ഇന്ത്യൻ പുരുഷന്മാർക്ക് താൽപ്പര്യം ഗെയിമിങ്, സ്ത്രീകൾക്കിഷ്ടം ചാറ്റിങ്ങും ഫുഡ്ഡും! കണക്കുകൾ പറഞ്ഞ ആപ്പ്'കഥ'
'' രാവിലെ എണീറ്റ് വരുന്നതേ കൈയിൽ ഫോണും പിടിച്ചുകൊണ്ട്, രാത്രി കിടന്നുറങ്ങുമ്പോൾ പോലും കൈയിൽ ഫോൺ കാണും. രാപകലില്ലാതെ ഇങ്ങനെ 'തോണ്ടാൻ' ഇതിനകത്ത് എന്തുവാ ഇതിനുംമാത്രം ഇരിക്കുന്നത്?'' അമ്മമാരുടെ വായിൽനിന്ന് ഈ ചോദ്യം ഒരിക്കലെങ്കിലും നേരിട്ടിട്ടില്ലാത്ത യുവതീ യുവാക്കൾ അധികം ഉണ്ടാകാൻ സാധ്യതയില്ല.
അഞ്ച് കൊല്ലം മുമ്പ് ഈ ചോദ്യം ചോദിച്ചിരുന്ന മാതാപിതാക്കളിൽ പലരും ഇപ്പോൾ മക്കളെക്കാൾ അധികം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നുണ്ട് എന്നത് വേറെ കാര്യം. എങ്കിലും ഒരു ശാസന എന്നവണ്ണം പലപ്പോഴും മുഴങ്ങിക്കേൾക്കാറുള്ള ഈ ചോദ്യത്തിൽ അൽപ്പം കഴമ്പുണ്ട്. ഇക്കണ്ട പുരുഷന്മാരും സ്ത്രീകളും കുത്തിയിരുന്ന് എന്താണ് ശരിക്കും തോണ്ടുന്നത്.

സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാത്ത പുതുതലമുറക്കാർ കുറവാണ്. എന്തിനും ഏതിനും ഉപയോഗിക്കാൻ കഴിയുന്ന വിവിധ ആപ്പുകൾ എത്തിയതോടെയാണ് സ്മാർട്ട്ഫോണുകൾ ശരിക്കും സ്മാർട്ട് ആയത്. ആളുകൾ സ്മാർട്ട്ഫോണിൽ ചിലവഴിക്കുന്ന സമയം വർധിക്കാനും വിവിധ ആപ്പുകൾ കാരണമാകാറുണ്ട്. ഇന്ത്യക്കാർ ശരിക്കും സ്മാർട്ട്ഫോണിൽ എന്താണ് ചെയ്യുന്നതെന്നറിയാൻ പലർക്കും താൽപര്യം കാണും. അതിനുള്ള ഉത്തരം നൽകുന്ന ഒരു വിശകലന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യയിലെ ഭൂരിപക്ഷം പുരുഷന്മാരും സ്മാർട്ട്ഫോണുകളിൻ ഗെയിമിംഗ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനാണ് ഇഷ്ടപ്പെടുന്നത്, അതേസമയം സ്ത്രീകൾക്കാകട്ടെ ഫുഡ്, മെസേജിങ് ആപ്പുകളോടാണ് താൽപ്പര്യം. ബോബിൾ എഐ എന്ന കോൺവർസേഷൻ മീഡിയ പ്ലാറ്റ്ഫോം 85 ദശലക്ഷം ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ ഫസ്റ്റ്-പാർട്ടി ഡാറ്റ ഉപയോഗിച്ച് നടത്തിയ വിശകലനത്തിലാണ് ഈ കണ്ടെത്തൽ.

ഇന്ത്യയിലെ സ്ത്രീപുരുഷന്മാരുടെ സ്മാർട്ട്ഫോൺ ഉപയോഗത്തെ വിശകലനം ചെയ്യുന്ന ഈ റിപ്പോർട്ട് സുപ്രധാനമായ ഏറെ വിവരങ്ങൾ നൽകുന്നുണ്ട്. ഇന്ത്യയിൽ ആളുകൾ സ്മാർട്ട്ഫോൺ ഉപയോഗത്തിനായി ചെലവഴിക്കുന്ന സമയത്തിൽ 50 ശതമാനം വർധനയാണ് കഴിഞ്ഞ് വർഷം ഉണ്ടായത്. അതായത് മുൻപത്തേതിനെക്കാൾ ഫോൺ ഉപയോഗം ഏറെ കൂടിയിരിക്കുന്നു.
എന്നാൽ, മൊബൈൽ ഉപയോഗിക്കപ്പെടുന്ന സമയത്തിൽ വർധന ഉണ്ടായിട്ടും, ജോലിയുള്ള സ്ത്രീകളുടെ എണ്ണം വർധിച്ചിട്ടും പേയ്‌മെന്റ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന സ്ത്രീകൾ 11.3 ശതമാനം മാത്രമേ ഉള്ളൂ എന്നാണ് ബോബിൾ എഐ റിപ്പോർട്ട് പറയുന്നത്. മാത്രമല്ല, പുരുഷന്മാരിൽനിന്ന് വ്യത്യസ്തമായി ഭൂരിഭാഗം സ്ത്രീകൾക്കും ഗെയിമിങ്ങിൽ താൽപര്യമില്ല. കഷ്ടിച്ച് 6.1 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് ഗെയിമിങ്ങിൽ കുറച്ചെങ്കിലും താൽപര്യമുള്ളത്.
എന്നാൽ മറ്റു ചില ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിൽ പുരുഷന്മാരേക്കാൾ ഏറെ മുന്നിൽ സ്ത്രീകളാണ്. ചാറ്റിങ് ആപ്പുകൾ, വീഡിയോ ആപ്പുകൾ, ഭക്ഷണവുമായി ബന്ധപ്പെട്ട ആപ്പുകൾ എന്നിവയാണ് സത്രീകൾ കൂടുതലും ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നത്. റിപ്പോർട്ട് പ്രകാരം, ചാറ്റിങ് ആപ്പുകളിൽ 23.3 ശതമാനവും വീഡിയോ ആപ്ലിക്കേഷനുകളിൽ 21.7 ശതമാനവും ഭക്ഷണ ആപ്ലിക്കേഷനുകളിൽ 23.5 ശതമാനവും ഉപയോഗിക്കുന്നത് സ്ത്രീകളാണ്.

85 ദശലക്ഷത്തിലധികം ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ ഫസ്റ്റ്-പാർട്ടി ഡാറ്റ ഉപയോഗിച്ച് ബോബിൾ എഐയിലെ മൊബൈൽ മാർക്കറ്റ് ഇന്റലിജൻസ് ഡിവിഷൻ ആണ് ഇന്ത്യക്കാരുടെ സ്മാർട്ട്ഫോൺ ഉപയോഗത്തെപ്പറ്റി വിശകലനം നടത്തിയിരിക്കുന്നത്. സ്വകാര്യത പാലിച്ചുകൊണ്ടാണ് ഗവേഷണം നടത്തിയിരിക്കുന്നത് എന്നും റിപ്പോർട്ട് പറയുന്നു. മൊബൈൽ ഉപയോഗത്തിൽ ഇന്ത്യക്കാരുടെ മനോഭാവത്തിൽ ഉണ്ടാകുന്ന മാറ്റമാണ് പ്രധാനമായും വിശകലനം ചെയ്തത്.
അതോടൊപ്പം മൊബൈൽ ഉപയോഗ രീതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റിയും ഗവേഷണത്തിൽ വിലയിരുത്തി. 2022, 2023 വർഷങ്ങളിലെ ഡാറ്റ റിപ്പോർട്ട് പരിശോധിച്ചാണ് ബോബിൾ എഐ ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. പേയ്മെന്റ് ആപ്ലിക്കേഷനുകളുടെയും ഗെയിമിങ് ആപ്പുകളുടെയും ഉപയോഗത്തിൽ പുരുഷന്മാരെ അപേക്ഷിച്ച് ഇന്ത്യയിലെ സ്ത്രീകൾ ഏറെ പിന്നിലാണ് എന്നാണ് ഈ റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്ന പ്രധാന കണ്ടെത്തൽ.


Click it and Unblock the Notifications