ഒറ്റ ക്ലിക്കിൽ പഠേന്ന് കാര്യം നടക്കും! ഇന്റർനെറ്റും പാസ്വേഡും വേണ്ട, കാത്തിരുന്ന ഫീച്ചർ പേടിഎമ്മിലെത്തി

ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാടുകളുടെ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ചുകൊണ്ട് പേടിഎമ്മിൽ പുതിയൊരു പണമിടപാട് രീതി എത്തിയിരിക്കുകയാണ്. ഇന്റർനെറ്റും പാസ്വേഡും ഇല്ലാതെ തന്നെ ചെറിയ തുകയുടെ ഇടപാടുകൾ നടത്താൻ സാധിക്കുന്ന യുപിഐ ലൈറ്റ്( UPI Lite ) സംവിധാനമാണ് പേടിഎമ്മിൽ ഇപ്പോൾ ലഭ്യമായിത്തുടങ്ങിയിരിക്കുന്നത്. 200 രൂപയിൽ താഴെയുള്ള തുകയുടെ ഇടപാടുകൾ വെറും ഒറ്റ ക്ലിക്കിലൂടെ അതിവേഗം നടത്താം എന്നതാണ് പുതിയ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI)യാണ് യുപിഐ ലൈറ്റ് രൂപകൽപ്പന ചെയ്‌തത്. പാസ്വേഡ് ഉപയോഗിക്കാതെ പണമിടപാടുകൾ എളുപ്പത്തിൽ നടത്താനുള്ള സംവിധാനം കൊണ്ടുവരുമെന്ന് കഴിഞ്ഞ വർഷം തന്നെ ആർബിഐ പ്രഖ്യപിച്ചിരുന്നെങ്കിലും ഇപ്പോൾ മാത്രമാണ് ഇത് പ്രാബല്യത്തിൽ എത്തുന്നത്.
പുതിയ രക്ഷകൻ
ഇന്ത്യയിൽ ദൈനംദിന യുപിഐ ഇടപാടുകൾക്കായി ലക്ഷക്കണക്കിന് ഉപയോക്താക്കൾ പേടിഎമ്മിനെ ആശ്രയിക്കുന്നുണ്ട്. അവർക്ക് ഏറെ സഹായകമാകാൻ പുതിയ പേടിഎം യുപിഐ ലൈറ്റിന് കഴിയും. യുപിഐ ഇടപാടുകളിൽ എപ്പോഴും വില്ലനായി കടന്നുവരുന്ന ഒരു ഘടകമാണ് മോശം ഇന്റർനെറ്റ കണക്ടിവിറ്റി. പലപ്പോഴും പണം നൽകുന്ന സമയത്ത് തടസം നേരിട്ട് പണം അക്കൗണ്ടിലേക്ക് കൈമാറാൻ സാധിക്കാതെ പോകാറുണ്ട്. എന്നാൽ പുതിയ യുപിഐ ലൈറ്റ് സംവിധാനം ഓഫ്ലൈനിലും പ്രവർത്തിക്കും.
അതിനാൽ മോശം ഇന്റർനെറ്റ് കണ്കടിവിറ്റി മൂലമുള്ള പ്രശ്നങ്ങൾ ഭയക്കേണ്ട ആവശ്യം ഇവിടെ വരുന്നില്ല. ഇതോടൊപ്പം യുപിഐ ലൈറ്റിൽ ലഭ്യമായിരിക്കുന്ന മറ്റൊരു ഫീച്ചർ ആണ് പാസ്വേഡ് ഉപയോഗിക്കാതെയുള്ള പണം കൈമാറ്റം. 200 രൂപയിൽ താഴെയുള്ള ഇടപാടുകളാണ് ഇത്തരത്തിൽ നടത്താൻ സാധിക്കുക.

200 രൂപവരെ അയയ്ക്കാൻ പാസ്വേഡ് വേണ്ട
പേടിഎം ഉപയോക്താക്കൾക്ക് ഇപ്പോൾ ആപ്പിലൂടെ തന്നെ യുപിഐ ലൈറ്റ് ഫീച്ചർ ഉപയോഗിക്കാം. ബാലൻസിൽ നിന്ന് ഡെബിറ്റ് ചെയ്താണ് യുപിഐ ലൈറ്റ് ബാലൻസ് പ്രവർത്തിക്കുന്നത്. യുപിഐ ലൈറ്റ് വാലറ്റിലേക്ക് ഒരു ദിവസം പരമാവധി 2000 രൂപവരെ വച്ച് രണ്ട് തവണ അയയ്ക്കാം. യുപിഐ ലൈറ്റ് വാലറ്റിൽ ഈ പണം എത്തുന്നതോടുകൂടി ഒറ്റ ക്ലിക്കിൽ 200 രൂപവരെയുള്ള പണമിടപാടുകൾ അതിവേഗം നടത്താൻ സാധിക്കും.
ഇന്റർനെറ്റ് ഉള്ള സമയത്ത് അഡീഷണൽ ഫാക്ടർ ഓതന്റിക്കേഷൻ (എഎഫ്‌എ) മോഡിലോ, രജിസ്റ്റർ ചെയ്തിട്ടുള്ള യുപിഐ ഓട്ടോപേ ഉപയോഗിച്ചോ മാത്രമേ യുപിഐ ലൈറ്റിൽ പണം ഫിൽ ചെയ്യാൻ സാധിക്കൂ. യുപിഐ ലൈറ്റിലൂടെ പാസ്വേഡ് ഉപയോഗിക്കാതെ നടത്തുന്ന ചെറിയ ഇടപാടുകൾ ബാങ്ക് പാസ്ബുക്കിൽ കാണില്ല. പേടിഎം ബാലൻസിലും ഹിസ്റ്ററി വിഭാഗത്തിലും മാത്രമേ ഈ ഇടപാടുകൾ കാണാനാകൂ. ഇതും ഒരുവിധത്തിൽ പ്രയോജനപ്രദമാണ്.

കൂടുതൽ ആളുകളെ യുപിഐ ഇടപാടിലേക്ക് എത്തിക്കും
രാജ്യത്തെ യുപിഐ ഇടപാട് രീതിയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ യുപിഐ ലൈറ്റ് സംവിധാനം സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഡിജിറ്റൽ പണമിടപാട് രീതികളിലേക്ക് പുതിയതായി കടന്നുവരുന്ന ആളുകൾക്ക് എളുപ്പത്തിൽ കാര്യങ്ങൾപ നടത്താനും യുപിഐ ലൈറ്റ് സഹായിക്കും. ഇന്ത്യയിലെ മൊത്തം റീട്ടെയിൽ ഇടപാടുകളുടെ 75% ഇടപാടുകളും 100 രൂപയ്ക്ക് താഴെയുള്ളവയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിനാൽ പാസ്വേഡ് ഉപയോഗിക്കാതെ പണം അയയ്ക്കാൻ സാധിക്കുന്ന യുപിഐ ലൈറ്റ് കോടിക്കണക്കിന് ഇടപാടുകൾ എളുപ്പമാക്കും.
പുതിയ യുപിഐ ലൈറ്റ് പുറത്തിറക്കിയതോടുകൂടി രാജ്യത്തെ കൂടുതൽ ജനങ്ങൾ പേടിഎം സംവിധാനം ഉപയോഗിക്കാൻ മുന്നോട്ടുവരും എന്നാണ് കമ്പനി വിശ്വസിക്കുന്നത്. രാജ്യത്തെ ഡിജിറ്റൽ ബാങ്കിങ് രംഗത്തെ ഒരു പുതിയ ചുവട് വയ്പ്പാണ് യുപിഐ ലൈറ്റ ഫീച്ചർ, സുരക്ഷിതവും വേഗതയേറിയതുമായ പണമയയ്ക്കൽ രീതി ഉപയോക്താക്കൾക്ക് നൽകാൻ കഴിഞ്ഞതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നാണ് യുപിഐ ലൈറ്റിനെ പരിചയപ്പെടുത്തിക്കൊണ്ട് പേടിഎം അധികൃതർ വ്യക്തമാക്കിയത്.


Click it and Unblock the Notifications








