ചെറിയ തുകകൾ പാസ്വേഡ് ഉപയോഗിക്കാതെ കൈമാറാം, വരുന്നു യുപിഐ ലൈറ്റ്

ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങളുടെ സ്വീകാര്യത രാജ്യത്ത് ദിനം പ്രതി വർധിച്ച് വരികയാണ്. അതിനിടെ കൂടുതൽ ജനങ്ങളെ ഓൺലൈൻ സംവിധാനങ്ങളിലേക്ക് ആകർഷിക്കാൻ പുതിയൊരു സേവനരീതികൂടി അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് കേന്ദ്ര സർക്കാർ. പാസ്വേഡ് ഉപയോഗിക്കാതെ തന്നെ ചെറിയ തുകകൾ യുപിഐ വഴി കൈമാറാനുള്ള പുത്തൻ സംവിധാനമാണ് വരാൻ പോകുന്നത്. യുപിഐ ലൈറ്റ് എന്നാണ് ഈ സംവിധാനത്തെ വിളിക്കുന്നത്. 200 രൂപയിൽ താഴെയുള്ള തുകകൾ കൈമാറാൻ പാസ്വേഡ് വേണ്ടിവരില്ല എന്നതാണ് യുപിഐ ലൈറ്റിന്റെ പ്രത്യേകത. യുപിഐ സംവിധാനത്തിന്റെ ചുമതലയുള്ള നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുപിഐ ലൈറ്റ് സേവനങ്ങൾ ഈ മാസം തന്നെ പ്രഖ്യാപിച്ചേക്കും എന്നാണ് ലഭിക്കുന്ന സൂചന.
പേടിഎമ്മും ഫോൺപേയും
ഇന്ത്യയിലെ യുപിഐ സേവന പ്ലാറ്റ്ഫോമുകളായ പേടിഎമ്മും ഫോൺപേയും ആകും ആദ്യ ഘട്ടത്തിൽ ഈ പുതിയ സംവിധാനം അവതരിപ്പിക്കുക എന്നാണ് എക്ണോമിക്സ് ടൈംസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. "പേടിഎം അതിന്റെ യുപിഐ ലൈറ്റ് ഉൽപ്പന്നവുമായി ഒരു മാസത്തിനുള്ളിൽ രംഗത്തെത്തും എന്നാണ് എക്ണോമിക്സ് ടൈം റിപ്പോർട്ട് ചെയ്യുന്നത്. അതിനു പിന്നാലെ ഫോൺപേയും പുതിയ സംവിധാനം സജ്ജമാക്കി ആപ്പ് പുറത്തിറക്കും. അധികം വൈകാതെ തന്നെ ഈ ആപ്പുകൾ പ്രതീക്ഷിക്കാം. ചെറിയ ഇടപാടുകൾ നടത്തുന്ന ഉപയോക്താക്കളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് പുതിയ ഫീച്ചർ കൊണ്ടുവരുന്നത്.

മുന്നിട്ടിറങ്ങി എൻപിസിഐ
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് കുറഞ്ഞ തുകയുടെ ഇടപാടുകൾക്കായി യുപിഐ ലൈറ്റ് എന്ന ആശയം മുന്നോട്ടുവച്ചത്. യുപിഐ പിൻ ഉപയോഗിക്കാതെ തന്നെ 200 രൂപ വരെ മൂല്യമുള്ള പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന വാലറ്റ് ഫീച്ചറാണ് യുപിഐ ലൈറ്റ്. ഉപയോക്താക്കൾക്ക് ഏറെ സഹായകമാകുന്ന ഒരു ഫീച്ചറാണ് ഇത് എന്നാണ് എൻപിസിഐ കരുതുന്നത്. അതിനാൽത്തന്നെ ഈ ഫീച്ചർ നടപ്പിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എൻപിസിഐ മുന്നിട്ടിറങ്ങുകയായിരുന്നു.
ഇന്ത്യയിൽ യുപിഐ ഇടപാടുകൾക്കായി ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന സംവിധാനമാണ് ഫോൺപേ. ഗൂഗിൾപേയാണ് രണ്ടാം സ്ഥാനത്തുള്ളത്. ചെറുകിട വ്യാപാര ഇടപാടുകളിൽ ഭൂരിഭാഗവും 100 രൂപയിൽ താഴെയാണ്. കഴിഞ്ഞ വർഷം മാർച്ചിൽ പുറത്തിറക്കിയ എൻപിസിഐ സർക്കുലർ പ്രകാരം മൊത്തം യുപിഐ ഇടപാടുകളുടെ 50% 200 രൂപയോ അതിൽ താഴെയോ മൂല്യമുള്ളവയാണ്. അതിനാൽത്തന്നെ കുറഞ്ഞ നിരക്കിലുള്ള ഇടപാടുകൾക്ക് പാസ്വേഡ് ഒഴിവാക്കുന്നത് ഒരുപാട് ആളുകൾക്ക് വേഗത്തിൽ പണം കൈമാറ്റം നടത്താൻ സഹായകമാകും.
വെർച്വൽ വാലറ്റ്
യുപിഐ ലൈറ്റ് സജ്ജമാക്കാൻ എൻപിസിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഉപയോക്താവ് വെർച്വൽ വാലറ്റ് പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്. അതോടെ യുപിഐ ആപ്പ് ഓട്ടോമാറ്റിക്കായി പിയർ-ടു-പിയർ കളക്ഷൻ ഒഴികെയുള്ള 200 രൂപ വരെ മൂല്യമുള്ള ഇടപാടുകൾക്ക് യുപിഐ ലൈറ്റ് ബാലൻസ് ഉപയോഗിക്കും. യുപിഐ ലൈറ്റ് വാലറ്റ് പ്രവർത്തനക്ഷമമാക്കാൻ ഉപഭോക്താവ് ആദ്യം യുപിഐ പിൻ ഉപയോഗിച്ച് ബന്ധപ്പെട്ട ബാങ്കിന്റെ അനുമതി തേടണം. തുടർന്ന് ഉപയോക്താവിന്റെ അഭ്യർഥന പ്രകാരം അക്കൗണ്ടിൽനിന്ന് തുക വാലറ്റിലേക്ക് കൈമാറ്റപ്പെടും. ഫണ്ട് കൈമാറ്റം ബാങ്ക് സ്ഥിരീകരിക്കുന്നതോടെ യുപിഐ ലൈറ്റ് വാലറ്റ് പ്രവർത്തനക്ഷമമാക്കുകയും വെർച്വൽ ബാലൻസ് ആപ്പിൽ പ്രതിഫലിക്കുകയും ചെയ്യും. പരമാവധി 2000 രൂപവരെയാണ് വെർച്വൽ വാലറ്റിലേക്ക് മാറ്റാൻ സാധിക്കുക എന്നാണ് വിവരം.

യുപിഐ ഇടപാടുകൾ വ്യാപകമാക്കും
പണ കൈമാറ്റം എളുപ്പമാക്കുന്നതിനൊപ്പം ഭാവിയിൽ യുപിഐ ഇടപാടുകളിൽ വൻ കുതിച്ചുചാട്ടം ഉണ്ടാക്കാൻ പുതിയ ലൈറ്റ് സംവിധാനം സഹായിക്കും എന്നാണ് വിലയിരുത്തൽ. കുറഞ്ഞ നിരക്കിലുള്ള പണം കൈമാറ്റത്തിന് വേറെയും പരിഷ്കാരങ്ങൾ കൊണ്ടുവരാൻ എൻപിസിഐ തയാറെടുക്കുന്നതായി വാർത്തകൾ ഉണ്ട്. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് യുപിഐ പണകൈമാറ്റം നടത്താനുള്ള സൗകര്യവും ശക്തമാക്കും. രാജ്യാന്തര തലത്തിൽ യുപിഐ സേവനങ്ങൾ വ്യാപകമാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. യുഎഇ പോലുള്ള രാജ്യങ്ങളിലും ചില യൂറോപ്യൻ രാജ്യങ്ങളിലും പ്രവാസി ഇന്ത്യക്കാർക്ക് യുപിഐ ഇടപാടുകൾ നടത്താൻ അവസരമൊരുക്കിയത് അതിന്റെ ആദ്യപടിയാണ്.


Click it and Unblock the Notifications