ഇൻസ്റ്റഗ്രമിൽ സ്റ്റോറി ഇടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക
ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ഇൻസ്റ്റഗ്രാമിൽ പുതിയ അപ്ഡേഷൻ വരുന്നു. കഴിഞ്ഞ വർഷം ആപ്പിൾ അവതരിപ്പിച്ച ലൈവ് ആക്ടിവിറ്റീസ് എന്ന ഫീച്ചറിന് സമാനമാണ് ഇൻസ്റ്റഗ്രാമിന്റെ പുതിയ അപ്ഡേഷൻ. ഇതുവഴി ആപ് ലോക്ക് ആണെങ്കിലും ഇനി മീഡിയ, ഇമേജ് അപ്ലോഡ് പുരോഗതി എന്നിവ അറിയാനാകും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.
പ്രധാനമായും ഇൻസ്റ്റഗ്രാമിൻ സ്റ്റോറി ഇടുന്നവർക്ക് ഈ അപ്ഡേഷൻ ഉപകാരപ്രദമാകും. നിങ്ങൾ ഇട്ട സ്റ്റോറി എത്ര പേര് കണ്ടും എത്ര പേര് സ്റ്റോറിക്ക് റിയാക്ട് ചെയ്തു എന്നതെല്ലാം ഇനി ആപ്പ് തുറക്കാതെ തന്നെ മനസിലാക്കാൻ സാധിക്കുന്ന വിധത്തിലാണ് അപ്ഡേഷൻ വരുന്നത്. ഐഒഎസ് 16.1 ലൈവ് ആക്റ്റിവിറ്റി ഫീച്ചറായിരിക്കും ഇത്തരത്തിൽ ഇൻസ്റ്റഗ്രാം പരിശോധിക്കുന്നത്.

9ടു5 മാക് ആണ് ഈ വാർത്ത പുറത്തുവിട്ടത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിന്റെ ഭാഗത്തു നിന്ന് ഔദ്യോഗിക അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. റിപ്പോർട്ട് പ്രകാരം ഈ ഫീച്ചർ തിരഞ്ഞെടുക്കപ്പെട്ട ആളുകൾ നിലവിൽ ഉപയോഗിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ പുതിയ അപ്ഡേഷൻ വഴി എല്ലാ ഉപഭോക്താക്കൾക്കും പുതിയ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇൻസ്റ്റഗ്രാം ഫീഡിൽതന്നെ സ്റ്റോറി കാണാനുള്ള സംവിധാനവും ശബ്ദ സന്ദേശങ്ങൾ വേഗം വർധിപ്പിച്ചു കേൾക്കാവുന്ന സംവിധാനവും അടുത്തിടെ ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ അപ്ഡേഷനുകളുമായി ഇൻസ്റ്റഗ്രാം മുന്നോട്ട് പോകുന്നത്. നേരത്തെ ട്വിറ്ററിന് സമാനമായി പണം നൽകി അക്കൗണ്ടുകൾക്ക് ബ്ലൂടിക്ക് വേരിഫിക്കേഷൻ നടത്തുന്ന രീതിയും ഇൻസ്റ്റഗ്രാം പരിജയപ്പെടുത്തിയിരുന്നു.

മെറ്റ ഇൻസ്റ്റഗ്രാമുമായി ബന്ധിപ്പിച്ച ട്വിറ്ററിന് സമാനായ ത്രെഡ്സ് ആപ്പ് പുറത്തിറക്കി ദിവസങ്ങൾക്ക് ശേഷമാണ് ഇൻസ്റ്റഗ്രാമിലും പുതിയ അപ്ഡേഷനെക്കുറിച്ചുള്ള വാർത്തകൾ ചൂടുപിടിക്കുന്നത്. ത്രെഡ്സ് പുറത്തിറങ്ങിയ സാഹചര്യത്തിൽ ഇനി ഇൻസ്റ്റഗ്രമിലും നിരവധി അപ്ഡേഷൻ വരുമെന്നാണ് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്. അതേ സമയം പുതിയതായി പുറത്തിറക്കിയ ത്രെഡ്സ് ആപ്പിന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്.
ലോഞ്ച് ചെയ്ത് 5 ദിവസങ്ങൾക്കുള്ളിൽ തന്നെ 100 മില്യൺ ഉപഭോക്താക്കൾ ത്രെഡ്സിൽ ലോഗ് ഇൻ ചെയ്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 20 ദശലക്ഷത്തിലധികം ആളുകൾ ത്രെഡ്സിൽ ജോയിൻ ചെയ്തു. മൊത്തം ഡൗൺലോഡുകളുടെ 25 ശതമാനത്തോളം ആളുകളും ഇന്ത്യയിൽ നിന്നുള്ളവരാണ്. ബ്രസീലിൽ 18 ദശലക്ഷം ആളുകളും യുഎസിൽ 15 ദശലക്ഷം ആളുകളും ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്.
പ്ലേ സ്റ്റോറിലെത്തി വെറും രണ്ട് മണിക്കൂറിനുള്ളിൽ തന്നെ രണ്ട് മില്യൺ ആളുകൾ ത്രെഡ്സിൽ സൈൻ അപ്പ് ചെയ്തു എന്നതും ആപ്പിന്റെ ജനപ്രീതി വർധിപ്പിക്കുന്നു. ട്വിറ്ററിന് കനത്ത വെല്ലുവിളിയാണ് ത്രെഡ്സ് ഉയർത്തുന്നത്. ട്വിറ്ററിൽ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ആയിരുന്നു ത്രെഡ്സ് അവതരിച്ചത്. ട്വിറ്ററിന്റ പ്രവർത്തനത്തിൽ അതൃപ്തി ഉണ്ടായിരുന്ന ഉപഭോക്താക്കൾ എല്ലാവരും തന്നെ ത്രെഡ്സിലേക്ക് ചേക്കേറി.
അതിനിടെ ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങൾ ആക്സസ് ചെയ്തു എന്ന പേരിൽ ത്രെഡ്സിനെതിരെ നിയമപോരാട്ടം തുടങ്ങിയിരിക്കുകയാണ് ട്വിറ്റർ. ട്വിറ്ററിന്റെ രഹസ്യങ്ങൾ അറിയാവുന്ന മുൻ ജീവനക്കാരെ ത്രെഡ്സിൽ ജോലിക്ക് നിയമിച്ചതും ട്വിറ്ററിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇക്കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ട്വിറ്ററിന്റെ അഭിഭാഷകനായ അലക്സ് സ്പിറോ മെറ്റ സിഇഒ മാർക്ക് സക്കർബർഗിന് നോട്ടീസ് അയച്ചിട്ടുണ്ട്.
എന്നാൽ ട്വിറ്ററിൽ ഉണ്ടായിരുന്ന ജീവനക്കാരെ ആരെയും തന്നെ ത്രെഡ്സിന്റെ എഞ്ചിനിയറിംഗ് ടീമിൽ നിയമിച്ചിട്ട എന്ന് മെറ്റ വ്യക്തമാക്കി. മെറ്റാ വക്താവ് ആൻഡി സ്റ്റോൺ ആണ് ഇക്കാര്യം ത്രെഡ്സ് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.


Click it and Unblock the Notifications







