സിബിൽ സ്കോർ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്തു; പിന്നാലെ മോർഫ് ചിത്രങ്ങളയച്ച് നിരന്തര ഭീഷണി; സംഭവം കൊച്ചിയിൽ
കൊച്ചിയിൽ സിബിൽ സ്കോർ ഉയർത്താം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത യുവതിയ്ക്ക് ലഭിക്കുന്നത് ഭീഷണി സന്ദേശങ്ങൾ. തട്ടിപ്പുകാർ യുവതിയ്ക്ക് അസ്ലീല ദൃശങ്ങൾ അയച്ച് കൊടുക്കുകയും പണം തന്നില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി. എറണാകുളം സ്വദേശിയാണ് തട്ടിപ്പിന് ഇരയായ യുവതി.
കേരളത്തിൽ റിപ്പോർട്ട് ചെയുന്ന ലോൺ തട്ടിപ്പിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുതിയ തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. മാസങ്ങളായി തട്ടിപ്പുകാരുടെ ഭീഷണി നേരിട്ടുകൊണ്ട് ഇരിക്കുകയാണ് എന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. എങ്ങനെ സിബിൽ സ്കോർ ഉയർത്താം എന്ന ലിങ്ക് കണ്ടതിനെ തുടർന്ന് ഉടൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുകയായിരുന്നു. എന്നാൽ ഇതിന് ശേഷം അറിയാത്ത നമ്പറുകളിൽ നിന്ന് സന്ദേശങ്ങൾ എത്താൻ തുടങ്ങി.

എത്തിയ സന്ദേശങ്ങളിൽ പലതിലും അസ്ലീല ദൃശ്യങ്ങളായിരുന്നു എന്നും യുവതി വെളിപ്പെടുത്തി. ചോദിക്കുന്ന പണം നൽകിയില്ലെങ്കിൽ ഫോൺ കോൺടാക്ടിലുള്ള ആളുകൾക്ക് മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ച് കൊടുക്കുമെന്ന് തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയതായും യുവതി കൂട്ടിച്ചേർത്തു. വെബ്സൈറ്റിൽ കയറി മൊബൈൽ നമ്പർ നൽകിയതിലൂടെയാണ് തട്ടിപ്പുകാർക്ക് യുവതിയുടെ നമ്പർ കിട്ടിയത്. നിരവധി ആളുകളാണ് നിലവിൽ യുവതിയുടെ നമ്പറിലേക്ക് സന്ദേശം അയയ്ക്കുന്നത്. പോലീസിന് പരാതി നൽകിയിട്ട് ഫലം ഉണ്ടായില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.
നമ്പർ ബ്ലോക്ക് ചെയ്യാൻ മാത്രമാണ് പോലീസ് പറഞ്ഞത്. ഇത്തരം സംഭവങ്ങൾ സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് പോലീസ് പറഞ്ഞതെന്നും ഇവർ കൂട്ടിച്ചേർത്തു. പലവട്ടം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതായും വീട്ടുകാർ നൽകിയ ധൈര്യത്തിലാണ് താൻ ജീവിച്ചിരിക്കുന്നതെന്നും യുവതി പറയുന്നു. അതേസമയം തിരുവനന്തപുരം വെങ്ങാനൂരിലും യുവതിയ്ക്ക് സമാനമായ ഭീഷണി തട്ടിപ്പുകാരിൽ നിന്ന് നേടിടേണ്ടി വന്നു എന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഓഗസ്റ്റ് 30-നാണ് യുവതി ഹീറോ പൈസ എന്ന ആപ്പിലൂടെ വായ്പ എടുത്തത്.

പണം നൽകി രണ്ട് ദിവസത്തിനുള്ളിൽ ഇരട്ടിയായി തിരിച്ചടച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച് നൽകുമെന്നാണ് ഇവിടെയും തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയത്. ദിനം പ്രതി ഇത്തരം സംഭവങ്ങൾ ഉയർന്നു വന്നുകൊണ്ട് ഇരിക്കുകയാണ്. അതിനിടെ സംസ്ഥാനത്ത് നടക്കുന്ന ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പുകളിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ പോലീസിന് പതിനഞ്ചോളം പരാതികൾ ലഭിച്ചിട്ടുണ്ട്.
അടുത്തിടെയാണ് ഇത്തരത്തിൽ ചതിക്കപ്പെട്ടവർക്ക് പരാതി അറിയിക്കാനായി വാട്സ്ആപ്പ് നമ്പർ കേരളപോലീസ് നൽകിയത്. ഇതിന് പിന്നാലെയാണ് പരാതികൾ കൂട്ടമായി എത്തിയത്. അഞ്ഞൂറോളം പ്രതികരണങ്ങൾ വാട്സ്ആപ്പ് വഴി പോലീസിന് ലഭിച്ചു. എന്നാൽ പരാതിയായി ലഭിച്ചത് 15 സന്ദേശങ്ങൾ മാത്രമാണ്. ഇതോടെ ഇത്തരം സംഭവങ്ങളിൽ പൊലീസിന്റെ സൈബർ ഓപ്പറേഷൻ വിഭാഗം നടപടികൾ കടുപ്പിച്ചു. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായാണ് പരാതികൾ നൽകാൻ കഴിയുക.
9497980900 എന്നതാണ് പരാതികൾ അറിയാക്കുനുള്ള വാട്സ്ആപ്പ് നമ്പർ. ഇതിന് പുറമെ ഇത്തരം ആപ്പുകൾ നിർത്തലാക്കാനായി പോലീസ് ഗൂഗിളിനു ഡൊമെയ്ൻ രജിസ്ട്രാർക്കും അടക്കം നോട്ടീസ് അയച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഇന്റർ പോളിന്റെ സഹായവും തേടും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. പ്ലേ സ്റ്റോറില്‍ നിന്ന് 72 ആപ്പുകള്‍ നീക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആപ്പുകളെല്ലാം ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ടവയാണ്. ഉപഭോക്തൃ പരാതികളുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ നീക്കം.
ഇതിനോടകം തന്നെ ഇത്തരം വെബ്സൈറ്റുകൾ നീക്കം ചെയ്ത് തുടങ്ങിയിട്ടുണ്ട്. വെബ്സൈറ്റുകളുടെ ലിങ്കുകൾ വാട്സ്ആപ്പ്, ടെലിഗ്രാം മറ്റ് സോഷ്യൽ മീഡിയകൾ വഴി പങ്കുവെച്ചാണ് തട്ടിപ്പുകാർ തട്ടിപ്പുകൾ നടത്തുന്നത്. വെബ്സൈറ്റുകള്‍ നീക്കം ചെയ്യുന്നതിലൂടെ തട്ടിപ്പ് തടയാൻ സാധിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അതേ സമയം ഈ വർഷം മാത്രം സംസ്ഥാനത്ത് ആകെ 1427 ആളുകൾ ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പോലീസിന്റെ സഹായം തേടിയെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


Click it and Unblock the Notifications