ഇനി ഒരു വാട്സ്ആപ്പിൽ രണ്ട് മൊബൈൽ നമ്പറുകൾ ഉപയോഗിക്കാം, എങ്ങനെയെന്ന് ഇതാ
പുതുമകൾ അവതരിപ്പിക്കാനുള്ള അന്വേഷണത്തിൽ മുഴുകിയ വാട്സ്ആപ്പ് ( WhatsApp ) ഒരു പുതിയ ഫീച്ചർ കൂടി അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. രണ്ട് മൊബൈൽ നമ്പർ അടിസ്ഥാനമാക്കിയുള്ള വാട്സ്ആപ്പ് അക്കൗണ്ടുകൾ ഒറ്റ ആപ്പിൽ തന്നെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു ഫോണിൽ രണ്ട് വ്യത്യസ്‌ത വാട്സ്ആപ്പ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യണമെങ്കിൽ മുൻപ് ഫോണുകളിൽ ഡ്യുവൽ അല്ലെങ്കിൽ ക്ലോൺ ആപ്പ് ഫീച്ചർ ഉപയോഗിക്കേണ്ടി വന്നിരുന്നു. എന്നാൽ പുതിയ ഫീച്ചർ എത്തിയതോടെ ഉപയോക്താക്കൾക്ക് ഒരു ഫോണിൽ ഒരു ആപ്പിൽ തന്നെ രണ്ട് അക്കൗണ്ടുകളും കൈകാര്യം ചെയ്യാൻ സാധിക്കും.

പുതിയ ഫീച്ചർ ഉപയോഗിച്ച് ഒരു ഫോണിലെ വാട്സ്ആപ്പിൽ ലോഗിൻ ചെയ്തിരിക്കുന്ന രണ്ട് അക്കൗണ്ടുകളിലേക്കും അതിവേഗം സ്വിച്ച് ചെയ്യാൻ സാധിക്കും. ഇത് നിരവധി പേർക്ക് ഏറെ ഉപകാരപ്പെടുന്ന വലിയൊരു മാറ്റമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇപ്പോൾ മിക്കവർക്കും ഒന്നിലധികം സിം കാർഡുകളും മൊബൈൽ നമ്പരും ഉണ്ട്.
ഡ്യുവൽ സിം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വളരെയേറെയാണ്. പലരും ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ഒരു നമ്പരും പഴ്സണൽ ആവശ്യങ്ങൾക്ക് മറ്റൊരു നമ്പരും ഉപയോഗിക്കുന്നു. ഈ രണ്ട് നമ്പരുകളിലും വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉണ്ടായിരിക്കാം. ഇത് രണ്ട് ആപ്പുകളിലായി കൈകാര്യം ചെയ്യുന്നത് ചിലർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ ലഭ്യമാകുന്നതോടെ രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകൾ ഒരു ഫോണിൽ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചുകൊണ്ടുള്ള ബ്ലോഗ് പോസ്റ്റിൽ വാട്സ്ആപ്പ് തന്നെ വ്യക്തമാക്കിയിട്ടുള്ളത്. രണ്ട് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ ഇപ്പോൾ ഓരോ തവണയും ലോഗ് ഔട്ട് ചെയ്യുകയോ, രണ്ട് ഫോണുകൾ കൊണ്ടുനടക്കുകയോ ചെയ്യേണ്ടതില്ല എന്ന് വാട്സ്ആപ്പ് പറയുന്നു.
എങ്ങനെയാണ് ഒരു ഫോണിൽ ഒരു ആപ്പിൽ രണ്ട് വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കുക എന്ന് ബ്ലോഗ് പോസ്റ്റിൽ വാട്സ്ആപ്പ് വിവരിക്കുന്നുണ്ട്. പുതിയ ഫീച്ചർ ഉപയോഗിച്ച് ഒരു ആപ്പിൽ രണ്ടാമത്തെ അക്കൗണ്ട് സജ്ജീകരിക്കാൻ, ഉപയോക്താവിന് രണ്ടാമത്തെ ഫോൺ നമ്പറും സിം കാർഡും മൾട്ടി-സിം അല്ലെങ്കിൽ eSIM സ്വീകരിക്കുന്ന ഒരു ഫോണും ആവശ്യമാണ്.
തുടർന്ന് വാട്സ്ആപ്പിൽ സെറ്റിങ്സിലേക്ക് പോകുക. അവിടെ ഉപയോക്താവിന്റെ പേരിന് സമീപം കാണുന്ന ആരോ അടയാളത്തിൽ ടാപ്പ് ചെയ്യുക. തുടർന്ന് ആഡ് അക്കൗണ്ട് എന്നതിൽ ക്ലിക്ക് ചെയ്യുക. ഓരോ അക്കൗണ്ടിലെയും പ്രൈവസി, നോട്ടിഫിക്കേഷൻ പോലുള്ളവ ഉപയോക്താവിന് തന്നെ സെറ്റ് ചെയ്യാൻ സാധിക്കും എന്ന് വാട്സ്ആപ്പ് പറയുന്നു.

ഇതിനായി ഔദ്യോഗിക ആപ്പ് തന്നെ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണമെന്നും വാട്സ്ആപ്പിന്റെ രൂപത്തിലും ഭാവത്തിലും കാണുന്ന വ്യാജ ആപ്പുകളുടെ കെണിയിൽ വീഴരുത് എന്നും അവ ഡൗൺലോഡ് ചെയ്യരുതെന്നും വാട്സ്ആപ്പ് ഉപയോക്താക്കളെ ഉപദേശിക്കുന്നു. ഔദ്യോഗിക വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ ഉപയോക്താക്കളുടെ സന്ദേശങ്ങൾ സുരക്ഷിതവും സ്വകാര്യവുമായിരിക്കും എന്നും വാട്സ്ആപ്പ് ബ്ലോഗിൽ ഉറപ്പുനൽകുന്നു.
വാട്ട്‌സ്ആപ്പിൽ നിങ്ങൾക്ക് എപ്പോഴാണ് ഈ ഒന്നിലധികം അക്കൗണ്ട് ഫീച്ചർ ആക്‌സസ് ചെയ്യാൻ കഴിയുക: ഈ പുതിയ ഫീച്ചർ നിലവിൽ ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാണ്. വരും ആഴ്ചകളിൽ ഈ പുതിയ ഫീച്ചർ എല്ലാവർക്കുമായി ലഭ്യമാക്കിത്തുടങ്ങും എന്ന് വാട്സ്ആപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. അതായത് ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ ഇത് നിങ്ങളുടെ ഫോണുകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.
വാട്സ്ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പിലാണ് ഈ പുതിയ ഫീച്ചർ ആദ്യം എത്തുന്നത്. ഐഒഎസ് പതിപ്പിനായി ഇത് എപ്പോൾ പുറത്തിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത് എന്നത് നിലവിൽ അജ്ഞാതമാണ്. എന്തായാലും ഡ്യുവൽ സിം ഉപയോഗിക്കുന്ന നിരവധി പേർക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒരു ഫീച്ചറായിരിക്കും ഇത് എന്നാണ് പൊതുവെ കരുതപ്പെടുന്നത്.


Click it and Unblock the Notifications








