഞ മൂന്ന് ആപ്പുകളെ അപേക്ഷിച്ച് ഒരു ഡാറ്റ റിക്കവറി ആപ്പ് എന്നതിനേക്കാൾ ഒരു റീസൈക്കിൾ ബിൻ എന്ന രീതിയിലാണ് ഈ ആപ്പ് പ്രവർത്തിക്കുക. അതായത് ഈ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം നടക്കുന്ന ഡിലീറ്റുകൾ മാത്രമേ ഈ ആപ്പിന് തിരിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ ഈ രീതിയിൽ ഇൻസ്റ്റാൾ ചെയ്ത ശേഷമുള്ള ഫയൽ റിക്കവറിക്കായി ഈ ആപ്പ് ഉപയോഗിക്കാം.
ഒറ്റ ലെന്‍സ് സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയില്‍ ബൊക്കെ ഇഫക്ട് എങ്ങനെ ലഭിക്കും?
Gizbot ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ.Subscribe to Malayalam Gizbot.