അവിടെ പേര് 'പറഞ്ഞാൽ' ഇവിടെ അറിയാം! വാട്സ്ആപ്പ് ചാറ്റിലും സ്റ്റാറ്റസിലും വന്ന പുതിയ 2 മാറ്റങ്ങൾ
സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട ആപ്പായ വാട്സ്ആപ്പിൽ പുത്തൻ ഫീച്ചറുകൾ എത്തുന്നു. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പിക്കാനും യൂസർ എക്സ്പീരിയൻസ് കൂടുതൽ മെച്ചപ്പെടുത്താനുമായി രണ്ട് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ വാട്സ്ആപ്പ് (whatsapp) തയാറെടുത്തതായി വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്തു. ഏറ്റവും പുതിയ ബീറ്റ അപ്ഡേറ്റുകളിൽ ഈ ഫീച്ചറുകളുണ്ടെന്നാണ് വിവരം.
വാട്സ്ആപ്പ് നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ തയാറെടുക്കുന്നുണ്ട്. ചിലത് പ്രാരംഭ ഘട്ടത്തിലാണ്. മറ്റ് ചിലത് പരീക്ഷണ ഘട്ടത്തിലും. അതിൽ രണ്ട് ഫീച്ചറുകൾ ഇപ്പോൾ അവതരിപ്പിക്കാൻ സജ്ജമായിട്ടുണ്ട് എന്നാണ് പുതിയ റിപ്പോർട്ട് പറയുന്നത്. ഇതിൽ ഒരു ഫീച്ചർ വാട്സ്ആപ്പ് സ്റ്റാറ്റസുമായി ബന്ധപ്പെട്ടാണ്, രണ്ടാമത്തേത് ചാറ്റ് ലോക്കുമായി ബന്ധപ്പെട്ടതും.

സ്റ്റാറ്റസുമായി ബന്ധപ്പെട്ട് വരാൻ പോകുന്ന ഫീച്ചർ, വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്കുള്ളിൽ കോൺടാക്‌റ്റുകളെ മെൻഷൻ ചെയ്യാൻ അനുവദിക്കുന്നതാണ് (Mention specific contacts on WhatsApp Status). ഉപയോക്താക്കൾക്ക് ആരെയെങ്കിലും തങ്ങളുടെ സ്റ്റാറ്റസിലെ ഫോട്ടോയിലോ ടെക്‌സ്‌റ്റ് അപ്‌ഡേറ്റിലോ ടാഗ് ചെയ്യുകയോ, മെൻഷൻ ചെയ്യുകയോ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ അത് സാധ്യമാക്കുന്നതാണ് ഈ പുതിയ ഫീച്ചർ.
ഇതിനായി ആഡ് പ്രൈവറ്റ് മെൻഷൻ എന്ന ഓപ്ഷൻ വാട്സ്ആപ്പ് അവതരിപ്പിക്കും. ഇതുപയോഗിച്ച് കോൺടാക്ടുകളുടെ പേര് സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാം. ആരെങ്കിലും ഇങ്ങനെ നമ്മുടെ പേര് സ്റ്റാറ്റസിൽ മെൻഷൻ ചെയ്താൽ നമുക്ക് അറിയിപ്പ് ലഭിക്കും. അതേപോലെ നാം ആരുടെയെങ്കിലും പേര് നമ്മുടെ സ്റ്റാറ്റസിൽ മെൻഷൻ ചെയ്താൽ അവർക്കും അറിയിപ്പ് ലഭിക്കും.

മെൻഷൻ ചെയ്യപ്പെട്ട ആൾക്ക് മാത്രമേ ഇത് സംബന്ധിച്ച നോട്ടിഫിക്കേഷൻ ലഭ്യമാകൂ എന്നാണ് വിവരം. ഐഒഎസ് 24.7.10.71-നുള്ള വാട്ട്‌സ്ആപ്പ് ബീറ്റയിലാണ് ഈ ഫീച്ചർ കണ്ടെത്തിയത്. സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കോൺടാക്ടിലെ മറ്റുള്ളവരെയോ ഇത്തരത്തിൽ സ്റ്റാറ്റസിൽ ടാഗ് ചെയ്യുന്നതിലൂടെ നമ്മുടെ പോസ്റ്റിനെക്കുറിച്ച് അവർക്ക് അറിയാൻ സാധിക്കുകും. അതിനാൽ സ്റ്റാറ്റസ് കാണാതെ പോകുന്ന സാഹചര്യം ഒഴിവാകും.
രണ്ടാമത്തെ ഫീച്ചർ ചാറ്റ്ലോക്കുമായി ബന്ധപ്പെട്ടാണ്. ചാറ്റുകൾ മറ്റുള്ളവരുടെ കണ്ണിൽപ്പെടാതെ ലോക്ക് ചെയ്ത് സൂക്ഷിക്കാനുള്ള ചാറ്റ്ലോക്ക് ഫീച്ചർ ഏറെ നാളുകൾക്ക് മുൻപ് വാട്സ്ആപ്പ് അവതരിപ്പിച്ചതാണ്. പിന്നീട് പല ഘട്ടങ്ങളിലായി അത് മെച്ചപ്പെടുത്തിവരുന്നു. മുൻപ് ചാറ്റ്ലോക്ക് ഫീച്ചർ പ്രധാനഫോണിൽ മാത്രമേ ലഭ്യമാകുമായിരുന്നുള്ളൂ. വാട്സ്ആപ്പ് മറ്റേതെങ്കിലും ഡിവൈസുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ഈ ഫീച്ചർ പ്രവർത്തിച്ചിരുന്നില്ല.
അതായത് പ്രധാനഫോണിൽ നാം പിൻ ഉപയോഗിച്ച് ലോക്ക് ചെയ്ത് സൂക്ഷിച്ചിരുന്ന ചാറ്റുകൾ, ലിങ്ക് ചെയ്തിരിക്കുന്ന ഡിവൈസുകളിൽ പിൻ ഉപയോഗിക്കാതെ തന്നെ ഓപ്പൺ ആകുമായിരുന്നു. എന്നാലിപ്പോൾ പുതിയ അപ്ഡേഷനിലൂടെ വാട്സ്ആപ്പ് ഈ പോരായ്മ പരിഹരിക്കാൻ ശ്രമിക്കുന്നു. ആൻഡ്രോയിഡ് 2.24.8.4 അപ്‌ഡേറ്റിനുള്ള വാട്ട്‌സ്ആപ്പ് ബീറ്റയിലാണ് ഈ പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡിവൈസുകളിൽ വാട്സ്ആപ്പ് ചാറ്റ് ലോക്ക് സെറ്റ് ചെയ്യുന്ന വിധം: പ്രാഥമിക ഫോണിൽ, വാട്സ്ആപ്പ് ഓപ്പൺ ചെയ്യുക. ലോക്ക് ചെയ്‌ത ചാറ്റ് ഫോൾഡർ തുറക്കുക. തുടർന്ന് സെറ്റിങ്സ് ഓപ്ഷൻ ടാപ്പ് ചെയ്യുക. ശേഷം സീക്രട്ട് കോഡ് ഓപ്ഷനിൽ ടാപ്പ് ചെയ്ത രഹസ്യ കോഡ് സൃഷ്ടിക്കുക. കോഡ് നൽകുക. തുടർന്ന് കോഡ് കൺഫേം ചെയ്യുക.
ഈ രണ്ട് ഫീച്ചറുകളും നിലവിൽ ബീറ്റ വേർഷനുകളിലാണ് ലഭ്യമായിരിക്കുന്നത്. വരും ആഴ്ചകളിൽ ഈ ഫീച്ചറുകൾ എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കൾക്കുമായി ലഭ്യമാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ സ്റ്റാറ്റസാക്കാം എന്നത് ഉൾപ്പെടെ വേറെയും നിരവധി പുതിയ ഫീച്ചറുകൾ ഉപയോക്താക്കളിലേക്ക് എത്തിക്കാൻ വാട്സ്ആപ്പ് തയാറെടുക്കുന്നുണ്ട്.


Click it and Unblock the Notifications