AI വീഡിയോയിൽ വിപ്ലവം സൃഷ്ടിച്ചേക്കും; ഓപ്പൺഎഐ 'സോറ' സോഷ്യൽ വീഡിയോ ആപ്പ് ലോഞ്ച് ചെയ്തു
ചാറ്റ്ജിപിടി അവതരിപ്പിച്ചുകൊണ്ട് എഐയുടെ അദ്ഭുത ലോകത്തിന്റെ സാധ്യതകൾ സാധാരണക്കാരിലേക്ക് ഉൾപ്പെടെ എത്തിച്ച് ലോകമെങ്ങും എഐ തരംഗം സൃഷ്ടിച്ച ഓപ്പൺഎഐ കമ്പനി ഇപ്പോൾ ഒരു പുതിയ എഐ വീഡിയോ ആപ്പുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നു. നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് വീഡിയോ നിർമിക്കുന്ന സോറ എന്ന വീഡിയോ ജനറേറ്റിങ് മോഡല്‍ ഓപ്പൺഎഐ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ സോറ എന്ന പേരിൽ ഒരു പുതിയ സോഷ്യൽ വീഡിയോ ആപ്പും ഓപ്പൺ എഐ പുതിയതായി അവതരിപ്പിച്ചിരിക്കുന്നു (OpenAI launches new social app Sora).
ഓപ്പൺ എഐ സോറ വീഡിയോ ആപ്പ്
സ്വൈപ്പ്-ടു-സ്ക്രോൾ നാവിഗേഷനോടുകൂടിയ ലംബ വീഡിയോ ഫീഡ് ഫീച്ചർ ചെയ്യുന്ന ആപ്പ്, ടിക്ടോക്കിനോട് വളരെ സാദൃശ്യമുള്ള വീഡിയോ പ്ലാറ്റ്ഫോം ആണ്. ഈ ആപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമാക്കിയുള്ള വീഡിയോ നിർമ്മാണം നേരിട്ട് ഉപയോക്താക്കളിലേക്ക് എത്തിക്കുന്നു. അതായത് ഉപയോക്താക്കൾക്ക് ഈ ആപ്പ് വഴി ഈസിയായി എഐ ഉപയോഗിച്ച് വീഡിയോകൾ നിർമിക്കാനാകും എന്നാണ് റിപ്പോർട്ട്.

ആദ്യം ഐഫോണുകളിൽ
ഓപ്പൺഎഐയുടെ പുതിയ സോറ വീഡിയോ ആപ്പ് യുഎസിലെയും കാനഡയിലെയും ഐഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുക. ഇൻവൈറ്റ് -ഒൺലി ഓപ്ഷൻ മാത്രമാണ് ഇപ്പോൾ ഇതിൽ സജ്ജമാക്കിയിരിക്കുന്നത്. അതായത് ക്ഷണം അനുസസരിച്ച് മാത്രമേ ആളുകൾക്ക് ഈ ആപ്പിലേക്ക് ആക്സസ് ലഭിക്കൂ. നേരത്തെ ആക്‌സസ് നേടുന്നവർക്ക് സുഹൃത്തുക്കളുമായി നാല് ഇൻവൈറ്റുകൾ ഷെയർ ചെയ്യാൻ കഴിയും.
ആൻഡ്രോയിഡ് റിലീസ് പിന്നാലെ
നിലവിൽ ഐഫോണുകൾക്കായിട്ടാണ് സോറോ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ആൻഡ്രോയിഡ് റിലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അധികം വൈകാതെ ആൻഡ്രോയിഡ് വേർഷനും ഓപ്പൺഎഐ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓപ്പൺഎഐയുടെ ഏറ്റവും പുതിയ വീഡിയോ ജനറേഷൻ മോഡലായ Sora 2 ആണ് ഈ പുതിയ ആപ്പിന് പിന്നിലെ കരുത്ത്.
പ്രവർത്തനം
ഓപ്പൺഎഐയുടെ പുതിയ സോറ ആപ്പ് എഐ വഴി സൃഷ്ടിക്കുന്ന കണ്ടന്റുകളെ ആസ്പദമാക്കിയാണ് പ്രവർത്തിക്കുക. ഉപയോക്താക്കൾക്ക് "കാമിയോ" എന്ന് വിളിക്കപ്പെടുന്ന ഒരു ഹ്രസ്വ വീഡിയോ റെക്കോർഡുചെയ്യാൻ കഴിയും, ഇത് മറ്റുള്ളവർക്ക് ഓപ്പൺഎഐയുടെ അപ്‌ഗ്രേഡ് ചെയ്‌ത സോറ 2 മോഡൽ ഉപയോഗിച്ച് പുതിയ ക്ലിപ്പുകൾ സൃഷ്ടിക്കാൻ ഉപയോഗിക്കാം. ഈ കാമിയോ ഫീച്ചർ സുഹൃത്തുക്കൾക്കോ, അനുവദനീയമെങ്കിൽ വിശാലമായ കമ്മ്യൂണിറ്റിക്കോ പോലും, സ്വന്തം വീഡിയോകളിലേക്ക് ആരെയെങ്കിലും ചേർക്കാൻ അനുവദിക്കുന്നു.
പ്രധാനമായി, മുഖം ഉപയോഗിക്കുന്ന വ്യക്തി ആ വീഡിയോയുടെ "സഹ-ഉടമ" ആയി തുടരുന്നു, എപ്പോൾ വേണമെങ്കിലും ആക്‌സസ് ഇല്ലാതാക്കാനോ പിൻവലിക്കാനോ കഴിയും. നിലവിലുള്ള ക്ലിപ്പുകളുമായും ട്രെൻഡുകളുമായും സംവദിക്കാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന ഒരു "റീമിക്‌സ്" ഫീച്ചറും ഈ ആപ്പിൽ ഉൾപ്പെടുന്നു. ഇതിൽ ജനറേറ്റ് ചെയ്യുന്ന വീഡിയോകളുടെ ദൈർഘ്യം തുടക്കത്തിൽ 10 സെക്കൻഡായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ദുരുപയോഗം തടയും
ഈ വീഡിയോ ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടയാൻ ഓപ്പൺഎഐ ശ്രദ്ധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. സുരക്ഷ നിലനിർത്തുന്നതിനായി, ഓപ്പൺഎഐ മോശമോ അതിരുകടന്നതോ ആയ കണ്ടന്റുകൾ സൃഷ്ടിക്കുന്നത് തടയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ അനുവാദം കൂടാതെ അവരുടെ മുഖം ഉപയോഗിച്ച് കണ്ടന്റുകൾ സൃഷ്ടിക്കുന്നത് തടയാനുള്ള നടപടിയും ഇതിൽ സ്വീകരിച്ചിട്ടുണ്ട് എന്നാണ് സൂചന.
"വീഡിയോയ്ക്കുള്ള ചാറ്റ്ജിപിടി മൊമെന്റ്" ആയി സോറ മാറാനുള്ള സാധ്യതയുണ്ടെന്ന് ഓപ്പൺഎഐ പറയുന്നു. ചാറ്റ്ജിപിടി ആളുകളുടെ ദൈനംദിന ജീവിതത്തിൽ സ്വാധീനവും മാറ്റവും വരുത്തിയതുപോലെ, ആളുകൾ വീഡിയോ ക്രിയേഷനെ സമീപിക്കുന്ന രീതിയെ മാറ്റാൻ സോറയ്ക്ക് കഴിയുമെന്ന് ഓപ്പൺഎഐ പ്രതീക്ഷിക്കുന്നുണ്ട്. സോറ-ജനറേറ്റഡ് വീഡിയോകളിൽ അവരുടെ പകർപ്പവകാശമുള്ള മെറ്റീരിയൽ ഉണ്ടാകുമെന്ന് ഓപ്പൺഎഐ സ്റ്റുഡിയോകളെയും ടാലന്റ് ഏജൻസികളെയും അറിയിച്ചിട്ടുണ്ടെന്ന് ദി വാൾ സ്ട്രീറ്റ് ജേണലിലെ ഒരു റിപ്പോർട്ട് വെളിപ്പെടുത്തി.
നിലവിൽ സോറ ആപ്പ് പ്രാരംഭ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇൻവൈറ്റ് ഒൺലി ഓപ്ഷൻ മാത്രമുള്ള നിലവിലെ രീതി മാറുകയും വിശാലമായ സാധ്യതകൾക്കും പ്രൊഫഷണൽ ഉപയോഗത്തിനും വാതിൽ തുറക്കുന്ന ഒരു പ്രോ വേർഷൻ, വെബ് ആക്‌സസ്, ഡെവലപ്പർ API എന്നിവ പൈപ്പ്‌ലൈനിലാണെന്നും ഓപ്പൺഎഐ സ്ഥിരീകരിച്ചിട്ടുണ്ട്.


Click it and Unblock the Notifications








