ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ 24 മണിക്കൂറിനുള്ളിൽ പണം തിരികെക്കിട്ടും; റെയിൽവേയുടെ ആപ്പ് ശരിക്കും സൂപ്പർ
ഇന്ത്യൻ റെയിൽവേയുടെ വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ഒരു സൂപ്പർ ആപ്പ് (Indian Railways Super App) അവതരിപ്പിക്കാൻ റെയിൽവേ മന്ത്രാലയവും കേന്ദ്ര സർക്കാരും തയാറെടുക്കുന്നു എന്നൊരു വാർത്ത ഏതാനും മാസം മുമ്പ് വന്നിരുന്നു. ഇപ്പോൾ ഈ ആപ്പ് സംബന്ധിച്ച പുതിയ വിവരം എത്തിയിട്ടുണ്ട്.
2024ൽ നടക്കാൻ പോകുന്ന ലോക്സഭാ ഇലക്ഷന് മുൻപ് ഈ ആപ്പ് പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റെയിൽവേ യാത്രക്കാരുടെ വിവിധ പ്രശ്നങ്ങൾക്കുള്ള ഒറ്റമൂലി പരിഹാരമാർഗമായി മാറാൻ ഈ സൂപ്പർ ആപ്പിന് കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ ട്രാക്കിംഗ്, റെയിൽവേയുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ ഉൾപ്പെടെ നിരവധി കാര്യങ്ങൾക്ക് ഈ ആപ്പ് ഉപയോഗിക്കാൻ കഴിയും. ലോക്സഭാ ഇലക്ഷൻ തീയതികൾ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ഏഴ് ഘട്ടമായി ഷെഡ്യൂൾ ചെയ്തിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഏപ്രിൽ 19ന് ആണ് നടക്കുക. അതിനാൽ ഈ മാസം തന്നെ റെയിൽവേയുടെ സൂപ്പർ ആപ്പ് അവതരിപ്പിക്കപ്പെട്ടേക്കും.
നിലവിൽ ലഭ്യമാകുന്ന പല സേവനങ്ങളും കൂടുതൽ മികച്ച രീതിയിൽ ലഭ്യമാക്കാൻ വരാൻ പോകുന്ന സൂപ്പർ ആപ്പിന് കഴിയും എന്നാണ് റിപ്പോർട്ട്. ഉദാഹരണത്തിന് ഈ പുതിയ ആപ്പ് വഴി ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ 24 മണിക്കൂറിനുള്ളിൽ പണം തിരികെ ലഭിക്കും എന്നാണ് പറയപ്പെടുന്നത്.

ഇപ്പോൾ ഒരു ടിക്കറ്റ് റദ്ദാക്കിയാൽ പണം ലഭിക്കാൻ പരമാവധി മൂന്ന് ദിവസം വരെയാണ് സമയമെടുക്കുക. അതിൽ നിന്നുതന്നെ ഈ ആപ്പ് കൊണ്ടുവരാൻ പോകുന്ന മാറ്റത്തിന്റെ വ്യാപ്തി വളരെ വലുതായിരിക്കും എന്ന് ഊഹിക്കാം. ഇപ്പോൾ റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കായി ഒന്നിലധികം ആപ്പുകളെ ആശ്രയിക്കേണ്ടതുണ്ട്.
റെയിൽവേയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഏറ്റവുമധികം ആളുകൾ ഉപയോഗപ്പെടുത്തുന്നത് ഐആർസിടിസി റെയിൽ കണക്ട് ആപ്പ് ആണ്. ഈ ആപ്പിന്റെ ഡൗൺലോഡിങ് ഇതിനകം 100 ദശലക്ഷം പിന്നിട്ടു. റിസർവ്ഡ് വിഭാഗത്തിൽ റെയിൽവേ ടിക്കറ്റ് ബുക്കിംഗിനുള്ള ഏക പ്ലാറ്റ്ഫോം ഇതാണ്. 2023 സാമ്പത്തിക വർഷത്തിൽ റെയിൽ കണക്ട് വഴി 560,000 ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകളാണ് രജിസ്റ്റർ ചെയ്തത്.
ഇത് ഐആർസിടിസി വിറ്റ മൊത്ത ടിക്കറ്റിന്റെ പകുതിയോളം വരും. ബാക്കിയുള്ളവ ഐആർസിടിസി വെബ്സൈറ്റ് വഴിയാണ് ബുക്കായത്. റെയിൽ കണക്ട് കഴിഞ്ഞാൽ തൊട്ടടുത്ത ജനപ്രിയ റെയിൽവേ ആപ്പ് യുടിഎസ് ആണ്. പ്ലാറ്റ്ഫോം ടിക്കറ്റുകളും സീസൺ പാസുകളും വാഗ്ദാനം ചെയ്യുന്ന യുടിഎസ് ആപ്പ് 10 ദശലക്ഷത്തിലധികം ഡൗൺലോഡുകൾ പിന്നിട്ടു.

റെയിൽ മദാദ് (പരാതികൾക്കും നിർദ്ദേശങ്ങൾക്കും), യുടിഎസ് ( അൺ റിസർവ് ചെയ്യാത്ത ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്), ട്രെയിൻ സ്റ്റാറ്റസ് ( യാത്രക്കാർക്കുള്ള ദേശീയ ട്രെയിൻ അന്വേഷണ സംവിധാനം ) തുടങ്ങി പലതായി ചിതറിക്കിടക്കുന്ന സേവനങ്ങളെല്ലാം പുതിയ സൂപ്പർ ആപ്പ് ഉൾക്കൊള്ളും. ഇത് യാത്രക്കാർക്ക് ഏറെ ഉപകാരമാകും.
ഇന്ത്യൻ റെയിൽവേയുടെ പ്രാഥമിക ഓൺലൈൻ ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി ( IRCTC ) സഹകരിച്ചുകൊണ്ട്, ഇൻഫർമേഷൻ ടെക്നോളജി (ഐടി) സംവിധാനങ്ങളുടെ ഉത്തരവാദിത്തമുള്ള റെയിൽവേ മന്ത്രാലയത്തിന്റെ വിഭാഗമായ CRIS- ആണ് ഈ സൂപ്പർ ആപ്പ് തയാറാക്കുന്നത്.
ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിൻ എവിടെയെത്തി എന്ന് അറിയാനും ട്രെയിനിൽ ഭക്ഷണം ബുക്ക് ചെയ്യാനും ട്രെയിൻ വിവരങ്ങൾ അന്വേഷിക്കാനും ടിക്കറ്റ് ക്യാൻസൽ ചെയ്യാനുമെല്ലാം ഇനി ഒരൊറ്റ ആപ്പ് മതി എന്നുള്ളതാണ് സൂപ്പർ ആപ്പുകൊണ്ടുള്ള നേട്ടം. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾ അവതരിപ്പിച്ചുകൊണ്ട് വികസനത്തിലേക്ക് പായുന്ന ഇന്ത്യൻ റെയിൽവേയുടെ തൊപ്പിയിലെ പൊൻതൂവലാകും സൂപ്പർ ആപ്പ്.


Click it and Unblock the Notifications








