വാട്സ്ആപ്പിന്റെ കാലനോ! ഇന്റർനെറ്റോ, ഫോൺ നമ്പറോ ഇല്ലാതെ മെസേജ് അയയ്ക്കാവുന്ന ബിറ്റ്ചാറ്റ് ആപ്പ് എത്തി
നിലവിൽ ഏവരുടെയും പ്രിയപ്പെട്ട മെസേജിങ് ആപ്പ് ആയ വാട്സ്ആപ്പിന് വൻ വെല്ലുവിളി ഉയർത്തിക്കൊണ്ട് ട്വിറ്ററിന്റെ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക്ക് ഡോർസി ബിറ്റ്‌ചാറ്റ് മെഷ് ചാറ്റ് ആപ്പ് (Bitchat Mesh Chat App) ഔദ്യോഗികമായി പുറത്തിറക്കി. ഈ പുതിയ മെസേജിങ് ആപ്പിന്റെ പ്രധാന പ്രത്യേകത ഇത് ഇന്റർനെറ്റ്, ഫോൺ നമ്പറുകൾ അല്ലെങ്കിൽ ഇമെയിൽ വിലാസങ്ങൾ എന്നിവയെ ആശ്രയിക്കാത്ത ഒരു പുതിയ പിയർ-ടു-പിയർ (P2P) ആപ്പ് ആണ് എന്നതാണ്. ഇപ്പോൾ ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോർ വഴി ഈ ആപ്പ് ഡൗൺലോഡ് ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനും ലഭ്യമാണ്.
ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി എപ്പോഴാണ് ഇത് പ്ലേ സ്റ്റോറിൽ അവതരിപ്പിക്കുക എന്ന് നിലവിൽ ജാക്ക് ഡോർസി വ്യക്തമാക്കി. ഐഫോൺ ഉപയോക്താക്കൾക്ക് ഇപ്പോൾ ആപ്പ് സ്റ്റോർ വഴി ഐഫോണിനുള്ള ബിറ്റ്‌ചാറ്റ് മെഷ് ഡൗൺലോഡ് ചെയ്യാൻ കഴിയുമെന്ന് തന്റെ ട്വിറ്റർ പോസ്റ്റിലൂടെ ജാക്ക് ഡോർസി അറിയിക്കുകയായിരുന്നു.

ബ്ലൂടൂത്ത് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു എന്നതാണ് ഈ ബിറ്റ്ചാറ്റ് മെഷ് ആപ്പിനെ നിലവിലുള്ള ജനപ്രിയ മെസേജിങ് ആപ്പുകളിൽ നിന്ന് വേറിട്ട് നിർത്തുന്നത്. പ്രധാനമായും വാട്സ്ആപ്പിന് ഒരു എതിരാളിയായി ഈ ബിറ്റ്ചാറ്റ് മെഷ് ആപ്പ് വളർന്നുവരും എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ലോഗിൻ സംവിധാനമില്ലാത്ത ഒരു മിനിമലിസ്റ്റ് ഇന്റർഫേസ് ആണ് ഈ ആപ്പിലുള്ളത്.
ഓഫ്‌ലൈൻ ആശയവിനിമയത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ബിറ്റ്‌ചാറ്റ്, സമീപത്തുള്ള മറ്റുള്ളവരുമായി ചാറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിന് ബ്ലൂടൂത്ത് മെഷ് നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നു - സെല്ലുലാർ അല്ലെങ്കിൽ വൈ-ഫൈ കണക്ഷൻ ആവശ്യമില്ല എന്നതാണ് ഈ ആപ്പിന്റെ ഹൈലൈറ്റ്. 100 മീറ്റർ വരെയാണ് ഇതിന്റെ നോർമൽ റേഞ്ച് എന്നാണ് വിവരം.

ബിറ്റ്ചാറ്റിന്റെ പ്രവർത്തനം എങ്ങനെ: സമീപത്തുള്ള ഡിവൈസുകൾക്കിടയിൽ എൻക്രിപ്റ്റ് ചെയ്‌ത ആശയവിനിമയം ബിറ്റ്‌ചാറ്റ് സുഗമമാക്കുന്നു. ഉപയോക്താക്കൾ നീങ്ങുമ്പോൾ, അവരുടെ ഫോണുകൾ സ്വയമേവ ലോക്കൽ ബ്ലൂടൂത്ത് ക്ലസ്റ്ററുകൾ രൂപപ്പെടുത്തുന്നു, ഒരു ഡിവൈസിൽ നിന്ന് മറ്റൊന്നിലേക്ക് സന്ദേശങ്ങൾ കൈമാറുന്നു. സ്റ്റാൻഡേർഡ് ബ്ലൂടൂത്ത് പരിധിക്കപ്പുറം സന്ദേശങ്ങൾ എത്താൻ ഇത് അനുവദിക്കുന്നു. അതായത് ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഒരു നെറ്റ് വര്‍ക്കിലൂടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
ഓവർലാപ്പിംഗ് ക്ലസ്റ്ററുകളെ ബന്ധിപ്പിച്ച്, കൂടുതൽ ദൂരങ്ങളിൽ മെഷ് നെറ്റ്‌വർക്ക് വ്യാപിപ്പിച്ചുകൊണ്ട് "ബ്രിഡ്ജ്" ഉപകരണങ്ങൾ ഒരു പങ്കു വഹിക്കുന്നു. സന്ദേശങ്ങൾ ഉപയോക്താക്കളുടെ ഫോണുകളിൽ മാത്രമേ സ്റ്റോർ ആകൂ. പിന്നീട് ഇത് ഓട്ടോമാറ്റിക്കായി ഡീലീറ്റ് ആക്കപ്പെടും. സന്ദേശങ്ങൾക്കായി E2EE പരിരക്ഷ ഉറപ്പാക്കാൻ ബിറ്റ്‌ചാറ്റ് മെഷ് ആപ്പ് നോയ്‌സ് പ്രോട്ടോക്കോൾ ഫ്രെയിംവർക്ക് ഉപയോഗിക്കുന്നു.
ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് പേരിടാനും പാസ്‌വേഡുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കാനും കഴിയുന്ന ഓപ്‌ഷണൽ ഗ്രൂപ്പ് ചാറ്റുകൾ അല്ലെങ്കിൽ "റൂംസ്" ബിറ്റ്ചാറ്റ് പിന്തുണയ്ക്കുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. താൽക്കാലികമായി ഓഫ്‌ലൈനിലുള്ള ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ എത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്ന "സ്റ്റോർ ആൻഡ് ഫോർവേഡ്" ഫീച്ചറും ഇതിൽ ഉണ്ട്. വരും അപ്‌ഡേറ്റുകളിൽ വൈഫൈ ഡയറക്ട് ഫീച്ചറും കൂട്ടിച്ചേർക്കുമെന്നാണ് റിപ്പോർട്ട്.

ബാഹ്യ സുരക്ഷാ അവലോകനത്തിന് ബിറ്റ്ചാറ്റിലെ മെസേജുകൾ വിധേയമായിട്ടില്ല. അതിനാൽ കൂടുതൽ സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതുവരെ സെൻസിറ്റീവ് കാര്യങ്ങൾക്കായി ഈ ചാറ്റ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ബിറ്റ്ചാറ്റിന്റെ സുരക്ഷാ മുന്നിറയിപ്പ് ഉപയോക്താക്കളെ ഉപദേശിക്കുന്നു. ഭാവിയിൽ വാട്സ്ആപ്പിനും മറ്റും വെല്ലുവിളിയാകാൻ ഈ ഇന്റർനെറ്റ് രഹിത ആപ്പിന് ശേഷിയുണ്ടെന്ന് കരുതപ്പെടുന്നു.
എന്നാൽ അത് സാധ്യമല്ലെന്ന വാദവുമുണ്ട്, കാരണം അയക്കുന്ന സന്ദേശങ്ങൾ സൂക്ഷിച്ച് വെച്ച് പിന്നീട് കണക്ടിവിറ്റി സാധ്യമാകുമ്പോൾ അയക്കുന്ന രീതിയാണ് ബിറ്റ് ചാറ്റ് പിന്തുടരുന്നത്. അതത്ര വിജയിക്കില്ല എന്നാണ് മറ്റൊരു വിഭാഗം നിരീക്ഷിക്കുന്നത്. എന്തായാലും ആൻഡ്രോയിഡ് ആപ്പ് കൂടി എത്തുന്നതോടെ കൂടുതൽ ഉപയോക്താക്കൾ ഈ ബിറ്റ്ചാറ്റ് മെഷ് ആപ്പ് പരീക്ഷിക്കാൻ മുന്നോട്ട് വരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.


Click it and Unblock the Notifications







