ഇതെന്തായാലും തകർക്കും... പുതിയ അടിപൊളി ഫീച്ചറുമായി വാട്സ്ആപ്പ്
സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്ന ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം ആണ് വാട്സ്ആപ്പ് (Whatsapp). കിടിലൻ ഫീച്ചറുകളുമായി എപ്പോഴും ഉപയോക്താക്കളിൽ ആവേശവും ആകാംക്ഷയും സൃഷ്ടിക്കാൻ വാട്സ്ആപ്പും മാതൃകമ്പനിയായ മെറ്റയും പരിശ്രമിക്കാറുണ്ട്. നിരവധി പേരുടെ നിത്യജീവിതത്തിൽ വാട്സ്ആപ്പ് ഒരു പ്രധാന ഘടകമാണ്. എന്തിനും ഏതിനും വാട്സ്ആപ്പിനെ ആശ്രയിക്കുന്നു എന്ന് പറയാം. എന്നാൽ ജനങ്ങൾക്കിടയിൽ ഇത്രയധികം സ്വാധീനം ഉള്ളതിനാൽ തന്നെ ചിലർ വാട്സ്ആപ്പിനെ തെറ്റായ രീതിയിലും മറ്റും ഉപയോഗിക്കുന്നുമുണ്ട്. ഇത് തടയാൻ വാട്സ്ആപ്പ് മുൻകൈയെടുക്കാറുമുണ്ട്. അത്തരത്തിൽ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു പുതിയ ഫീച്ചറിന്റെ ബീറ്റ വേർഷൻ ഇപ്പോൾ വാട്സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നു.
ഇന്നത്തെക്കാലത്ത് ടെക്നോളജി വികസിച്ചതോടെ വ്യാജ വിവരങ്ങൾ സൃഷ്ടിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നത് വർധിച്ചിട്ടുണ്ട്. ഇതിന് തടയിടാനായി വാട്സ്ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. വാട്സ്ആപ്പിലൂടെ എത്തുന്ന ചിത്രങ്ങളുടെ ആധികാരികത വാട്സ്ആപ്പിലെ ഓപ്ഷൻ ഉപയോഗിച്ച് തന്നെ വെബ്ബിൽ പരിശോധിക്കാൻ സാധിക്കും എന്നാണ് ഈ പുതിയ ഫീച്ചറിന്റെ നേട്ടം.

ഈ പുതിയ വാട്സ്ആപ്പ് ഫീച്ചർ വെബ് അധിഷ്‌ഠിത ഇമേജ് സെർച്ച് ആപ്പിനുള്ളിൽ നേരിട്ട് നടത്തുന്നു. നിലവിൽ തെരഞ്ഞെടുത്ത ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാകുക. ഇപ്പോൾ ഈ ഫീച്ചറിന്റെ പ്രാരംഭ ഘട്ടം മാത്രമാണ് സജ്ജമായിരിക്കുന്നത് എന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
ഈ ഇമേജ് സെർച്ച് ഫീച്ചർ എത്തുന്നതോടെ, വാട്സ്ആപ്പിൽ ഒരു ചിത്രം കണ്ടാൽ ആപ്പിൻ്റെ ഓപ്‌ഷൻ മെനുവിലൂടെ ഫീച്ചർ ആക്‌സസ് ചെയ്യാം. തെറ്റായ വിവരങ്ങൾ ആണോ തങ്ങൾ കാണുന്നത് എന്ന് പരിശോധിക്കാൻ ഈ ഫീച്ചർ വാട്സ്ആപ്പ് ഉപയോക്താക്കളെ സഹായിക്കും. ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ നൽകാൻ ഈ ഫീച്ചർ സഹായിക്കും.

വാട്സ്ആപ്പ് വഴി വ്യാജ വിവരങ്ങൾ സജീവമായി പ്രചരിക്കുന്ന ഇക്കാലത്ത് നേരും നുണയും തിരിച്ചറിയാൻ ഇത്തരം ഫീച്ചറുകൾ അനിവാര്യമാണ്. ഈ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം എന്ന് പരിചയപ്പെടാം: വാട്സ്ആപ്പിൽ ഇമേജ് സെർച്ച് ഫീച്ചർ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾ അവരുടെ വാട്സ്ആപ്പ് ചാറ്റിൽ ഒരു ഇമേജ് അഥവാ ചിത്രം തുറക്കേണ്ടതുണ്ട്, തുടർന്ന് ത്രീ-ഡോട്ട് മെനു ഐക്കണിൽ ടാപ്പ് ചെയ്യുക.
തുടർന്ന് ഓവർഫ്ലോ മെനുവിൽ നിന്ന് "സെർച്ച് ഓൺ വെബ്" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതോടെ റിവേഴ്സ് ഇമേജ് സെർച്ച് ആരംഭിക്കുന്നു. പ്രസ്തുത ചിത്രത്തെക്കുറിച്ചുള്ള പശ്ചാത്തലം വേഗത്തിൽ ആക്സസ് ചെയ്യാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. എപ്പോഴാണ് ഈ ചിത്രം ആദ്യമായി നെറ്റിൽ എത്തിയത്, അതിൻ്റെ യഥാർത്ഥ ഉറവിടം എവിടെയാണ്, ഇത് എഡിറ്റ് ചെയ്ത ചിത്രമാണോ, അതോ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ സൃഷ്ടിച്ചതാണോ എന്നൊക്കെ ഈ സെർച്ചിലൂടെ അറിയാനാകും.
ചുരുക്കിപ്പറഞ്ഞാൽ ചിത്രത്തിന്റെ കൃത്യത ഉറപ്പാക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുന്നു. ഈ സെർച്ച് ഫീച്ചർ കൂടുതൽ കാര്യക്ഷമമാക്കാൻ വാട്സ്ആപ്പ് ശ്രമിച്ചുവരികയാണ്. നിലവിൽ ഒരു ചിത്രം സെർച്ച് ചെയ്യണം എങ്കിൽ ആദ്യം ചിത്രം ഡൗൺലോഡ് ചെയ്ത് സെർച്ച് എഞ്ചിനിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. എന്നാൽ ഈ പരമ്പരാഗത റിവേഴ്‌സ് ഇമേജ് സെർച്ച് രീതിയെക്കാൾ എളുപ്പത്തിലും വേഗത്തിലും കാര്യമറിയാൻ ഈ പുതിയ വാട്സ്ആപ്പ് ഫീച്ചറിന് സാധിക്കും.

ദൈനംദിന ആശയവിനിമയങ്ങളിൽ സുതാര്യതയും വിശ്വാസതയും ഉറപ്പാക്കാൻ ഈ ഫീച്ചറിന് സാധിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഉപയോക്താക്കൾക്ക് താൽപര്യം ഉണ്ടെങ്കിൽ മാത്രം ഈ ഫീച്ചർ ഉപയോഗിച്ചാൽ മതി. അതിനായി ഓപ്ഷൻ നൽകും. മറ്റൊരു ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ആളുകളുടെ സ്വകാര്യത ഉറപ്പാക്കി തന്നെയാണ് ഈ ഫീച്ചർ എത്തുക.
അതായത്, ഈ ഫീച്ചർ ഉപയോഗിച്ച് സെർച്ച് ചെയ്യുന്ന ചിത്രങ്ങൾ സെർച്ച് ആവശ്യത്തിനായി മാത്രമേ ഉപയോഗിക്കപ്പെടൂ എന്ന് വാട്സ്ആപ്പ് ഉറപ്പാക്കിയിട്ടുണ്ട്. ഈ ചിത്രം ഗൂഗിൾ സൂക്ഷിച്ച് വയ്ക്കുകയോ പരിശോധിക്കുകയോ ചെയ്യില്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡിനുള്ള വാട്ട്‌സ്ആപ്പ് ബീറ്റയുടെ ഏറ്റവും പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്‌ത ബീറ്റ ടെസ്റ്റർമാർക്ക് മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ. വരും ആഴ്‌ചകളിൽ കൂടുതൽ പേരിലേക്ക് ഈ ഫീച്ചർ എത്തും.


Click it and Unblock the Notifications








