ജനുവരി ഒന്ന് മുതൽ സൊമാറ്റോ, സ്വിഗ്ഗി ഓർഡറുകൾക്ക് ചെലവേറും
ജനുവരി ഒന്ന് മുതൽ രാജ്യത്തെ ഓൺലൈൻ ഭക്ഷണ വിതരണ സർവീസുകൾ ചെലവേറിയതാകാനുള്ള സാധ്യതകൾ കാണുകയാണ്. ജനുവരി ഒന്ന് മുതൽ സൊമാറ്റോ സ്വിഗ്ഗി മുതലായ ഭക്ഷണ ഡെലിവെറി ആപ്പുകൾ, റെസ്റ്റോറന്റ് സേവനങ്ങൾക്ക് 5 ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി) നൽകണം. ജിഎസ്ടി കൌൺസിൽ തീരുമാന പ്രകാരമാണ് ഫുഡ് ഡെലിവറി ആപ്പുകൾക്ക് നികുതി ഏർപ്പെടുത്തുന്നത്. നികുതി നിരക്കിൽ വർധനവ് ഒന്നും കൊണ്ട് വന്നില്ലെങ്കിലും പാർട്ണർ റെസ്റ്റോറന്റുകളുടെ ഭാഗത്ത് നിന്നുള്ള ജിഎസ്ടി സർക്കാരിലേക്ക് ചാനൽ ചെയ്ത് വിടാൻ അഗ്രഗേറ്റേഴ്സിനെ ചുമതലപ്പെടുത്തുന്നതാണ് പുതിയ പരിഷ്കാരം. സാധാരണ ഗതിയിൽ സേവന ദാതാക്കൾക്ക് മുകളിൽ വരുന്ന നികുതി ഭാരം അവർ ഉപയോക്താക്കളുടെ മുകളിലേക്ക് തള്ളാറുണ്ട്. അതിനാൽ തന്നെ 2022ൽ ഭക്ഷണ വിതരണത്തിന് സ്വിഗ്ഗിയും സൊമാറ്റോയും അടക്കമുള്ള കമ്പനികൾ നിരക്ക് ഉയർത്തിയേക്കാം.

ഈ വർഷം സെപ്റ്റംബറിൽ നടന്ന ജിഎസ്ടി കൗൺസിലിന്റെ 45-ാമത് യോഗത്തിലാണ് ഫുഡ് ഡെലിവറി ആപ്പുകൾക്ക് നികുതി ചുമത്താൻ പോകുന്നതായുള്ള ആദ്യ പ്രഖ്യാപനം വന്നത്. ധനമന്ത്രി നിർമ്മല സീതാരാമൻ ആണ് ഹൈപ്പർലോക്കൽ ഫുഡ് ഓർഡറിങ് സേവനങ്ങൾക്കുള്ള നികുതി വ്യവസ്ഥയിൽ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചത്. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ അവരുടെ ആപ്പുകളുമായി പങ്കാളിത്തം ഉള്ള റെസ്റ്റോറന്റുകൾക്ക് വേണ്ടി ജിഎസ്ടി അടയ്ക്കണമെന്നാണ് നിർദേശം. ക്ലൌഡ് കിച്ചണുകൾക്കും സെൻട്രൽ കിച്ചണുകൾക്കും ഇക്കാര്യം ബാധകമാണ്.

കേന്ദ്ര സർക്കാരിന്റെ നിർദേശം അംഗീകരിച്ച ജിഎസ്ടി കൌൺസിൽ പുതിയ നയം 2022 ജനുവരി ഒന്ന് മുതൽ നടപ്പിലാക്കാനും തീരുമാനിച്ചു. റസ്റ്റോറന്റുകളുടെ നികുതി വെട്ടിപ്പ് തടയാൻ ഈ പുതിയ നീക്കം സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാർ വിശ്വസിക്കുന്നത്. പുതിയ ജിഎസ്ടി നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ്, ജിഎസ്ടി ശേഖരിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഉത്തരവാദിത്തം പൂർണമായും റസ്റ്റോറന്റുകൾക്ക് തന്നെയായിരുന്നു.

ഫുഡ് ഡെലിവറി ആപ്പുകൾ വഴി നൽകുന്ന ഓരോ ഓർഡറിനും ഉപഭോക്താക്കളുടെ കയ്യിൽ നിന്നും ജിഎസ്ടി ഈടാക്കുന്ന ഹോട്ടലുകൾ പക്ഷേ സർക്കാരിലേക്ക് ഈ നികുതി അടയ്ക്കാറില്ല. രാജ്യമെമ്പാടും വലിയ രീതിയിലുള്ള നികുതി ചോർച്ച നടക്കുന്നതായി ബോധ്യപ്പെട്ടതോടെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. നികുതി അടയ്ക്കാനുള്ള ബാധ്യത അഗ്രഗേറ്റേഴ്സ് ആയ ഫുഡ് ഡെലിവറി ആപ്പുകൾക്ക് കൈമാറുന്നത് നികുതി ചോർച്ച തടയുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്.

ഒരു ഉപഭോക്താവെന്ന നിലയിൽ, നിങ്ങൾ ഒരു ഓർഡർ നൽകുമ്പോൾ, നിങ്ങളുടെ ഓർഡറിനൊപ്പം നികുതിയും നൽകേണ്ടതുണ്ടെന്ന് യൂസേഴ്സ് മനസിലാക്കണം. റസ്‌റ്റോറന്റുകളിൽ നിന്ന് നികുതി പിരിവിന്റെ ഉത്തരവാദിത്തം മാത്രമാണ് ഫുഡ് അഗ്രഗേറ്റർമാർക്ക് ഗവൺമെന്റ് കൈമാറിയിരിയ്ക്കുന്നത്. അതായത് വിലയിലോ മറ്റോ അധിക നിരക്കുകളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് അർഥം. നിർദ്ദിഷ്ട ജിഎസ്ടി സ്ലാബിന് മുകളിൽ സ്വിഗ്ഗി അല്ലെങ്കിൽ സൊമാറ്റോ മുതലായ ഫുഡ് അഗ്രഗേറ്റർമാർക്ക് നിങ്ങളിൽ നിന്ന് നിരക്ക് ഈടാക്കാൻ കഴിയില്ലെങ്കിലും, അവർ ഇപ്പോൾ റെസ്റ്റോറന്റുകളെ പ്രതിനിധീകരിച്ച് ഏറ്റെടുക്കേണ്ടി വരുന്ന അധിക ജോലികളെ ന്യായീകരിക്കുന്ന ഒരു ഫീസ് ഏർപ്പെടുത്തിയേക്കാനും സാധ്യതയുണ്ട്.

നിങ്ങൾ ചെയ്യുന്ന ഓരോ ഓർഡറിലും അതിന്റെ ബ്രേക്കപ്പിൽ 5 ശതമാനം ജിഎസ്ടി ഇപ്പോൾ തന്നെ ഉണ്ട്. അത് നിങ്ങൾ റെസ്റ്റോറന്റുകൾക്ക് നൽകുന്ന 18 ശതമാനം ജിഎസ്ടിക്ക് മുകളിലും ആണ്. അതിനാൽ, സാങ്കേതികമായി, നിങ്ങൾ സർക്കാരിന് അധികമായി ഒന്നും നൽകുന്നില്ല, പക്ഷേ, പുതിയ ജിഎസ്ടി വ്യവസ്ഥയ്ക്ക് അനുസൃതമായി അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിക്കേണ്ടി വിരും. അതിന് ഫുഡ് അഗ്രഗേറ്റർമാർ നിങ്ങളിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള നിരക്ക് ഈടാക്കാൻ സാധ്യതയുണ്ട്.

ജിഎസ്ടി കൌൺസിൽ തീരുമാനം വന്നപ്പോഴും ഇപ്പോഴിതാ പുതിയ വ്യവസ്ഥകൾ നടപ്പിൽ വരാനിരിക്കുമ്പോഴും സൊമാറ്റോ സ്വിഗ്ഗി മുതലായ ഫുഡ് ഡെലിവറി ആപ്പുകൾ കാര്യമായ പ്രതികരണങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല. പ്രത്യേകിച്ചും ഏതെങ്കിലും തരത്തിലുള്ള അധിക ചാർജുകൾ ഈടാക്കുമോ ഇല്ലയോ എന്നൊന്നും ഈ കമ്പനികൾ പറഞ്ഞിട്ടില്ല. അതിനാൽ തന്നെ പുതിയ വ്യവസ്ഥകൾ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയെ ഏത് വിധത്തിൽ ബാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

ശ്രദ്ധിക്കുക, സൊമാറ്റോ, സ്വിഗ്ഗി എന്നിവപോലുള്ള ഫുഡ് ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാർക്ക് (ഇസിഒ) മാത്രമേ പുതിയ ജിഎസ്ടി വ്യവസ്ഥകൾ ബാധകമാകുകയുള്ളൂ. നിങ്ങൾ ഗ്രോസറി ഷോപ്പിങ് (ഇൻസ്റ്റാമാർട്ട്) പോലുള്ള സേവനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അല്ലെങ്കിൽ ഒരു കടയിൽ നിന്ന് പുതുതായി പാകം ചെയ്ത ഭക്ഷണമല്ലാത്ത നിങ്ങളുടെ ഓർഡറുകൾ വാങ്ങാൻ ഡെലിവറി പങ്കാളികളോട് ആവശ്യപ്പെടുകയാണെങ്കിൽ, ഈ ഓർഡറുകൾക്ക് ജിഎസ്ടി ബാധകമായേക്കില്ല എന്നും യൂസേഴ്സ് മനസിലാക്കണം. വീണ്ടും, അനുയോജ്യമായ സാഹചര്യത്തിൽ നിങ്ങൾ അധികമായി ഒന്നും നൽകേണ്ടി വരികയും ഇല്ല.

ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണം
ഇന്ത്യക്കാർ ഏറ്റവും അധികം ഓർഡർ ചെയ്യുന്ന വിഭവം എതാണെന്ന് അറിയാമോ. നമ്മുടെ ചിക്കൻ ബിരിയാണി തന്നെയാണ് ഇന്ത്യക്കാർക്ക് ഏറ്റവും അധികം പ്രിയപ്പെട്ട ഭക്ഷണം. രാജ്യത്തെ പ്രധാന ഫുഡ് ഡെലിവറി സർവീസുകളിൽ ഒന്നായ സ്വിഗ്ഗി പുറത്തുവിട്ട സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ടിലാണ് ഇന്ത്യക്കാരുടെ ബിരിയാണി പ്രേമം എടുത്ത് കാണിക്കുന്നത്. കഴിഞ്ഞ ആറ് വർഷത്തെ കണക്കെടുത്താലും ചിക്കൻ ബിരിയാണി തന്നെ മുന്നിൽ. ഒരു മിനിറ്റിൽ 115 എണ്ണം എന്ന കണക്കിലാണ് കഴിഞ്ഞ വർഷം ഇന്ത്യക്കാർ ചിക്കൻ ബിരിയാണി ഓർഡർ ചെയ്ത് കൂട്ടിയത്. മുൻവർഷത്തെ കണക്കുകളിൽ ഇത് മിനിറ്റിൽ 90 ബിരിയാണി ഓർഡറുകൾ എന്ന നിലയ്ക്കായിരുന്നു എന്നും മനസിലാക്കണം. ബിരിയാണി പ്രേമത്തിൽ മുമ്പിൽ കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ലഖ്നൌ എന്നീ നഗരങ്ങൾ ആണെന്നാണ് കണക്കുകൾ പറയുന്നതും.


Click it and Unblock the Notifications








