ആപ്പായി പുറത്തിറങ്ങാനൊരുങ്ങി മെറ്റ എഐ! ജെമിനിയും ചാറ്റ്ജിപിടിയും 'ആപ്പിലാവും'
എഐ (ആർട്ടിഫിഷ്യൽ ഇൻറലിജൻറ്‌സ്)യൂടെ കാലമാണ്. ഓരോ സേവനങ്ങളും എഐ അധിഷ്ടിതമാകുമ്പോൾ ഇതിന്റെ വളർച്ച എത്ര വേഗത്തിലാണെന്ന് ഓർക്കാവുന്നതാണ്. സമസ്ത മേഖലകളിലും എഐ തൻെ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് മുന്നേറുകയാണ്. വെറും ചാറ്റ് ബോട്ടുകൾ മാത്രമായി ടെക് ലോകത്തെത്തിയ പലതും ഇപ്പോൾ വളർന്നു പന്തലിച്ചിട്ടുണ്ട്. ഇപ്പോഴിതാ ടെക് ലോകത്ത് പുത്തൻ മാറ്റം വരുന്നതായാണ് പുതിയ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. മെറ്റ തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്‌ബോട്ട് ഒരു സ്വതന്ത്ര ആപ്പായി പുറത്തിറക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട് പറയുന്നത്. പുറത്തുവന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ നിലവിലെ എഐ ഭീമന്മാർക്ക് ചെറുതല്ലാത്ത പണി കിട്ടുമെന്ന കാര്യം ഉറപ്പ്.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ, വാട്ട്സ്ആപ്പ് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ ആപ്പുകളിൽ കമ്പനി നിലവിൽ മെറ്റാ AI വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഒരു വെബ് ക്ലയന്റായും ലഭ്യമാണ്. പക്ഷെ ഒരു ആപ്പായി ഇതുവരെ മെറ്റയെ മാറ്റിയിട്ടില്ല. മൊബൈലിലായാലും ഡെസ്‌ക്‌ടോപ്പിലായാലും മെറ്റ ചാറ്റ് ബോട്ട് ആയിട്ടാണ് പ്രവർത്തിക്കുന്നത്.

ഈ വർഷത്തെ രണ്ടാം പാദത്തിൽ, അതായത് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ആപ്പ് ലോഞ്ച് ചെയ്യാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2025 അവസാനത്തോടെ കമ്പനിയെ AI മേഖലയിൽ ഒരു ശക്തി കേന്ദ്രമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും റിപ്പോർട്ടുണ്ട്. ഇതെല്ലാം സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ്.

ഓപ്പൺഎഐ, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവ ഉപയോഗിക്കുന്ന മോണിറ്റൈസേഷൻ മോഡലുകൾക്ക് സമാനമായി പണം ഈടാക്കിയുള്ള സബ്സ്‌ക്രൈിബ്ഷനാണ് മെറ്റ ലക്ഷ്യം വെക്കുന്നത്. ഈ വർഷം ആദ്യം എഐ അസിസ്റ്റന്റുമായി ഒരു 'മികച്ച ഉപഭോക്തൃ അനുഭവം' സൃഷ്ടിക്കാൻ കമ്പനി ലക്ഷ്യമിടുന്നതായി മെറ്റായുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സൂസൻ ലി വ്യക്തമാക്കിയിട്ടുണ്ട്.
മെറ്റയുടെ ഈ നീക്കത്തിന് മുമ്പ് തന്നെ ആപ്പിൾ ഇന്റലിജൻസ് ഇന്ത്യയിലേക്കും വരുന്നതായി സ്ഥിരീകരിച്ചിരുന്നു. ഇന്ത്യൻ ഉപയോക്താക്കളുടെ ഏറെകാലത്തെ ആവശ്യത്തിനാണ് ആപ്പിളിന്റെ ഈ തീരുമാനം. ഏപ്രിലിലാണ് ഇന്ത്യയിൽ ഇന്റലിജൻസിന്റെ സേവനം ലഭ്യമാവുക എന്നാണ് ആപ്പിൾ അധികൃതർ വെളുപ്പെടുത്തിയിരിക്കുന്നത്. iOS 18.4 അപ്‌ഡേറ്റിന്റെ ഭാഗമായിട്ടാണ് ആപ്പിൾ ഇൻറലിജൻസ് ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിലെത്തുക.

തിരഞ്ഞെടുത്ത ഐഫോണുകൾ, ഐപാഡുകൾ, മാക്കുകൾ എന്നിവയ്ക്കായി വിപുലമായ എഐ സവിശേഷതകളാണ് പ്രതീക്ഷിക്കുന്നത്. ആപ്പിൾ ബജറ്റ് ഫ്രണ്ട്‌ലി ഐഫോൺ 16E ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം. അതേസമയം ആപ്പിൾ തങ്ങളുടെ അകയിൽ പ്രവർത്തിക്കുന്ന ആപ്പിൾ ഇന്റലിജൻസ് ഇപ്പോൾ കൂടുതൽ ഭാഷകൾ സപ്പോർട്ട് ചെയ്യുമെന്ന് ഒരു ബ്ലോഗ് പോസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു. മെറ്റയുടെയും ആപ്പിളിന്റെയും ഈ നീക്കങ്ങളെല്ലാം ടെക് ലോകത്ത് വൻമാറ്റങ്ങൾക്കാണ് കാരണമാകുക. എഐ മത്സരങ്ങൾ കടുത്താൽ ഉപയോക്താക്കൾക്ക് കൂടുതൽ സേവനങ്ങൾ സൗജന്യമായി ലഭിക്കുമെന്ന കാര്യം ഉറപ്പ്.


Click it and Unblock the Notifications








