പറഞ്ഞുതീരും മുമ്പേ ഇങ്ങെത്തി! വാട്സ്ആപ്പിൽ ഇനി ഒറ്റ ക്ലിക്കിൽ 100 ഫയൽ അയയ്ക്കാം, പുതിയ സർപ്രൈസുകൾ...

ഫയൽ കൈമാറ്റത്തിൽ വിപ്ലവകരമായ മാറ്റം വരുത്താൻ വാട്സ്ആപ്പ് തയാറെടുക്കുന്നതായി കുറച്ച് ദിവസങ്ങൾക്കു മുമ്പ് നാം പറഞ്ഞിരുന്നു. ഒറ്റയടിക്ക് 100 ഫയലുകൾ വരെ വാട്സ്ആപ്പിലൂടെ ഒറ്റയടിക്ക് കൈമാറാൻ സാധിക്കുന്ന ഒരു ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു എന്നായിരുന്നു വാർത്ത. അധികം വൈകാതെ ഈ ഫീച്ചർ എത്തുമെന്ന് പറഞ്ഞിരുന്നു എങ്കിലും ഇത്രയും വേഗം ഫീച്ചർ എത്തുമെന്ന് ആരും കരുതിയിരുന്നില്ല. നിരവധി ഫോട്ടോകളും ഫയലുകളും നാം സുഹൃത്തുക്കളുമായും ഓഫീസ് കാര്യങ്ങൾക്കായുമൊക്കെ പരസ്പരം കൈമാറേണ്ടിവരാറുണ്ട്. ഇത്തരം ഘട്ടങ്ങളിൽ മറ്റ് ഫയൽ ഷെയറിങ് ആപ്പുകളെയാണ് നാം ആശ്രയിച്ചിരുന്നത്. എന്നാൽ പുതിയ ഫീച്ചർ എത്തിയതോടെ വാട്സ്ആപ്പിലൂടെയുള്ള ഫയൽ കൈമാറ്റം കൂടുതൽ എളുപ്പവും ജനകീയവുമാകും എന്നാണ് കരുതപ്പെടുന്നത്.
ഒറ്റയടിക്ക് 100 ഫയലുകൾ
ഇപ്പോൾ പുറത്തിറക്കിയ ഒരു അപ്ഡേറ്റിലൂടെ ഒറ്റയടിക്ക് 100 ഫയലുകൾ വരെ കൈമാറാനുള്ള സൗകര്യം ആണ് വാട്സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകിയിരിക്കുന്നത്. കൂടുതല്‍ ദൈര്‍ഘ്യമുള്ള ഗ്രൂപ്പ് സബ്ജക്ടും ഡിസ്‌ക്രിപ്ഷനും, ഡോക്യുമെന്റുകള്‍ക്കൊപ്പം ക്യാപ്ഷനും പങ്കുവയ്ക്കാനുള്ള സൗകര്യം എന്നീ ഫീച്ചറുകളും ഇതോടൊപ്പം പുതിയ അപ്ഡേറ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഏറെ നാളായി ഉപയോക്താക്കൾ ആഗ്രഹിച്ചിരുന്ന ഒരു ഫീച്ചറാണ് ഫയൽകൈമാറ്റവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ഒടുവിൽ കൊണ്ടുവന്നിരിക്കുന്നത്. ഇതിനുമുമ്പ് ഒറ്റയടിക്ക് 30 ഫയലുകൾ മാത്രമാണ് വാട്സ്ആപ്പിലൂടെ അയയ്ക്കാൻ സാധിച്ചിരുന്നത്.
നിലവിൽ ആൻഡ്രോയിഡിൽ മാത്രം
നിരവധി ഫയലുകൾ ഉണ്ടെങ്കിൽ ഫയലുകൾ സെലക്ട് ചെയ്ത് 30 വീതം അയയ്ക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള ജോലിയായിരുന്നു. ഇനി നിങ്ങൾ അയയ്ക്കാൻ ഉദ്ദേശിക്കുന്ന ചിത്രങ്ങളടങ്ങിയ ഫോൾഡറിൽ നൂറിൽ താഴെ ചിത്രങ്ങളേ ഉള്ളൂ എങ്കിൽ ഒറ്റയടിക്ക് 'സെല്ക്ട് ഓൾ' നൽകി ഒറ്റ ക്ലിക്കിൽ അവ മറ്റൊരാൾക്ക് അയച്ചുനൽകാൻ സാധിക്കും. ഫോട്ടോ മാത്രമല്ല മറ്റ് ഫയലുകളും ഇതേ രീതിയിൽ ഇനി വാട്സ്ആപ്പിലൂടെ കൈമാറാം. അതേസമയം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കുള്ള അപ്ഡേഷൻ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചറുകൾ ലഭ്യമാക്കുന്ന അപ്ഡേറ്റ് എപ്പോൾ പുറത്തുവിടുമെന്ന് വാട്സ്ആപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഡോക്യുമെന്റുകൾക്കും ക്യാപ്ഷൻ
ഡോക്യുമെന്റുകൾ പങ്കുവയ്ക്കുമ്പോൾ അതോടൊപ്പം ക്യാപ്ഷനും നൽകാം എന്നതാണ് പുതിയതായി എത്തിയിരിക്കുന്ന മറ്റൊരു ഫീച്ചർ. ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ ക്യാപ്ഷൻ നൽകാനുള്ള ഫീച്ചർ നേരത്തെ തന്നെ വാട്സ്ആപ്പിൽ ലഭ്യമായിരുന്നു. ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് ഡോക്യുമെന്റുകൾക്കും ക്യാപ്ഷൻ നൽകാനുള്ള സൗകര്യം ഇപ്പോൾ വാട്സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ക്യാരക്ടർ ലിമിറ്റ് ഉയർത്തി
ഗ്രൂപ്പ് സബ്ജക്ട് ക്യാരക്ടർ ലിമിറ്റിലാണ് മറ്റൊരു മാറ്റം വന്നിരിക്കുന്നത്. ഗ്രൂപ്പിനെപ്പറ്റി വിശദമായി പറയാൻ 100 വാക്കുകൾ വരെ ഉപയോഗിക്കാൻ വാട്സ്ആപ്പ് ഇപ്പോൾ അനുവദിക്കുന്നു. ഗ്രൂപ്പിനെപ്പറ്റി ശരിയായി മനസിലാക്കാൻ ഈ സൗകര്യം ഉപയോക്താക്കളെ സഹായിക്കും എന്നാണ് വാട്സ്ആപ്പ് കണക്ക് കൂട്ടുന്നത്. ഗ്രൂപ്പ് ഡിസ്ക്രിപ്ഷനും ഇതേപോലെ കൂടുതൽ സ്ഥലം അനുവദിച്ചിട്ടുണ്ട്.

അവതാറുകൾ
അവതാറുകൾ സൃഷ്ടിക്കുന്നതിനുള്ള ഓപ്ഷനും പുതിയതായി വാട്സ്ആപ്പ് നൽകിയിരിക്കുന്നു. ഹോം സ്ക്രീനിലെ സെറ്റിങ്സിലാണ് ഈ ഫീച്ചർ ലഭിക്കുക. പ്രൊഫൈൽ ചിത്രങ്ങൾക്കും സ്റ്റിക്കറുകൾക്കും ഈ അവതാറുകൾ ഉപയോഗിക്കാനും കഴിയും. ഈ ഫീച്ചർ വളരെ മുമ്പുതന്നെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഈ ഫീച്ചറുകളെല്ലാം പുതിയ അപ്ഡേഷനിലൂടെ എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ലഭ്യമാകും.
വരാനുള്ളത് കിടിലൻ ഫീച്ചറുകൾ
ഇപ്പോൾ പുറത്തുവന്ന ഫീച്ചറുകൾ കൂടാതെ നിരവധി ഫീച്ചറുകൾ ഇനിയും വാട്സ്ആപ്പിന്റെ ഗവേഷണ വിഭാഗത്തിൽ തയാറായിക്കൊണ്ടിരിക്കുകയാണ്. ഗ്രൂപ്പ് കോളുകൾ ഷെഡ്യൂൾ ചെയ്യാനുള്ള ഫീച്ചർ ആണ് അതിൽ ഏറെ ശ്രദ്ധേയമായൊരു ഫീച്ചർ. ഗ്രൂപ്പ് ചാറ്റിൽ കോളുകൾ ഷെഡ്യൂൾ ചെയ്യാൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. മുൻ കൂട്ടി ഷെഡ്യൂൾ ചെയ്യുന്നതിനാൽ കോളുകൾക്കായി തയാറെടുക്കാൻ ഗ്രൂപ്പിലുള്ളവർക്ക് സാധിക്കും. ഗൂഗിൾ മീറ്റ്, മൈക്രോസോഫ്ട് ടീം എന്നിവ പോലെ ഈ വാട്സ്ആപ്പ് ഫീച്ചറും ഉപയോഗിക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്.


Click it and Unblock the Notifications








