അണയാൻ പോകുന്നത് ആളിക്കത്തും; പത്ത് ദിവസം കൊണ്ട് 50 ശതമാനം ഉപഭോക്താക്കൾ ത്രെഡ്സ് ഉപേക്ഷിച്ചു
മെറ്റയുടെ പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ത്രെഡ്സിൽ ഉപഭോക്താക്കൾ കുറയുന്നതായി റിപ്പോർട്ട്. ആപ്പിന്റെ ദൈനംദിന ഉപയോഗം ഏകദേശം 50 ശതമാനം കുറഞ്ഞതായി ആണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ശരാശരി 20 മിനുറ്റ് ആപ്പ് ഉപയോഗിച്ചിരുന്നവർ നിലവിൽ 10 മിനുറ്റ് മാത്രമായി ഉപയോഗം കുറച്ചെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സെൻസർ ടവർ എന്ന വെബ്സൈറ്റാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ആപ്പ് പുറത്തിറക്കി വെറും 10 ദിവസത്തിനുള്ളിൽ 150 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ ത്രെഡ്സ് ഡൗൺലോഡ് ചെയ്തെങ്കിലും ഇവരെ പിടിച്ചുനിർത്താൻ ആപ്പിന് സാധിക്കുന്നില്ല എന്നതാണ് ഇപ്പോൾ ത്രെഡ്സ് നേരിടുന്ന പ്രശ്നം. ജൂലൈ 5ന് ആയിരുന്നു ത്രെഡ്സ് പ്ലേസ്റ്റോറിൽ എത്തിയത്. ത്രെഡിന്റെ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണത്തിൽ 20 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്ന സജീവ ഉപഭോക്താക്കളുടെ എണ്ണത്തിലാകട്ടെ 25 ശതമാനത്തിലധികം കുറവ് ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഉപഭോക്താക്കൾ ത്രെഡ്സിൽ ചിലവഴിക്കുന്ന സമയത്തിലും ആഗോളതലത്തിൽ 50 ശതമാനത്തിലധികം ഇടിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ട്വിറ്ററിന് ബദൽ എന്ന രീതിയിൽ ആയിരുന്നു മെറ്റ ത്രെഡ്സ് അവതരിപ്പിച്ചത്. ആദ്യ ദിവസങ്ങളിൽ ട്വിറ്ററിന് കനത്ത വെല്ലുവിളി ഉയർത്താൻ സാധിച്ചെങ്കിലും ഇത് നിലനിർത്തുന്നതിൽ ത്രെഡ്സ് പരാജയപ്പെടുകയായിരുന്നു.
അതേ സമയം ഉപഭോക്താക്കളെ ആകർഷിക്കാനായി കൂടുതൽ ഫീച്ചറുകൾ ത്രെഡ്സിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്തതിൽ 33 ശതമാനവും ഇന്ത്യൻ ഉപഭോക്താക്കൾ ആയിരുന്നു. ബ്രസീലിൽ നിന്ന് 22 ശതമാനം ഉപഭോക്താക്കളും യുഎസിൽ നിന്ന് 16 ശതമാനം ഉപഭോക്താക്കളും ത്രെഡ്സ് ഡൗൺലോഡ് ചെയ്തിരുന്നു. അതിനിടെ ട്വിറ്ററിന് 3.5 ശതമാനം ഉപഭോക്താക്കൾ വർധിച്ചതായി അവകാശപ്പെട്ട് ട്വിറ്റർ സിഇഒ ഇലോൺ മസ്ക് രംഗത്ത് എത്തി.

ഉപഭോക്താക്കൾക്ക് കാണാൻ പറ്റുന്ന ട്വീറ്റുകളുടെ എണ്ണം കുറക്കുന്നത് തുടങ്ങി നിരവധി പരിഷ്ക്കാരങ്ങൾ അടുത്തിടെ ട്വിറ്റർ നടത്തിയിരുന്നു. ഇതിൽ ഉപഭോക്താക്കൾ അസംതൃപ്തി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആയിരുന്നു മെറ്റ ത്രെഡ്സുമായി രംഗത്ത് വന്നത്. ഇതേ തുടർന്ന് നിരവധി ട്വിറ്റർ ഉപഭോക്താക്കൾ ത്രെഡ്സിലേക്ക് ചേക്കേറുകയായിരുന്നു. തുടർന്ന് പരിഷ്ക്കാരങ്ങളിൽ ചില മാറ്റം വരുത്താൻ ട്വിറ്റർ തയ്യാറായി. മാത്രമല്ല മൊണിറ്റൈസേഷൻ പോലുള്ള ചില കര്യങ്ങളും ട്വിറ്റർ നടപ്പിലാക്കുന്നുണ്ട്.
നിലവിൽ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്കാണ് ട്വിറ്ററിൽ നിന്ന് പണം ലഭിക്കുന്നത്. വൈകാതെ മറ്റ് ഉപഭോക്താക്കളിലേക്കും ഈ ഫീച്ചർ എത്തിയേക്കാം എന്നും പ്രതീക്ഷിക്കുന്നുണ്ട്. ട്വിറ്ററിൽ നിന്ന് നിരവധി ആളുകൾക്ക് 5 ലക്ഷം രൂപ ലഭിച്ചുവെന്ന് ചില റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബ് ചെയ്തവർക്കോ അല്ലെങ്കിൽ വെരിഫൈഡ് ഓർഗനൈസേഷൻസിനോ ആയിരിക്കും ഇത്തരത്തിൽ പണം സമ്പാദിക്കാൻ പറ്റുന്നത്.
മാത്രമല്ല ഇവർക്ക് കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ഓരോന്നിലും കുറഞ്ഞത് അഞ്ച് ദശലക്ഷം ഇംപ്രഷൻ പോസ്റ്റുകൾ ഉണ്ടായിരിക്കണം എന്ന നിബന്ധനയും ട്വിറ്റർ മുന്നോട്ട് വയ്ക്കുന്നുണ്ട്. മൊണിറ്റൈസേഷന് പുറമെ സ്പാം മെസ്സേജുകൾ തടയാനും പുതിയ ഫീച്ചർ ട്വിറ്റർ അടുത്തിടെ അവതരിപ്പിച്ചിരുന്നു. സ്പാം മെസ്സേജുകൾക്കായി മെസ്സേജ് റിക്വസ്റ്റ് എന്ന ഒരു പ്രത്യേക വിഭാഗം ആണ് ട്വിറ്റർ പുറത്തിറക്കിയിരിക്കുന്നത്.
ട്വിറ്ററിൽ നിങ്ങൾ പിന്തുടരുന്ന വ്യക്തികളുടെ മെസ്സേജ് നിങ്ങൾക്ക് ഡയറക്ട് ആയി ലഭിക്കും. പുതിയ മാറ്റത്തിന് മുമ്പ് മെസ്സേജുകൾ എല്ലാം തന്നെ ഒരു വിഭാഗത്തിൽ മാത്രമായിരുന്നു ലഭിച്ചിരുന്നത്. നേരത്തെ വെരിഫെയ്ഡ് അക്കൗണ്ടുള്ളവർക്ക് വരെ വലിയ രീതിയിൽ സ്പാം മെസ്സേജുകളുടെ ശല്യം നേരിടേണ്ടി വന്നിരുന്നു. ഉപഭോക്താക്കൾക്ക് പഴയ മെസ്സേജിംങ് ആണ് സൗകര്യമെങ്കിൽ അത് തന്നെ ഉപയോഗിക്കാമെന്ന് ട്വിറ്റർ അറിയിച്ചിരുന്നു.


Click it and Unblock the Notifications








