പണി പാളിയോ! ഇന്ത്യയിൽ ടെലിഗ്രാം ആപ്പിൽ ലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ഐടി മന്ത്രാലയം
ടെലിഗ്രാം സിഇഒ പവൽ ദുറോവ് ഫ്രഞ്ച് കസ്റ്റഡിയിൽ ഇരിക്കുന്നതിനാൽ, ഇന്ത്യൻ കോണ്ടെക്സ്റ്റിൽ ടെലിഗ്രാം ആപ്പിൽ എന്തെങ്കിലും ലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ഇന്ത്യൻ ഐടി മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ടെലിഗ്രാമിന് എതിരെ തീർപ്പുകൽപ്പിക്കാത്ത എന്തെങ്കിലും പരാതികൾ ഉണ്ടോയെന്ന് അറിയാൻ ഐടി മന്ത്രാലയം അന്വേഷിക്കുന്നുണ്ട്. "ഇന്ത്യയിലും ആപ്പിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണം. ഫ്രാൻസിൽ സംഭവിച്ചതിൻ്റെ വെളിച്ചത്തിൽ, ടെലിഗ്രാമിനെതിരെയുള്ള പരാതികൾ പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയത്തോട് ഐടി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്ത് നടപടിയെടുക്കാൻ കഴിയും എന്ന് നോക്കാം" പിടിഐ റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് അനുസരിച്ച് ഇവിടെ അറിയേണ്ട അടിസ്ഥാന ചോദ്യം എന്തെങ്കിലും പരാതിയുണ്ടോ, ഇന്ത്യയിൽ സമാനമായ സാഹചര്യമുണ്ടോ, സ്ഥിതി എന്താണ്, എന്ത് നടപടിയാണ് വേണ്ടത് എന്നാണ്. അതിനിടെ, പണം തട്ടിയെടുക്കലിലും ഗാംബ്ലിങ്ങിലൂടെടെയും ടെലിഗ്രാമിൻ്റെ ദുരുപയോഗം ആരോപിക്കപ്പെടുന്നതിനെ കുറിച്ച് ഇന്ത്യൻ ഗവൺമെന്റ് പ്രത്യേകമായി ഇൻവെസ്റ്റിഗേറ്റ് ചെയ്യുമെന്ന് മണികൺട്രോളിൻ്റെ മറ്റൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെൻ്ററും MeitYയും നടത്തുന്ന അന്വേഷണം ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ടത് അല്ലെന്ന് ആണ് റിപ്പോർട്ട്. ഒരു നോഡൽ ഓഫീസറെയും ചീഫ് കംപ്ലയൻസ് ഓഫീസറെയും നിയമിക്കുകയും പ്രതിമാസ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്യേണ്ട ഈ നിയമങ്ങൾ പ്ലാറ്റ്ഫോം പാലിക്കുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ലഭിക്കുന്ന വിവരങ്ങൾ വിലയിരുത്തി പ്രാദേശിക നിയമങ്ങൾക്കനുസൃതമായി തീരുമാനങ്ങൾ എടുക്കാനാണ് അധികാരികൾ പദ്ധതിയിടുന്നത്.
പ്ലാറ്റ്‌ഫോമിലെ ക്രിമിനൽ പ്രവർത്തനങ്ങൾ വേണ്ടത്ര നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 25ന് ടെലിഗ്രാം സിഇഒ പവൽ ദുറോവിനെ ഫ്രാൻസിൽ തടഞ്ഞുവച്ചിരുന്നു. വഞ്ചന, മയക്കുമരുന്ന് കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ, സൈബർ ഭീഷണി എന്നിവ പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ടെലിഗ്രാമിൽ വളരാൻ ഈ അശ്രദ്ധ അനുവദിച്ചതായി ഫ്രഞ്ച് അധികൃതർ ആരോപിക്കുന്നു.
ആരോപണങ്ങൾ അസംബന്ധം (absurd) എന്ന് ടെലിഗ്രാം വളരെ പെട്ടന്ന് തന്നെ തള്ളിക്കളയുന്ന രീതിയിൽ കുറിച്ചു. ഡുറോവിന് മറയ്ക്കാൻ ഒന്നുമില്ല എന്നും പ്ലാറ്റ്ഫോം ഡിജിറ്റൽ സർവീസ് ആക്ട് ഉൾപ്പെടെയുള്ള EU നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും വാദിച്ചു. ദുറോവ് 96 മണിക്കൂർ ചോദ്യം ചെയ്യലിന് വിധേയനാകും. അതിന് ശേഷം കുറ്റം ചുമത്തുകയോ വിട്ടയക്കുകയോ ചെയ്യാം.
"ടെലിഗ്രാമിൻ്റെ സിഇഒ പവൽ ഡുറോവിന് മറയ്ക്കാൻ ഒന്നുമില്ല, യൂറോപ്പിൽ പതിവായി യാത്ര ചെയ്യുന്നു. ഒരു പ്ലാറ്റ്‌ഫോം അല്ലെങ്കിൽ അതിൻ്റെ ഉടമ ആ പ്ലാറ്റ്‌ഫോമിൻ്റെ ദുരുപയോഗത്തിന് ഉത്തരവാദികളാണെന്ന് അവകാശപ്പെടുന്നത് അസംബന്ധമാണ്. ആഗോളതലത്തിൽ ഏകദേശം ഒരു ബില്യൺ ഉപയോക്താക്കൾ ടെലിഗ്രാം ആശയവിനിമയത്തിനുള്ള ഉപാധിയായും സുപ്രധാന വിവരങ്ങളുടെ ഉറവിടമായും ഉപയോഗിക്കുന്നു. ഈ സാഹചര്യം ഉടനടി പരിഹരിക്കുന്നതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. ടെലിഗ്രാം നിങ്ങളോടൊപ്പമുണ്ട്," Xലെ ഒരു പോസ്റ്റിൽ കമ്പനി കുറിച്ചു.
"ഡിജിറ്റൽ സേവന നിയമം ഉൾപ്പെടെയുള്ള EU നിയമങ്ങൾ അനുസരിച്ച് ടെലിഗ്രാം പ്രവർത്തിക്കുന്നു. അതിൻ്റെ മോഡറേഷൻ വ്യവസായ മാനദണ്ഡങ്ങൾക്ക് അനുസൃതമാണ്. അവ നിരന്തരം മെച്ചപ്പെടുത്തുന്നു," പ്രസ്താവന കൂട്ടിച്ചേർക്കുന്നു. ടെലിഗ്രാമിൻ്റെ സ്വകാര്യതയ്ക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള പ്രതിബദ്ധതയും വെസ്റ്റേൺ ഗവൺമെൻ്റുകളുടെ കർശനമായ കണ്ടന്റ് മോഡറേഷൻ്റെ ആവശ്യങ്ങളും തമ്മിലുള്ള വീർപ്പുമുട്ടലിന് അടിവരയിടുന്നതാണ് നിലവിലുള്ള നിയമയുദ്ധം എന്ന് വേണം കരുതാൻ.
ഈ സംഭവവികാസങ്ങൾക്ക് ഇടയിൽ, ആപ്പ് സ്റ്റോറിൽ നിന്ന് ടെലിഗ്രാം നീക്കം ചെയ്യപ്പെടുമെന്നോ ഉപയോക്താക്കളുടെ ഉപകരണങ്ങളിൽ നിന്ന് ഓട്ടോമാറ്റിക്ക് ആയി ആപ്പ് ഇല്ലാതാക്കുമെന്നോ എല്ലാം തെറ്റായി വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും അത് തികച്ചും തെറ്റ് ആണ്. അങ്ങനെ ഒരു നീക്കം ഇതുവരെ ഗവർണ്മെന്റോ കമ്പനിയെ പറഞ്ഞിട്ടില്ല.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








