ട്വിറ്ററിനെ പൂട്ടാൻ മെറ്റ വരുന്നു; പുതിയ ആപ്പ് വ്യാഴാഴ്ചയെത്തും
ട്വിറ്ററിനെ പൂട്ടാൻ പുതിയ മൈക്രോബ്ലോഗിങ് ആപ്ലിക്കേഷൻ ഒരുക്കി ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ. ത്രെഡ്സ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്ലിക്കേഷൻ ഇൻസ്റ്റഗ്രാം അടിസ്ഥാനമാക്കി ഒരു ചാറ്റിംഗ് ആപ്പ് പോലെ ആയിരിക്കും പ്രവർത്തിക്കുക. ഇൻസ്റ്റഗ്രാമിലെ അതേ യൂസർ നെയിം തന്നെ ത്രെഡ്സിലും ഉപയോഗിക്കാം. ജൂലൈ ആറിന് ആപ്പ് പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
നിലവിൽ യൂറോപ്പിലെ ഉപഭോക്താക്കൾക്ക് ഈ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഉടൻ തന്നെ ആപ്പിൾ സ്റ്റോറിലും ത്രെഡ്സ് ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്വിറ്ററിന് പുറമെ ബ്ലൂസ്കൈ എന്ന ആപ്ലിക്കേഷനും ത്രെഡ്സിനൊപ്പം മത്സരിക്കാനുണ്ട്. മുൻ ട്വിറ്റർ സിഇഒ ആയിരുന്ന ജാക് ഡോർസിയാണ് ബ്ലൂസ്കൈയുടെ ഉടമസ്ഥൻ. നിലവിൽ ട്വിറ്ററിലുള്ള നിയന്ത്രണങ്ങളും പോരായ്മകളും പരമാവധി മുതലെടുക്കാനാണ് ത്രെഡ്സും ബ്ലൂസ്കൈയും ശ്രമിക്കുന്നത്.

നിരവധി നിയന്ത്രണങ്ങളാണ് മസ്ക് നിലവിൽ ട്വിറ്ററിൽ കൊണ്ടുവന്നിരിക്കുന്നത്. ഓരോ ദിവസവും വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണം കഴിഞ്ഞ ദിവസം ട്വിറ്റർ പരിമിതപ്പെടുത്തിയിരുന്നു. ഇതുപ്രകാരം വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകളിൽ നിന്ന് ഒരു ദിവസം 600 പോസ്റ്റുകൾ മാത്രമാണ് വായിക്കാൻ സാധിക്കു. പുതിയ അക്കൗണ്ട് ഉള്ളവർക്ക് വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണം 300 ആക്കിയും ചുരുക്കി. ഇതോടെ പല ട്വിറ്റർ ഉപഭോക്താക്കളും ട്വിറ്ററിന് സമാനമായ മറ്റ് പ്ലാറ്റ്ഫോമുകൾ തേടിക്കൊണ്ടിരിക്കുകയാണ്.
അതേസമയം ട്വിറ്ററിനെ അപേക്ഷിച്ച് കൂടുതൽ സുതാര്യമായിരിക്കും ത്രെഡ്സ് എന്നാണ് മെറ്റ അവകാശപ്പെടുന്നത്. ഇൻസ്റ്റഗ്രാമിലെയും, ട്വിറ്ററിലെയും ഘടകങ്ങൾ ചേർത്താണ് ത്രെഡ്സിന് രൂപം നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ സുഹൃത്തുക്കൾ ത്രെഡ്സിന്റെ ഫോളോ സജഷനിൽ ഓട്ടോമാറ്റിക്കായി ഇടംപിടിക്കും. ഉപഭോക്താക്കൾക്ക് വിശ്വാസ്യതയുറപ്പാക്കുന്ന ഒരു പ്ലാറ്റ്‌ഫോമായിരിക്കും ത്രെഡ്സ് എന്ന് മെറ്റയുടെ ചീഫ് പ്രൊഡക്ട് ഓഫീസർ ക്രിസ് കോക്സ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
പ്രധാനമായും ട്വിറ്ററിലെ ഉപഭോക്താക്കളെ ത്രെഡ്സിലേക്ക് ആകർഷിക്കാനാണ് മെറ്റ ശ്രമിക്കുന്നത്. ഇതിനായി കുടുതൽ പദ്ധതികൾ മെറ്റ തയ്യാറാക്കുന്നുണ്ട്. ട്വിറ്ററിൽ ഉപഭോക്താക്കൾക്ക് പണം അടക്കേണ്ടതായി വരുമ്പോൾ ത്രെഡ്‌സിന്റെ സേവനം തികച്ചും സൗജന്യമായിരിക്കും. മാത്രമല്ല ഉപഭോക്താക്കൾക്ക് കാണാൻ സാധിക്കുന്ന പോസ്റ്റുകളുടെ എണ്ണത്തിൽ നിയന്ത്രണവും ഉണ്ടാകില്ല എന്നും മെറ്റ അറിയിച്ചിട്ടുണ്ട്. അതിന് പുറമെ ഇൻസ്റ്റാഗ്രാമിനും ഫേസ്ബുക്കിനും ഉള്ള ജനപ്രീതിയും ത്രെഡ്സിന് ഗുണകരമായിരിക്കും.
ട്വിറ്റർ ഉടമ ഇലോൺ മസ്കും മെറ്റ ഉടമ മാർക്ക് സക്കർബർഗും തമ്മിൽ കഴിഞ്ഞ കുറച്ചു നാളുകളായി പരസ്പരം വെല്ലുവിളികൾ നടത്തുന്നുണ്ട്. ത്രെഡ്സ് രംഗത്ത് വരുന്നതോടെ ഇവർ തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ട്വിറ്റർ ഇതുവരെ നേരിട്ടതിൽ ഏറ്റവും വലിയ വെല്ലുവിളിയാണ് ആണ് മെറ്റ ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ സ്നാപ്ചാറ്റിനേയും വാട്സ് ആപ്പിലൂടെ ടെലിഗ്രാമിനെയും റീൽസിലൂടെ ടിക് ടോക്കിനെയും പിന്നിലാക്കാൻ മെറ്റക്ക് സാധിച്ചിട്ടുണ്ട്.
അതേ സമയം ഇലോൺ മസ്കിന്റെ ട്വിറ്ററിലെ പുതിയ പരിഷ്ക്കാരങ്ങൾക്കെതിരെ നിരവധിപേര് രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമായ അന്തരീക്ഷം നൽകാനാണ് കമ്പനി ശ്രമിക്കുന്നത് എന്നാണ് മസ്ക് വ്യക്തമാക്കുന്നത്. ഡാറ്റ സ്‌ക്രാപ്പിംഗിനും സിസ്റ്റം കൃത്രിമത്വത്തിനുമെതിരായ പോരാട്ടം ഉപഭോക്താക്കളുടെ സ്വകാര്യതയെ സംരക്ഷിക്കാനാണെന്നും മസ്ക് കൂട്ടിച്ചേർത്തു.
ട്വിറ്ററിലെ പോസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയ സാഹചര്യത്തിൽ ഉപഭോക്താക്കൾ കൂട്ടമായി ബ്ലൂസ്‌കൈ ആപ്പ് സന്ദർശിച്ചിരുന്നു ഇതിന് പിന്നാലെ ആപ്പ് ക്രാഷ് ആയതായും റിപ്പോർട്ട് ഉണ്ട്. പിന്നീട് കുറച്ചു സമയത്തിന് ശേഷം മാത്രമാണ് ബ്ലൂസ്‌കൈക്ക് പഴയ രീതിയിൽ പ്രവർത്തനം ആരംഭിക്കാൻ സാധിച്ചത്.


Click it and Unblock the Notifications








