വെറുതേ ഒന്ന് ഫോൺ കുലുക്കിയാൽ മതി, വാട്സ്ആപ്പിലൂടെ ഇനി സിനിമയും അയയ്ക്കാം; നിയർബൈ ഷെയർ പോലെ
ഇതിനോടകം പല ആപ്പുകളുടെയും പണികളഞ്ഞ് സൂപ്പർ ആപ്പായിക്കൊണ്ടിരിക്കുന്ന വാട്സ്ആപ്പ് (WhatsApp) ഒരു പുതിയ ഫീച്ചർ കൂടി അവതരിപ്പിക്കാൻ തയാറെടുക്കുന്നു. മെസേജിങ് പ്ലാറ്റ്ഫോം എന്ന നിലയിൽ രംഗത്തെത്തിയ വാട്സ്ആപ്പ് ഇന്ന് ചാറ്റിങ്ങിന് പുറമേ കോളിങ്ങും ബാങ്കിങ്ങും ടിക്കറ്റ് ബുക്കിങ്ങും അടക്കം ഒരുപാട് കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും.
ഇപ്പോൾ വാട്സ്ആപ്പിന് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളുടെ പട്ടികയിലേക്ക് ഒന്നുകൂടി എത്തുന്നു ഫയൽ ഷെയറിങ്. നിലവിൽ വാട്സ്ആപ്പ് വഴി അത്യാവശ്യം ചെറിയ ഫയലുകൾ ഒക്കെ കൈമാറാം. എന്നാൽ നിയർബൈ ഷെയർ പോലെയുള്ള ആപ്പുകൾ നടത്തുന്നതുപോലെയുള്ള ഫയൽ കൈമാറ്റം സാധ്യമല്ല. എന്നാൽ അധികം വൈകാതെ ഈ സാഹചര്യം മാറും.

സിനിമ അടക്കം സ്മാർട്ട്ഫോണുകളിലെ വലിയ ഫയലുകളും അധികം വൈകാതെ വാട്സ്ആപ്പ് വഴി കൈമാറാൻ സാധിക്കുമെന്ന് വാബീറ്റഇൻഫോയുടെ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. നിയർബൈ ഷെയറിലേതിന് സമാനമായ ഒരു ഫീച്ചർ വാട്സ്ആപ്പ് തയാറാക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് വാബീറ്റ ഇൻഫോ വെളിപ്പെടുത്തിയിരിക്കുന്നത്. തൊട്ടടുത്തുള്ള വാട്സ്ആപ്പുകൾക്കിടയിൽ ആയിരിക്കും ഈ ഫയൽ കൈമാറ്റം സാധ്യമാകുക.
ആകർഷകമായ ഫീച്ചറുകൾ തുടർച്ചയായി അവതരിപ്പിക്കുന്നതിൽ വാട്സ്ആപ്പ് എപ്പോഴും ശ്രദ്ധ പുലർത്താറുണ്ട്. അത്തരത്തിൽ വാട്സ്ആപ്പ് ഇനി അവതരിപ്പിക്കാൻ പോകുന്ന പ്ലാനുകളുടെ കൂട്ടത്തിൽ നിയർബൈ ഷെയറിന് സമാനമായ ഫീച്ചറും ഉണ്ട് എന്ന വാർത്ത ഉപയോക്താക്കളെ ആവേശം കൊള്ളിക്കും. പുതിയ ഫീച്ചറിലൂടെ സ്മാർട്ട്ഫോണുകളിലെ ഒഴിവാക്കാനാകാത്ത ആപ്പ് എന്ന വിശേഷണം വാട്സ്ആപ്പ് ഒരിക്കൽ കൂടി ഉറപ്പിക്കും.

ആൻഡ്രോയിഡ് 2.24.2.17-ലെ വാട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് പുതിയ ഫയൽ ഷെയറിങ് ഫീച്ചർ ലഭ്യമായിട്ടുണ്ടെന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. പുതിയ ഫീച്ചറിന്റെ സ്‌ക്രീൻഷോട്ടും വാബീറ്റ ഈ വാർത്ത പുറത്തുവിട്ടതിനോടൊപ്പം നൽകിയിരിക്കുന്നു. ഈ ഫീച്ചർ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾക്ക് ഫയലുകൾ അയയ്‌ക്കാനും സ്വീകരിക്കാനും കഴിയുന്ന ഒരു പുതിയ ഓപ്ഷനിലേക്ക് എത്തേണ്ടതുണ്ട്.
ഫയൽ ഷെയർ ചെയ്യേണ്ട സ്മാർട്ട്ഫോൺ പക്ഷേ തൊട്ടടുത്ത് ഉണ്ടായിരിക്കണം. ഏതാനും ദൂരത്തിനുള്ളിലുള്ള ഡിവൈസുകളിലേക്ക് പുതിയ ഫീച്ചർ ഉപയോഗിച്ച് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സുരക്ഷിതമായി ഫയലുകൾ അയയ്ക്കാം. ഇതിനുള്ള നടപടികൾ ആരംഭിക്കുന്നതിനായി ഫോൺ ചെറുതായി ഒന്നു കുലുക്കിയാൽ (ഷേക്ക് ചെയ്താൽ) മതിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫയലുകൾ കൈമാറുന്നതിനായി ഫോൺ 'ഷേക്ക്' ചെയ്ത് അഭ്യത്ഥന അയക്കാം. എന്നാൽ ഫോണിലുള്ള നമ്പരുകളിലേക്ക് മാത്രമേ ഫയൽ അയക്കാൻ കഴിയൂ. എൻഡ്- ടു- എൻഡ് എൻക്രിപ്ഷൻ ഫീച്ചർ സുരക്ഷ ഇവിടെയും ലഭ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആൻഡ്രോയിഡ് ഫോണുകളിൽ ഫയൽ കൈമാറ്റത്തിനായി ഇതിനകം നിരവധി ആപ്പുകൾ ലഭ്യമാണ്.

നിയർബൈ ഷെയർ പോലുള്ള സൗകര്യങ്ങൾ ആണ് ഇപ്പോൾ ഫയലുകൾ കൈമാറാൻ കൂടുതൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കളും ഉപയോഗിക്കുന്നത്. നിലവിൽ ധാരാളം ഫയൽ ഷെയറിങ് മാർഗങ്ങൾ ഉണ്ടെങ്കിലും അവയിൽ നിന്നെല്ലാം വ്യത്യസ്തമായി എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംരക്ഷണത്തിൽ ഫയലുകൾ കൈമാറാം എന്നതാണ് വാട്സ്ആപ്പ് ഫയൽ ഷെയറിങ്ങിന്റെ സവിശേഷത.
സ്മാർട്ട്ഫോണുകളുടെ സുരക്ഷ ഇന്ന് വളരെ പ്രധാനമാണ്. പൊതു ഇടങ്ങളിൽ വച്ച് മറ്റ് ഫയൽ ഷെയറിങ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷാഭീഷണി നിലനിൽക്കുന്നു. എന്നാൽ വാട്സ്ആപ്പ് ഫയൽ ഷെയറിങ് താരതമ്യേന കൂടുതൽ സുരക്ഷിതമാണ്. കാരണം, കോണ്ടാക്ടിൽ ഇല്ലാത്തവരുമായി ഈ വാട്സ്ആപ്പ് ഫയൽ ഷെയറിങ് നടക്കില്ല എന്നാണ് നിലവിൽ ലഭ്യമായിട്ടുള്ള വിവരം.
വാട്സ്ആപ്പ് വഴിയുള്ള ഫയൽ ഷെയറിങ് മെച്ചപ്പെടുത്താൻ പ്ലാറ്റ്ഫോം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. കംപ്രഷൻ ചെയ്യാതെ തന്നെ എച്ച്‌ഡിയായി 2 ജിബി വരെ വലുപ്പമുള്ള ഫയലുകൾ പങ്കിടാൻ അനുവദിക്കുന്ന ഒരു ഫീച്ചർ കഴിഞ്ഞ വർഷം വാട്സ്ആപ്പ് പുറത്തിറക്കിയിരുന്നു. അതിന്റെ അടുത്ത പടിയാണ് പുതിയ നിയർബൈ ഫയൽ ഷെയറിങ് ഫീച്ചർ. ഇത് എപ്പോഴാണ് ഉപയോക്താക്കളിലേക്ക് എത്തുക എന്ന് വ്യക്തമായിട്ടില്ല.
Image credit: wabetainfo


Click it and Unblock the Notifications








